പുണെ ലോണാവാലയില്‍ ഒരു കുടുംബം മുഴുവന്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ സംഭവം ആരെയും ഞെട്ടിക്കുന്നതാണ്. വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയതായിരുന്നു കുടുംബം. ആളുകള്‍ നോക്കിനില്‍ക്കെയാണ് ഏഴംഗസംഘം ഒലിച്ചുപോയത്. ഇതുവരെ നാലുപേരുടെ മൃതദേഹം കണ്ടെടുത്തു.
ലോണാവാലയിലെ ബുഷി ഡാമിനടുത്തുള്ള വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം ആസ്വദിച്ചുനില്‍ക്കുന്നതിനിടെ പെട്ടെന്നാണ് മലവെള്ളപ്പാച്ചിലുണ്ടായത്. ഒരു പാറപ്പുറത്ത് കുടുംബാംഗങ്ങള്‍ കെട്ടിപ്പിടിച്ച് കുറേനേരം നിന്നെങ്കിലും, വെള്ളത്തിന്റെ ശക്തിക്കുമുമ്പില്‍ അധികനേരം അങ്ങനെ നില്‍ക്കാന്‍ കഴിഞ്ഞില്ല.
മഴക്കാലത്ത് വെള്ളച്ചാട്ടങ്ങള്‍ക്ക് ഭംഗിയേറും. കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടം കണ്ണിന് കുളിര്‍മ നല്‍കും. പക്ഷേ ഇതിനു പുറകിലെ അപകടങ്ങളെ കണക്കിലെടുക്കുകതന്നെ വേണം.
- സുരക്ഷാജീവനക്കാരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം. സുരക്ഷാജീവനക്കാര്‍ വിലക്കുന്ന സ്ഥലങ്ങളിലേക്ക് പോകരുത്.
- മലമുകളില്‍നിന്ന് വരുന്ന വെള്ളത്തിന്റെ നിറത്തില്‍ ചെളി കൂടുതല്‍ അടങ്ങിയിട്ടുണ്ടെന്ന് തോന്നിയാല്‍, ഉടന്‍ കരയ്ക്ക് കയറണം. വെള്ളത്തിന്റെ തോത് ചെറുതായി ഉയരുന്നുവെന്ന് തോന്നിയാലും പ്രത്യേകം ശ്രദ്ധിക്കണം. വെള്ളത്തിന്റെ ഒഴുക്കും വേഗതയും കൂടുന്നുവെന്ന് തോന്നിയാലും, സുരക്ഷിതമായ ഇടത്തേയ്ക്ക് മാറണം.
- ധരിച്ചിരിക്കുന്ന ഷൂ അല്ലെങ്കില്‍ ചെരിപ്പിന് നല്ല ഗ്രിപ്പ് ഉണ്ടെന്ന് ഉറപ്പുവരുത്തണം. കാരണം, പാറയുടെ മുകളിലും മറ്റും വഴുക്കല്‍ കൂടുതലായിരിക്കും. ഫ്‌ളിപ്പ് ഫ്‌ളോപ്പും അതുപോലുള്ള ചെരിപ്പുകളും ഇത്തരം യാത്രകളില്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ഇവയ്ക്ക് തീരെ ഗ്രിപ്പ് ഉണ്ടാവില്ല.
- വെള്ളച്ചാട്ടത്തിന് അടുത്തെത്തിയാല്‍, അല്പദൂരെനിന്ന് വെള്ളച്ചാട്ടം ആസ്വദിക്കുന്നതാണ് നല്ലത്. പെട്ടെന്ന് വെള്ളം ഉയര്‍ന്നാല്‍, അത്ര വേഗത്തിലോടി കരയിലെത്താന്‍ കഴിയണമെന്നില്ല. അഥവാ വെള്ളച്ചാട്ടത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍, അതിന്റെ നടുവിലേക്ക് പോവാതിരിക്കാന്‍ ശ്രദ്ധിക്കുക.
- വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് നിന്ന് സെല്‍ഫിയെടുക്കുന്ന പ്രവണതയും ഒഴിവാക്കാം.
- പോകുന്ന സ്ഥലത്തെ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൂടി നോക്കിയാവാം വെള്ളച്ചാട്ടം കാണാനും ട്രെക്കിങ്ങിനും പോവുന്നത്. കാരണം, ആ പ്രദേശത്ത് അപ്പോള്‍ മഴയില്ലെങ്കിലും മലമുകളില്‍ മഴപെയ്താല്‍ വെള്ളം ഉയരാം.
- മഴക്കാലമായാല്‍ ഒരു വെള്ളച്ചാട്ടത്തിലെ ചില പ്രദേശങ്ങളില്‍ പ്രവേശനം താത്കാലികമായി നിരോധിക്കാറുണ്ട്. പ്രവേശനം നിരോധിച്ചുകൊണ്ടുള്ള ബോര്‍ഡുകളെ ഒരിക്കലും അവഗണിക്കരുത്.
- എത്ര നന്നായി നീന്തല്‍ അറിയുന്ന ആളാണെങ്കിലും, വെള്ളത്തില്‍ സുരക്ഷിതത്വത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കണം.
Content Highlights: safety tips while travelling to waterfalls
Published: 01 Jul 2024, 02:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented