കരിങ്കടലിനോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് അബ്ഖാസിയ. അവിടെയുള്ള ഗുൽറിപ്ഷ് കുന്നുകളിൽ ഒരു കൊട്ടാരമുണ്ട്. വളർന്നുപന്തലിച്ചു കിടക്കുന്ന മരങ്ങൾക്കിടയിലായി, ഗതകാലപ്രൗഢി പേറി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ഒരു കൂറ്റൻ കെട്ടിടം. ആ കെട്ടിടത്തിനു പിന്നിലൊരു മനോഹരപ്രണയത്തിന്റെ കഥയുണ്ട്.

To advertise here,

മോസ്‌കോയിൽ ജനിച്ച നികോളായ് സ്‌മെറ്റ്‌സ്‌കിയാണ് കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്. രോഗിയായ ഭാര്യയെ ആരോഗ്യവതിയാക്കാനാണ് ഇത്രയും വലിയ കൊട്ടാരമുണ്ടാക്കിയത്.

1852-ൽ മോസ്‌കോയിൽ ജനിച്ച നികോളായ് സ്‌മെറ്റ്‌സ്‌കി ഒരു സംരംഭകനുമായിരുന്നു. മോസ്‌കോയിലെ സമ്പന്നകുടുംബത്തിൽനിന്നുള്ള അംഗം. വലുതായപ്പോൾ മോസ്‌കോ സർവകലാശാലയിൽനിന്ന് നിയമത്തിൽ ബിരുദം നേടി. 1882-ലാണ് ഒരു പുരാവസ്തുഗവേഷകന്റെ മകളായ ഓർഗയെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് പലപ്പോഴും നികോളായും ഓൾഗയും അബ്ഖാസിയ സന്ദർശിച്ചു. അങ്ങനെയുള്ള സന്ദർശനങ്ങളിലാണ് അവിടെ സ്ഥലം വാങ്ങാൻ അവർ തീരുമാനിക്കുന്നത്. 1892-ൽ അവിടെ ഒരുപാട് സ്ഥലം വാങ്ങിയിടുകയും ചെയ്തു.

കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് ഓൾഗയെ ക്ഷയരോഗം പിടികൂടുന്നത്. അതിനുശേഷം ഈ രോഗമുള്ളവരെ ചികിത്സിക്കുന്നതിനായി നിരവധി സാനിറ്റോറിയങ്ങൾ നിർമിക്കാൻ നികോളായ് തീരുമാനിച്ചു. അതിനൊപ്പം ഭാര്യയ്ക്കായുള്ള പുതിയ കൊട്ടാരവും രൂപകൽപന ചെയ്തുതുടങ്ങി.

രോഗാണു മുറികളിലെ വായുവിൽ തങ്ങിനിൽക്കുമെന്നും, ഓരോ ദിവസവും മുറി മാറി താമസിച്ചാൽ അത്രയും രോഗാണുബാധയുണ്ടാവില്ലെന്നും നിർദേശിച്ചത് ഡോക്ടറാണ്. ഓരോ രാത്രിയും വ്യത്യസ്ത മുറിയിൽ ഉറങ്ങാൻ കഴിഞ്ഞാൽ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുമെന്നും ഡോക്ടർ പറഞ്ഞു. ഒട്ടും താമസിച്ചില്ല, ഭാര്യയ്ക്കായി 365 മുറികളുള്ള കൊട്ടാരം തന്നെയുണ്ടാക്കി സ്‌മെറ്റ്‌സ്‌കി.

അബ്ഖാസിയയിലെ ഗുൾറിപ്ഷിൽ ആദ്യം രണ്ട് കെട്ടിടങ്ങൾ സ്‌മെറ്റ്‌സ്‌കി നിർമിച്ചു. അതിനൊപ്പം തന്നെ ഭാര്യയ്ക്കായുള്ള കൊട്ടാരത്തിന്റെ പണിയും തുടങ്ങി. 1913-ലാണ് ആ കൊട്ടാരത്തിന്റെ പണി തീർന്നത്. വലിയ ജനാലകളും രോഗികൾക്കിരിക്കാവുന്ന ഹാളുകളും നീണ്ട മനോഹരമായ ഇടനാഴികളുമായിരുന്നു ഇവിടുത്തെ പ്രത്യേകത. പർവതത്തിനുമുകളിലായതുകൊണ്ട് കാറ്റ് എല്ലാ മുറികളിലും യഥേഷ്ടമായി ലഭിക്കും. ശുദ്ധവായുവും സൂര്യപ്രകാശവും ലഭിക്കുന്ന മുറികൾ. കടലിനോട് അഭിമുഖമായി നിൽക്കുന്ന തരത്തിലായിരുന്നു മുറികളുടെ നിർമാണം. ചുറ്റിലും നിറയെ പൂക്കളും വെച്ചുപിടിപ്പിച്ചു.

അങ്ങനെ ഓരോ ദിവസവും ഓൾഗയ്ക്ക് പുതുമയുള്ള മുറികളിൽ ഉറങ്ങാൻ കഴിഞ്ഞു. എന്തായാലും ഓൾഗയുടെ അസുഖം മാറി, പിന്നീട് 90 വയസ്സുവരെ ജീവിക്കുകയും ചെയ്തു. കൊട്ടാരം പിന്നീട് ക്ഷയരോഗികൾക്കായുള്ള അഭയകേന്ദ്രമായി മാറി. ഒടുവിലിപ്പോൾ നാശത്തിന്റെ പാതയിലും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi