
നേപ്പാളിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മനുഷ്യദൈവം കുമാരി ആര്യതാരാ ശാക്യ| ചിത്രം: AP
'യോദ്ധ' സിനിമ കണ്ട കാലം മുതല്‍ക്കേയുള്ള മോഹമായിരുന്നു നേപ്പാളില്‍ പോകണമെന്നത്. ഉണ്ണിക്കുട്ടനും അക്കോസേട്ടനും നടന്ന വഴികളിലൂടെ നടക്കണം, കണ്ട കാഴ്ചകള്‍ കാണണം എന്നൊക്കെ കുട്ടിക്കാലത്ത് ഒരുപാടാഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് കോളേജില്‍ പഠിക്കുന്ന കാലത്ത് ബിബിസി നിര്‍മ്മിച്ച ഒരു ഡോക്യൂമെന്ററി കണ്ട ശേഷം നേപ്പാള്‍ എനിക്കൊരു വല്ലാത്ത അഭിനിവേശമായി മാറി. ആ ഡോക്യൂമെന്ററിയിലൂടെയാണ് ഞാന്‍ 'കുമാരി' എന്ന ജീവിക്കുന്ന ദൈവത്തെക്കുറിച്ചറിയുന്നത്- A living, breathing God! രണ്ടു മുതല്‍ പന്ത്രണ്ടു വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞുങ്ങളെയാണ് കുമാരിയായി തെരഞ്ഞെടുക്കുന്നത്. നേപ്പാളികളുടെ ദേവിയായ തലേജു ഭവാനിയുടെ മനുഷ്യാവതാരമാണ് കുമാരിയെന്നാണ് വിശ്വാസം. നേപ്പാളില്‍ പല സ്ഥലങ്ങളിലും കുമാരി സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെങ്കിലും കാഠ്മണ്ഡുവിലെ കുമാരിയാണ് അതിവിശിഷ്ട.
കാഠ്മണ്ഡു നഗരത്തിന്റെ ഒത്തനടുക്ക് സ്ഥിതി ചെയ്യുന്ന കാഠ്മണ്ഡു ദര്‍ബാര്‍ സ്‌ക്വയറിലാണ് കുമാരി താമസിക്കുന്ന കുമാരി ഘർ. എല്ലാ ദിവസവും വൈകുന്നേരം നാലു മണി മുതല്‍ കുമാരി ഇവിടെ പൊതുജനങ്ങള്‍ക്ക് ദര്‍ശനം കൊടുക്കും. നേപ്പാളില്‍ കാലുകുത്തിയതും ഞാന്‍ നേരെ പുറപ്പെട്ടത് കുമാരി ഘറിലേക്കാണ്. ജയപ്രകാശ് മല്ല മഹാരാജാവ് 1757-ല്‍ നിര്‍മ്മിച്ചതാണ് ഈ കൊട്ടാരം. കുമാരിയും പരിചാരകരും ഈ കൊട്ടാരത്തിലാണ് ജീവിക്കുന്നത്. നാലുകെട്ടും തടികൊണ്ടുള്ള തൂണുകളുമൊക്കെയായി നമ്മുടെ വസ്തുകലയോട് അസാധ്യസാമ്യമുണ്ട് കുമാരി ഘറിന്. അകത്തേക്ക് പ്രവേശിച്ചപ്പോള്‍ നടുമുറ്റത്തു ധാരാളം മനുഷ്യര്‍ തിങ്ങി നില്‍പ്പുണ്ട്. കൂടുതലും വെള്ളക്കാരാണ്. ഒരു മധ്യവയസ്‌കന്‍ ഇടയ്ക്കിടക്ക് ഈണത്തിലും താളത്തിലും വിളിച്ചു കൂവുന്നുണ്ട്- “മാഡം, സര്‍! നോ ഫോട്ടോസ്!, നോ ഫോട്ടോസ് ഓഫ് കുമാരി, കുമാരി നോ ഫോട്ടോസ്...”
എല്ലാവരുടെ മുഖത്തും അക്ഷമയും ജിജ്ഞാസയും വ്യക്തം. അല്‍പനേരം കഴിഞ്ഞ് പയ്യെ അവിടുത്തുകാരും വന്നു തുടങ്ങി. ചിലരുടെ കൈയ്യിലെ തളികകളില്‍ മിഠായിയും പഴവര്‍ഗങ്ങളും ചിപ്‌സുമൊക്കെയുണ്ട്. മുകളിലത്തെ കിളിവാതിലില്‍ പെട്ടെന്നൊരു രൂപം തെളിഞ്ഞു. ചുമന്ന പട്ടുകുപ്പായം, സര്‍വാഭരണവിഭൂഷിത, നീട്ടിയെഴുതിയ കണ്ണുകള്‍, ഉച്ചിയില്‍ മുറുക്കിക്കെട്ടിവെച്ച മുടിയില്‍ നിറയെ പൂക്കള്‍, നെറ്റിമുഴുവന്‍ മഞ്ഞളും കുങ്കുമവുമാണ്. നെറ്റിക്ക് ഒത്തനടുവിലായി ഒരു വലിയ തൃക്കണ്ണ് വരച്ചിട്ടുണ്ട്. അവിടെ കൂടിനിന്ന കാഠ്മണ്ഡു നിവാസികള്‍ കണ്ടത് അവരുടെ ദേവിയെയാണെങ്കിലും ഞാന്‍ കണ്ടത് പത്തുവയസ്സ് പ്രായംതോന്നിക്കുന്ന ഒരു കൊച്ചു പെണ്‍കുഞ്ഞിനെയാണ്. പേര് തൃഷ്ണ ശാക്യ. ഗൗരവം കൈവിടാതെ കുമാരി കിളിവാതിലിലൂടെ ദര്‍ശനം നല്‍കി. കുമാരി ആരെയെങ്കിലും നോക്കി ചിരിച്ചാല്‍ അവര്‍ക്ക് മരണം സുനിശ്ചിതമെന്ന് ഒരു വിശ്വാസമുണ്ട്. അതുകൊണ്ട് കുമാരി കഴിവതും ആരെയും നോക്കി ചിരിക്കാറില്ല. തളികയില്‍ മിഠായിയും പാവയുമൊക്കെയായി നിന്നവരെ ഒരു സ്ത്രീ വന്ന് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവരു മാത്രമെന്താ അകത്തേക്ക് പോയതെന്ന് ചോദിച്ചപ്പോള്‍ അത് കുമാരിയുടെ അച്ഛനും അമ്മയും ആണെന്നാണ് മറുപടി ലഭിച്ചത്. കുമാരി അച്ഛനമ്മമാരുടെ കൂടെയല്ല ജീവിക്കുന്നത്. കാരണം കുമാരി അവരുടെ മകള്‍ എന്നതിനപ്പുറം ആ നാടിന്റെ ദേവിയാണ്. മറ്റുള്ളവര്‍ വന്നു കാണുന്നതുപോലെ മാതാപിതാക്കള്‍ക്കും നിശ്ചിത സമയത്തേക്ക് കുട്ടിയെ കാണാം. കുമാരി ആ കൊട്ടാരം വിട്ട് പുറത്തുപോകാനും പാടില്ല. ഇന്ദ്രജത്ര, ദശായിന്‍ എന്നീ ആഘോഷങ്ങള്‍ നടക്കുന്ന സമയത്ത് കുമാരിയെ പല്ലക്കിലേറ്റി നഗരപ്രദക്ഷിണം നടത്തും. അപ്പോള്‍ മാത്രമാണ് കുമാരി പുറംലോകം കാണുന്നത്!
“ഒരു ചെറിയ കുഞ്ഞ്! എത്ര വലിയ മനുഷ്യാവകാശലംഘനം അല്ലെ!”- വെള്ളക്കാര്‍ പരസ്പരം ഇത്തരത്തില്‍ പലതും സംസാരിക്കുന്നുണ്ട്. യാത്രയില്‍ കഴിവതും വിശ്വാസങ്ങളും ആചാരങ്ങളും ജീവിതരീതികളും സംസ്‌കാരവും മുന്‍വിധിയോടെ സമീപിക്കാതിരിക്കാന്‍ ഞാന്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട്. ശരികളും തെറ്റുകളും ഓരോ വ്യക്തികളും നാടുകളും മാറുന്നതിനനുസരിച്ചു മാറിക്കൊണ്ടിരിക്കും. പക്ഷെ ഈ കാഴ്ച അത്തരത്തില്‍ ന്യായീകരിക്കാന്‍ എനിക്ക് സാധിച്ചില്ല. നെല്ലും പതിരും സ്വയം തിരിച്ചറിയാനാകാത്ത പ്രായത്തില്‍ ഒരു കുഞ്ഞ് ഇവിടെ ദേവിയായി അവരോധിക്കപ്പെടുകയാണ്. അമ്മയുടെയും അച്ഛന്റെയും ലാളനയോ സ്‌നേഹശകാരങ്ങളോ എന്തെന്നറിയാതെ, കളിക്കൂട്ടുകാരില്ലാതെ, വിദ്യാലയത്തില്‍ പോകാതെ, മഴ നനയാതെ, വെയിലേല്‍ക്കാതെ അവള്‍ വളരുകയാണ്. ഘോഷയാത്രകളില്‍ മണിക്കൂറുകളാണ് ഈ കുഞ്ഞ് പ്രാഥമികാവശ്യങ്ങള്‍ പോലും നിറവേറ്റാതെ ഇരിക്കുന്നത്. ഘോഷയാത്രാസമയത്തുള്ള കുമാരിമാരുടെ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ കാണാം, പലതിലും അവര്‍ അതീവക്ഷീണിതയാണ്. ഇങ്ങനെ എന്തൊക്കെയോ ആലോചിച്ചു നിന്നപ്പോള്‍ പെട്ടെന്ന് മിന്നല്‍പിണര്‍ പോലെ എന്തോ ഒന്നു മിന്നി. അവിടെ നിന്ന ഒരു സായിപ്പിന്റെ ക്യാമറയിലെ ഫ്‌ളാഷ് അടിച്ചതാണ്. രോഷാകുലരായി ചിലര്‍ ഓടി വന്ന് അയാളെ പുറത്താക്കി. കുമാരിയുടെ ചിത്രം ഘോഷയാത്രാസമയങ്ങളില്‍ മാത്രമേ എടുക്കാന്‍ പാടുള്ളു. അല്ലെങ്കില്‍ പ്രത്യേക അനുമതി വേണം. കുമാരി അപ്പോഴേക്കും തന്റെ അപ്രീതി പരിചാരകനെ അറിയിച്ചു. അയാള്‍ കുട്ടിയെ എടുത്തുകൊണ്ട് അകത്തേക്ക് പോയി. കിളിവാതില്‍ മെല്ലെയടഞ്ഞു. കുമാരിയെ എല്ലായ്‌പ്പോഴും ആരെങ്കിലും ഒക്കത്തെടുത്തുകൊണ്ടായിരിക്കും പോവുക. കാരണം, കുമാരിയുടെ കാലുകള്‍ നിലത്തുകുത്താന്‍ പാടില്ല. ഇരിക്കുമ്പോള്‍ പോലും പ്രത്യേകം തയാറാക്കിയ തളികയിലോ പരവതാനിയിലോ മാത്രമേ കുമാരി കാലുകള്‍ വെക്കൂ.
ഇത്തരത്തിലുള്ള ധാരാളം നിയന്ത്രണങ്ങളുള്ള ജീവിതം ജീവിക്കാന്‍ ആര് മക്കളെ പറഞ്ഞുവിടും എന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ തെറ്റി. തന്റെ മകള്‍ കുമാരിയാകുന്നതില്‍ അഭിമാനിക്കുന്നവരാണ് നേപ്പാളിലെ നെവാരി സമുദായക്കാര്‍. നെവാരികളിലെ ഉന്നതകുലമായ, ശാക്യകുലത്തില്‍ പിറന്ന പെണ്‍കുഞ്ഞുങ്ങളെയാണ് കുമാരിയാകാന്‍ പരിഗണിക്കുന്നത്. കുമാരിയാകാന്‍ പോകുന്ന കുഞ്ഞ് പിറക്കാനിരിക്കുന്ന വീട്ടിലെ അമ്മയുടെ സ്വപ്നത്തില്‍ ചുമന്ന പാമ്പ് വരുമെന്നുവരെ വിശ്വാസമുണ്ട്. നിരയൊത്ത പല്ലുകള്‍, പാടുകള്‍ ഇല്ലാത്ത ശരീരം, വിടര്‍ന്ന കണ്ണുകള്‍ എന്നുതുടങ്ങി 32 ലക്ഷണങ്ങള്‍ ഒത്തുവരുന്ന കുഞ്ഞുങ്ങളെയാണ് പരിഗണിക്കുക. ശേഷം കുട്ടിയുടെ ജാതകം നേപ്പാളിന്റെ ഭരണാധിപന്റെ (മുന്‍പ് രാജാവെങ്കില്‍ ഇപ്പോള്‍ പ്രധാനമന്ത്രി) ജാതകവുമായി ചേരണം. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞുങ്ങളെ ഒരു രാത്രി മുഴുവന്‍ ഇരുളടഞ്ഞ ഒരു മുറിയില്‍ ഭീതിപ്പെടുത്തുന്ന പാവകളുടെയും മുഖംമൂടികളുടേയും നടുവിലിരുത്തും. കുഞ്ഞ് കരഞ്ഞില്ലെങ്കില്‍ അവളാണ് കുമാരി! ഒരു നാടിന്റെ മുഴുവന്‍ വിശ്വാസങ്ങളും പേറി അവള്‍ ജീവിക്കും. കുമാരി കരഞ്ഞാല്‍ അനര്‍ഥം, ചിരിച്ചാല്‍ മരണം, വീണാല്‍ പ്രകൃതിക്ഷോഭം തുടങ്ങി ആ കുഞ്ഞ് നില്‍ക്കുന്നതും നടക്കുന്നതുമെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും.
ഒരാണിന്റെ വെറുമൊരു സ്വപ്നത്തില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു സമ്പ്രദായം ഉടലെടുക്കുന്നതും ആരാലും ചോദ്യം ചെയ്യപ്പെടാതെ ഇന്നുമത് നിലനിന്നുപോരുന്നതും എന്നതാണ് വിചിത്രം. ഈ ചരിത്രം കാഠ്മണ്ഡു മ്യൂസിയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ കഥ ഇങ്ങനെയാണ്; തൃലോക്യ മല്ല എന്ന രാജാവിനെ കാണാന്‍ എന്നും രാത്രി തലേജു ഭവാനി ദേവി വരുമായിരുന്നു. ഇവര്‍ നേരം വെളുക്കുവോളം പകിട കളിക്കും. ഒരിക്കല്‍ കളിക്കിടെ രാജാവ് കാമാസക്തനായി ദേവിയെ നോക്കി. ഉടന്‍ തന്നെ അപ്രത്യക്ഷയായ ദേവി പിന്നീട് ഒരിക്കലും തിരിച്ചു വന്നില്ല. ദേവിയെ തിരഞ്ഞ് രാവും പകലും അലഞ്ഞ മഹാരാജാവിന്റെ സ്വപ്നത്തില്‍ ദേവി പ്രത്യക്ഷപ്പെട്ട് താന്‍ ഇനി മുതല്‍ ശാക്യ കുലത്തിലെ ഒരു ബാലികയുടെ രൂപത്തില്‍ നേപ്പാളിനെ സംരക്ഷിക്കും എന്നറിയിച്ചു. എന്തായാലും ആ സ്വപ്നത്തിന്റെ പേരില്‍ മൂന്നൂറ് വര്‍ഷങ്ങളായി ഈ സമ്പ്രദായം നിലനില്‍ക്കുന്നു.
ഒരാഴ്ച മുന്‍പാണ് നേപ്പാളില്‍ പുതിയ കുമാരിയെ അവരോധിച്ചുവെന്ന വാര്‍ത്ത വന്നത്. രണ്ടര വയസ്സുകാരി ആര്യതാര ശാക്യ! ഏറ്റവും പ്രായം കുറഞ്ഞ കുമാരി. മുന്‍കുമാരി തൃഷ്ണ ശാക്യ രജസ്വല ആയതുകൊണ്ടാണ് പുതിയ കുമാരിയെ തിരഞ്ഞെടുത്തത്. രജസ്വല ആയാല്‍ പിന്നെ ഈശ്വരാംശം കുട്ടിയില്‍ നിന്ന് പോകുമെന്നാണ് പറയപ്പെടുന്നത്. ആര്യതാരയെ വീട്ടില്‍ നിന്ന് ചടങ്ങുകള്‍ക്കായി ആനയിച്ചുകൊണ്ട് വരുന്ന സമയത്ത് അവള്‍ നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തെ കണ്ട് ഭയന്ന് കരഞ്ഞുകലങ്ങിയ കണ്ണുകളോടെ അച്ഛന്റെ തോളില്‍ കിടന്ന ആ കുഞ്ഞിന്റെ ചിത്രം മനസ്സില്‍ നിന്ന് ഒരിക്കലും മായില്ല. ആര്യതാരയെക്കാള്‍ക്കൂടുതല്‍ അന്ന് മുഴുവന്‍ മനസ്സില്‍ നിന്നത് ഞാന്‍ നേരില്‍ കണ്ട മുന്‍കുമാരി തൃഷ്ണ ശാക്യ ആണ്. അതുവരെ ജീവിച്ച ജീവിതം വെറുമൊരു സ്വപ്നമായിരുന്നു എന്ന തിരിച്ചറിവോടെ പെട്ടെന്ന് യാഥാര്‍ഥ്യത്തിലേക്ക് പറിച്ചുനടേണ്ടി വന്ന ആ കുഞ്ഞിന്റെ മാനസികാവസ്ഥ എന്തായിരിക്കും? പുതിയ ലോകത്തോട് അവള്‍ പെട്ടെന്നെങ്ങനെ പൊരുത്തപ്പെടും? തന്റെ മൂന്നാം വയസ്സുതൊട്ട് എല്ലാവരും തലയിലേറ്റി നടന്ന അവള്‍ പൊടുന്നനെ സ്‌കൂളിലെ ശകാരങ്ങളോടും പാഠങ്ങളോടും എങ്ങനെ പ്രതികരിക്കും? മുന്‍കുമാരികളുടെ അഭിമുഖങ്ങളില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചത് ഈ താദാത്മ്യം പ്രാപിക്കല്‍ അത്ര എളുപ്പമല്ല എന്നു തന്നെയാണ്. മുന്‍കുമാരി രശ്മീല ശാക്യ അവരുടെ തുടര്‍ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
2008-ന് ശേഷമാണ് കുമാരികള്‍ക്ക് കൊട്ടാരത്തിനകത്തു തന്നെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന കോടതി വിധി ഉണ്ടാകുന്നത്. അതിന് മുന്‍പ് പ്രാഥമികവിദ്യാഭ്യാസം പോലും നേടാതെ പുറത്തിറങ്ങുന്ന കുമാരിമാര്‍ പിന്നീട് തുടര്‍പഠനം നടത്താന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു. സ്ഥാനമൊഴിഞ്ഞ കുമാരിയെ വിവാഹം കഴിച്ചാല്‍ ഭര്‍ത്താവിന് മരണം സംഭവിക്കുമെന്ന് പരക്കെയൊരു വിശ്വാസമുണ്ട്. അതുകൊണ്ട് ഇവരെ കല്യാണം കഴിക്കാനും പൊതുവെ മടിയാണ് പലര്‍ക്കും. 2008-ല്‍ നേപ്പാള്‍ ഒരു റിപ്പബ്ലിക് രാഷ്ട്രമായതിനു ശേഷം കുമാരിക്ക് ഇന്റര്‍നെറ്റും ഫോണും ടിവിയുമെല്ലാം അനുവദിച്ചു കൊടുത്തിട്ടുണ്ടെങ്കിലും ഒരു കുഞ്ഞിന്റെ മാനസികവളര്‍ച്ചയ്ക്ക് ഇതൊക്കെയും മതിയോ എന്നതൊരു ചോദ്യചിഹ്നമാണ്. സ്ഥാനമിറങ്ങിയ ശേഷം മനസ്സുതുറന്നു ചിരിച്ച തൃഷ്ണയുടെ മുഖത്ത് ദൈവികതയ്ക്കപ്പുറം നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യം തിരികെക്കിട്ടിയ ഒരു പന്ത്രണ്ടുവയസ്സുകാരിയെ മാത്രമാണ് കാണാന്‍ സാധിച്ചത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Nepal`s Kumari tradition, where young girls are worshipped as living goddesses. Explore their unique lives, rituals
Published: 08 Oct 2025, 10:47 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented