
ജന്‍മദിനം എങ്ങനെ വ്യത്യസ്തമായി ആഘോഷിക്കുമെന്ന് ആലോചിക്കുകയാണ് നമ്മളില്‍ പലരും. ജന്‍മദിനം ആഘോഷിക്കാന്‍ ഒരു യാത്ര പോവുകയാണെങ്കിലോ? അതും സോളോ ട്രിപ്പ്. അങ്ങനെ വ്യത്യസ്തമായി ജന്‍മദിനം ആഘോഷിക്കുകയാണ് മലയാള സിനിമയുടെ യുവനായിക നയന എല്‍സ. 'ജൂണി'ലൂടെയായിരുന്നു നയനയുടെ സിനിമാ അരങ്ങേറ്റം. അതിനുശേഷം 'മണിയറയിലെ അശോകന്‍', 'ഗാര്‍ഡിയന്‍', 'ഉല്ലാസം', 'കുറുപ്പ്' അടക്കമുള്ള ചിത്രങ്ങളിലും നയന അഭിനയിച്ചു. ഒക്ടോബര്‍ 28-നാണ് നയനുടെ ജന്‍മദിനം. കഴിഞ്ഞ നാലുവര്‍ഷവും നയന ഈ ദിവസങ്ങളില്‍ സോളോ ട്രിപ്പ് നടത്തി. ജന്‍മദിന യാത്ര വിശേഷങ്ങള്‍ നയന പങ്കുവെക്കുന്നു.
വെറുതെ ഒരു തോന്നല്‍
ലോക്ഡൗണ്‍ സമയത്ത് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചിലവഴിച്ചു. അങ്ങനെ കുറേ രാജ്യങ്ങളുടെ വീഡിയോ കണ്ടു. നമ്മള്‍ എവിടെയും പോകുന്നില്ലല്ലോ എന്നായിരുന്നു ഈ വീഡിയോ കണ്ടപ്പോള്‍ തോന്നിയത്. അതിന് ഒരു മാറ്റം വേണമെന്നും തോന്നി.

സാധാരണ ജന്‍മദിനങ്ങള്‍ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ആഘോഷിക്കാറ്. പലരും ജന്‍മദിനം ആശംസിക്കും. എന്നാല്‍, പ്രതീക്ഷയോടെ കാത്തിരുന്ന ആളുകള്‍ ചിലപ്പോള്‍ മറക്കുകയും ചെയ്യും. അതൊക്കെ ഭയങ്കര ടെന്‍ഷനുണ്ടാക്കും. ആ ചിന്തയില്‍നിന്നാണ് ജന്‍മദിനത്തിന് യാത്ര ചെയ്താലോ എന്നാലോചന വരുന്നത്. 2021-ല്‍ ആദ്യമായി യാത്ര ചെയ്യാന്‍ തീരുമാനിച്ചു. കൂടെ പോരാന്‍ പറ്റുമോയെന്ന് സുഹൃത്തുക്കളോട് ചോദിച്ചു. പക്ഷെ അവരൊക്കെ തിരക്കിലായിരുന്നു. അങ്ങനെ ഞാന്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ തീരുമാനിച്ചു. ജീവിതത്തില്‍ ഒറ്റയ്ക്ക് കിടക്കാന്‍ പോലും പേടിയുള്ള ഞാന്‍ എങ്ങനെ ആ തീരുമാനത്തിലെത്തി എന്ന് ഇപ്പോഴും അറിയില്ല.
ആദ്യം മാലെദ്വീപ്
എല്ലാം അവസാനത്തേക്ക് വെക്കുന്ന സ്വഭാവമുള്ള ആളാണ് ഞാന്‍. ഗ്രീസായിരുന്നു ആദ്യം മനസ്സില്‍ വിചാരിച്ച സ്ഥലം. എന്നാല്‍, ജന്‍മദിനം ആകുമ്പോഴെക്കും വിസ പ്രോസസ്സ് തീരില്ലായിരുന്നു. അങ്ങനെ മാലെദ്വീപിലേക്ക് പോകാന്‍ തീരുമാനിച്ചു. അവിടത്തെ പ്രശസ്തമായ ഡബ്ല്യൂ ഹോട്ടലില്‍ അന്വേഷിച്ചു. സേഫ് ആണോ എന്നൊക്കെയായിരുന്നു ആദ്യത്തെ അന്വേഷണം. അവരുടെ മാര്‍ക്കറ്റിങ് ടീമില്‍ ഒരു മലയാളിയുണ്ട്. അദ്ദേഹം നല്ലൊരു ഫോട്ടോഗ്രാഫറും കൂടിയാണ്. അങ്ങനെ ആ ഹോട്ടലില്‍ താമസിക്കാം എന്ന് തീരുമാനിച്ചു. ഒപ്പം ഒരു ഫോട്ടോഷൂട്ടും ചെയ്യാമെന്ന് ഉറപ്പിച്ചു.
ഒക്ടോബര്‍ 25-ന് ഞാന്‍ വിമാനം കയറി. മാലെ എമിഗ്രേഷനില്‍ ഒരുപാട് ചോദ്യങ്ങള്‍ നേരിട്ടു. ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനെ പറ്റിയായിരുന്നു അവരുടെ ചോദ്യങ്ങള്‍. ജന്‍മദിനം ആഘോഷിക്കാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ അവരെല്ലാം സന്തോഷത്തോടെ പിന്തുണച്ചു.

എയര്‍പോര്‍ട്ടില്‍നിന്ന് സീപ്ലെയ്‌നിലായിരുന്നു ഹോട്ടലിലേക്കുള്ള യാത്ര. അതിനിടെ എപ്പോഴോ എന്റെ ബാഗ് നഷ്ടമായിരുന്നു. ഹോട്ടലില്‍ എത്തിയപ്പോഴാണ് അക്കാര്യം അറിയുന്നത്. എന്നാല്‍, ഹോട്ടലുകാര്‍ തന്നെ അത് അത് തിരികെ കൊണ്ടുത്തന്നു.
ജന്‍മദിനത്തിന് ഹോട്ടലുകാര്‍ ഒരു കേക്കുമായി വന്നു. അവിടെയുണ്ടായിരുന്ന അതിഥികളും ആഘോഷത്തില്‍ കൂടി. അങ്ങനെ ഒരു പരിചയവുമില്ലാത്ത ആളുകളുടെ കൂടെ എന്റെ ജന്‍മദിനം ആഘോഷിച്ചു. ആ വന്ന കൂട്ടത്തില്‍ ലിവര്‍പൂള്‍ എഫ്.സി.യുടെ മുന്‍ താരം യോസെ എന്റിക്വെയും ഉണ്ടായിരുന്നുവെന്ന് പിന്നെയാണ് അറിഞ്ഞത്.
അന്ന് പകല്‍ മറക്കാനാവാത്ത മറ്റൊരു അനുഭവവുമുണ്ടായി. ഞാന്‍ ആദ്യമായി സ്‌നോര്‍ക്ലിങ് ചെയ്തു. കടലിനടിയില്‍ മീനുകളോടൊപ്പം ചിലവഴിച്ചു. ജന്‍മദിനം മീനുകള്‍ക്കൊപ്പം ആഘോഷിച്ച പ്രതീതിയായിരുന്നു അന്ന്.

ബാലി ടു മലേഷ്യ
2022-ലെ ജന്‍മദിനത്തിന് മലേഷ്യയായിരുന്നു മനസ്സില്‍. എന്നാല്‍, അവിടെ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വിസ കിട്ടാന്‍ വൈകി. അങ്ങനെ ഞാന്‍ ബാലിയില്‍ പോകാന്‍ തീരുമാനിച്ചു. ഓണ്‍ അറൈവല്‍ വിസ ആയതിനാല്‍ ബാലിയിലേക്കുള്ള യാത്ര എളുപ്പമായിരുന്നു. അങ്ങനെ 27-ന് രാത്രി യാത്ര പുറപ്പെട്ടു. വിമാനം പാതിദൂരം പിന്നിട്ടപ്പോഴെക്കും 12 മണിയായിരുന്നു. കേക്കുമായി കാബിന്‍ ക്രൂ അംഗങ്ങള്‍ വന്നു.

യാത്രക്കാരും ആഘോഷത്തില്‍ കൂടി. ആകാശത്തില്‍ വെച്ച് പിറന്നാള്‍ ആഘോഷം. ബാലിയില്‍ നില്‍ക്കുമ്പോള്‍ നേരത്തെ അപേക്ഷിച്ച മലേഷ്യന്‍ വിസ റെഡിയായി. അങ്ങനെ അടുത്തദിവസം മലേഷ്യയിലേക്ക് യാത്ര തിരിച്ചു. രണ്ടും മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു.
സിങ്കപ്പൂരും വിയറ്റ്‌നാമും
2023-ലെ ജന്‍മദിനം സിങ്കപ്പൂരില്‍ ആഘോഷിക്കാന്‍ നേരത്തെതന്നെ ഉറപ്പിച്ചു. സുഹൃത്തുക്കളോടൊക്കെ അന്വേഷിച്ചു. ഞാന്‍ തന്നെ ടിക്കറ്റും ഹോട്ടലും യാത്രയുമെല്ലാം ബുക്ക് ചെയ്തു. സിങ്കപ്പൂരില്‍ എല്ലായിടങ്ങളും സന്ദര്‍ശിച്ചു. വാക്‌സ് മ്യൂസിയവും യൂണിവേഴ്‌സല്‍ സ്റ്റുഡിയോയുമെല്ലാം അതില്‍പ്പെടും. സിങ്കപ്പൂരില്‍ ഒരു റെസ്‌റ്റോറെന്റില്‍ വെച്ചായിരുന്നു കേക്ക് കട്ടിങ്. ഞാന്‍ തന്നെ കേക്ക് വാങ്ങി കട്ട് ചെയ്തു. ആ റെസ്‌റ്റോറെന്റിലെ ആളുകള്‍ എനിക്കായി പാട്ടുപാടി. മറ്റൊരു അനുഭവമായിരുന്നു അത്.

ഈ വര്‍ഷത്തെ ജന്‍മദിനം വിയറ്റ്‌നാമിലായിരുന്നു. ഹനോയിലെ ട്രെയിന്‍ സ്ട്രീറ്റിലായിരുന്നു ആഘോഷം. ട്രാവല്‍ ഏജന്‍സിയുടെ വകയായിരുന്നു കേക്ക്. കട്ട് ചെയ്യാന്‍ പോയപ്പോള്‍ കുറേ വിദേശികളും കൂടി. അവര്‍ എനിക്കായി 'ഹാപ്പി ബര്‍ത്ത്‌ഡേ' പാടി. ഒരുപക്ഷെ ഇനിയൊരിക്കലും അവരെ കണ്ടെന്ന് വരില്ല. എങ്കിലും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് അവര്‍ സമ്മാനിച്ചത്.
ഇനിയും യാത്രകള്‍
ഏഷ്യയിലെ മുഴുവന്‍ രാജ്യങ്ങളും കറങ്ങണമെന്നുണ്ട്. യൂറോപ്പിലേക്കും പോവണം. സൂര്യാസ്തമയം കാണുന്നതാണ് യാത്രയില്‍ ഏറെ സന്തോഷം നല്‍കുന്നത്. പറ്റുന്നത്രയും നാള്‍ ജന്‍മദിനത്തില്‍ സോളോ ട്രിപ്പ് നടത്തണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം.
Content Highlights: nayana elza's birthday solo trips
Published: 06 Nov 2024, 03:04 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented