ചെറുപ്പകാലങ്ങളില്‍ വീട്ടില്‍ കൂണ്‍ പാചകം ചെയ്യുന്നത് വല്ലപ്പോഴുമായിരിക്കും. ആണ്ടിലൊരിക്കലോ മറ്റോ... ഭക്ഷ്യയോഗ്യമായ കൂണ്‍ കിട്ടാനുള്ള പരിമിതിയാണ് ഇതിനുകാരണം. കാലം മാറി. കൂണ്‍ കൃഷി നാട്ടില്‍ ധാരാളമായുണ്ട്. എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കൂണ്‍ സുലഭമാണ്. വീട്ടമ്മമാരില്‍ ഇന്നു കാണപ്പെട്ടുവരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് വിറ്റാമിന്‍ ഡിയുടെ അഭാവം. വിറ്റാമിന്‍ ഡി കൂടുതല്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളില്‍ മഷ്‌റൂം പ്രധാനിയാണെന്നറിയാമോ? ചപ്പാത്തിക്കും ദോശക്കും ചോറിനുമൊക്കെ കൂടെ മഷ്‌റൂം മസാല നല്ല കോമ്പിനേഷനാണ്. മസാല മാത്രമല്ല മഷ്‌റൂം ബിരിയാണി, മഷ്‌റൂം തോരന്‍, മഷ്‌റൂം സൂപ്പ് അങ്ങനെ പോകുന്നു വിഭവങ്ങളുടെ നിര. ഇത്തവണ നമുക്ക് കൂണ്‍ കൊണ്ടു രുചികരമായ രണ്ട് വിഭവങ്ങള്‍ തയ്യാറാക്കാം.
ബട്ടര്‍ ഗാര്‍ലിക്ക് മഷ്‌റൂം
ചേരുവകള്‍:

മഷ്‌റൂം - 200 ഗ്രാം
ബട്ടര്‍ - രണ്ട് ടേബിള്‍ സ്പൂണ്‍
സണ്‍ഫ്‌ലവര്‍ ഓയില്‍ - ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി - ഒന്ന്
സവാള - ഒന്ന്
ചില്ലി ഫ്‌ലേക്‌സ് - ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി - അര ടേബിള്‍ സ്പൂണ്‍
ഒറിഗാനോ - അര ടീസ്പൂണ്‍
ഫ്രഷ് ക്രീം - അരക്കപ്പ്
ഉപ്പ്, മല്ലിയില - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: മഷ്റൂം രണ്ടായി മുറിച്ചു വയ്ക്കുക. പാനില്‍ ബട്ടറും ഓയിലും ചേര്‍ത്ത് ചൂടാകുമ്പോള്‍ ചെറുതായരിഞ്ഞ വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് പൊടിയായി അരിഞ്ഞ സവാളയും ചേര്‍ത്ത് വഴറ്റി മഷ്റൂം ചേര്‍ക്കുക. മീഡിയം ഫ്‌ലേമില്‍ വെച്ച് വഴറ്റണം. ചില്ലി ഫ്‌ലേക്‌സ്, കുരുമുളകുപൊടി, ഒറിഗാനോ എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. വെള്ളം നന്നായി വറ്റിയതിനുശേഷം ഉപ്പും ഫ്രഷ് ക്രീമും ചേര്‍ത്തിളക്കുക. കുറുകി വരുമ്പോള്‍ മല്ലിയിലയും ചേര്‍ത്ത് യോജിപ്പിക്കുക. ബ്രഡ് ടോസ്സ്റ്റിനൊപ്പം ഇത് വിളമ്പാം.

To advertise here,

മഷ്‌റൂം റൈസ്
ചേരുവകള്‍:
മഷ്‌റൂം - 250 ഗ്രാം
ബസ്മതി അരി - രണ്ട് കപ്പ്
നെയ്യ് - രണ്ട് ടേബിള്‍ സ്പൂണ്‍
സവാള - ഒന്ന്
ചുവന്നുള്ളി - 15 എണ്ണം
ഇഞ്ചി - ഒരിഞ്ച് നീളത്തില്‍
വെളുത്തുള്ളി - ഒന്ന്
പച്ചമുളക് - അഞ്ച്
തക്കാളി - ഒന്ന്
മഞ്ഞള്‍പൊടി - അര ടീ സ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - രണ്ട് ടേബിള്‍ സ്പൂണ്‍
ഗരം മസാല - ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് - ഒരു ടേബിള്‍ സ്പൂണ്‍
പെരുംജീരകം - അര ടേബിള്‍ സ്പൂണ്‍
ഉപ്പ്, മല്ലിയില - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: മഷ്‌റൂം ചെറുതായരിഞ്ഞു വയ്ക്കുക. ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ മിക്‌സി ജാറിലിട്ട് ക്രഷ് ചെയ്യണം. പാനില്‍ നെയ്യ് ചൂടാക്കി, അരിഞ്ഞ സവാള ചേര്‍ത്ത് ബ്രൗണ്‍ നിറം ആവുന്നത് വരെ വഴറ്റി വറുത്തുകോരി മാറ്റി വയ്ക്കുക. അതേ നെയ്യിലേക്ക് ക്രഷ് ചെയ്തു വെച്ച കൂട്ട് ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. ചെറുതായി മൊരിഞ്ഞു വരുമ്പോള്‍ എല്ലാ പൊടികളും ചേര്‍ത്ത് വഴറ്റാം. ഇതിലേക്ക് തക്കാളി അരച്ചതും മഷ്‌റൂമും ചേര്‍ത്ത് വഴറ്റി മീഡിയം ഫ്‌ലേമില്‍ അഞ്ചു മിനിറ്റ് മൂടിവെക്കുക. മസാലയിലെ വെള്ളം വറ്റി റോസ്റ്റ് ആയി വരുമ്പോള്‍ കുരുമുളക്, പെരുംജീരകം എന്നിവ പൊടിച്ചത് ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് വേവിച്ചുവെച്ച അരി ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. വറുത്തുവെച്ച സവാളയും മല്ലിയിലയും അല്പം കുരുമുളക് പൊടിയും തൂവി വിളമ്പാവുന്നതാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi