മദ്യക്കുപ്പികൾ കൊണ്ട് ക്ഷേത്രം പണിതെന്നു കേൾക്കുമ്പോൾ ആരുമൊന്നു നെറ്റി ചുളിക്കുമെന്ന് തീർച്ചയാണ്. പക്ഷേ, സംഗതി സത്യമാണ്, തായ്‌ലാന്‍ഡിൽ ഒഴിഞ്ഞ ബിയർബോട്ടിലുകൾകൊണ്ടൊരു ബുദ്ധ ക്ഷേത്രം പണിതിട്ടുണ്ട്, അതും നാലുപതിറ്റാണ്ട് മുമ്പ്. ബാങ്കോക്കില്‍ നിന്ന് ഏകദേശം 500 കിലോമീറ്റര്‍ അകലെയുള്ള സിസാകെറ്റ് പ്രവിശ്യയില്‍ പണിത ക്ഷേത്രം 'വാത് പാ മഹാ ചേദി ക്യവ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. 15 ലക്ഷം ബിയർബോട്ടിലുകൾ നിരത്തിവെച്ചുണ്ടാക്കിയ ക്ഷേത്രത്തിന് 'ടെമ്പിള്‍ ഓഫ് മില്യണ്‍ ബോട്ടില്‍സ്' എന്നൊരു വിളിപ്പേരുമുണ്ട്. 

1984-ല്‍ ഒരുകൂട്ടം ബുദ്ധ സന്യാസിമാര്‍ ഗ്രാമപ്രദേശങ്ങളിലും മറ്റും വലിച്ചെറിഞ്ഞ മാലിന്യങ്ങളെ എങ്ങനെ ഫലപ്രദമായി നീക്കം ചെയ്യാമെന്നാലോചിച്ചപ്പോഴാണ് കാലികുപ്പികള്‍ ഈ രീതിയിൽ ഉപയോഗിച്ചാലോ എന്ന ആലോചന വന്നത്. അങ്ങനെ ചെയ്തുനോക്കാൻ തീരുമാനിക്കുകയും ചെയ്തു.  

 ഗ്രാമത്തിലെ ഒരു ഒഴിഞ്ഞ ശ്മശാനമാണ് ക്ഷേത്രം നിര്‍മിക്കാൻ സന്യാസിമാര്‍ തിരഞ്ഞെടുത്തതെന്നതും ശ്രദ്ധേയം. ഉപയോഗിച്ച മദ്യക്കുപ്പികള്‍  നിര്‍മാണത്തിനായി സംഭാവന ചെയ്യാന്‍ അവര്‍ നാട്ടുകാരോടും കട ഉടമകളോടും ആവശ്യപ്പെട്ടു. രണ്ട് വര്‍ഷത്തിനുള്ളിൽ ബിയര്‍ കുപ്പികള്‍കൊണ്ട് മനോഹരമായ ചില്ലുക്ഷേത്രം നിര്‍മിക്കുകയും ചെയ്തു. പ്രധാനമായും പച്ച ഹെയ്നെകൻ കുപ്പികളും ദേശിക ബ്രാന്‍ഡുകളില്‍ നിന്നുള്ള ബ്രൗണ്‍ നിറത്തിലുള്ള കുപ്പികളുമാണ് നിര്‍മാണത്തിനായി ഉപയോഗിച്ചത്. 

ഉബോസോട്ട്, ചേദി തുടങ്ങി കുപ്പികൾ കൊണ്ടുള്ള നിര്‍മിതികളും ഇതോടൊപ്പമുണ്ട്. പൂര്‍ണമായും തടാകത്തിൽ സ്ഥിതിചെയ്യുന്ന നിർമിതിയാണ് ഉബോസോട്ട് എന്നറിയപ്പെടുന്ന മണ്ഡപം. കുപ്പികള്‍ കൊണ്ടുതന്നെ നിര്‍മിച്ച പാലത്തിലൂടെ ഈ നിർമിതിയിലേക്ക് പ്രവേശിക്കാം. ബുദ്ധമത വിശ്വാസികള്‍ ഈ മണ്ഡപത്തിനുള്ളിൽ പൂജകൾ ചെയ്യാനായി എത്താറുണ്ട്.

ജനലിന്റെ ആകൃതിയിലുള്ള മൊസൈക്ക് കഷണങ്ങളും തവിട്ടുനിറത്തിലുള്ള കുപ്പികളും കൊണ്ട് നിര്‍മിച്ച സ്തൂപമാണ് ചേദി. പട്ടാഭിഷേകമണ്ഡപത്തിന് വലതുവശത്ത് ബൗൺ നിറത്തിലുള്ള കുപ്പികൾ കൊണ്ട് നിർമിച്ചതാണ് ക്രിമറ്റോറിയം.

ക്ഷേത്രത്തിന്റെ മുക്കാല്‍ ഭാഗവും തവിട്ടുനിറത്തിലുള്ള കുപ്പികള്‍ കൊണ്ടും കൈവരികള്‍ പച്ചക്കുപ്പികള്‍ കൊണ്ടുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi