
ഗോവയുടെ അറ്റ്‌ലാന്റിസ്! കുർഡി എന്ന ഗോവൻ ഗ്രാമത്തെക്കുറിച്ച് ദീപക് കഫെയിലെ മുരളീധർ ഭയ്യ പറഞ്ഞപ്പോൾ വെറുംതള്ളാണ് എന്നാണ് കരുതിയത്. ഒറ്റരാത്രികൊണ്ട് സമുദ്രത്തിനടിയിലാണ്ടു പോയ നഗരം! അതാണ് അറ്റ്‌ലാന്റിസ്! പ്ലേറ്റോയുടെ പുസ്തകങ്ങളിൽ പ്രതിപാദിച്ച അറ്റ്‌ലാന്റിസ് ഇന്നും കടലിനടിയിലെവിടെയോ ഉണ്ട്. അറ്റ്‌ലാന്റിസും ഗോവയിലെ ഒരു കുഞ്ഞു ഗ്രാമവും തമ്മിൽ എന്താണ് ബന്ധം? ഗൂഗിളിൽ തിരഞ്ഞു. ഏകദേശം 3000 ആളുകൾ ഒരു കാലത്ത് താമസിച്ചിരുന്ന കുർഡി ഗ്രാമം ഇപ്പോൾ വർഷത്തിൽ പത്തു മാസവും വെള്ളത്തിനടിയിലാണ്. വേനൽക്കാലത്ത് വെള്ളം വറ്റുമ്പോൾ ഗ്രാമത്തിന്റെ പല ഭാഗങ്ങളും വെളിച്ചം കണ്ടുതുടങ്ങും. ഇതെങ്ങനെ സംഭവിച്ചു? അവിടെ താമസിച്ചിരുന്നവർ എവിടെയാണ്? ഇങ്ങനെ നൂറായിരം ചോദ്യങ്ങൾ മനസ്സിൽ വന്നു. ഇൻസ്റ്റഗ്രാമിൽ കുർഡി ഗ്രാമാവുമായി ബന്ധപ്പെട്ട ഒരു പേജ് കണ്ടെത്തി. പേജിന്റെ ഉടമ കുർഡിക്കാരനാണ്-നിഖിൽ. കുർഡി ഗ്രാമത്തിലും പരിസരത്തും നെറ്റ്വർക്ക് കിട്ടാത്തതു കാരണം ഫോണിൽ വിളിച്ച് സംസാരിച്ചെങ്കിലും ഒന്നും കേൾക്കാൻ സാധിച്ചില്ല. അതിനാൽ നിഖിൽ മെസ്സേജ് അയച്ചു പറഞ്ഞു 'നമുക്ക് ബുധനാഴ്ച കാണാം. വെള്ളം വറ്റിക്കിടക്കുകയാണ്. നിങ്ങൾ രാവിലെ പത്തുമണിയോടെ വന്നോളൂ.' താമസസ്ഥലത്തു നിന്ന് ഏകദേശം രണ്ടു മണിക്കൂർ യാത്രയുണ്ട് അവിടേക്ക്. മാപ്പ് ഡൗൺലോഡ് ചെയ്യാൻ മറന്നതിനാൽ പലവട്ടം വഴി തെറ്റിയെങ്കിലും എങ്ങനെയൊക്കെയോ നിഖിൽ പറഞ്ഞ സ്ഥലത്ത് പതിനൊന്നരയോടെ എത്തി. പഴയ പോലീസ് സ്റ്റേഷന്റെ മുന്നിൽ കാത്തുനിൽക്കാം എന്നാണ് നിഖിൽ പറഞ്ഞിരുന്നത്. അവിടെ തന്നെ നിഖിൽ നിൽപ്പുണ്ടായിരുന്നു.
'ഇതായിരുന്നു പഴയ പോലീസ് സ്റ്റേഷൻ.' പായലുപിടിച്ച കെട്ടിടം ചൂണ്ടി നിഖിൽ പറഞ്ഞു. 'ഈ കെട്ടിടത്തിന്റെ ഒരറ്റത്തായിരുന്നു റേഷൻ കട എന്ന് മുത്തശ്ശൻ പറഞ്ഞ ഓർമ്മയുണ്ട്. ഞാൻ ഇതൊന്നും നേരിട്ട് കണ്ടിട്ടില്ല. ഞാൻ ജനിച്ചപ്പോഴേക്കും എല്ലാം വെള്ളത്തിനടിയിൽ ആയിക്കഴിഞ്ഞു. നിങ്ങൾ ഓഗസ്റ്റിലൊക്കെ വന്നു നോക്കൂ. ഈ തെളിഞ്ഞു കാണുന്ന പോലീസ് സ്റ്റേഷന്റെ മേൽക്കൂര പോലും കാണാൻ സാധിക്കില്ല. മുഴുവൻ വെള്ളത്തിലായിരിക്കും.' നിഖിൽ കൂട്ടിച്ചേർത്തു.
'എന്താണ് നിഖിൽ സംഭവിച്ചത്? അന്വേഷിച്ചിട്ട് അധികമൊന്നും അറിയാൻ സാധിച്ചില്ല. ഒരു ഡാം ആണ് ഇതിനുപിന്നിൽ എന്ന് മാത്രമറിയാം.'
'അതേ, സലോലിം ഡാം. ഗോവയ്ക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം സർക്കാർ ഒരു ഡാം പണിയാൻ തീരുമാനിച്ചു. ചുറ്റോട് ചുറ്റും വെള്ളമുണ്ടെങ്കിലും കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും വെള്ളം കുറവാണ്. സലോലിം ഡാം വന്നാൽ ജലക്ഷാമം തീരും, പക്ഷെ കുർഡി ഉൾപ്പടെ മൂന്നുനാലു ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലാകും. സർക്കാർ മാറ്റിപ്പാർപ്പിക്കാം എന്ന് പറഞ്ഞു. നിവൃത്തിയില്ലാതായപ്പോൾ ഞങ്ങൾക്കെല്ലാം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. ഏകദേശം 600 കുടുംബങ്ങൾ. ഇപ്പോഴും പലർക്കും നഷ്ടപരിഹാരം പോലും കിട്ടിയിട്ടില്ല. 1986 മുതൽ കുർഡി വെള്ളത്തിനടിയിലായി. വേനൽക്കാലത്തിനായി ഞങ്ങൾ എല്ലാവരും കാത്തിരിക്കും. വെള്ളം എത്ര വറ്റിയെന്ന് എന്നും വന്നുനോക്കും. കുട്ടികൾ വഞ്ചിയിൽ മീൻ പിടിക്കാനിറങ്ങും. ഈ പോലീസ് സ്റ്റേഷനാണ് ഞങ്ങളുടെ അടയാളം. ഇത് തെളിഞ്ഞു തുടങ്ങിയാൽ ഞങ്ങളുടെ ഗ്രാമം തെളിഞ്ഞുതുടങ്ങി എന്നർഥം. ബാക്കിയെല്ലാം ഞാൻ വഴിയേ പറഞ്ഞു തരാം'. നിഖിൽ ബൈക്ക് സ്റ്റാർട്ട് ചെയ്ത് അടുത്ത സ്ഥലം ലക്ഷ്യമാക്കി പോയി. അധികം ദൂരെയല്ലാതെ കാടിന്റെ നടുക്കൊരു പഴയ കെട്ടിടത്തിന്റെ മുന്നിൽ നിർത്തി. 'ഇതായിരുന്നു ഞങ്ങളുടെ പഞ്ചായത്ത് ഓഫീസ്. വരൂ, ഒരു കാര്യം കാണിച്ചു തരാം.' ചിരിച്ചുകൊണ്ട് നിഖിൽ കെട്ടിടത്തിന്റെ വാതിൽ തുറന്നു. നീലനിറത്തിലുള്ള വീപ്പകൾ നിരന്നിരിക്കുന്നു. 'ഫെനിയാണ് ഈ വീപ്പകളിൽ. ഫെനി അറിയാമല്ലോ അല്ലെ?'
'ഹഹ! ഫെനി അറിയാത്തവരുണ്ടോ നിഖിൽ? പക്ഷെ ഇതെങ്ങനെ ഇവിടെ വന്നു?' ഞാൻ ചോദിച്ചു.
'വേനൽക്കാലത്താണല്ലോ കശുമാങ്ങകൾ പഴുക്കുന്നത്. അതേ സമയത്താണ് ഈ പഞ്ചായത്ത് ഓഫീസ് വെള്ളത്തിൽ നിന്ന് പൊങ്ങുന്നതും. ഈ രണ്ടു മാസം നാട്ടുകാർ ഫെനി ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതുമൊക്കെ ഈ കെട്ടിടത്തിനകത്താണ്. വരൂ നമുക്ക് അടുത്ത സ്ഥലത്തേക്ക് പോകാം.' സമയമൊട്ടും പാഴാക്കാതെ നിഖിൽ വണ്ടിയെടുത്തു. റോഡിന്റെ ഇരുവശത്തും തകർന്ന വീടുകളും തുളസിത്തറകളും മറ്റും കാണാം. ഒരു കാലത്ത് ഒരുപാട് പ്രതീക്ഷകളോടെ മനുഷ്യർ കെട്ടിപ്പൊക്കിയ പലതിനെയും കാലവും ഗുലേലി നദിയും ചേർന്ന് വിഴുങ്ങി. കുറച്ചു മുന്നോട്ട് ചെന്നപ്പോൾ നിഖിൽ വണ്ടി നിർത്തി. നദിയുടെ അടിത്തട്ടാണ്. പക്ഷെ വലിയ ചതുരങ്ങൾ പോലുള്ള പാടുകൾ കാണാം.
'ഇത് നേൽപ്പാടങ്ങളാണ്. ഇവിടെ താമസിച്ചിരുന്ന മിക്കവരും കർഷകരായിരുന്നു. കുർഡി കൃഷി ചെയ്യാൻ യോജിച്ച സ്ഥലമായതുകൊണ്ടാണ് എന്റെ മുതുമുത്തശ്ശൻ ഇവിടെ സ്ഥിരതാമസമാക്കിയത്. വട്ടപ്പൂജ്യത്തിൽ നിന്ന് തുടങ്ങി വീടും സ്ഥലവുമൊക്കെ വാങ്ങി മൂന്നു തലമുറ ഇവിടെ കഴിഞ്ഞു. പക്ഷെ എല്ലാം വെറുതെയായിപ്പോയില്ലേ?' ഒരു നെടുവീർപ്പോടെ അയാൾ പറഞ്ഞു നിർത്തി. സ്വയം വീണ്ടെടുത്ത് അയാൾ ചോദിച്ചു, 'എന്റെ വീട് കാണണോ?'
'പിന്നെന്താ! സന്തോഷമേയുള്ളൂ നിഖിൽ.' ഞാൻ മറുപടി പറഞ്ഞു. പോകുന്ന വഴിയേ ഒരു വലിയ കനാൽ കണ്ടു. അതിന് കുറുകെ ഒരു പാലവും. 'പോർച്ചുഗീസ്‌കാർ പണിതതാണ് ഈ കനാലും പാലവുമൊക്കെ. അവരുടെ നിർമ്മാണത്തിന്റെ ബലം നോക്കണേ! നമ്മൾ പണിതതൊക്കെ വെള്ളത്തിലായപ്പോൾ തകർന്ന് തരിപ്പണമായി! സായിപ്പ് പണിത പോലീസ്സ് സ്റ്റേഷനും കനാലും പാലവുമൊക്കെ ദേ ഇപ്പോഴുമുണ്ട്! നിങ്ങൾക്കറിയാമോ, പോർച്ചുഗീസ് ഭരണമൊഴിയുന്നെന്ന് കേട്ടപ്പോൾ കരഞ്ഞ ഗോവക്കാരുണ്ട്! അന്നേ അവർക്ക് തോന്നിക്കാണും നമ്മുടെ നാട് എങ്ങോട്ടേക്കാണ് പോകുന്നതെന്ന്.' ചിരിച്ചുകൊണ്ട് നിഖിൽ ഒരു കശുമാങ്ങാതോട്ടത്തിനരികിൽ വണ്ടി നിർത്തി. പൂർണമായും തകർന്നനിലയിൽ അടിത്തറ മാത്രം കാണാൻ പറ്റുന്ന വിധത്തിൽ രണ്ടു വീടുകൾ. അതിലൊന്നിലേക്ക് വിരൽ ചൂണ്ടി നിഖിൽ പറഞ്ഞു, 'ഇതാണെന്റെ വീട്. മറ്റേത് മാമന്റെ വീടാണ്. ഈ സ്ഥലം വെള്ളത്തിനടിയിൽ പൂർണമായും മുങ്ങിപ്പോകാറില്ല. അതുകൊണ്ട് ഇവിടുന്ന് എവിടേക്കുമിറങ്ങില്ല എന്നു പറഞ്ഞു മുത്തശ്ശൻ ശഠിച്ചിരുന്നു. പക്ഷെ ചുറ്റോട് ചുറ്റും വെള്ളത്തിൽ എങ്ങും പോകാനാകാതെ പത്തുമാസം എങ്ങനെ കഴിയാനാ? മനസ്സില്ലാമനസ്സോടെ ഇറങ്ങിക്കൊടുക്കേണ്ടി വന്നു.'
ഞങ്ങളുടെ മുന്നിലൂടെ കുറച്ചുപേർ കൈയ്യിൽ മാലകളും പച്ചപ്പട്ടുമായി നടന്നുനീങ്ങി. പെൺകുട്ടികൾ തലയിൽ തട്ടമിട്ടിട്ടുണ്ട്. 'ഇവരെങ്ങോട്ടേക്കാണ് മാലയുമൊക്കെയായി?' 'ഇവിടെ ഒരു ദർഗയുണ്ടായിരുന്നു. പൂർണ്ണമായും വെള്ളത്തിനടിയിലായ ദർഗ കരകാണുന്നത് വേനലിലാണ്. അവിടേക്കാണവർ പോകുന്നത്.' ഞങ്ങളും അവിടേക്ക് പോയിനോക്കി. നദിയുടെ തീരത്ത് പട്ടിൽ പൊതിഞ്ഞ കബർ. മുകളിൽ ചന്ദനത്തിരിക്കളും റോസപ്പൂക്കളും സമർപ്പിച്ചിരിക്കുന്നു. പഴയ പള്ളിയുടെ ഇഷ്ടികക്കഷണങ്ങൾ അങ്ങിങ്ങായി കാണാം.
''ഇവിടെ മൂന്ന് മതത്തിലുള്ള വിശ്വാസികളും താമസിച്ചിരുന്നു. വെള്ളം താഴുമ്പോൾ മുസ്ലിം വിശ്വാസികൾ ഇവിടേക്ക് വരും. ഈ ഞായറാഴ്ചയാണ് ഇവിടുത്തെ സോമേശ്വരക്ഷേത്രത്തിലെ പൂജ. ഒരുകാലത്ത് നിത്യപൂജ നടന്നിരുന്ന ക്ഷേത്രമാണത്. ഇപ്പോൾ മേയ് മാസത്തിലെ മൂന്നാം ഞായറാഴ്ച പൂജ നടക്കും. അതിന് ഏകദേശം പതിനായിരത്തോളം മനുഷ്യർ ഇവിടെയെത്താറുണ്ട്. അതിനടുത്ത ഞായറാഴ്ച അമ്പലത്തിനടുത്തുള്ള ക്രിസ്ത്യൻ ദേവാലയത്തിൽ വലിയ വിശേഷമാണ്.'
പിന്നീട് ഞങ്ങൾ പോയത് അമ്പലത്തിലേക്കാണ്. ക്ഷേത്രത്തിൽ എത്തിയപ്പോഴേക്കും വൈകുന്നേരമായിരുന്നു. കുറച്ചുപേർ തൊഴാൻ വന്നിട്ടുണ്ട്. ഞാൻ നടയ്ക്ക് നേരെ നിന്നു തൊഴുതു. ശിവനാണ് പ്രതിഷ്ഠ. നദിയെ കടാക്ഷിക്കുന്ന രീതിയിലാണ് ഭഗവാനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. നിത്യപൂജ മുടങ്ങി ഒരുനാൾ താനും അനാഥനാകുമെന്ന് ഭഗവാൻ നിരീച്ചിട്ടുണ്ടാകുമോ? അറിയില്ല!
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kurdi is a village in Goa that remains submerged for ten months annually due to the Salaulim Dam project. The village emerges during the summer months, revealing historical structures like the old police station, temples, and a Dargah., The site serves as a poignant reminder of displacement, where 600 families were relocated after 1986., Cultural harmony is preserved as different religious groups return annually for prayers when the water recedes., The area features a mix of Portuguese-era architecture and local heritage, now visible only during the dry season.
Published: 04 Jun 2026, 02:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented