ഇന്ത്യയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് അതിപ്രശസ്തമായ സ്ഥലങ്ങളുടെ പേരെടുത്താല്‍ അതില്‍ തീര്‍ച്ചയായും കൊല്‍ക്കത്ത മുന്നില്‍ തന്നെ ഇടംപിടിക്കും. ഈ സമയത്ത് കൊല്‍ക്കത്തയുടെ നിറവും മണവുമെല്ലാം മറ്റൊന്നാണ്. ഒരു നഗരം മുഴുവന്‍ പന്തലുകളും തോരണങ്ങളും കെട്ടി, അണിഞ്ഞൊരുങ്ങും. അവരുടെ 'ദുര്‍ഗാ മാ'യെ വരവേല്‍ക്കാന്‍. പന്തലുകളില്‍ വിടര്‍ന്ന കണ്ണുകളുള്ള അതിസുന്ദരിയായ ദുര്‍ഗാദേവി പല ഭാവങ്ങളില്‍ ഇരിക്കുന്നത് കാണുന്നതുതന്നെ ഒരനുഭവമാണ്!

To advertise here,

സപ്തമി മുതല്‍ ദശമി വരെ നഗരത്തിലെ പല പന്തലുകള്‍ ചുറ്റിക്കറങ്ങിക്കാണുന്നത് ബംഗാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദമാണ്. ഗരിയഹട്ട്, കാളിഘട്ട്, കോളേജ് സ്‌ക്വയര്‍ തുടങ്ങി നഗരമധ്യത്തിലെ പ്രധാന സ്ഥലങ്ങളിലെ പന്തലുകളെല്ലാം കാഴ്ചക്കാരെക്കൊണ്ട് നിറയും. ഇതേ സമയം കൊല്‍ക്കത്തയിലെ പുരാതനമായ ചില ജന്മികുടുംബങ്ങള്‍ അഥവാ 'രാജ്ബാരികള്‍' നടത്തുന്ന ദുര്‍ഗാപൂജയും അതിപ്രശസ്തമാണ്. രബീന്ദ്രനാഥ ടഗോറിന്റെ (ബംഗാളികള്‍ക്ക് ഠാക്കുര്‍ ആണ്. ആംഗലേയവല്‍ക്കരിച്ച ടഗോര്‍ എന്ന പേര് കേള്‍ക്കുന്നത് തന്നെ അവര്‍ക്ക് അരിശമാണ്.) കുടുംബവീടായ ജൊരശങ്കോ ഠാക്കുര്‍ബാരി, ദക്ഷിണേശ്വര്‍ ക്ഷേത്രം സ്ഥാപിച്ച റാണി രഷ്മണിയുടെ ഭവനമായ രഷ്മണിബാരി, രാജ നബകൃഷ്ണദേബിന്റെ ശോഭാബസാര്‍ രാജ്ബാരി... അങ്ങനെ കൊല്‍ക്കത്തയിലെ പഴയകാല സമീന്ദാര്‍ കുടുംബങ്ങളെല്ലാം തങ്ങളുടെ വാതായനങ്ങള്‍ ദുര്‍ഗപൂജ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും, ദേവിയെ കാണാനും അനുഗ്രഹം വാങ്ങാനും. ശേഷം കാട്ടി റോളുകളും മട്ടണ്‍ ബിരിയാണിയുമൊക്കെ കഴിച്ച് സന്തോഷായിട്ട് സ്വഗൃഹങ്ങളിലേക്ക് മടക്കം!

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ ദേവീസങ്കല്‍പം ബംഗാളികള്‍ക്കാണുള്ളതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തുടുത്ത കവിളുകളുള്ള വട്ടമുഖം, കരിമഷി കടുപ്പത്തില്‍ എഴുതിയ വിടര്‍ന്ന വലിയ കണ്ണുകള്‍, പുരികത്തിന്റെ ഒത്ത നടുക്ക് വലിയൊരു ചുമന്ന വട്ടപ്പൊട്ട്, പനങ്കുല പോലെ ചുരുണ്ട നീളന്‍ മുടി. ദേവിയെ ആദ്യമായി കണ്ടാല്‍ നോക്കി നിന്നുപോകും! ഈ സുന്ദരശില്പങ്ങളെല്ലാം വരുന്നത് കുമാര്‍തുളിയില്‍നിന്നാണ്. ഹൂഗ്ലി നദിയുടെ കിഴക്കന്‍ കരയില്‍ സ്ഥിതിചെയ്യുന്ന കുമാര്‍തുളിയിലെ ശില്പികളുടെ കൈകളില്‍ നിന്നാണ് നൂറ്റാണ്ടുകളായി കൊല്‍ക്കത്തയിലെ ഓരോ ദേവീശില്പവും പിറവിയെടുക്കുന്നത്.

ഓരോ വര്‍ഷവും ദുര്‍ഗാപൂജക്ക് മാസങ്ങള്‍ക്ക് മുന്‍പ് കുമാര്‍തുളി ഒരുങ്ങും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഞാന്‍ കുമാര്‍തുളിയില്‍ എത്തിയത്. തെരുവുകളുടെ ഇരുവശവും ദേവീശില്പങ്ങള്‍ മാത്രം. ചിലര്‍ക്ക് തലയില്ല, മറ്റുചിലര്‍ക്ക് കൈകളില്ല, ചിലര്‍ക്ക് കാലുകളില്ല. അങ്ങനെ പലതരത്തില്‍ അപൂര്‍ണമായ ദേവീരൂപങ്ങള്‍. തൊട്ടുമുന്നില്‍ കണ്ട ഒരു കുഞ്ഞുകടയില്‍ ഞാന്‍ കയറി. ഓറഞ്ച് ഷര്‍ട്ട് ഇട്ടൊരു മനുഷ്യന്‍ ചേറ് കുഴച്ച് ദേവിയുടെ തുടഭാഗം നിര്‍മ്മിക്കുന്ന തിരക്കില്‍ ആണ്. മുളയും വൈക്കോലുംകൊണ്ട് തീര്‍ത്ത ചട്ടക്കൂടിന് മുകളിലാണ് ചേറ് തേയ്ക്കുന്നത്. കാല്‍പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയ ഉടനെ പറഞ്ഞു; “ഫോട്ടോ കെ ലിയെ 500 റുപ്പയാ.” ഞാന്‍ അന്ധാളിച്ചു നിന്നു. “നിങ്ങളുടെ മോഡല്‍ എവിടെ?” അയാള്‍ ചോദിച്ചു.
“മോഡലോ?”
“ഫോട്ടോഷൂട്ടിന് വന്നതല്ലേ?”

"ഹേയ് അല്ല! ഞാന്‍ ഇതൊക്കെ കാണാന്‍ വന്നതാ! നിങ്ങള്‍ ഇതെങ്ങനെയാ ചെയ്യുന്നതെന്നൊക്കെ അറിയാന്‍.”
“ഓ! പൊതുവെ നിങ്ങളുടെ പ്രായത്തിലുള്ളവര്‍ ഇവിടെ ഫോട്ടോ എടുക്കാനാണ് വരാറുള്ളത്. ഏതെങ്കിലും ഒരു പെണ്ണ് കാണും സാരിയില്‍! അവര് ഈ തൊട്ടാല്‍ പൊട്ടുന്ന കളിമണ്ണിന്റെ അടുത്ത് നിന്ന് ഫോട്ടോ എടുക്കും. ഞങ്ങള്‍ക്ക് പണിയും നടക്കില്ല, നഷ്ടവും. അതുകൊണ്ട് ഞങ്ങളുടെ അസോസിയേഷന്‍ തീരുമാനിച്ചതാ 500 രൂപ.”

നാട്ടില്‍ സാരി ഉടുത്ത് പഴയ ജനലും വാതിലും ഒന്നുപോലും വിടാതെ ഫോട്ടോ എടുക്കുന്ന ഞാന്‍ അതിനെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല.
“എന്റെ കയ്യില്‍ ക്യാമറ ഒന്നുമില്ല. നിങ്ങള്‍ എങ്ങനെയാണ് ഇതൊക്കെ നിര്‍മ്മിക്കുന്നതെന്ന് കാണിച്ചാല്‍ മതി.”
അയാള്‍ ജോലി തുടര്‍ന്നു. പേര് മോഹന്‍. ഏകദേശം അന്‍പതുവയസ്സ് പ്രായം തോന്നിക്കും. മോഹന്‍ദാ പറഞ്ഞു തുടങ്ങി. “എന്റെ പത്താമത്തെ വയസ്സ് തൊട്ട് ഞാന്‍ ഈ ചേറുകുഴച്ച് തുടങ്ങിയതാണ്. ദുര്‍ഗാ മായുടെ അനുഗ്രഹം കൊണ്ട് ഇന്നും തുടര്‍ന്നുപോകുന്നു.” 
“ഈ അധ്വാനത്തിനൊത്ത വരുമാനം ഉണ്ടോ ദാ?” 
"ഉണ്ടായിരുന്നു. പക്ഷെ ഈ പ്ലാസ്റ്റിക്കും പ്ലാസ്റ്റര്‍ ഓഫ് പാരിസും ഒക്കെ വന്നത് വലിയ അടിയായി. ഉത്സവങ്ങളോടനുബന്ധിച്ച് ശില്പങ്ങള്‍ ഉണ്ടാക്കുന്നവരുടെ കാലവും കഴിഞ്ഞു. അതുകൊണ്ട് പിടിച്ചു നില്‍ക്കണമെങ്കില്‍ വില കുറയ്ക്കണം.” 

അപ്പോഴേക്കും രണ്ടുപേര്‍ കടയിലേക്ക് വന്നു. ഒരു ഭാര്യയും ഭര്‍ത്താവും. ജുബ്ബയും പൈജാമയുമാണ് ഭര്‍ത്താവിന്റെ വേഷം. കൈയ്യില്‍ നല്ല ഘനത്തില്‍ സ്വര്‍ണമോതിരമൊക്കെയുണ്ട്. കൊമ്പന്‍ മീശ ഇടക്കിടയ്ക്ക് തലോടുന്നുണ്ട്. ഭാര്യ ബംഗാള്‍ കോട്ടണ്‍ സാരിയാണ് ധരിച്ചിരിക്കുന്നത്. സ്വര്‍ണ വളയും വാച്ചും ഒക്കെയിട്ടൊരു സുന്ദരി. മധ്യവയസ്‌കരാണ്. കണ്ടാല്‍ അറിയാം പണക്കാരാണ്. അവരെ കണ്ടമാത്രയില്‍ മോഹന്‍ ദാ സന്തോഷത്തോടെ എഴുന്നേറ്റ് പിറകില്‍ നിന്ന് രണ്ട് സ്റ്റൂളുകള്‍ കൊണ്ടുവന്നിട്ടു. പരിചയക്കാരാണെന്ന് വ്യക്തം. 
“കി ഹാല്‍ മോഹോന്‍!” ഘനഗംഭീരസ്വരത്തില്‍ ആ മനുഷ്യന്‍ മോഹന്‍ ദായോട് കുശലം ചോദിച്ചു.

ദേവീശില്പം ബുക്ക് ചെയ്യാന്‍ വന്നവരാണ്. മോഹന്‍ ദാ അദ്ദേഹത്തെ ഠാക്കുര്‍ എന്നാണ് അഭിസംബോധന ചെയ്തത്. ദുര്‍ഗാപൂജാസമയത്ത് ഇദ്ദേഹത്തിന്റെ വീട്ടിലേക്കാണ് ശില്പം. മോഹന്‍ദാ കട്ടിയുള്ള രണ്ട് ആല്‍ബങ്ങള്‍ കൊണ്ടുവന്നു വെച്ചു. അകത്തു നിറയെ ദേവിയുടെ വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമുള്ള ചിത്രങ്ങളാണ്. ഒരുപാടു നേരത്തെ ചൂടന്‍ ചര്‍ച്ചയ്ക്ക് ശേഷം ഭാര്യയും ഭര്‍ത്താവും ഒരു തീരുമാനത്തിലെത്തി. സിംഹത്തിന്റെ പുറത്തിരിക്കുന്ന ദുര്‍ഗാദേവി. താഴെ മഹിഷാസുരന്‍ കിടക്കുന്നു. ചുറ്റും ദേവന്മാര്‍ ആരാധനയോടെ നോക്കിനില്‍ക്കുന്നു. ശില്പത്തിന്റെ അഡ്വാന്‍സ് കൊടുത്ത് അവര്‍ മടങ്ങി. "ഠാക്കുര്‍ മേരാ റെഗുലര്‍ കസ്റ്റമര്‍ ഹെ.” മോഹന്‍ ദാ അഭിമാനത്തോടെ പറഞ്ഞു.

"ദാ! ഞാന്‍ കേട്ടിട്ടുണ്ട് സോനാഗച്ചിയിലെ മണ്ണ് ഇവിടെ ശില്പങ്ങളില്‍ ചേര്‍ക്കാറുണ്ടെന്ന്. സത്യമാണോ?” 
“നിങ്ങള്‍ ദേവദാസ് സിനിമയില്‍ കണ്ടതല്ലേ! സത്യം പറ.” മോഹന്‍ ദാ ഒരു ചിരിയോടെ ചോദിച്ചു. അല്പം ചമ്മലോടെ ഞാന്‍ ആ സത്യം അംഗീകരിച്ചു.

"സിനിമ കണ്ടാണ് പലരും ഈ ചടങ്ങിനെക്കുറിച്ച് അറിഞ്ഞത്. സത്യമാണ്. ഹൂഗ്ലി നദിയിലെ ചേര്‍ ആണ് ദേവീശില്പത്തിന് ഞങ്ങള്‍ ഉപയോഗിക്കുന്നത്. ചേറെടുക്കാന്‍ മുഹൂര്‍ത്തമൊക്കെ നോക്കണം. അങ്ങനെ എടുത്ത് മടങ്ങും വഴി സോനാഗച്ചിയിലെ ഏതെങ്കിലും ഒരു വീട്ടില്‍ ചെന്ന് അവിടുത്തെ സ്ത്രീയുടെ അടുത്ത് നിന്നും ഒരു പിടി മണ്ണും വാങ്ങും. ഈ മണ്ണ് ചേറില്‍ കുഴച്ചാണ് ദുര്‍ഗാമായുടെ മൂര്‍ത്തി നിര്‍മ്മിക്കുന്നത്. ഇതിനെ പുണ്യമാട്ടി എന്നാണ് പറയുക.” 
"എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്?”
“അതോ! ഒരു മനുഷ്യന്‍ അയാളുടെ പുണ്യമെല്ലാം വാതില്‍പ്പടിയില്‍ ഇറക്കിവെച്ചിട്ടാണ് വേശ്യാസ്ത്രീയുടെ മുറിയിലേക്ക് കടക്കുന്നത്. അതുകൊണ്ടു തന്നെ വേശ്യയുടെ വീട്ടുപടിക്കലുള്ള മണ്ണ് ഇത്തരത്തില്‍ ധാരാളം പുരുഷന്മാര്‍ ഇറക്കിവെച്ച പുണ്യം അലിഞ്ഞ മണ്ണാണ്. ഇതിലും ഉത്തമമായ മണ്ണ് വേറെയുണ്ടോ!”
കഥയിലെ പുണ്യ-പാപ ചേരിതിരിക്കല്‍ അത്ര പിടിച്ചില്ലെങ്കിലും ആര്‍ക്കും അയിത്തം കല്‍പ്പിക്കാത്ത ഈ ആചാരം നന്നേ ഇഷ്ടപ്പെട്ടു.

ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോളാണ് ശ്രദ്ധിച്ചത്. പൂര്‍ത്തിയായ പല ദേവീവിഗ്രഹങ്ങള്‍ക്കും കണ്ണില്ല. “ദാ, ഈ വിഗ്രഹങ്ങള്‍ക്കെന്താണ് കണ്ണില്ലാത്തത്?”
“മഹാലയ സമയത്തു മാത്രമേ കണ്ണ് വരച്ചു ചേര്‍ക്കാവു! കണ്ണു വരച്ചാല്‍ ദേവിക്ക് പൊടുന്നനെ ജീവന്‍ വെക്കും. ജീവന്‍വെച്ച ദേവിയെ ഈ ഓലപ്പുരയില്‍ ഇരുത്താനാകുമോ! അതുകൊണ്ട് പന്തലുകളില്‍ പ്രതിമ എത്തിച്ച ശേഷമേ കണ്ണ് വരയ്ക്കു.” 

 

 

അല്‍പനേരം കൂടി മോഹന്‍ദായ്‌ക്കൊപ്പം ഇരുന്ന ശേഷം നേരെ പുറത്തേക്കിറങ്ങി. ലക്ഷ്യമില്ലാതെ നടന്ന സമയത്ത് ലേഡീസ് സ്റ്റോര്‍ എന്നു തോന്നിപ്പിക്കുന്ന രണ്ടു മൂന്നു കടകള്‍ കണ്ടു. കൗതുകത്തിന് അകത്തുകയറി.

“കഴിഞ്ഞകൊല്ലം ദുര്‍ഗാമാ ഈ കുപ്പിവളയാ ഇട്ടിരുന്നത്. ഇത് വേണ്ട.', 'ഈ കിരീടം നല്ല ഭംഗിയായിരിക്കും ആ മുടിയുടെ കൂടെ.” 
അവിടെയിരുന്ന സ്ത്രീകളുടെ സംഭാഷണം കേട്ടപ്പോഴാണ് മനസിലായത് ഈ ആടയാഭരണങ്ങളെല്ലാം തന്നെ ദുര്‍ഗാദേവിയുടെ ശില്പങ്ങള്‍ക്കുള്ളതാണ്. തന്റെ കുഞ്ഞിന് വാങ്ങുന്ന പോലെയാണ് ഓരോ മനുഷ്യരും സസൂക്ഷ്മമം ദേവിക്ക് വേണ്ടി ഓരോന്നും തിരഞ്ഞെടുക്കുന്നത്. ‘പ്രോതിമ സജ്' എന്ന് വിളിക്കുന്ന ഈ പ്രതിമയെ ഒരുക്കല്‍ ഇവിടെയുള്ളവര്‍ അത്രമേല്‍ സന്തോഷത്തോടെ ചെയ്യുന്ന കാര്യമാണ്.

ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങളുടെ തെരുവിലും വീട്ടിലുമൊക്കെ കുറച്ചു ദിവസത്തേക്ക് വരുന്ന ദുര്‍ഗാമായ്ക്ക് ഒരു കുറവും ഉണ്ടാകരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ദുര്‍ഗാപൂജ സമയം ബംഗാളി അവന്റെ നാട്ടില്‍ എത്തിയിരിക്കും. ലീവ് കിട്ടാന്‍ വൈകിയതുകൊണ്ട് അവസാനനിമിഷം 25,000 രൂപ മുടക്കി കൊച്ചിയില്‍ നിന്ന് ഫ്‌ളൈറ്റ് പിടിച്ചാണ് എന്റെ കൂട്ടുകാരി സൂര്‍മ അവളുടെ നാട്ടിലെത്തിയത്. ഭൂലോകപിശുക്കിയായ അവള്‍ ഭീമമായ തുകമുടക്കിയത് കണ്ട് അന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്; “നിനക്ക് ഇവിടെ ഇരുന്നാല്‍ പോരെ?” “നിനക്കറിയില്ല. മഹാലയക്ക് അതിരാവിലെ ഓള്‍ ഇന്ത്യാ റേഡിയോയില്‍ കേള്‍ക്കുന്നൊരു പാട്ടുണ്ട്. ഓരോ വര്‍ഷവും ആ പാട്ട് കേള്‍ക്കാന്‍ കാത് തരിക്കും. കുട്ടിക്കാലത്തൊക്കെ അത് കേട്ടാല്‍ പിന്നെയൊരു കാത്തിരിപ്പാണ്. ദുര്‍ഗാപൂജ തുടങ്ങാന്‍! ഞങ്ങള്‍ ബംഗാളികള്‍ എവിടെ ആണെങ്കിലും ഈ ഒരു സമയത്ത് എങ്ങനെയെങ്കിലും വീട്ടില്‍ എത്താന്‍ ഒരു വെപ്രാളമാണ്. അത് മനസ്സിലാകണമെങ്കില്‍ ഒരിക്കലെങ്കിലും കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ കൂടണം.”

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi