
തലേന്നത്തെ അത്താഴപ്പുറത്തുള്ള ചര്‍ച്ചകളിലാണ് ഖര്‍സാലി പരാമര്‍ശിക്കപ്പെട്ടത്. ജാനകി ചട്ടിയില്‍ എത്തിയ ഉടനെത്തന്നെ ഹോട്ടലിനു മുന്നിലുള്ള വലിയ ഇരുമ്പു പാലവും അപ്പുറത്തെ കുന്നിന്‍ മുകളിലെ ക്ഷേത്രവും ശ്രദ്ധയില്‍പെട്ടിരുന്നു. പാലം കടന്ന് രണ്ട് മുടിപ്പിന്‍ വളവുകള്‍ പിന്നിട്ട ഒരു നടപ്പാത ആ കുന്നിന്‍ മുകളിലേക്ക് കയറി പോകുന്നുണ്ട്. അത്യാവശ്യം ചിലര്‍ അങ്ങോട്ടു നടക്കുന്നതും കണ്ടു. യമുനോത്രിയില്‍ നിന്നു മടങ്ങി എത്തിയ സന്ധ്യയില്‍ കേശവേട്ടനും ഭാര്യയും വീണ്ടുമൊരു നടത്തത്തിന് ആ വഴി തിരഞ്ഞെടുക്കുന്നതു കണ്ടു. ഉടനെ ഒരു യാത്രക്കു കൂടി വയ്യ എന്നു തോന്നിയതിനാല്‍ ഞാന്‍ ഹോട്ടലില്‍ തന്നെ ഇരുന്നു. സന്ധ്യക്കു ശേഷം മടങ്ങി വന്ന അവരാണ് രാത്രിയില്‍ ഖര്‍സാലിയെക്കുറിച്ച് പറഞ്ഞത്. പറഞ്ഞുകേട്ടപ്പോള്‍ അവിടെ എത്താതെ മടങ്ങുന്നത് ശരിയല്ല എന്നുറപ്പായി. നല്ല ഒരു ഗ്രാമം, മരത്തിന്റെ പരമ്പരാഗത വീടുകള്‍. കൃഷി സ്ഥലങ്ങള്‍, അമ്പലം എന്നെല്ലാം അവര്‍ പറയുമ്പോള്‍ പോലും പണ്ടെന്നോ കേട്ടതും യമുനാദേവി ശൈത്യകാലത്ത് വസിക്കുന്നതുമായ ഖുശിമഠ് ആണ് അത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. എന്തായാലും കാലത്ത് പുറപ്പെടുന്നതിനു മുമ്പ് അവിടെ പോകണം എന്നു പറഞ്ഞപ്പോള്‍ കൂടെയുള്ള ചില സുഹൃത്തുക്കളും തയ്യാറായി.
കാലത്ത് എട്ടുമണിക്കാണ് ഉത്തരകാശിയിലേക്കുള്ള യാത്ര. അതു കൊണ്ടു തന്നെ 6 മണിക്ക് ഖര്‍സാലിയിലേക്കു പോകാമെന്നു വച്ചു. ഒരു ചൂടു ചായക്കു പുറത്ത് ഞങ്ങള്‍ യമുനാനദിക്കു മുകളിലെ ഇരുമ്പുപാലത്തിലെത്തി. ഒരു കുതിര അതിന്റെ ഉടമസ്ഥന്‍ പോലുമില്ലാതെ ഞങ്ങള്‍ക്കെതിരെ വരുന്നുണ്ടായിരുന്നു. ഏതാണ്ട് ഒരു കിലോമീറ്ററോളം ദൂരം രണ്ടു മുടിപ്പിന്‍ വളവുകളുള്ള കയറ്റം സമ്മാനി ച്ചു. ഒരു ക്ഷേത്രം ഞങ്ങള്‍ കയറി എത്തിയതിന്റെ ഇടതുവശത്തായിട്ടുണ്ട്. പാലത്തിനടുത്തു നിന്നു തന്നെ അതിന്റെ മുകള്‍ഭാഗം കാണുന്നുണ്ടായിരുന്നു.
ഖര്‍സാലിയിലെ യമുനാ ദേവിക്ഷേത്രമാണ് അത്. അവിടെ ദര്‍ശനം മടക്കത്തില്‍ നടത്താമെന്നു വച്ചു. മുന്നിലേക്ക് രണ്ടു വഴികള്‍ കാണാനുണ്ട്. ഞങ്ങള്‍ വലതു വശത്തേക്ക് തിരിഞ്ഞ് ഗ്രാമത്തിനെ ചുറ്റിപ്പോകുന്ന വഴിയാണ് സ്വീകരിച്ചത്. കഷ്ടിച്ച് രണ്ടര അടി വീതി മാത്രം.മനോഹരമായ പ്രകൃതി. നാലു വശത്തും മലനിരകള്‍ തന്നെ. ഉദയസൂര്യന്‍ തന്റെ കരങ്ങള്‍ കൊണ്ട് തഴുകിത്തുടങ്ങി. ഒറ്റനോട്ടത്തില്‍ ജെയിംസ് ഹില്‍ട്ടന്റെ ലോസ്റ്റ് ഹൊറൈസണ്‍ എന്ന നോവലിലെ സാങ്കല്‍പ്പികവും മാസ്മരികവുമായ അത്ഭുത നഗരത്തെയാണ് ഓര്‍മ്മ വന്നത്. ഷാന്‍ഗ്രില ഒരു ഉട്ടോപ്യന്‍ നഗരം. സുഖസമൃദ്ധവും ആളുകള്‍ക്ക് പ്രായാധിക്യം ബാധിക്കാത്തതുമായ നഗരം. തിബത്തിലെ ലെകുന്‍ലുന്‍ മലനിരകളില്‍ ആണ് ഈ സാങ്കല്‍പ്പിക ബുദ്ധവിഹാരവും നഗരവും എന്ന് കഥ. ഇവിടെ ഹിമാലയ സാമ്രാജ്യത്തില്‍ ഈ ചെറിയ ഗ്രാമം നമ്മുടെ മനസ്സിന് നല്കുന്ന സന്തോഷം അവാച്യമത്രെ.
ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണ് എന്ന് കാശ്മീരില്‍ വച്ച് മുഗള്‍ ചക്രവര്‍ത്തി പറഞ്ഞുവത്രെ. എന്നാല്‍ ഖര്‍സാലി കാണുന്ന ഏതൊരുവനും അയാളറിയാതെ മനസ്സില്‍ ആനന്ദം നിറയുന്നതായി അനുഭവപ്പെട്ടു. വെറുതെയല്ല പണ്ടുള്ളവര്‍ ഖുശിമഠ് എന്ന് ഈ കൊച്ചു സ്വര്‍ഗ്ഗ ത്തിന് പേരിട്ടത്. ഞങ്ങള്‍ ഏതാനും വാര പിന്നിട്ടപ്പോള്‍ മരം കൊണ്ടുള്ള ഒരു ചെറിയ കെട്ടിടം വഴിയില്‍ കണ്ടു. ശീതകാലത്തെ ധാന്യ സംഭരണിയാണ് രണ്ടറകളുള്ള ആ പത്തായം. നമ്മുടെ പഴയ വീടുകളില്‍ മരംകൊണ്ടുള്ള പത്തായം ഉണ്ടായിരുന്നില്ലേ അതിന്റെ ഒരു ഹിമാലയന്‍ സഹോദരന്‍. നാം വീടുകള്‍ക്ക് അകത്താണ് നിര്‍മ്മി ച്ചിരുന്നത്, ഇവരാകട്ടെ മുറ്റത്തോ റോഡരികിലോ ഒക്കെയാണ് ഉണ്ടാക്കിയിരിക്കുന്നത്.
കുറച്ചപ്പുറത്തായി ഒരു കടയും കണ്ടു. മുന്നോട്ടുള്ള വഴിയുടെ വശത്ത് ഒരു നാലു മീറ്റര്‍ നീളവു 2 മീറ്റര്‍ വീതിയുമുള്ള കണ്ടത്തില്‍ പറിച്ചെടുത്തതിന്റെ ബാക്കി ക്യാബേജ്, കോളിഫ്‌ലവര്‍ എന്നീ പച്ചക്കറികള്‍. പയര്‍ പടര്‍ത്തിയതായി തോന്നിച്ച രാജ്മ എന്ന വടക്കേ ഇന്ത്യന്‍ പയര്‍ എന്നിവ കണ്ടു. ചെറിയ മൈതാനത്തിനു നടുവിലായി ഒരു ക്ഷേത്രം മഹാരാജഭൂതേശ്വര്‍ ശിവ ധാം. മുന്‍വശത്തെത്തിയപ്പോള്‍ രണ്ട് സ് ത്രീകളാണ് അവിടെ ആരാധന നടത്തുന്നത്. അവര്‍ അഭിഷേകം ആരതി എന്നിവ നടത്തുന്നു. ഞങ്ങള്‍ അവിടെ പുറത്തു നിന്നു ദര്‍ശനം നടത്തി.
അവിടെ നിന്ന് ഇടതുവശം തിരിഞ്ഞ് മുന്നോട്ടു പോയപ്പോള്‍ ഗ്രാമത്തിലെ മരത്തില്‍ നിര്‍മ്മിച്ച ഒരു മനോഹരമായ വീട് ആണ് കണ്ടത്. നിരവധി കമാനങ്ങളും മട്ടുപ്പാവും എല്ലാം മരം തന്നെ. വീണ്ടും പല പഴയ വീടുകളും കാണാനായി.വീടുകള്‍ ക്കുള്ള പൊതു സ്വഭാവം അവ എല്ലാം താഴെയുള്ള നില മൃഗങ്ങളെ വളര്‍ത്താനും, സാധനങ്ങ ള്‍, വിറക് മുതലായവ സൂക്ഷിക്കാനും
മറ്റുമായി ഉപയോഗിക്കുകയും മുകള്‍ നില താമസത്തിനായും ഉപയോഗിക്കു ന്നു എന്നതാണ്.
വഴിവക്കില്‍ ഇടക്കിടെ പത്തായ ങ്ങളും ഉണ്ട്. കള്ളന്മാരെ പേടിക്കാതെ അങ്ങനെ ചെയ്യണമെങ്കില്‍ അവരുടെ പരസ്പ്പര വിശ്വാസം എത്ര വലിയതാ ണ് എന്നാണ് ഞാനപ്പോള്‍ ആലോചി ച്ചത്. ഇവിടെ രണ്ടു മൂന്നു തരം വീടുകളുണ്ട്. മുകള്‍ വശത്ത് സ്ലെയിറ്റുകല്ലിന്റെ പാളികള്‍ നിരത്തിയ വീടുകള്‍, പൂര്‍ണ്ണ മായും കരിങ്കല്‍ ഭിത്തിയുള്ളവ എന്നിങ്ങനെ. മൂന്നു വശത്തും വീടുകളുള്ള ഒരു സ്ഥലത്ത് എത്തിയ ഞങ്ങള്‍ക്ക് അവക്കിടയിലായി രണ്ടു ക്ഷേത്രങ്ങള്‍ കാണാനായി. പുതിയ ഒരു സോമേശ്വര്‍ ക്ഷേത്രവും, അതിപുരാതനമായ ശനി ദേവമന്ദിറും. തുറന്ന സ്ഥലത്ത് അവ അഭിമുഖമായി നില്‍ക്കുന്നു.
ഇവിടെയുള്ള ശനിദേവ മന്ദിര്‍ ലോക പ്രശസ്തമാണ്. മുഴുവനായും മഞ്ഞു മൂടുന്ന യമുനോത്രിയില്‍ നിന്ന് യമുനാ ദേവി ഖര്‍ സാലിയിലെ ശനിദേവ് മന്ദിറില്‍ എത്തി ശീതകാലം കഴിയുന്നതു വരെ അവിടെ തുടരുന്നു. അക്ഷയ തൃതീയനാളില്‍ ക്ഷേത്രം തുറക്കുമ്പോള്‍ ശനിദേവനും യമുനോത്രിയില്‍ പോകുന്നു വീണ്ടും ഖര്‍സാലിയിലേക്കു വരുന്നു. ഭൈദൂജ് ഉത്സവം യമ ദ്വിതീയ എ ന്നു പറയുന്ന കാര്‍ത്തിക മാസത്തെ ശുക്ലപക്ഷദ്വിതീയ നാളിലാണ് യമുനോത്രി ക്ഷേത്രം അടക്കുന്നത്. ഇത് ദീപാവലി കഴിഞ്ഞ് രണ്ടാം ദിവസം ആയിരിക്കും. വടക്കെ ഇന്ത്യയിലെ ഒരു വിശേഷദിവസമാണ് ഭൈദൂജ്. അന്ന് യമന്‍ സഹോദരിയായ യമിയെ സന്ദ ര്‍ശിക്കുകയും യമി അദ്ദേഹത്തെ തിലകം ചാര്‍ത്തി സ്വീകരിച്ച് സല്‍ക്കരിക്കുകയും ചെയ്തുവത്രെ. അന്നേദിവസം സഹോദരിമാര്‍ തിലകം ചാര്‍ത്തുന്ന സഹോദരന്മാര്‍ക്കു ദീര്‍ഘായുസ്സും സമ്പല്‍സമൃദ്ധിയും യമന്‍ വരദാനമായി നല്‍കി. സഹോദരിമാര്‍ക്ക് സമ്മാ നവും നല്‍കേണ്ടതാണെന്നു വ്യവസ്ഥ ഉണ്ട്. ഈ വര്‍ഷം നവംബര്‍ പതിനാലിനാണ് ഭൈദൂജ്.
ഇന്ത്യയിലെ ഏറ്റവും പുരാതനമായ ശനിദേവ ക്ഷേത്രമാണത്രെ ഖര്‍സാലിയിലേത്. ഒരു നാലുനില കെട്ടിടത്തിന്റെ ഉയരമുള്ള ഇതിന്റെ നിര്‍മ്മാണം നടത്തിയത് പഞ്ചപാണ്ഡവന്മാര്‍ ആണെന്നു പറയപ്പെടുന്നു. കാഴ്ചയിലും ഈ മന്ദിരത്തിന്റെ പൗരാണികത നമുക്ക് അനുഭവപ്പെടുന്നുണ്ട്. കല്ല്, മരം എന്നിവ ഒന്നിനു മുകളില്‍ ഒന്നായി നിരത്തി അവയെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉഴു ന്നുചേര്‍ത്ത മിശ്രിതം ആണത്രെ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ കല്ലുകള്‍ തള്ളി വരാതിരിക്കാനായി മരത്തിന്റെ ബീമുകളെ ബന്ധപ്പെടുത്തി കഴുക്കോലിന്റ വലുപ്പമുള്ള മരക്കുററികള്‍ അടിച്ചിറക്കി പൂട്ടിയതുപോലെ ആക്കിയിട്ടുമുണ്ട്. വാസ്തുവിന്റെ വേറിട്ട ഒരു കാഴ്ചയാണ് ഈ ക്ഷേത്രം.
ക്ഷേത്രത്തില്‍ പ്രധാനവാതില്‍ ഉയരത്തിലാണ്, അവിടേക്ക് ഒരു ഗോവണി പിടിപ്പിച്ചിട്ടുണ്ട്. ശനിദേവന്റെ വെങ്കലപ്രതിമ കൂടാതെ ഛായ, സന്ധ്യ, നാഗദേവത എന്നീ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തില്‍ ഉണ്ട്. ക്ഷേത്രത്തിനു പുറകില്‍ അതോടു ചേര്‍ന്നാണ് യമുനാ നദി ഒഴുകുന്നത്. ക്ഷേത്രത്തില്‍ അത്ഭുത കരമായ പലതും നടക്കുന്നതായി കേള്‍ക്കുന്നു. അവിടെ ചങ്ങലയാല്‍ ബന്ധിച്ച റിഖോള, പിഖോള എന്ന പാത്രങ്ങള്‍ വെളുത്ത വാവു ദിവസം നദിയിലേക്കു നീങ്ങിത്തുടങ്ങുമത്രെ. ചങ്ങലയില്‍ കെട്ടിവെച്ചില്ലെങ്കില്‍ നദിയില്‍ അപ്രത്യക്ഷമായാല്‍ വീണ്ടെടുക്കാനാകില്ല എന്നതും വിശ്വാസം. കാര്‍ത്തിക മാസത്തെ വെളുത്ത വാവിന് ശനീശ്വര വിഗ്രഹത്തിനടുത്തുള്ള ഒരു കലശം മറഞ്ഞു പോകുന്നതും പതിവാണ്. അണയാത്തവിളക്കും പ്രാധാന്യമേറിയതാണ്. പാത്രങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവ ഇപ്പോള്‍ ക്ഷേത്രത്തിന്റെ തട്ടിന്‍പുറത്താണ്‌സൂക്ഷിച്ചിരിക്കുന്നത് എന്നാണ് അവിടത്തുകാര്‍ പറഞ്ഞത്. മാത്രമല്ല പഴയ ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ ഒരു ദിവസം മാത്രമേ ആരാധന ഉള്ളുവത്രെ. ഇപ്പോള്‍ യമുനാദേവിയെ ആനയിച്ചു കൊണ്ടുവന്നിരുത്തുന്നത് എതിര്‍വശത്തെ പുതിയ ക്ഷേത്രത്തിലാണ് എന്നും പറഞ്ഞു.
ഞങ്ങള്‍ സോമേശ്വര ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ അവിടത്തെ പൂജാരി പശുവിനെ കെട്ടാന്‍ പോയി തിരിച്ചെത്തിയതേ ഉള്ളു. പൂര്‍ണ്ണമായും മരം കൊണ്ടുണ്ടാക്കിയ ഈ ക്ഷേത്രം രണ്ടു നിലകള്‍ ഉള്ളതാണ്. ദേവദാരു മരമാണത്രെ ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മനോഹരമായ നിര്‍മ്മിതി. അവിടെയും ശനിദേവനുണ്ട്. മഹാദേവ ക്ഷേത്രമാണ്. രണ്ടു നിലകളിലായി രണ്ടു പ്രതിഷ്ഠകളും കാണാം. അവിടെ പൂജാരിക്ക് യഥാവിധി ദക്ഷിണയൊക്കെ കൊടുത്ത് ഇറങ്ങി.
അയല്‍പക്കങ്ങളിലെ വീടുകളില്‍ നിന്ന് കുട്ടികള്‍ കുറച്ചു പേര്‍ എത്തിയിട്ടുണ്ട്. അതില്‍ ഒരാള്‍ ഒരു നായയുടെ പുറത്ത് ഇരുന്നാണ് ഫോട്ടോക്കു പോസു തന്നത്. ഹിമാലയന്‍ ഗോള്‍ഡന്‍ഗഡ്ഡി ഇനത്തിലെ നായകളാണ്. നല്ല വലിപ്പമുണ്ട്. ബുദ്ധിയുള്ള ഇനമാണ്. കുറച്ചു സമയമായി ഒരെണ്ണം ഞങ്ങള്‍ക്കൊപ്പം കൂടിയിട്ടുണ്ട്. ഞങ്ങള്‍ അമ്പലത്തില്‍ നിന്ന് ഇറങ്ങി നടന്നു. ചെറിയ കുട്ടികള്‍ മുതല്‍ പടുവൃദ്ധര്‍ വരെയുളളവര്‍ അവിടെ ഉണ്ട്. വീട്ടമ്മമാര്‍ ഓരോ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ചില മുത്തശ്ശിമാര്‍ നൂറിനടുത്തെത്തിക്കാണും.
വീടുകളുടെ മുറ്റത്ത് പുല്ല്, ചോളത്തണ്ട് എന്നിവ കാലിത്തീറ്റക്കായി സംഭ രിച്ചിട്ടുണ്ട്. വിറക് കീറിയിട്ടതും കുറ്റിച്ചെടികള്‍ പറിച്ചു സംഭരിച്ചതും കാണാം. അങ്ങിങ്ങായി ചെറിയ കണ്ടങ്ങളില്‍ പച്ചക്കറി കൃഷിയുണ്ട്. അവിടെ ഒരു ആപ്പിള്‍ മരം നിറയെ കായ്ച്ചു നില്‍ക്കുന്നുണ്ട്. പച്ച കളര്‍ ആപ്പിള്‍ ആണ്. ചുറ്റും വേലിയുണ്ട്. പുരുഷന്മാര്‍ പലരും കുതിരകളെ കൊണ്ട് ജാനകി ചട്ടിയില്‍ പോയിരിക്കയാണ്. യമുനോത്രിയിലേക്ക് ആളുകളെ കൊണ്ടു പോയാല്‍ തരക്കേടില്ലാത്ത തുക ലഭിക്കും. സന്തുഷ്ടി കളിയാടുന്ന ഗ്രാമം. സ്വയം പര്യാപ്തത, ജീവിതലാളിത്യം എന്നീ ഗുണങ്ങള്‍ പ്രത്യേകം പറയണം. നമ്മുടെ ആവശ്യങ്ങള്‍ പരിമിതമാണെങ്കില്‍ കിട്ടുന്നതില്‍ തൃപ്തിയുണ്ടെങ്കില്‍, സ്‌നേഹിക്കുന്ന കുടുംബവും കൂട്ടുകാരുമുണ്ടെങ്കില്‍ നാം ഇരിക്കുന്നിടം സ്വര്‍ഗ്ഗം. അതാണ് ഖുശിമഠിലെ ജനങ്ങള്‍ അനുഭവിക്കുന്നത്.
ഞങ്ങള്‍ക്ക് പുറപ്പെടാനുള്ള സമയം ആകാറായതുകൊണ്ട് യമുനാ ദേവി ക്ഷേത്രത്തിലേക്കു നടന്നു. അവിടെ അന്നാട്ടുകാരായ ചിലര്‍ ദര്‍ശനം നടത്തുന്നു. അമ്മമാരാണ്. പൂജാരിക്ക് എഴുപതിനു മേല്‍ പ്രായം കാണും. അദ്ദേഹം പൂജകളിലാണ്. ഞങ്ങള്‍ക്ക് തീര്‍ ത്ഥവും പ്രസാദവും തന്നു. ദക്ഷിണ നല്‍കി യമുനാദേവിയെ നമസ്‌ക്കരി ച്ചു.അവിടെ നിന്നു നോക്കിയാല്‍ ഹോട്ടല്‍ കാണാം. വേഗം ഇറങ്ങി അവിടെ എത്തി, ഒരു ചെറുപ്രാതല്‍ തയ്യാറാക്കിയതും കഴിച്ച് മുറി ഒഴിഞ്ഞു കൊടുത്ത് ബസ്സില്‍ കയറി. സമയക്കുറവു കൊ ണ്ടും യാത്രാക്ഷീണം കൊണ്ടും യമുനോത്രി യാത്രികര്‍ അധികവും ഖര്‍സാലി കാണാതെ മടങ്ങുന്നവരാണ്. ഭൂമിയിലെ സ്വര്‍ഗ്ഗമെന്നു വിശേഷിപ്പിക്കാവുന്ന ഇവിടം സന്ദര്‍ശിക്കാനായത് ഭാഗ്യമെന്നേ പറയാവൂ.
Content Highlights: kharsali, Uttarakhand, travel
Published: 03 Dec 2023, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented