മലയാളികളുടെ ജനകീയവിഭവമാണ് പൊറോട്ട. കുറഞ്ഞ ചെലവില്‍ വിശപ്പുമാറ്റുന്നു എന്നതാണ് പൊറോട്ടയുടെ പ്രധാന സവിശേഷത. മൈദയുടെ മൊരിഞ്ഞ രുചിയും ഏത് കറികളും കൂട്ടാമെന്നതും പൊറോട്ടയെ എതിരാളികളില്ലാത്ത വിഭവമാക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും അല്പം വിഷമത്തോടെയാണ് പലരും പൊറോട്ടയെ അകത്താക്കാറുള്ളത്. മൈദയും എണ്ണയും ചേര്‍ന്ന ഈ വിഭവം ശരീരത്തിന് അത്ര നല്ലതല്ല എന്നതുതന്നെ കാരണം. പക്ഷേ രുചിയെക്കുറിച്ച് ആലോചിച്ചാല്‍ കഴിക്കാതിരിക്കാനും തോന്നില്ല. എന്താണൊരു പോംവഴി? പൊറോട്ട എങ്ങനെ ആരോഗ്യകരമായി കഴിക്കാം? വഴിയുണ്ട്.
ഗുണമില്ല, രുചിമാത്രം
പ്രത്യേകിച്ച് പോഷകമൊന്നും അടങ്ങിയിട്ടില്ല പൊറോട്ടയില്‍. മൈദ പിറക്കുന്നത് ഗോതമ്പില്‍ നിന്നാണ്. പ്രോട്ടീന്‍, അന്നജം, നാരുകള്‍, പൊട്ടാസ്യം എന്നിവയെല്ലാം ഗോതമ്പിലുണ്ട്. പക്ഷേ മൈദയില്‍ ഈ ഗുണങ്ങളൊന്നും ഇല്ല. സംസ്‌കരിച്ചെടുക്കുമ്പോള്‍ ഗോതമ്പിന്റെ നാരുകളും തവിടും ജീവകങ്ങളും മറ്റും നഷ്ടമാകുന്നു. പൊറോട്ട തയ്യാറാക്കാനായി ചേര്‍ക്കുന്ന എണ്ണ/വനസ്പതി, ഉപ്പ് എന്നിവയും വില്ലന്‍മാര്‍തന്നെ.
സ്ഥിരമായി കഴിച്ചാല്‍
- നാരുകളില്ലാത്ത മൈദകൊണ്ടുള്ള പൊറോട്ട സ്ഥിരമായി കഴിച്ചാല്‍ മലബന്ധം പോലുള്ള പ്രയാസങ്ങള്‍ നേരിട്ടേക്കാം.
- ഭക്ഷ്യനാരുകള്‍ ഇല്ലാത്തതിനാല്‍ ദഹനത്തെയും ബാധിക്കും. ഇത് ക്രമേണ പോഷകക്കുറവിലേക്ക് നയിക്കുകയും ചെയ്യും.
- ഗ്ലൈസിമിക് ഇന്‍ഡക്‌സ് കൂടിയ വിഭവമാണ് പൊറോട്ട. അതായത് പൊറോട്ടയുടെ സ്ഥിരമായ ഉപയോഗം രക്തത്തിലെ ഷുഗര്‍നില കുത്തനെ ഉയര്‍ത്താന്‍ കാരണമാകും.
- പൊറോട്ടയില്‍ ചേര്‍ക്കുന്ന വനസ്പതി ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്ലിന്റെ അളവ് കൂട്ടുകയും നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്‍.കുറയ്ക്കുകയും ചെയ്യും.
- ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നു.

ചുവന്നമാംസം വേണ്ട
തീവ്ര പൊറോട്ടവാദികള്‍ക്ക് ഒട്ടും ദഹിക്കാന്‍ കഴിയാത്ത കാര്യമാണ് ഇനി പറയുന്നത്. പൊറോട്ട ഹെല്‍ത്തിയാക്കണമെങ്കില്‍ ഒപ്പം കഴിക്കുന്ന ചുവന്ന മാസം കുറയ്ക്കാം. കറിയായാലും വറുത്തതായാലും ഒരു പരിധിയില്‍ കൂടുതല്‍ ഇറച്ചി കഴിക്കുന്നത് നിയന്ത്രിക്കണം.
ഒപ്പം കഴിക്കാം സാലഡ്
പൊറോട്ടയ്‌ക്കൊപ്പം സാലഡോ? നെറ്റി ചുളിക്കാന്‍ വരട്ടെ. ഈയൊരു കോമ്പിനേഷന്‍ ഫലപ്രദമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വിറ്റാമിനുകളും ഭക്ഷ്യനാരുകളും ഏറെയുള്ള സാലഡ് പൊറോട്ടയുടെ പല പോരായ്മകളും പരിഹരിക്കും. സാലഡുകളിലെ ഭക്ഷ്യനാരുകള്‍ മലബന്ധം സുഗമമാക്കുകയും ചെയ്യും. മാത്രമല്ല, സാലഡുകള്‍ ദഹനം നിയന്ത്രിച്ച് രക്തത്തിലെ ഷുഗര്‍നില നിയന്ത്രണത്തിലാക്കാനും സഹായിക്കും.
വരട്ടെ പയറുവര്‍ഗങ്ങള്‍
പൊറോട്ടയ്‌ക്കൊപ്പം പയറുവര്‍ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. പയറുവര്‍ഗങ്ങളിലെ ഭക്ഷ്യനാരുകള്‍ ദഹനം എളുപ്പമാക്കും. മാത്രമല്ല പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയും പയറുവര്‍ഗങ്ങളില്‍ ധാരാളമുണ്ട്.
Content Highlights: healthy ways to eat porotta without the fear of digestive problems
Published: 21 Mar 2025, 10:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented