പൊറോട്ടയിലെ പ്രധാന ചേരുവ മൈദയാണ്. ഗോതമ്പില് നിന്നാണ് മൈദയുടെ പിറവിയെങ്കിലും ഗോതമ്പിന്റെ ഗുണങ്ങളൊന്നും അതിലില്ല.

മലയാളികളുടെ ഇഷ്ടവിഭവങ്ങളിൽ മുൻപന്തിയിലാണ് പൊറോട്ട. മൈദ കുഴച്ച്, വീശിയടിച്ച്, പരത്തി തയ്യാറാക്കുന്ന മൊരിഞ്ഞ പൊറോട്ടയുടെ രുചിയിൽ വീഴാത്തവർ ഉണ്ടാവില്ല. കുറഞ്ഞചെലവിൽ വിശപ്പുമാറ്റാമെന്നതും ഒട്ടുമിക്ക കറികളും രുചികരമായ കോമ്പിനേഷനാണ് എന്നതും പൊറോട്ടയുടെ സവിശേഷതയാണ്. ഇങ്ങനെയെല്ലാമാണെങ്കിലും പൊറോട്ട ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
മൈദയാണ് പ്രശ്‌നം
പൊറോട്ടയിലെ പ്രധാന ചേരുവ മൈദയാണ്. ഗോതമ്പിൽ നിന്നാണ് മൈദയുടെ പിറവിയെങ്കിലും ഗോതമ്പിന്റെ ഗുണങ്ങളൊന്നും അതിലില്ല. ഗോതമ്പിന്റെ പുറം ആവരണം പോളിഷ് ചെയ്ത് മാറ്റിയാണ് മൈദരൂപംകൊള്ളുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ഗുണപ്രദമായ ഭക്ഷ്യനാരുകളെല്ലാം നഷ്ടമാകുന്നു. മൈദ കൂടാതെ എണ്ണ/വനസ്പതി, ഉപ്പ് എന്നിവയും പൊറോട്ടയിലെ ചേരുവകളാണ്.
ഷുഗർനില കൂട്ടുന്നു
ഗ്ലൈസിമിക് ഇൻഡക്‌സ് കൂടിയ വിഭവമാണ് മൈദ. പൊറോട്ട കഴിച്ചാൽ രക്തത്തിലെ ഷുഗർനില ഉയരുന്നത് അതുകൊണ്ടാണ്. ഷുഗർ നില കൂടുമ്പോൾ ഇൻസുലിൻ അളവും കൂടും. ഇങ്ങനെ ദീർഘകാലം തുടരുന്നത് ഇൻസുലിൻ പ്രതിരോധത്തിലേക്കും ടൈപ്പ് 2 പ്രമേഹത്തിലേക്കും നയിച്ചേക്കാം. അതിനാൽ പ്രമേഹമുള്ളവർക്ക് മൈദകൊണ്ടുള്ള പൊറോട്ട ഒട്ടും നല്ലതല്ല.
പൊറോട്ടയെ ആരോഗ്യകരമാക്കാം
രുചിയുടെ കാര്യമോർത്ത് പൊറോട്ട ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ പേടിക്കേണ്ട. ചില കോമ്പിനേഷനുകളിലൂടെ പൊറോട്ടയെ ഹെൽത്തിയാക്കി മാറ്റാം.
സാലഡ് ചേർക്കാം: പൊറോട്ടയുടെ കൂടെ പഴങ്ങളും പച്ചക്കറികളും ചേർത്ത സാലഡ് കോമ്പിനേഷനായി ഉൾപ്പെടുത്താം. പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിനുകളും ഭക്ഷ്യനാരുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഭക്ഷ്യനാരുകൾ മലബന്ധം ഒഴിവാക്കാൻ സഹായിക്കും.
ചുവന്നമാംസം കുറയ്ക്കാം: ബീഫ് ഉൾപ്പടെയുള്ള ചുവന്ന മാംസം പൊറോട്ടയ്‌ക്കൊപ്പം കഴിക്കുന്നത് നിയന്ത്രിക്കണം. പൊറോട്ടയിലും മാംസവിഭവങ്ങളിലും ഭക്ഷ്യനാരുകൾ ഇല്ല. ഇവ രണ്ടും കൂടിച്ചേരുമ്പോൾ ദഹനപ്രശ്‌നങ്ങൾ വർധിക്കാം. പൊറോട്ടയ്‌ക്കൊപ്പം ബീഫ് ചില്ലി കഴിക്കുന്നതും കുറയ്ക്കാം. ഒരുപ്ലേറ്റ് ബീഫ് ചില്ലിയിൽ ഏകദേശം 270 കലോറിയുണ്ടെന്ന് ഓർക്കുക.
ഗോതമ്പ് പൊറോട്ട കഴിക്കാം: മൈദകൊണ്ടുള്ള പൊറോട്ടയ്ക്ക് പകരം ഗോതമ്പുകൊണ്ടുള്ള പൊറോട്ട പരീക്ഷിക്കാവുന്നതാണ്. ഭക്ഷ്യനാരുകളുടേയും മറ്റ് പോഷകങ്ങളുടേയും അളവ് ഗോതമ്പ് പൊറോട്ടയിൽ താരതമ്യേന കൂടുതലാണ്. എന്നാൽ ഗോതമ്പ് പൊറോട്ട എന്ന പേരിൽ ലഭിക്കുന്നത് മൈദചേർത്തുള്ളത് അല്ല എന്ന് ഉറപ്പാക്കണം.
സ്ഥിരമാക്കല്ലേ
പൊറോട്ട മലയാളികളുടെ സ്ഥിരഭക്ഷണമായി മാറിയിട്ടുണ്ട്. ഇതിൽ അല്പം നിയന്ത്രണം വരുത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്. വല്ലപ്പോഴും കഴിക്കാവുന്ന വിഭവമായി പൊറോട്ടയെ കാണണം. മൈദയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് ജീവിതശൈലിരോഗങ്ങൾകൊണ്ട് പൊറുതിമുട്ടുന്ന മലയാളികൾക്ക് നല്ലത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Maida vs. Wheat Parotta: Which is Healthier for You?
Published: 06 Apr 2026, 01:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented