ഒരു സ്ഥലത്ത് പോയിട്ട്, ഇവിടെ വീടുവെച്ച് താമസിക്കണം എന്നെനിക്ക് തോന്നിയിട്ടുണ്ടെങ്കിൽ അത് ഗോവയാണ്. ഒരു ചെറുമയക്കത്തിൽ നിന്നെഴുന്നേറ്റ് ആലസ്യത്തിൽ ഇരിക്കുന്നൊരു സുന്ദരി. ഗോവയെ വിവരിക്കാൻ പറഞ്ഞാൽ എനിക്കങ്ങനെ മാത്രമേ പറയാൻ സാധിക്കൂ. തിരക്കേറിയ പബ്ബുകൾക്കും ബീച്ചുകൾക്കുമപ്പുറം ഒരു ഗോവയുണ്ട്. മനുഷ്യർ 'സാ' മട്ടിൽ ജീവിതം നയിക്കുന്ന, പോർച്ചുഗീസ് കഥകൾ ഓരോ കോണിലും ഒളിപ്പിച്ചുവെച്ചിരിക്കുന്ന, സന്നാസിന്റെയും എക്ലഴ്‌സിന്റെയും മധുരമുള്ള ഗോവ! ഗോവയിൽ പോകാൻ മികച്ച സമയം എപ്പോഴാണെന്ന് ചോദിച്ചാൽ ഞാൻ പറയും, ഫെബ്രുവരി പാതി കഴിഞ്ഞിട്ടെന്ന്. പുതുവർഷം ആഘോഷിച്ചു മനുഷ്യരെല്ലാം മടങ്ങി, തന്റേതായ സ്വത്വത്തിലേക്ക് തിരിച്ചെത്തിയ ഗോവ. ഈ സമയത്താണ് ഗോവൻ കാർണിവലും! ഈസ്റ്ററിന്റെ നാല്പതുദിവസത്തെ നോമ്പു തുടങ്ങുന്നതിന് തൊട്ടു മുൻപാണ് ഗോവൻ കാർണിവൽ. പോർച്ചുഗീസ്, നമുക്ക് പാപ്പാഞ്ഞിയെ തന്നതുപോലെ ഗോവക്കാർക്ക് കിങ് മോമോയെ കൊടുത്തിട്ടാണ് സ്ഥലം വിട്ടത്. കാർണിവലിന്റെ ഹൈലൈറ്റാണ് ഈ മോമോ രാജാവ്. കൊങ്കണി ഗാനങ്ങളുടെ പശ്ചാത്തലത്തിൽ ആടിയും പാടിയും ഗോവക്കാർ നടക്കും. മോമോ രാജാവിന്റെ വേഷത്തിലായിരിക്കും ചില വിദ്വാന്മാർ! പല നിറങ്ങളിലുള്ള ഫ്‌ളോട്ടുകളും വേഷപ്പകർച്ചകളുമൊക്കെ അകമ്പടിയാകും.

ഗോവയെ പൊതുവെ നോർത്ത് ഗോവ, സൗത്ത് ഗോവ എന്ന് വേർതിരിച്ച് പറയും. ഭൂമിശാസ്ത്രത്തിനപ്പുറം ഈ വേർതിരിവ് പ്രധാനമായും ബീച്ചുകളുടെ 'വൈബി'ന്റെ അടിസ്ഥാനത്തിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പബ്ബുകളും നിശാപാർട്ടികളും കണ്ണടിച്ചു പോകുന്ന ലൈറ്റ് ഷോയുമൊക്കെയായി മനുഷ്യരെ വരവേൽക്കുന്ന അഞ്ചുനാ ബീച്ചും ബാഗയുമൊക്കെ നോർത്ത് ഗോവയുടെ ഭാഗമാണ്. ചുരുക്കി പറഞ്ഞാൽ മനുഷ്യർ അർമാദിച്ചിട്ട് പോകുന്നത് നോർത്ത് ഗോവയിലാണ്. സൗത്ത് ഗോവയിൽ അല്പം തിരക്കൊഴിഞ്ഞ ബീച്ചുകളാണ്. ശാന്തത ഇഷ്ടപ്പെടുന്നവർക്ക് പറ്റിയത് സൗത്താണ്. പാലോലം, അഗോണ്ട ബീച്ചുകൾ പോലെയുള്ളവ. ആദ്യമായി ഗോവയിൽ പോയപ്പോൾ പ്ലാൻ സുവ്യക്തമായിരുന്നു! അഞ്ചു ദിവസം നോർത്ത് ഗോവ, അഞ്ചു ദിവസം സൗത്ത് ഗോവ. നോർത്തിൽ അഞ്ചുനാ ബീച്ചിനടുത്താണ് എന്റെ ഗസ്റ്റ് ഹൗസ്. തിവിം സ്റ്റേഷനിൽ ഇറങ്ങി അഞ്ചുനയിലേക്ക് പോകണം. ഓട്ടോയും കാറുമൊക്കെ കൊള്ളവിലയാണ് പറയുന്നത്. എന്തുചെയ്യും എന്നറിയാതെ നിന്നപ്പോൾ ഒരു സ്ത്രീ പറഞ്ഞു -'നിങ്ങൾ ഒറ്റയ്ക്കല്ലേയൂള്ളൂ! ഒരു പൈലറ്റിനെ വിളിക്കൂ...' 'പൈലറ്റോ?' ഞാൻ ചോദിച്ചു. 'ഇവിടെ ബൈക്കിൽ കൊണ്ടുവിടുന്ന ആളുകളുണ്ട്. അവരെ പൈലറ്റ് എന്നാണ് വിളിക്കുന്നത്! ദാ ആ ബസ് സ്റ്റോപ്പിനടുത്തുണ്ട്.' റാപ്പിടോയൊക്കെ മാർക്കറ്റിൽ വരുന്നതിനു വർഷങ്ങൾക്ക് മുൻപാണ്! എനിക്ക് അന്ന് ഇതൊരു വലിയ അദ്ഭുതമായിരുന്നു. ബൈക്ക് ടാക്‌സി എന്ന സംഭവം ഞാൻ ആദ്യമറിഞ്ഞത് അന്നാണ്!

അങ്ങനെ അഞ്ചുനയിലെ ഗസ്റ്റ് ഹൗസിൽ എത്തി അവിടുന്ന് സ്‌കൂട്ടറും സംഘടിപ്പിച്ച് നേരെ പുറപ്പെട്ടു ഓസ്രാൻ ബീച്ചിലേക്ക്. ഗോവയിലെ ആദ്യത്തെ സൂര്യാസ്തമയം കാണാൻ. ഈ ഒസ്രാൻ ബീച്ചിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ന്യൂഡ് ബീച്ചാണത്. പക്ഷെ ഞാൻ അങ്ങനെ ഒന്നും കണ്ടില്ല കേട്ടോ! മനോഹരമായ ഒരു കടൽത്തീരവും അവിടെ കുറച്ചു മനുഷ്യരും. കൂടുതലും വെള്ളക്കാർ. അങ്ങിങ്ങായി കരിക്കും ബിയറും മറ്റും വിൽക്കുന്ന കുറച്ചു ഷാക്കുകൾ. ഒരു ഭീമൻ അൽസേഷ്യൻ പട്ടിക്കുട്ടനെ ബീച്ചിന്റെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ ഓടിക്കുന്ന മദാമ്മ, ബീച്ചിൽ വോളിബോൾ കളിക്കുന്ന ആൺകുട്ടികൾ, മണലിൽ കൊട്ടാരം പണിയുന്ന കുഞ്ഞുങ്ങൾ... ശാന്തസുന്ദരമായ അവിടത്തെ സൂര്യാസ്തമയം എനിക്ക് പെരുത്തിഷ്ടായി. അൽപനേരംകൂടി അവിടെയിരുന്ന ശേഷം തിരിച്ച് റൂമിലേക്ക് പുറപ്പെട്ടു.

പിറ്റേന്ന്, അതിരാവിലെത്തന്നെ പഞ്ചിമിലേക്ക് പുറപ്പെട്ടു. ഗോവയുടെ തലസ്ഥാനമാണ് പനാജി അഥവാ പഞ്ചിം. വേല ഗോവ എന്ന് വിളിക്കുന്ന പഴയ ഗോവ ഇവിടെയാണ്. പോർച്ചുഗീസ് തലസ്ഥാനമായിരുന്നു വേല ഗോവ. പതിനാറാം നൂറ്റാണ്ടിൽ പ്ലേഗ് രോഗം പടർന്നതിനെത്തുടർന്ന് പോർച്ചുഗീസുകാർ വേല ഗോവ വിട്ട്, മറ്റു പല സ്ഥലങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. ഇവിടെയാണ് ബോം ജീസസ് ബസിലിക്ക. വി. ഫ്രാൻസിസിന്റെ തിരുശരീരം ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. ബസിലിക്കയാകെ നടന്നുകണ്ട് കുറച്ച് ഫോട്ടോയെടുത്തശേഷം അടുത്ത ലക്ഷ്യം വെച്ചുപിടിച്ചു. സെന്റ് അഗസ്റ്റിൻ പള്ളി. 1597-ലാണ് പള്ളി സ്ഥാപിതമാകുന്നത്. പിന്നീട് 1834-ൽ പോർച്ചുഗീസ് ഈ പള്ളി പരിപൂർണമായും നശിപ്പിച്ചു. അവരുടേതല്ലാത്ത ഒരു പള്ളിയും നിലനിൽക്കണ്ട എന്ന വാശിയിൽ ചെയ്തതാണ്. പലരോട് ചോദിച്ചിട്ടും ഇങ്ങനെ ഒരു പള്ളിയെക്കുറിച്ച് അവർക്കറിയില്ല എന്നായിരുന്നു ഉത്തരം. ഒടുവിൽ ഒരു തയ്യൽക്കടയുടെ മുന്നിലെത്തി. അവിടെയുള്ള ആളോട് ചോദിച്ചു, 'ഭയ്യ, അഗസ്റ്റിൻ ചർച്ച് കിധർ ഹേ?' 'മലയാളി ആണോ?' ചോദ്യം കേട്ട് ഒന്ന് ഞെട്ടി. കണ്ടാൽ നല്ല പഴക്കം തോന്നുന്ന ഗോവൻ തയ്യൽക്കട! അതിന്റെ ഉടമ ഒരു മലയാളി ആയിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. പേര് ജോസഫ്. വരാപ്പുഴക്കാരൻ. 'ചേട്ടൻ എങ്ങനെ ഇവിടെ വന്നുപെട്ടു?' ഞാൻ വിവരങ്ങൾ തേടി.

'പതിനേഴാം വയസ്സിൽ വീടുവിട്ടിറങ്ങിയതാ ഞാൻ. പല സ്ഥലങ്ങളിലും അലഞ്ഞു. ഇന്ത്യയിലെ ഒരു വിധപ്പെട്ട എല്ലാ സ്ഥലങ്ങളിലൂടെയും യാത്ര ചെയ്തു. ഇരുപത്തിയഞ്ചാം വയസ്സിൽ ഇവിടെയെത്തി. പിന്നെ പോയില്ല.'

'അതെന്തേ?'

'ഇവിടെ ഒരു ഹോട്ടലിൽ ഭക്ഷണമെടുത്തുകൊടുക്കാൻ നിക്കുമ്പോഴാണ് എന്റെ ഭാര്യയെ ആദ്യമായി കണ്ടത്. ആ കാണുന്ന ബസ് സ്റ്റോപ്പിൽ വെച്ച്. അവളെ കണ്ടതും എനിക്ക് തോന്നി, ഇവിടെ അങ്ങ് കൂടാമെന്ന്. പിന്നെ കുറച്ച് കാശൊക്കെ മിച്ചംപിടിച്ച് ഈ കാണുന്ന കടയും തുടങ്ങി ഞാനൊരു ഗോവക്കാരനായി.'

എന്റെ നെഞ്ച് സന്തോഷം കൊണ്ട് വിങ്ങി. ഒന്നോർത്തു നോക്കൂ, ഒരു ലക്ഷ്യവുമില്ലാതെ കറങ്ങിനടന്നൊരു മനുഷ്യന് ഒരു ഗോവക്കാരിയിൽ തന്റെ വീടും കുടുംബവും കാണാൻ സാധിച്ചു, ആദ്യ കാഴ്ച്ചയിൽ തന്നെ. മനുഷ്യൻ എന്ന സങ്കീർണനായ ജീവി ചില നേരങ്ങളിൽ എത്ര ലളിതമാണെന്ന് തോന്നിപ്പോകുന്ന നിമിഷങ്ങൾ. ഗോവ മുഴുവൻ അരച്ചു കലക്കി കുടിച്ച ജോസഫ് ചേട്ടൻ പള്ളിയുടെ വഴി പറഞ്ഞു തന്നു. മൂപ്പരോട് സലാം പറഞ്ഞ്, വണ്ടിയുമെടുത്ത് പള്ളിയിലേക്ക്. പള്ളി എന്നു പറയാൻ ഒന്നുമില്ല. കുറേ കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നു. ഒരു ഭാഗത്തായി ചില തൂണുകൾ നിൽക്കുന്നത് കാണാം. പണ്ടവിടെ ഒരു കോൺവെന്റ് ഉണ്ടായിരുന്നു. പിന്നേ, എല്ലാക്കാലത്തും എല്ലാവരും ചെയ്തുപോരുന്നൊരു പരിപാടി. എന്റെ മതവും വിശ്വാസവുമാണ് ശരി. മറ്റെല്ലാം തകർത്താൽ എന്റെ ദൈവം സന്തുഷ്ടനാകും എന്ന ചിന്ത. ഇതൊക്കെ തന്നെ ഇവിടെയും സംഭവിച്ചത്.

അവിടുന്നിറങ്ങിയ ശേഷം പോയത് മിസ്റ്റർ ബേക്കർ എന്ന കുഞ്ഞു കടയിലേക്കാണ്. പഞ്ചിമിലെ ഏറ്റവും നല്ല ബേക്കറി ഏതാണെന്ന് പത്തു പേരോട് ചോദിച്ചാൽ അവരിൽ ഒൻപതും പറയുക മിസ്റ്റർ ബേക്കറിയുടെ പേരായിരിക്കും. 1923-ൽ തുടങ്ങിയ ഈ ബേക്കറിക്ക് അത്രയേറെ ആരാധകരുണ്ട് പഞ്ചിമിൽ. പോർച്ചുഗീസ് സ്വാധീനമുള്ളതുകൊണ്ട് ഗോവൻ പലഹാരങ്ങളിൽ പലതിനും കേരളത്തിലെ പലഹാരവുമായി സാമ്യത വളരെയധികമാണ്. ഉദാഹരണത്തിന് ഗോവക്കാരുടെ സന്നാസ്! കള്ളു ചേർത്ത് പുളിപ്പിച്ചെടുക്കുന്ന വട്ടയപ്പം അഥവാ കള്ളപ്പം തന്നെയാണ് സന്നാസ്. ബീഫിന്റെയും പോർക്കിന്റെയുമൊപ്പം അസാധ്യ കോമ്പിനേഷനാണ് ഇഡലിയുടെ വലിപ്പത്തിൽ കിട്ടുന്ന സന്നാസ്. കൂടെ ബേബിൻക്ക എന്ന കേക്ക് ഇവിടുത്തെ കലത്തപ്പത്തിന്റെ മറ്റൊരു വകഭേദമാണ്. അൽ ബെലെ എന്ന പലഹാരം നമ്മുടെ എലാഞ്ചിയാണ്. ഒരു മലയാളിക്ക് ആയുഷ്‌കാലം മുഴുവൻ മടുപ്പ് കൂടാതെ ഗോവൻ ഭക്ഷണം കഴിക്കാൻ കഴിയും. കാരണം ഏറെക്കുറെ അത് നമ്മുടെ ഭക്ഷണം തന്നെയാണ്. പഞ്ചിമിൽ നിന്ന് തിരികെ വണ്ടിയോടിച്ച് രാത്രി ഏകദേശം പത്തുമണിയോടെ മുറിയിൽ എത്തി. ഗസ്റ്റ് ഹൗസിന്റെ ഉടമസ്ഥരായ ഭാര്യയും ഭർത്താവും മുറ്റത്ത് കസേരയിട്ട് വർത്താനം പറഞ്ഞിരിക്കുകയാണ്. ഇന്നെവിടെയൊക്കെ കണ്ടു എന്നവർ കുശലം ചോദിച്ചു. ശേഷം ഭർത്താവ് പറഞ്ഞു, 'നിങ്ങൾ അതിരാവിലെ എഴുന്നേൽക്കുമെങ്കിൽ കൊളമ്പ് എന്ന ചെറിയ ബീച്ചിലേക്ക് പോയ്‌ക്കോളൂ. വേലിയിറക്കത്തിന്റെ സമയത്തു മാത്രമേ അവിടെ കാണാൻ സാധിക്കൂ. നല്ല ഭംഗിയാണ്. അധികമാരും കണ്ടുകാണില്ല.' ഉറപ്പായും പോകണമെന്ന് മനസ്സിലുറപ്പിച്ചു. അൽപനേരം അവരുടെ കൂടെ ചിലവഴിച്ച ശേഷം പിറ്റേന്ന് രാവിലെ എഴുന്നേൽക്കാൻ അലാറം വെച്ച് ഞാൻ ഉറങ്ങി.

പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് ഗൂഗിൾ മാപ്പിൽ നോക്കി എവിടെയൊക്കെയോ എത്തിപ്പെട്ട്, ഒടുവിൽ ആരോടൊക്കെയോ ചോദിച്ച് അവസാനം ഒരു ഊടുവഴിയിൽ എത്തിപ്പെട്ടു. ഈ ഊടുവഴി കടന്നുചെന്നത് അതിമനോഹരമായ ഒരു കടൽത്തീരത്തേക്കാണ്. അവസാനശ്വാസംവരെയും ഞാൻ മറക്കാനിടയില്ലാത്ത വിധം ആ കടൽത്തീരം എനിക്കിഷ്ടപ്പെട്ടു. ഒറ്റമനുഷ്യരില്ല, എനിക്ക് കൂട്ടായി കുറേ തല്ലിതേങ്ങയുടെ മരങ്ങളല്ലാതെ മറ്റൊന്നുമില്ല! ഒരല്പനേരത്തേക്കായി എനിക്കായി മാത്രം കരുതിവെച്ചതെന്നു തോന്നിപ്പോയ ആ സുന്ദരസ്വപ്നം പോലെ കടൽത്തീരത്തു ഞാൻ മലർന്നു കിടന്നു. വേലിയിറക്കം കഴിഞ്ഞ് അധികനേരമായിട്ടില്ല. അതുകൊണ്ട് മണ്ണിൽ ഈർപ്പമുണ്ട്. ഇതു മതി. ഇത്രമാത്രം മതി എന്നു തോന്നിപ്പോയ ഒരു പ്രഭാതം. ഗോവയെ ആ നിമിഷം മുതൽ അഗാധമായി ഞാൻ സ്‌നേഹിച്ചു തുടങ്ങി. ആ സ്‌നേഹം പിന്നീട് ഓരോ വട്ടവും പോകുമ്പോൾ കൂടുന്നുവെന്നതല്ലാതെ ഒരുതരി പോലും കുറഞ്ഞിട്ടില്ല. ഇന്ന് ഞാനിത് എഴുതുന്നതുപോലും ഗോവയുടെ മണ്ണിൽനിന്നു കൊണ്ടാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi