
ജലം നിറച്ച പളുങ്കുപാത്രം പോലെ ടി. എസ് കനാല്‍ മുന്നില്‍ നിവര്‍ന്നു കിടന്നു. പണ്ടുപണ്ട് പല നാട്ടുരാജ്യങ്ങളായി കേരളം ചിതറിക്കിടന്ന കാലത്ത് ചരക്കുനീക്കങ്ങളാലും യാത്രായാനങ്ങളാലും സജീവമായിരുന്നു ഈ ദേശീയ ജലപാത. കായല്‍പരപ്പുകളെ തൊട്ട് കടലിനെ കൈമാടി വിളിച്ച് ഓളംതല്ലി ഊര്‍ജപ്രവാഹം. സായാഹ്നക്കാഴ്ചകളില്‍ ആ ജലപാത ഒരു വമ്പന്‍ മത്സ്യത്തെപ്പോലെ. കാറ്റിന്റെ ഗതിപിടിച്ചു പുളയുന്ന ഓളങ്ങള്‍. തീരംതൊടുന്ന ജലപ്പരപ്പില്‍ വെള്ളിമേഘം കണക്കെ ഉല്ലസിച്ചൊഴുകുന്ന ജലച്ചാര്‍ത്ത്. സാക്ഷാല്‍ കായംകുളം കൊച്ചുണ്ണിയുടെ വിഹാരകേന്ദ്രമായിരുന്ന ജലാശയം.
കാഴ്ചകളുടെ തണുപ്പേറ്റ് കടവിലിരിക്കുമ്പോള്‍ പ്രകൃതി ധ്യാനപ്പടവായി. തുറയില്‍ക്കുന്ന് കടവിനരികെ ഓളങ്ങളെ വിറളിപിടിപ്പിച്ച് ഏതോ കൈവഴിയില്‍ നിന്നൊരു ബോട്ട് വരുന്നുണ്ട്. കടവിനോട് അടുപ്പിച്ച ബോട്ടിനുള്ളിലേക്ക് കുറച്ചു പാത്രങ്ങളും സ്റ്റൗവും സിലിണ്ടറുകളും ഒക്കെയായി കുറച്ചു പേര്‍ കയറി. ഇടുങ്ങിയ തടിപ്പാലത്തിലൂടെ അവര്‍ക്കൊപ്പം ആ ബോട്ടിലേക്ക്.
കായല്‍ കലവറ
പകല്‍ അതിന്റെ ഒടുവിലെ പ്രകാശത്തില്‍ തിളങ്ങി. എന്‍ജിന്‍ ഇരമ്പും മുമ്പേ നൗക ചെറു കുശിനിപ്പുരയായി. തക്കാളി ചെത്തിയും സവാള നുറുക്കിയും ഇഞ്ചി പൂളിയും അമ്മിക്കുഴിയില്‍ മസാല ചതച്ചും പാചകം പൊടിപൊടിച്ചു. പാചകത്തട്ടില്‍ അമരത്ത് ആലപ്പാട് സ്വദേശിനിയായ നിജയാണ്. ആലപ്പാടും അഴീക്കലും ഹോട്ടല്‍ നടത്തിയ ആളാണ് നിജ. പക്ഷേ, കോവിഡിന്റെ പ്രതിസന്ധിയില്‍ ഹോട്ടല്‍ പൂട്ടി. പലദേശത്തു നിന്നെത്തുന്ന സഞ്ചാരികള്‍ക്കായി കായല്‍ രുചികള്‍ വച്ചുവിളമ്പിയതിന്റെ തഴക്കം നിറയുന്നുണ്ട് നിജയുടെ സംസാരത്തില്‍.
എന്‍ജിന്‍ ഇരമ്പി. ബോട്ട് നീങ്ങി. ചാഞ്ഞുവീഴുന്ന വെയില്‍ ചില്ലുപാളികള്‍ പോലെ തിളങ്ങി. ജലപ്പരപ്പിനു മേലെ ഇളകി നീങ്ങിയ ബോട്ടിനെതിരേ തുഴഞ്ഞു വരുന്നുണ്ടൊരു കൊതുമ്പു വള്ളം. ''വൂഷ്...'' വള്ളക്കാരന്‍ ചൂളമടിച്ചു. ബോട്ട് ഒന്ന് പതുങ്ങി. കൊതുമ്പു വള്ളത്തില്‍ നിന്ന് അയാള്‍ ഒരു സഞ്ചി നീണ്ടി.
നല്ല വിളഞ്ഞ കാലുകളുള്ള കമ്പട്ടി ഞണ്ടുകളുടെ പിടച്ചിലില്‍ സഞ്ചിയിളകി. കൊതുമ്പു വള്ളം തുഴഞ്ഞു പോയി. ബോട്ട് വീണ്ടും എന്‍ജിന്‍ ഇരപ്പിച്ചു.
ബോട്ടിനുള്ളില്‍ പലപാത്രങ്ങളിലായി ഞണ്ടും മുരിങ്ങയിറച്ചിയും തോടടര്‍ത്തിയ കറുത്ത കക്കയും നിരന്നു. ചാട്ടവള്ളത്തിലെ നീട്ടുകാരുടെ കൈയില്‍ നിന്ന് ചട്ടിയിലേറിയ നാരന്‍ കൊഞ്ച് ഉറക്കത്തിലാണ്. സ്റ്റൗവിന്റെ ബര്‍ണറുകള്‍ തീതുപ്പി. അടര്‍ത്തിയും പിളര്‍ത്തിയും കായല്‍ചങ്ങാതിമാര്‍ ഓരോരുത്തരായി അടുപ്പിലേറി. മസാലമണം പരന്നു തുടങ്ങുന്ന നേരത്തിനിടെ ഉയര്‍ത്തിക്കെട്ടിയ ചീനവലകളും വിശ്രമത്തിലാണ്ട കൂറ്റന്‍ യാനങ്ങളും കടന്ന് ബോട്ട് മുന്നോട്ടു നീങ്ങി.
അടുപ്പിലെ തീ ഊതിക്കെടുത്താനെത്തിയ കാറ്റുമായി കുശിനിക്കാര്‍ മല്‍പ്പിടുത്തം തുടങ്ങി. കാറ്റ് തോറ്റു. ചട്ടികളില്‍ അരപ്പ് തിളച്ചു. അണിയം അടുക്കളയായി മാറി. അമരത്ത് വള്ളക്കാര്‍ രണ്ടുപേരുണ്ട്. കുട്ടനും കൊച്ചുകുട്ടനും. കടല്‍താണ്ടി വരുന്ന ബോട്ടുകളിലുള്ള വരുമായി അവരുറക്കെ കുശലം പറയുന്നുണ്ട്.
''പൂയ്... ഇന്ന് കോളെങ്ങനെ?''
''ഓ... എന്തോ പറയാനാ... ഡീസലടിച്ച കാശ്‌പോലും കിട്ടത്തില്ലെന്നേ...''
പറ്റിച്ച കടലിനോടുള്ള ഈര്‍ഷ്യ പങ്കുവച്ച് കുറേ ആളുകളുമായി ഒരു ബോട്ട് ഏതോ കടവ് തേടിപ്പാഞ്ഞു. ശിക്കാരവള്ളങ്ങളില്‍ കടല്‍ കണ്ട് മടങ്ങുന്ന സഞ്ചാരികള്‍. പകല്‍ മങ്ങിത്തുടങ്ങി. ബോട്ടിനു മുകളില്‍ പരുന്തുകളുടെ പരവേശപ്പറക്കല്‍. നുറുക്കിപ്പുഴുങ്ങിയ കപ്പക്കൂട്ടത്തെ വെള്ളമൂറ്റി ഉരുളിയില്‍ നിരത്തി. മസാലപുരട്ടി ആവി കയറ്റിയ മുരിങ്ങയിറച്ചി അഥവാ ചിപ്പി അതില്‍ കലരാനുള്ള ആവേശത്തില്‍ അടുപ്പിലിരുന്നു തിളയ്ക്കുന്നുണ്ട്.
കമ്പട്ടി ഞണ്ടുകള്‍ പിടച്ചിലറ്റ് തോടോടെ വേവുന്നു. ബോട്ട് കല്ലുമൂട്ടില്‍ കടവ് പാലവും കാക്കത്തുരുത്തും കടന്ന് അമൃതപുരി പാലത്തിനടിയിലൂടെ അഴീക്കല്‍ തുറമുഖത്തിന്റെ കാഴ്ചകളിലേക്ക് കടന്നു. കാക്കത്തുരുത്തും ആയിരം തെങ്ങും അവയ്ക്കിടയിലെ കൈത്തോടുകളും മണ്‍വഴികളും പുല്‍ക്കാടുകളും പിന്നിലായി. ആറിയ വെയിലിന്റെ ചൂടേല്‍ക്കാനിറങ്ങിയ വിദേശികള്‍ കരയില്‍ നിന്ന് കൈവീശുന്നു. വലിയഴീക്കല്‍ ആര്‍ച്ച് പാലം കടന്നതും കായല്‍പ്പരപ്പിനു മുകളിലേക്ക് കടന്നു കൂടുന്നുണ്ട് ചെറു കടല്‍ത്തിരകള്‍. അസ്തമയച്ചുവപ്പണിഞ്ഞ അഴിമുഖം. ബീച്ചും ലൈറ്റ് ഹൗസും പുലിമുട്ടും. ബോട്ട് ഓളപ്പരപ്പിലൊരിടത്തൊതുക്കി.
ആകാശത്തെ തൊടാനെന്ന മട്ടില്‍ അണിയം ഉയര്‍ന്നു. അമരം അമര്‍ന്നു. അണിയത്തെ തടിത്തട്ടില്‍ വെളുത്ത പിഞ്ഞാണങ്ങള്‍ നിരന്നു. അകലെ ആകാശത്തു നിന്നും ചുവന്ന സൂര്യന്‍ പ്രതിബിംബങ്ങളായി ആ പിഞ്ഞാണങ്ങളിലേക്ക് ചേക്കേറി. വെള്ളിത്തളികകളില്‍ ചുവപ്പു പഴങ്ങള്‍പോലെ ചെറു സൂര്യന്മാര്‍. ചിപ്പിയിറച്ചി ചേര്‍ത്തു കുഴച്ച കപ്പയ്ക്കുമുകളില്‍ കടുകും വറ്റല്‍മുളകും മൊരിഞ്ഞ കറിവേപ്പിലയും ചേര്‍ന്ന താളിപ്പ്. അതിലേക്ക് കലക്കിയൊഴിച്ച തേങ്ങയില്‍പുതച്ച ചെമ്മീന്‍ കറി.
ഓളത്തിന്റെ ചാഞ്ചാട്ടത്തിനൊപ്പം അസ്തമയം കണ്ട് കായല്‍ രുചിയുടെ ആദ്യ ഘഡു അകത്താക്കാന്‍ തുടങ്ങി. രുചി പരത്തിയ സായാഹ്നത്തില്‍ വെളിപ്പെടുത്താത്ത താവളങ്ങളിലേക്ക് ചേക്കേറാനുളള പെടാപ്പാടിലാണ് കലപില കൂട്ടുന്ന കടല്‍പ്പക്ഷികള്‍. അവയുടെ തൂവെള്ളത്തൂവലുകളിലും അസ്തമയരാശി പടര്‍ന്നു. ഒടുവില്‍ സൂര്യന്‍ കടലില്‍ മുങ്ങി. കിഴക്കനതിരില്‍ മുഴുതിങ്കള്‍ക്കല. നിലാപ്പരപ്പ് തൂകിപ്പരക്കും മുമ്പ് കപ്പപ്പെരട്ട് കാലിയാക്കി പിഞ്ഞാണങ്ങള്‍ ശൂന്യരായി.
ഇനി മടക്കം
മടക്കയാത്രയില്‍ ഓളങ്ങളേറി. കണ്ടലുകള്‍ ഇരുട്ടുപുതച്ചു. തെങ്ങിന്‍തലപ്പുകള്‍ താരാട്ടീണത്തില്‍ തലയാട്ടി. ആയിരംതെങ്ങ് പാലത്തിനടുത്തായി ഒരു കടവില്‍ ബോട്ടൊതുക്കി കുട്ടന്‍ ചേട്ടന്‍ ഇറങ്ങി. ചൂടന്‍ പൊറോട്ടകളുമായി മടങ്ങിയെത്തി. ഞണ്ടു റോസ്റ്റിനും കക്കത്തോരനുമൊപ്പം പൊറോട്ടയുടെ മൊരിഞ്ഞ പാളികളടര്‍ത്തി. കായല്‍ക്കാറ്റില്‍ സ്വാദിന്റെ മേളം. ക്ലാപ്പനപ്പള്ളിയും അഴീക്കല്‍ മുരുകന്‍ കോവിലും കടന്ന് ബോട്ട് മുന്നോട്ട്. മടക്കയാത്രയില്‍ ജലപ്പരപ്പിനു താഴെ വിരിച്ച ചീനവലകളില്‍ തട്ടാതെ ബോട്ട് ഇടം വലം തിരിഞ്ഞു.
ചീനവലകളുടെ കാവല്‍ മാടങ്ങളില്‍ റാന്തല്‍ വെളിച്ചം തിങ്ങി. അവയോടു ചേര്‍ന്ന കുശിനിത്തട്ടുകളില്‍ നിന്ന് ആവിമണമിറങ്ങിവന്നു.
കൊതുമ്പുവള്ളങ്ങളില്‍ വലയെറിഞ്ഞ് എതിരേ വരുന്നുണ്ട് വള്ളക്കാരേറെ. മീന്‍കോരാനുളള രാത്രികള്‍. തുരുത്തുകളോട് ചേര്‍ന്നൊതുക്കിയ ചെറുവള്ളങ്ങള്‍. അതില്‍ ഒന്നില്‍ ചൂണ്ടക്കൊളുത്തില്‍ ഒരു ചെമ്പല്ലിക്കോരയെ വലിച്ചെടുക്കുന്നുണ്ട് വലിയ മീശയുള്ള ഒരു മനുഷ്യന്‍. പരല്‍മീനുകളും ഞണ്ടും കൊഞ്ചും നിറഞ്ഞ അടിത്തട്ടിലേക്ക് വലയും ചൂണ്ടയും ആഴുന്ന രാത്രികള്‍.
മരുന്നൂര്‍ക്കുളങ്ങര മൂന്നുരാജാക്കന്മാരുടെ പള്ളിയും കടന്ന് പിന്നെയും മുന്നോട്ട്. കടല്‍യാത്ര കഴിഞ്ഞ് മടങ്ങി വന്ന കൂറ്റന്‍ ബോട്ടുകള്‍ കനാലിന് ഇരുകരകളിലുമായി വിശ്രമത്തിലാണ്. ''പൂഹോയ്...'' ദിശകാണിക്കാനെന്നപോലെ വെളിച്ചം നിവര്‍ത്തി കൊതുമ്പു വള്ളങ്ങളില്‍ നിന്നും കാവല്‍മാടങ്ങളില്‍ നിന്നും ഒച്ച ഉയര്‍ന്നു. നേര്‍ത്തവെളിച്ചം പരന്ന ബോട്ടുകളില്‍ തമ്പടിച്ച തൊഴിലാളികള്‍. ആ ജലയാനങ്ങളില്‍ നിന്നുയരുന്ന ആവിപ്പുകകള്‍. വലഞൊറിഞ്ഞും സൊറപറഞ്ഞും ചൂണ്ടക്കൊളുത്ത് മിനുക്കിയും അവര്‍ ആഘോഷമാക്കുന്ന ജലജീവിതം. ഓളത്തില്‍ തെളിഞ്ഞ അമ്പിളിവെട്ടത്തെ താണ്ടി ബോട്ട് തിരികെ തുറയില്‍കുന്ന് കടവിലെത്തി...
Content Highlights: food journey through ts canal kollam
Published: 29 May 2023, 11:45 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented