രോ യാത്രകളും ഓരോ സ്വാതന്ത്ര്യപ്രഖ്യാപനങ്ങളാണ്. പ്രത്യേകിച്ചും ഒറ്റയ്ക്ക് നടത്തുന്ന യാത്രകള്‍. അങ്ങനെയാണ് കോഴിക്കോട്ടേയ്ക്ക് ഒരു യാത്ര തരപ്പെട്ടത്. തികച്ചും അക്കാദമികം, ഫോക്‌ലോര്‍ വര്‍ക്ക് ഷോപ്പിൽ പങ്കെടുക്കാനായി പോയതാണ്. ആദ്യമായാണ് കോഴിക്കോട്ടേക്ക് പോകുന്നത്. ആ സ്ഥലത്തെ പറ്റി വളരെ ചെറിയ ഒരു ധാരണയുമായിട്ടാണ് ട്രെയിന്‍ കയറിയത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഓട്ടോയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എത്തി, കൂടെ ഗവേഷണം ചെയ്യുന്ന കുട്ടിയോടൊപ്പം യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസില്‍ താമസം.

To advertise here,

വര്‍ക്ക്‌ഷോപ്പ് ഷെഡ്യൂള്‍ വളരെ സ്ട്രിക്ട് ആയിരുന്നു. രാവിലെ ഒമ്പതര മുതല്‍ വൈകിട്ട് അഞ്ചുമണി വരെ. രാഘവന്‍ പയ്യനാട് മാഷിന്റെ തകര്‍പ്പന്‍ ക്ലാസ്സ്. പിന്നെ അതിനിടയില്‍ ചര്‍ച്ചകളും ഉണ്ട്. ആകെ അഞ്ചു ദിവസം മാത്രമേ ഉള്ളുവെങ്കിലും ഭക്ഷണം ആവുന്നത്ര പര്യവേഷണം ചെയ്യുവാന്‍ നേരത്തെ തീരുമാനിച്ചുറച്ചിരുന്നു. ആദ്യത്തെ ദിവസം യാത്രാക്ഷീണമൊക്കെ കുറച്ചുണ്ടായിരുന്നതുകൊണ്ട് കോഴിക്കോട്ടേയ്ക്ക് പോയില്ല, അതിനു പകരം യൂണിവേഴ്‌സിറ്റിയുടെ മുന്‍പിലുള്ള തട്ടുകടകള്‍ എക്‌സ്‌പ്ലോര്‍ ചെയ്യാമെന്നു തീരുമാനിച്ചു. 

രാത്രി ഒരു എട്ടര ആയപ്പോള്‍ അവിടേക്കിറങ്ങി, അന്നേരം കടകളില്‍ അത്യാവശ്യം നല്ല തിരക്കൊക്കെ ഉണ്ട്. എന്നാലും ഇരുന്നുകഴിക്കുവാന്‍ രണ്ടു സീറ്റ് കിട്ടിയപ്പോള്‍ ഞാനും കൂടെയുള്ള കുട്ടിയും കഴിക്കാനായി ഇരുന്നു. ആദ്യം പുട്ടിലാണ് ഞങ്ങള്‍ പിടിച്ചത്. ഒരു കുറ്റി പുട്ടു വാങ്ങി ഞങ്ങള്‍ രണ്ടുപേരും പകുത്തെടുത്തു, കൂടെ നല്ല ചൂട് കോഴിക്കറിയും അയല വറുത്തതും. ആ ചൂട് പുട്ടിലേക്കു വിരലുകള്‍ മെല്ലെ മെല്ലെ ആഴ്ത്തി കൊടുക്കുമ്പോള്‍ കൈ ചെറുതായി പൊള്ളി. പക്ഷെ എന്നാലും വേണ്ടില്ല, ആ ഒരു സുഖം ഉണ്ടല്ലോ, അത് സൂപ്പറാ. നേര്‍ത്ത കുതിര്‍ന്ന ചൂടുപുട്ട് പതുക്കെ ഉടയ്ക്കുമ്പോൾ, ആവിയിങ്ങനെ നമ്മുടെ മുഖത്തോട്ടു പൊങ്ങും. അന്നേരം ഒരു ചെറിയ കഷ്ണം അതില്‍നിന്നും പൊട്ടിച്ചു വായില്‍ വെയ്ക്കണം.

ചൂട് പുട്ടിനു ഭയങ്കര നിഷ്‌കളങ്കതയാണ്. ഇങ്ങനേം പാവമാകരുത് പുട്ട്. നല്ല സ്വാദാണ് അത് കഴിക്കാന്‍, അതിനുശേഷം ഒരു സ്പൂണ്‍ ചിക്കന്‍ കറി അതിലേക്കു ഒഴിച്ചുകൊടുക്കണം. എന്റമ്മോ ആ ചൂട് പുട്ടും എരിവുള്ള കറിയും കൂടെ ചേര്‍ന്ന് രുചിയുടെ ഒരു മാലപ്പടക്കം നമ്മുടെ വായില്‍ സൃഷ്ടിക്കും. അത്രയ്ക്ക് ഭീകരമാണാ രുചി. അതിന്റെ കൂടെ നല്ല ചൂട് കട്ടന്‍ചായ ഊതിയൂതി കുടിക്കണം. അതാണ് രുചിയുടെ വെടിക്കെട്ട്. എരിവുള്ള പുട്ടും കോഴിക്കറിയും ചൂടുള്ള കട്ടനും എന്താ കോമ്പിനേഷൻ അല്ലേ, അസാധ്യമാണ് രുചിയുടെ അനന്തസാധ്യതകള്‍. 

പിറ്റേദിവസം ക്ലാസ് കഴിഞ്ഞ് നേരെ യൂണിവേഴ്‌സിറ്റി ബസ് സ്റ്റോപ്പിന്റെ മുന്‍പില്‍നിന്നും കോഴിക്കോട്ടേക്ക് ബസ് പിടിച്ചു. നേരെ ബീച്ചിലെത്തി. എന്തോരം മനുഷ്യന്മാരാണ് സംസാരിക്കാനും, നടക്കാനും, വ്യായാമം ചെയ്യാനും, വെറുതെ ഇരിക്കുവാനും ബീച്ചിലേക്ക് വരുന്നത്. പക്ഷെ അവിടുത്തെ ഏറ്റവും വല്യ ആകര്‍ഷണം സൈക്കിള്‍ വണ്ടിയില്‍ ഭരണികളില്‍ നിരത്തിവെച്ചിരിക്കുന്ന ഉപ്പിലിട്ട പഴങ്ങളാണ്. ക്യാരറ്റ്, ആപ്പിള്‍, സബര്‍ജെല്ലി, പപ്പായ, പൈനാപ്പിള്‍, കുക്കുമ്പർ, പച്ചമാങ്ങ, പഴുത്തമാങ്ങ, നെല്ലിക്ക, ലവ്‌ലോലിക്ക, പച്ചമുളക്... അങ്ങനെ പേരറിയാവുന്നതും, അറിയാന്‍ പാടില്ലാത്തതുമായ നാനാതരം ഫലവര്‍ഗ്ഗങ്ങള്‍ ഉപ്പിലിട്ടു വെച്ചിരിക്കുന്നു. അധികനേരം അടുത്ത് നിന്നാല്‍ ചിലപ്പോള്‍ നമ്മളെ കൂടെ പിടിച്ചു ഉപ്പുലായനിയിലിടും. എത്ര മാത്രം ഉപ്പിലിട്ട പഴങ്ങള്‍ ഞാനന്ന് കഴിച്ചെന്ന് എനിക്ക് തന്നെ അറിയില്ല. കവര്‍ നിറയെ എല്ലാത്തില്‍ നിന്നും ഓരോ പീസ് വീതം വാങ്ങിക്കൊണ്ടു ബീച്ചിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നടക്കാമെന്നു വിചാരിച്ചു. 

കുറെ ദൂരം നടന്നു, അങ്ങനെ നടന്നുകഴിഞ്ഞപ്പോള്‍ കഴിച്ചതെല്ലാം തലയ്ക്കു പിടിച്ചെന്ന് എനിക്ക് തോന്നി. (ഈ വിവരണം എന്റെ ഒരു സുഹൃത്തിനോട് പങ്കുവെച്ചപ്പോള്‍ പുള്ളിക്കാരി ഈ ഉപ്പിലിട്ടതെല്ലാം കഴിച്ച് ഒരാഴ്ച വയറിനസുഖമായി കിടന്ന സംഭവം പറഞ്ഞുതന്നു, ഞാന്‍ രക്ഷപെട്ടത് ഒരു പക്ഷെ രുചിദേവതയുടെ കാരുണ്യം കൊണ്ടാകാം.)

പക്ഷെ ആ വൈകുന്നേരം എനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ഉപ്പിലിട്ടത് എല്ലാം കഴിച്ച്, എനിക്ക് ഭയങ്കര ധൈര്യം തോന്നിത്തുടങ്ങി. ഞാന്‍ അവിടെ കിടക്കുന്ന പുലിമുട്ടുകളിലൂടെ നടക്കാന്‍ തുടങ്ങി. ബീച്ചിലെ മറ്റു സഞ്ചാരികള്‍ അത്ഭുതത്തോടെ എന്നെ നോക്കുന്നതുകണ്ടപ്പോള്‍ ഞാനോര്‍ത്തു അവരെന്നെ പ്രോത്സാഹിപ്പിക്കുകയാണെന്ന്. എല്ലാവര്‍ക്കും ചിരിച്ചു ടാറ്റാ കാണിച്ചുകൊണ്ട് ഞാന്‍ ഒരു സൈക്കിള്‍ യജ്ഞക്കാരനെ പോലെ കൈ രണ്ടുവശത്തേക്കും പിടിച്ച് ബാലന്‍സ് ചെയ്തു കുറെയേറെ ദൂരം നടന്നു. കുറച്ചു കഴിഞ്ഞു മെല്ലെ ഉപ്പിലിട്ടതിന്റെ കിക്ക് വിടാന്‍ തുടങ്ങിയപ്പോള്‍ താഴെയിറങ്ങി ബസ് പിടിച്ചു ഹോസ്റ്റലിലെത്തി. പക്ഷേ ലോകത്ത് എവിടെ പോയാലും കോഴിക്കോട് ബീച്ചിലെ ഉപ്പിലിട്ടത്. അതു ഞാന്‍ മറക്കില്ല.