
പഴംപൊരി ബീഫ് റോസ്റ്റ് കോംബോ സുപരിചിതമാണ് നമുക്ക്. പലപ്പോഴും ഈ കോംബോകള്‍ ജനിക്കുന്നത് മനുഷ്യന്റെ ആവശ്യകതയും സര്‍ഗാത്മകതയും കൂടി ചേരുമ്പോഴാണെന്നാണ്. ഒരിക്കല്‍ ഞാനും മക്കളും കൂടെ കടമ്പനാട്ടേക്കു പോകാനായി വട്ടപ്പാറയില്‍ നിന്നും ഇരിങ്ങാലക്കുട ലോ ഫ്‌ളോര്‍ ബസില്‍ കയറി, ബാക്ക് സീറ്റ് കാലിയാണ്, ആഹാ എത്ര സൗകര്യം സൈഡ് സീറ്റ് രണ്ടു പേരും കൂടെ കവര്‍ന്നെടുത്തു. പക്ഷേ കിളിമാനൂരെത്തിയപ്പോഴേക്കും വണ്ടി ബ്രേക്ക് ഡൗണ്‍ ആയി, പിന്നെ വന്ന പാലക്കാടു വണ്ടിയില്‍ രണ്ടു വണ്ടി ആളുകളെ നിറച്ചു ഒറ്റക്കാലില്‍ നിന്ന് അടൂരെത്തിയപ്പോഴേക്കും മക്കള്‍ അവശരായി കഴിഞ്ഞിരുന്നു. സമയം പത്തര മണി ആയി, രാവിലെ കാപ്പി പോലും കുടിക്കാതെ ബാഗും തൂക്കിയിറങ്ങിയതാണ്. അവരുടെ മുഖം കണ്ടപ്പോഴേ സങ്കടം തോന്നി, നമുക്ക് തോംസണ്‍ ബേക്കറിയില്‍ കയറി എന്തെങ്കിലും കഴിച്ചാലോ, ശരി മമ്മാ എന്നവരും പറഞ്ഞു, അന്നാണ് ഞാന്‍ പുതിയ ഒരു കോംബിനേഷന്‍ അവിടെ നിന്നും പരീക്ഷിച്ചത്, ചപ്പാത്തിയും ചൂരമീന്‍ തേങ്ങാ അരച്ച കറിയും. പ്രാതല്‍ വിശാലമായിക്കോട്ടെ, പൊതുവെ മീന്‍ ഇഷ്ടമല്ലാത്ത മകന്‍ ചാറും കഷണവും വടിച്ചു കഴിച്ചു, അത്ര പോലും താല്‍പ്പര്യമില്ലാത്ത മകളും നന്നായി ആസ്വദിച്ചു തന്നെ അത് കഴിച്ചു.
പിറ്റേ ദിവസം രാവിലെ അപ്പന്റേം അമ്മേടേം കൂടെ കാപ്പി കുടിക്കാന്‍ ഇരുന്നപ്പോള്‍ ദാ വരുന്നു അടുത്ത കോംബോ, രണ്ടു ദോശ സാമ്പാറും ചമ്മന്തിയും കൂട്ടി കഴിച്ച അപ്പന്‍ പുഴുങ്ങിയ ഒരു മുട്ട നാലായി മുറിച്ച് രണ്ടു കഷ്ണം ഉപ്പും കുരുമുളകും ചേര്‍ത്ത് കഴിച്ചതിനു ശേഷം അടുത്ത രണ്ടു കഷ്ണങ്ങള്‍ തേങ്ങാച്ചമ്മന്തി കൂട്ടി കഴിക്കുന്നു. ഇതെന്ത് കോംബിനേഷന്‍ ഡാഡി എന്ന് ചോദിച്ചപ്പോള്‍ ഉത്തരം വന്നു, ഇതൊരു സൂപ്പര്‍ കോംബോ ആണ്, ചാത്തന്നൂര്‍ പപ്പയും ഇതേ കോമ്പിനേഷന്‍ പരീക്ഷിക്കുന്നത് ഞാനോര്‍ത്തു. അന്ന് യൂട്യൂബ് ഷോര്‍ട്‌സ് കാണുമ്പോള്‍ ആസിഫ് അലി വിശദീകരിച്ച മറ്റൊരു കോംബോ കണ്ടു, കപ്പലണ്ടി മിഠായി ഒരു കഷ്ണം വായിലിട്ടു മെല്ലെയൊന്നു കടിച്ചു പൊട്ടിച്ചിട്ടു ഒരു കഷ്ണം പഴവും കൂടെ ചേര്‍ത്തുകഴിക്കുമ്പോള്‍ പായസത്തിന്റെ രുചി കിട്ടുമത്രേ. പിറ്റേ ദിവസം തന്നെ ഞാനതു പരീക്ഷിച്ചു, ശരിയാണ്, വളരെ ശരിയാണ്. കപ്പലണ്ടിമിഠായിയും രസകദളിപ്പഴവും തമ്മിലുള്ള പാണീഗ്രഹം പായസരുചി ജനിപ്പിക്കും.
Also Read
പനക്കോട്ടയ്ക്കു മുകളില്‍ വയ്ക്കാന്‍ സ്‌ട്രോബെറി പ്രിസേര്‍വ് ഇല്ലാതെ ഞാന്‍ എന്റെ അതിഥികള്‍ക്ക് കാരമൽ ആപ്പിള്‍ നിരത്തി മധുരിപ്പിച്ച് തലകറക്കി കിറുക്കി വിട്ടത് മറക്കാറായിട്ടില്ല. അതും ഒരു പുതിയ കോമ്പോ ആയിരുന്നു. അനുദിനം ഈ ഭൂമുഖത്ത് ഭക്ഷണകോംബോകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷണ വിഭവങ്ങള്‍ തമ്മിലുള്ള ഈ പാരസ്പര്യം മനുഷ്യന്‍ മാതൃകയാക്കേണ്ടതാണ്.
അനിയന്‍ കുഞ്ഞ് പണ്ട് പറഞ്ഞു തന്ന ഒരു കോംബോ ഉണ്ട്. കോട്ടയം വൈ.എം.സി.എയ്ക്കടുത്തു പണ്ടൊരു പ്രൈഡ് ഹോട്ടല്‍ ഉണ്ടായിരുന്നു. എം.ജി. യൂണിവേഴ്‌സിറ്റിയിലെ പല കോളേജുകളിലെയും സെന്ററുകളിലെയും കുട്ടികള്‍ അവിടുത്തെ സ്ഥിരം പറ്റുകാരായിരുന്നു. അവരുടെ ബജറ്റ് ഫ്രണ്ട്‌ലി കോംബോ ആയിരുന്നു പൊറോട്ടയും സാമ്പാറും. കേള്‍ക്കാനൊരു ഗും ഇല്ലെങ്കിലും അസാധ്യ രുചിയാണ് ഈ കോംബോയ്ക്ക്. നല്ല മൃദുവായ പൊറോട്ടയും കുറുകിയ ചൂട് സാമ്പാറുമാണെങ്കില്‍ സ്വാദ് ഇരട്ടിയായിരിക്കും. കായ് ബജിയും കട്ടച്ചമ്മന്തിയും പോലെ, പരിപ്പുവടയും പാളയങ്കോടന്‍ പഴവും പോലെ, ജീവിതം മധുരോദാരമായ കോംബോകളാണ്.
ഹോസ്റ്റല്‍ ജീവിതം പരിചയപ്പെടുത്തിയ കുറച്ചു കോംബോകളുണ്ട്. അന്നൊക്കെ എന്‍.ആര്‍.ഐ. കുട്ടികള്‍ കൊണ്ടുവരുന്ന ടാങ്ക് പാക്കറ്റ് ഞങ്ങള്‍ക്കൊക്കെ ഭയങ്കര ഡിമാന്‍ഡ് ഉള്ള സാധനമായിരുന്നു. പക്ഷെ എനിക്ക് ടാങ്ക് കലക്കി കുടിക്കുന്നതിനു പകരം അത് ഒരു സ്പൂണ്‍ കോരി വായിലിട്ടിട്ട് വായങ്ങനെ മുറുക്കെ അടച്ചു പിടിച്ചിരിക്കുന്നതായിരുന്നു ഇഷ്ടം. വായുടെ ഉള്ളിലിരുന്നു അതങ്ങനെ അലിഞ്ഞലിഞ്ഞു അന്നനാളത്തിലേക്കു പോകും, ആഹാ എന്തൊരു സുഖം. അതുപോലെ എന്റെ മറ്റൊരു സന്തോഷരുചി എന്താണെന്നോ, രണ്ട് ആരോറൂട്ട് ബിസ്‌ക്കറ്റെടുക്കണം അതില്‍ ഒന്നില്‍ അല്‍പ്പം ജാം പുരട്ടിയിട്ട്, മറ്റൊന്ന് കൊണ്ട് അത് ഭംഗിയായി അമര്‍ത്തണം. അപ്പോള്‍ ബിസ്‌കറ്റിന്റെ കുഞ്ഞു സുഷിരങ്ങളിലൂടെ ചുവന്ന ജാം പുറത്തേക്കു വന്നെത്തി നോക്കും. അത് കാണാന്‍ തന്നെ ഒരു ഭംഗിയാണ്. അപ്പോള്‍ അതിന്റെ രുചിയൊന്ന് ഓര്‍ത്തുനോക്കൂ. അതാണ് ആരോറൂട്ട് ജിംജാം.
കരിക്ക് സീരീസില്‍ നിന്നും കിട്ടി മറ്റൊരു കോംബോ, നല്ല സോഫ്റ്റ് ക്രിസ്പി പൊറോട്ടയ്ക്കുള്ളില്‍ നല്ല മുരുമുരാന്നുള്ള വാഴയ്ക്കയപ്പം വെച്ച് ചുരുട്ടി കഴിക്കുന്നത് കണ്ടു, അതിന്റെ രുചിയൊന്നു പരീക്ഷിച്ചു നോക്കണം. എന്റെ ഒരു സുഹൃത്ത് പരിചയപ്പെടുത്തി തന്ന മറ്റൊരു കോംബോ ഉണ്ട്, ഒരു പാക്കറ്റ് മിക്‌സ്ച്ചര്‍ ഒരു പാത്രത്തിലേക്ക് പൊട്ടിച്ചിടുക, ഒരു സവാളയും, തക്കാളിയും, വേണമെങ്കില്‍ ഒരു പച്ചമുളകും പൊടിപൊടിയായി അതിലേക്ക് അരിഞ്ഞു ചേര്‍ത്ത് ഒരു സ്പൂണ്‍ കൊണ്ടിളക്കി യോജിപ്പിക്കണം. അതിനു ശേഷം ഇഷ്ടമുള്ള സിനിമയോ സീരിയലോ ഇത് കൊറിച്ചു കൊണ്ട് കാണണം അതും ഒരു അടിപൊളി കോംബോ ആണ്.
പഴംപൊരി ബീഫ് റോസ്റ്റ് പോലെ വ്യത്യസ്തവും, പുതുമയാര്‍ന്നതുമായ കോംബോകള്‍ പരീക്ഷിക്കുന്ന നമ്മള്‍ എന്നാണാവോ ലഡുവും മീന്‍കറിയും കഴിച്ചു രുചിവൈവിധ്യം പരീക്ഷിക്കുന്നത്.
Content Highlights: dr.gigi j alex share about some food combos
Published: 15 Aug 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented