'To discover a city is in itself a unique event, but when we have the privilege of sharing it with friends most dear to us, it becomes a once in a lifetime experience.' ക്യൂബന്‍ കവിയും നോവലിസ്റ്റുമായ Reinaldo Arenas  'Before the night falls' എന്ന ആത്മകഥയില്‍, ഒരാള്‍ ഒരു പുതിയ നഗരത്തെ കണ്ടെത്തുന്നതിനെപ്പറ്റി ഇങ്ങനെയാണ് കുറിച്ചിരിക്കുന്നത്. 'The World Balance With all and For the Good of All' എന്ന വിഷയത്തില്‍ ക്യൂബയില്‍ നടക്കുന്ന അന്താരാഷ്ട്രസംഗമത്തില്‍ പങ്കെടുക്കാന്‍ സിപിഎം പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആ വരികള്‍ വീണ്ടും മനസ്സിലുടക്കി. മുന്‍പൊരിക്കല്‍ ചെഗുവേരയുടെ മകള്‍ അലൈഡയും കൊച്ചുമകള്‍ എസ്തഫിനയും കേരളത്തിലെത്തിയപ്പോള്‍ അവര്‍ക്കൊപ്പം യാത്രചെയ്യാന്‍ അവസരം ലഭിച്ചിരുന്നു. ക്യൂബയെപ്പറ്റി ഇരുവരും വാതോരാതെ സംസാരിച്ചു. പലയാവൃത്തി അവിടേക്ക് ക്ഷണിക്കുകയും ചെയ്തു. ഇരുവരെയും അവരുടെ രാജ്യത്തുവെച്ച് കാണാനും സൗഹൃദം പുതുക്കാനുമുള്ള ഒരവസരംകൂടിയാണ് ഈ യാത്ര. 

To advertise here,

ക്യൂബ എനിക്ക് പുതിയൊരു ദേശമല്ല. അപരിചിതദേശത്തേക്ക് യാത്രചെയ്യുമ്പോഴുള്ള കൗതുകവുമില്ല. കൗമാരംമുതല്‍ക്കേ ഞാന്‍ വായിച്ച പുസ്തകങ്ങളുടെ, ഉള്‍ക്കൊണ്ട ചരിത്രത്തിന്റെ, പ്രഭാഷണങ്ങളില്‍ മുഴങ്ങിയ വാക്കുകളുടെ ഒക്കെ സാരാംശമായി ക്യൂബ എന്നില്‍ പടര്‍ന്നുകിടന്നിരുന്നു. ഞാന്‍ പോകുന്നത് അപരിചിതമായൊരു രാജ്യത്തിന്റെ അതിരുകള്‍ക്കുള്ളിലേക്കല്ലെന്നും ഏറെക്കാലമായി കാണുന്ന സ്വപ്‌നത്തിന്റെ അടരുകളിലേക്കാണെന്നും യാത്രയോടടുത്ത ദിവസങ്ങളില്‍ എനിക്ക് തോന്നി. 2025 ജനുവരി 28 മുതല്‍ 31 വെരയായിരുന്നു കോണ്‍ഫറന്‍സ്.ഞങ്ങളുടെ യാത്രാസംഘത്തെ നയിച്ചത് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയാണ്. ഒപ്പം സിഐടിയു നേതാവ് കെ.എന്‍. ഗോപിനാഥടക്കമുള്ള പ്രിയപ്പെട്ട മനുഷ്യരും. 

placeholder
തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്ക്. ഡല്‍ഹിയില്‍നിന്ന് ഈസ്താംബൂളിലേക്ക്. സാധാരണഗതിയില്‍  ഒരേയിരിപ്പിരിക്കേണ്ടിവരുന്ന നീണ്ട വിമാനയാത്രകള്‍ മടുപ്പിക്കാറുണ്ട്. ഈസ്താംബുള്‍വരെയും ഓര്‍മ്മകളെ, അതിന്റെ ആനന്ദദുഃഖങ്ങളെ ഉള്ളില്‍ ചികഞ്ഞുകൊണ്ടേയിരുന്നു. പപ്പയോടൊപ്പം വളരെ കുഞ്ഞുനാളിലേ ചിന്നക്കടയിലേക്ക് നടത്തിയ യാത്രകളുടെ അസംഖ്യം ഓര്‍മ്മകള്‍. പ്രസംഗമത്സരങ്ങള്‍ക്കായി പപ്പയ്ക്കും മമ്മിക്കും ഒപ്പം കേരളമൊട്ടാകെ നടത്തിയ കൗമാരയാത്രകള്‍, എസ്എഫ്ഐ പ്രവര്‍ത്തനകാലയളവിലെ നിരന്തരയാത്രകള്‍, സമരങ്ങള്‍, സംഘര്‍ഷങ്ങള്‍, യുവജനകമ്മിഷന്‍ അധ്യക്ഷ എന്നനിലയില്‍ എത്രയോ മനുഷ്യരുടെ അവിശ്വസനീയമായ ജീവിതദുരിതങ്ങളെ അടുത്തറിയാന്‍ കാരണമായ എണ്ണമറ്റ യാത്രകള്‍, വര്‍ഷങ്ങള്‍ക്കുമുന്‍പ് ചൈനയിലേക്ക് ഇന്ത്യന്‍ പ്രതിനിധി സംഘത്തോടൊപ്പം നടത്തിയ യാത്ര ഒക്കെയും ഉള്ളില്‍ നിറഞ്ഞു. 

ക്യൂബന്‍ മണ്ണില്‍ 
ഈസ്താംബുളില്‍ നിന്ന് 14 മണിക്കൂര്‍ നീണ്ട യാത്ര. ഒടുവില്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ 'ഹോസേ മാര്‍ട്ടി' വിമാനത്താവളത്തില്‍ ഞങ്ങളെത്തി. ഹവാനയുടെ രാഷ്ട്രനായകനാണ് ആരാധ്യനായ ഹോസേ മാര്‍ട്ടി. സ്‌പെയിനില്‍നിന്ന് ക്യൂബയെ വിമോചിപ്പിക്കുന്നതില്‍ സുപ്രധാനപങ്കുവഹിച്ച മാര്‍ട്ടി അറിയപ്പെടുന്ന ചിന്തകനും എഴുത്തുകാരനും കൂടിയായിരുന്നു. വിമാനത്താവളത്തില്‍ ഞങ്ങളെക്കാത്ത് സംഘാടകരുണ്ടായിരുന്നു. മുന്‍പേതന്നെ ബുക്കുചെയ്തിരുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് ടാക്‌സിയില്‍ യാത്രതിരിച്ചു. 

ലാളിത്യമാര്‍ന്ന വാസ്തുശില്പഭംഗി നിറഞ്ഞ മന്ദിരങ്ങള്‍ കടന്ന് മുന്നോട്ട്. ഞങ്ങളുടെ താമസസ്ഥലം ഒരു ബഹുനില കെട്ടിടത്തിന്റെ പതിനാലാം നിലയിലാണ്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പ്രതിനിധികള്‍ ഇത്തരം ചെറുതും വലുതുമായ അപ്പാര്‍ട്ട്മെന്റുകളിലാണ് താമസം ബുക്കുചെയ്തിട്ടുള്ളത്. ക്യൂബയിലെത്തുന്ന ടൂറിസ്റ്റുകളില്‍ ഭൂരിഭാഗവും കുറഞ്ഞ ചെലവില്‍ താമസത്തിനായി തിരഞ്ഞെടുക്കുന്നത് ഇത്തരം അപ്പാര്‍ട്ട്മെന്റുകളും വില്ലകളുമാണ്.

placeholder
 'ഗ്രാൻമ' 

നാലുമുറികളുള്ള അപ്പാര്‍ട്ട്മെന്റാണ് എനിക്ക് ലഭിച്ചത്. അതില്‍ ഒരു മുറിയില്‍ ഞാന്‍, മറ്റൊന്നില്‍ റഷ്യന്‍ വംശജയായ മറീന. ശേഷിക്കുന്ന മുറികളില്‍ ജര്‍മന്‍കാരിയായ വലേറിയും കാലിഫോര്‍ണിയയില്‍നിന്നുള്ള ഇന്ത്യന്‍ വംശജയായ ദുര്‍ഗാദാസും.നാലുമുറികളിലായി നാലുരാജ്യത്തെ പൗരര്‍. ലോകത്തെ നാലുരാജ്യങ്ങളിലെ മനുഷ്യര്‍ ഹവാനയിലെ ഒരു ചെറിയ അപ്പാര്‍ട്ട്മെന്റില്‍ ആദ്യമായി കണ്ടുമുട്ടുകയും സൗഹൃദം പങ്കുവയ്ക്കുകയും ഒന്നിച്ചുതാമസിക്കുകയും ചെയ്തതിന്റെ അനുഭവം മനോഹരമായിരുന്നു. വൈഫൈ സൗകര്യം ലഭ്യമായതും അമ്മയെ വിളിച്ച് ഇക്കാര്യങ്ങളൊക്കെയും പങ്കുവച്ചു. പിറ്റേന്ന് രാവിലേ ജര്‍മന്‍കാരിയായ വലേറിയ ഇട്ടുതന്ന കോഫി കുടിച്ച് ദിവസമാരംഭിച്ചു.
 
എണ്‍പതുകാരിയായ നഥാലിയ എന്ന സ്ത്രീയായിരുന്നു അപ്പാര്‍ട്ട്‌മെന്റിന്റെ കെയര്‍ടേക്കര്‍. ഫിദല്‍ കാസ്ട്രോയോടൊപ്പം ക്യൂബന്‍ വിമോചനപോരാട്ടങ്ങളില്‍ പങ്കെടുത്ത ഗറില്ലാ യുദ്ധപോരാളിയാണവര്‍. അപ്പാര്‍ട്ട്മെന്റുകളില്‍ നല്ലപങ്കിലും കെയര്‍ ടേക്കറായി ജോലിചെയ്യുന്നത് 70 വയസ്സ് പിന്നിട്ട സ്ത്രീകളാണ്. ക്യൂബയില്‍ എഴുപതാംവയസ്സും ഊര്‍ജസ്വലമായി തൊഴിലെടുക്കാനുള്ള പ്രായമായാണ് ആളുകള്‍ കരുതുന്നത്.  ക്യൂബന്‍ ജനതയുടെ മെച്ചപ്പെട്ടആരോഗ്യ പരിപാലന സംവിധാനവും ആഹാരരീതിയും ഈ പ്രായത്തിലും തൊഴിലെടുക്കാ നുള്ള ശേഷി മനുഷ്യര്‍ക്ക് ഉറപ്പാക്കുന്നു. (യാത്രകഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍'കേരള ബജറ്റില്‍' ന്യൂ ഇന്നിംഗ്‌സ് എന്നൊരു പദ്ധതി പ്രഖ്യാപിക്കുന്നത് കേട്ടു അറിയാതെ നഥാലിയെ ഓര്‍ത്തു).

ക്യൂബന്‍ പ്രസിഡന്റുമായി മുഖാമുഖം

യാത്രയുടെ ഭാഗമായി പ്രതിനിധിസംഘത്തിന് ആദ്യദിവസംതന്നെ ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനലിനെ നേരില്‍ കാണാനും സംസാരിക്കാനും അവസരം ലഭിച്ചു. Revolutionary Square എന്നറിയപ്പെടുന്ന ഹോസേ മാര്‍ട്ടി സ്‌ക്വയറില്‍വെച്ചാണ് പ്രസിഡന്റിനെ കാണുന്നത്. ക്യൂബയുടെ തനത് വസ്ത്രമായ ഗോയാവേര ധരിച്ച അംഗരക്ഷകരുടെ നടുവിലൂടെ നടന്നുവന്ന് പ്രസിഡന്റും കുടുംബവും ഞങ്ങള്‍ക്കുമുന്നിലിരുന്നു. 

അമേരിക്കന്‍ പ്രതിരോധവും ലോകമാകെ വളര്‍ന്നുപന്തലിക്കുന്ന വലതുപക്ഷ രാഷ്ട്രീയവും ഒന്നിച്ചുതീര്‍ക്കുന്ന പ്രതിസന്ധികളില്‍ നിന്ന് ക്യൂബയെ സ്വതഃസിദ്ധമായ വികസന മാതൃകയിലൂടെ മുന്നോട്ടു നയിക്കുന്ന മികച്ച നേതാവാണ് ഡയസ് കാനല്‍. ഒരു രാജ്യത്തിന്റെ പ്രസിഡന്റ് എന്ന യാതൊരു ഔദ്യോഗികതയും ഇല്ലാതെ സാധാരണക്കാരനായ ഒരു സഖാവ് എന്ന നിലയില്‍ അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചു. പ്രതീക്ഷാനിര്‍ഭരമായി ക്യൂബന്‍ ഭാവിയെ പറ്റി ദീര്‍ഘനേരം സംസാരിച്ചു. 

'വി വാ ക്യൂബ' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ഞാന്‍ ഉള്‍പ്പെടുന്ന പ്രതിനിധി സംഘം അദ്ദേഹത്തോടും ക്യൂബന്‍ ജനതയോടുമുള്ള ഐക്യദാര്‍ഢ്യവും സ്‌നേഹാദരങ്ങളും പ്രഖ്യാപിച്ചത്. 'വി വാ പാലസ്തീന' എന്ന മുദ്രാവാക്യം ക്യൂബന്‍ പ്രസിഡന്റ് മറുപടിയായി മുഷ്ടിചുരുട്ടി മുഴക്കി. വൈകാരികമായ നിമിഷങ്ങളാ യിരുന്നു അത്. ഒരേ രാഷ്ട്രീയത്തിന്റെ സാഹോദര്യം പങ്കുവെക്കുന്ന രണ്ട് ജനതകള്‍ സാര്‍വദേശീയതയുടെ ഐക്യപ്പെടല്‍ പങ്കുവയ്ക്കുന്നു. അനീതിയോട് സന്ധി ചെയ്യാത്ത സാമ്രാജ്യത്വ വിരുദ്ധരാഷ്ട്രീയത്തിന്റെ ഇരമ്പം ഞങ്ങള്‍ കേട്ടു.

placeholder
 സാന്റാക്ലാരയിലെ ചെയുടെ രക്തസാക്ഷിമണ്ഡപം സന്ദര്‍ശിച്ചത് അവിസ്മരണീയമായ അനുഭവമായിരുന്നു. സൂര്യപ്രകാശം പതിക്കുമ്പോള്‍ അതൊരു നക്ഷത്രമായി കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടുംവിധം ശില്പവൈവിധ്യത്തോടെയാണ് മണ്ഡപം പണികഴിപ്പിച്ചിട്ടുള്ളത്. 22 അടി ഉയരമുള്ള ചെയുടെ ജീവസുറ്റ വെങ്കലപ്രതിമ ശവകുടീരത്തിന്റെ മുകളിലായി സ്ഥാപിച്ചിട്ടുണ്ട്. 

അമേരിക്കന്‍ സൈന്യത്താല്‍ രക്തസാക്ഷികളാക്കപ്പെട്ട ചെഗുവേരയുടെയും 29 സഹപോരാളികളുടെയും പേരിലുള്ള ഈ ശവകുടീരം സ്ഥിതിചെയ്യുന്നത് 'പ്ലാസ ചെഗുവേര' അഥവാ 'ചെഗുവേര സ്‌ക്വയര്‍' എന്നറിയപ്പെടുന്ന പ്രദേശത്താണ്. ബൊളീവിയയില്‍നിന്ന് ചെഗുവേരയുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി 1997 ഒക്ടോബര്‍ 17-നാണ് സൈനികബഹുമതികളോടെ ഇവിടെ സംസ്‌കരിച്ചത്. ഫിദല്‍ കാസ്ട്രോ തന്റെ പ്രിയപ്പെട്ട സഖാവിന് ആദരസൂചകമായി കൊളുത്തിവച്ച പന്തം ഇവിടെ എല്ലായ്പ്പോഴും ജ്വലിച്ചുനില്‍ക്കുന്നു. ചെഗുവേര, കാസ്ട്രോയ്ക്ക് അയച്ച അവസാനകത്തില്‍ എഴുതിയ എല്ലായ്പ്പോഴും വിജയത്തിലേക്ക് എന്നര്‍ഥംവരുന്ന ഒമേെമ ഹമ ഢശരീേൃശമ ടശലാുൃല എന്ന വരികളാണ് വെങ്കലപ്രതിമയ്ക്കു ചുവട്ടില്‍ ആലേഖനംചെയ്യപ്പെട്ടിട്ടുള്ളത്. 

ചെഗുവേര ഉപയോഗിച്ചിരുന്ന റൈഫിള്‍, വാട്ടര്‍ ബോട്ടില്‍, ബൈനോക്കുലേഴ്സ്, ക്യാമറ, യൂണിഫോമുകള്‍, അദ്ദേഹത്തിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ചുരുട്ടുവലിക്കുന്ന ചെഗുവേരയുടെ ചിത്രങ്ങള്‍ തുടങ്ങിയവ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അവിടെനിന്ന് അല്പമകലെയായി ചെഗുവേര തോളില്‍ ഒരു കുഞ്ഞുമായി നില്‍ക്കുന്ന വിഖ്യാതമായ പ്രതിമയുണ്ട്.
 

ഫിദല്‍ കാസ്ട്രോയുടെ ശവകുടീരം സാന്താ ഇഫിജീനിയ സെമിത്തേരിയിലാണ്. അദ്ദേഹത്തിന്റെ മരണശേഷമുള്ള ആദ്യമാസം എഴുപതിനായിരത്തോളം മനുഷ്യര്‍ ആ ശവകുടീരം സന്ദര്‍ശിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. ഞങ്ങള്‍ ചെല്ലുമ്പോഴും അവിടെ ആള്‍ത്തിരക്കധികമായിരുന്നു. വിദേശികളാണേറെയും. കൗമാരപ്രായമെത്തിയ പട്ടാളക്കാരാണ് കാവല്‍.  ക്യൂബയില്‍ 18 -21 വയസ്സിനിടയില്‍ യുവാക്കള്‍ക്ക് പട്ടാളസേവനം നിര്‍ബന്ധിതമാണ്. 
  
അമേരിക്കയെപ്പോലും കൊതിപ്പിക്കുന്ന ക്യൂബന്‍ ചുരുട്ട്   ക്യൂബയിലെ പ്രധാനപ്പെട്ട ഉത്പന്നം ചുരുട്ടാണ്. അന്താരാഷ്ട്രതലത്തില്‍ത്തന്നെ ശ്രദ്ധേയമാണ് ക്യൂബന്‍ ചുരുട്ട്. ചെഗുവേരയുടെയും ഫിദല്‍ കാസ്ട്രോയുടെയും ക്യൂബന്‍ വിപ്ലവനായകരുടെയും ചിത്രങ്ങളില്‍ മിക്കപ്പോഴും ക്യൂബന്‍ ചുരുട്ട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫിദല്‍ കാസ്ട്രോയുടെ സിഗാര്‍സ്‌നേഹം വിഖ്യാതമാണല്ലോ. എക്കാലത്തും ക്യൂബയോട് പടവെട്ടിയ അമേരിക്കപോലും ക്യൂബന്‍ ചുരുട്ടിന്റെ ആരാധകരായിരുന്നു. ക്യൂബയ്‌ക്കെതിരായുള്ള കച്ചവട ഉപരോധക്കരാറില്‍ ഒപ്പിടുംമുന്‍പ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ആയിരത്തിലേറെ ക്യൂബന്‍ ചുരുട്ടുകള്‍ ഓര്‍ഡര്‍ചെയ്ത് അമേരിക്കയിലേക്ക് വരുത്തി. 

placeholder
ഫിദൽ കാസ്ട്രോയുടെ കല്ലറ /Shutterstock Images

ക്യൂബയിലെ നഗരങ്ങളിലൂടെ യാത്രചെയ്ത് പ്രാന്തപ്രദേശങ്ങളിലെത്തുമ്പോള്‍ ധാരാളം ടുബാക്കോ ഫാമുകള്‍ കാണാം. ധാരാളം മനുഷ്യര്‍ ഈ ഫാമുകളില്‍ തൊഴിലെടുക്കുന്നു. സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന നിരവധി സിഗാര്‍ റോളിങ് ഫാക്ടറികളും അവിടെ കണ്ടു. സ്ത്രീകളാണ് ഇത്തരം ഫാക്ടറികളില്‍ ജോലിചെയ്യുന്നവരില്‍ ഏറെയും.പണ്ട് ഈ ഫാക്ടറികളില്‍ തൊഴിലാളികളില്‍ ഒരാള്‍ മറ്റുള്ളവര്‍ക്കായി ഏതെങ്കിലും പുസ്തകമോ മാസികയോ ഉറക്കെ വായിച്ചുകൊടുക്കുന്ന പതിവുണ്ടായിരുന്നു. തൊഴിലിനെ ലഘൂകരിക്കുകയെന്നതിനൊപ്പംതന്നെ രാഷ്ട്രീയസാക്ഷരത സാധാരണ ജനങ്ങളിലേക്ക് പകരുന്നതിനും ഇത് കാരണമായി. 

ക്യൂബയില്‍ സിഗാര്‍നിര്‍മാണം കുടില്‍വ്യവസായംപോലെ അതിസാധാരണമാണ്. സാധാരണ ജനങ്ങള്‍ക്ക് ഇതൊരു സ്ഥിരവരുമാനമാര്‍ഗമാണ്. ക്യൂബയില്‍ മെഷീനുപയോഗിച്ച് സിഗാര്‍ റോള്‍ചെയ്യുന്ന ഒറ്റഫാക്ടറി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കി ഫാക്ടറികളിലെല്ലാം മനുഷ്യര്‍ കൈകള്‍കൊണ്ടുതന്നെയാണ് സിഗാര്‍ റോള്‍ചെയ്യുന്നത്. 

ക്യൂബന്‍ ചുരുട്ടുകളില്‍ത്തന്നെ പ്രീമിയം ചുരുട്ട് എന്നറിയപ്പെടുന്നത് കൊഹിബ ചുരുട്ടുകളാണ്. ഇവയ്ക്കുമുണ്ട് ചരിത്രപരമായ സവിശേഷത. 1982-ലാണ് വിഖ്യാതമായ കൊഹിബ ചുരുട്ട് പൊതുജനത്തിന് ലഭ്യമായിത്തുടങ്ങിയത്. അതിനുമുന്‍പ് ക്യൂബയില്‍ ചുരുട്ട് ഉത്പാദിപ്പിക്കപ്പെട്ടിരുന്നത് ഫിദല്‍ കാസ്ട്രോയ്ക്കുവേണ്ടിയായിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖര്‍ക്ക് കാസ്ട്രോയുടെ നയതന്ത്രസമ്മാനമായി മാത്രം അതുവരെയും  കൊഹിബ ചുരുട്ട് ലഭിച്ചിരുന്നു. കാസ്ട്രോയുടെ തൊണ്ണൂറാം പിറന്നാളിന് ക്യൂബന്‍ പുകയിലവ്യാപാരിയായ കാസ്റ്റ്ലര്‍ 90 മീറ്റര്‍ നീളമുള്ള ചുരുട്ട് സമ്മാനമായി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. 

ചെയും ചുരുട്ടിന്റെ ആരാധകനായിരുന്നു. ഇന്ത്യാസന്ദര്‍ശനവേളയില്‍ ദുര്‍ഗാദേവിയുടെ രൂപം കൊത്തിവെച്ച ഉടവാളിടുന്ന ഉറ നെഹ്റു ചെഗുവേരയ്ക്ക് സമ്മാനിച്ചു. നെഹ്റുവിന് ഒരു പെട്ടി ക്യൂബന്‍ ചുരുട്ടായിരുന്നു ചെയും സംഘവും സമ്മാനമായി നല്‍കിയത്. ലോകത്തെ ഏറ്റവും മുന്തിയ ചുരുട്ടുകള്‍ ഇപ്പോഴും ഉത്പാദിപ്പിക്കപ്പെടുന്നത് ക്യൂബയിലാണ്. ക്യൂബയിലെത്തുന്ന ടൂറിസ്റ്റുകളില്‍ നല്ലപങ്കും ക്യൂബന്‍ ചുരുട്ടുകളുടെ ആരാധകരായാണ് മടങ്ങിപ്പോകുക. ഓള്‍ഡ് ഹവാനയില്‍നിന്ന് കൗതുകത്തിനായി കുറച്ച് ക്യൂബന്‍ ചുരുട്ടുകള്‍ വാങ്ങി. അവയുടെ ലഹരിയെക്കാളും ചെയുടെ ചുണ്ടില്‍ അമര്‍ന്നിരിക്കുന്ന ചുരുട്ടിന്റെ ഭംഗിയാണ് അവ വാങ്ങാന്‍ പ്രേരിപ്പിച്ചത്. 

സംഗീതവും കടലും
തെരുവിലൂടെ നടക്കുമ്പോള്‍പ്പോലും പാട്ടുകേള്‍ക്കുന്ന, പാട്ടിന്റെ താളത്തിനൊത്ത് ചുവടുകള്‍ വെക്കുന്ന സംഗീതപ്രിയരാണ് ക്യൂബയിലെ മനുഷ്യര്‍. അതുപോലെതന്നെ ക്യൂബന്‍ ജനതയ്ക്ക് പ്രിയതരമാണ് ഫുട്‌ബോളും. അവരുടെ ആതിഥ്യസ്‌നേഹവും എടുത്തുപറയേണ്ടതാണ്.  ഫിദല്‍ കാസ്ട്രോയുടെ രക്തസാക്ഷിമണ്ഡപം സന്ദര്‍ശിക്കാനുള്ള നീണ്ട യാത്രയ്ക്കിടെ ഒരു സഹയാത്രികന്‍ ഞങ്ങളെ അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അയാള്‍ക്ക് ചെഗുവേരയുടെ മുഖച്ഛായയുണ്ടായിരുന്നു. മറ്റൊരു ഭൂഖണ്ഡത്തില്‍നിന്ന് തങ്ങളുടെ രാജ്യത്തിലെത്തിയ, ഊരും പേരും അറിയാത്ത ഞങ്ങളെ ആ കുടുംബം ഹൃദയംകൊണ്ട് വരവേറ്റു. 

ക്യൂബയിലെ അംഗന്‍വാടികള്‍ നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. ഉന്നത വിദ്യാഭ്യാസ ത്തെ പോലെ തന്നെ പ്രാധാന്യ ത്തോടെയാണ് അവര്‍ പ്രീ-പ്രൈമറി വിദ്യാഭ്യാസരംഗത്തെയും കണക്കാക്കുന്നത്. 1959 കാസ്‌ട്രോ ഉന്നത വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദേശസാല്‍ക്കരിച്ചത് ക്യൂബന്‍ സാമൂഹി ക ജീവിതത്തെ സോഷ്യലിസ്റ്റ് പാതയില്‍ നയിക്കുന്നതിന് ഗുണം ചെയ്തു. ബജറ്റിന്റെ ഏറ്റവും വലിയ വിഹിതം വിദ്യാഭ്യാസത്തിന് നീക്കിവെക്കുന്ന രാജ്യമാണ് ക്യൂബ. സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യ പരിപാ ലനവും പൂര്‍ണമായി സൗജന്യമായി നല്‍കാന്‍ ക്യൂബന്‍ സര്‍ക്കാരിന് കഴിയുന്നു. കോവിഡ് കാലത്ത് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ വലിയ പ്രതിസന്ധി നേരിട്ടപ്പോള്‍ പോലും ക്യൂബന്‍ മോഡല്‍ കോവിഡ് പ്രതിരോധം ആഗോളതലത്തില്‍ ശ്രദ്ധ നേടിയിരുന്നു.
  
Castle of Three Kings of Morro ക്യൂബന്‍ കാഴ്ചകളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. വിശാലമായ ഒരു കോട്ടയാണിത്.. കോട്ടയ്ക്കകത്തുകൂടി നടന്ന് ലൈറ്റ് ഹൗസില്‍ എത്താം. അവിടെനിന്നു നോക്കുമ്പോള്‍ വിസ്തൃതമായ കടലും ഹവാനാനഗരവും കാഴ്ചകളെ തൊടും. രാത്രി ഇവിടെ നില്‍ക്കുമ്പോള്‍ ക്യൂബയിലെ ചെറുതും വലുതുമായ വീടുകളിലെയും കടകളിലെയും വെട്ടം ഓളപ്പരപ്പുകളില്‍ തട്ടി പ്രതിഫലിക്കുന്നതുപോലെ തോന്നും. തൊട്ടടുത്ത് ഏകാധിപതിയായ ബാറ്റിസ്റ്റയുടെ പട്ടാള ക്യാമ്പ് ഒരു സ്മാരകമായി മുന്നില്‍ തെളിയും. ഇപ്പോളത് ക്യൂബന്‍ പട്ടാളത്തിന്റെ ക്യാമ്പാണ്. എല്ലാദിവസവും വൈകുന്നേരം ക്യാമ്പില്‍നിന്ന് ഗണ്‍ഷോട്ടുണ്ട്. ഇതുകാണാനും ധാരാളം സന്ദര്‍ശകരെത്താറുണ്ട്. കാഴ്ചകള്‍ കണ്ടിറങ്ങുമ്പോള്‍ നമ്മുടെ നാട്ടിലെപ്പോലെ ഒരു തട്ടുകട സന്ദര്‍ശകരെ കാത്തിരിക്കുന്നു. അവിടെനിന്ന് കരിക്കും കുടിച്ച് യാത്ര തുടര്‍ന്നു. 
  

placeholder
 /Shutterstock Images

ബീച്ച് ടൂറിസത്തിന് ക്യൂബയില്‍ വലിയ സാധ്യതകള്‍ ആണുള്ളത്. വൃത്തിയുള്ളതും അപാരമായ ഭംഗിയുള്ളതുമായ നിരവധി ബീച്ചുകള്‍ ക്യൂബയില്‍ ഉണ്ട്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ജൈവഭംഗി ചോരാതെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളും ബീച്ച് ടൂറിസത്തിന് ക്യൂബയില്‍ വലിയ സാധ്യതകള്‍ തുറന്നു നല്‍കുന്നു. അതിമനോഹരമായ ഒരു കാന്‍വാസില്‍ വരച്ച ചിത്രം പോലെയാണ് ഇളംപച്ച നിറമാര്‍ന്ന വരദേരോ ബീച്ച്. പ്രകൃതിയുടെ സമഗ്രസൗന്ദര്യവും ചിതറിക്കിടക്കുന്ന വന്യമായൊരനുഭൂതി. 
 
സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് ചേരിയില്‍ നിക്ഷേപിച്ച വിഷാദവും പ്രതീക്ഷാരഹിതമായ മാനസികാവസ്ഥയും മറികടക്കാന്‍ ലോകത്തെ പ്രേരിപ്പിച്ചത് ക്യൂബന്‍ രാഷ്ട്രീയ ജീവിതമാണ് എന്നതാണ് സത്യം. അമേരിക്ക പലകാലങ്ങളായി ഏര്‍പ്പെടുത്തിയ ഉപരോധ പെരുമഴയെ അതിജീവിച്ചാണ് ക്യൂബന്‍ സമ്പദ്‌വ്യവസ്ഥ അനുനിമിഷം വികസിക്കുന്നത്. ക്യൂബന്‍ ജനതയുടെ ചരിത്രത്തിലും ജീനുകളിലും അവസാനിക്കാത്ത സമരവീര്യമുണ്ട്. യന്ത്രത്തകരാറുകൊണ്ട് പോലും ക്യൂബന്‍ തീരത്ത് മറ്റൊരു രാജ്യത്തിന്റെയും കപ്പല്‍ അടുക്കുന്നില്ല എന്ന് ഉറപ്പിക്കുന്ന അമേരിക്കന്‍ രാഷ്ട്രീയ ഉപരോധം ക്യൂബ അതിജീവിക്കുന്നത് ഈ പോരാട്ട വീര്യം കൊണ്ടാണ്. ക്യൂബ ലോകത്തോട് ആവശ്യപ്പെടുന്നത് സഹതാപമോ പരിഗണനയും അല്ല, മറിച്ച് നീതിയും ജനാധിപത്യവും നിറഞ്ഞ ലോകവ്യവസ്ഥയാണ്. 'അനീതിക്കെതിരെ നടക്കുന്ന സമരത്തില്‍ ആര്‍ക്കൊപ്പം നിന്നു?' ആ ദേശം ലോകത്തോട് ചോദിക്കുന്നു.