
പണ്ടുപണ്ട്...അതായത് ഏതാണ്ട് 350 വര്‍ഷം മുമ്പത്തെ കഥയാണ്. പിടിക്കപ്പെട്ടാല്‍ മരണശിക്ഷ ഉറപ്പാണെന്നറിഞ്ഞിട്ടും കാപ്പിയോട് തോന്നിയ പ്രണയത്താല്‍ അതിന്റെ വിത്ത് ഇന്ത്യയില്‍ എത്തിച്ച ഒരു സൂഫിവര്യന്റെ കഥ. ആഫ്രിക്കയില്‍ പിറവിയെടുത്ത കാപ്പി, യെമന്‍ വഴി ഇന്ത്യയില്‍ എത്തിയ കഥ. ഗ്രൂപ്പ് കോ-ഓര്‍ഡിനേറ്റര്‍ കൃഷ്‌ണേന്ദു തൃശൂര്‍ ചുവയില്‍ കഥ പറഞ്ഞുതുടങ്ങിയപ്പോള്‍ത്തന്നെ മംഗലാപുരംകാരി ഗ്രേസ് പുറകില്‍നിന്ന് ഉടക്കിട്ടു. മലയാളം മാത്രം പോരാ, ഇംഗ്ലീഷിലോ ഹിന്ദിയിലോ കൂടിവേണം. പാവത്തിന് ആകെ അറിയാവുന്നത് ചില മലയാളം വാക്കുകളാണ്. അതാണെങ്കില്‍ പൊതുമധ്യത്തില്‍ പറയാനും വയ്യ.
ആകെ പതിമൂന്നുപേരുടെ പെണ്‍കൂട്ടമായിരുന്നു ഞങ്ങളുടേത്. പന്ത്രണ്ടുപേരും കേരളത്തിന്റെ വിവിധ ജില്ലകളില്‍നിന്നുള്ളവര്‍. പലവഴിയില്‍ മംഗലാപുരത്തെത്തി അവിടെനിന്ന് ഒന്നിച്ചവര്‍. മലയാളത്തില്‍ അല്ലാതെ കഥ പറഞ്ഞാല്‍ ഒരു 'ഫീല്‍' ഉണ്ടാവില്ലെന്ന് ജോയ്‌സി ചേച്ചിയുടെ കമന്റ് വന്ന ഉടനെതന്നെ ഭൂരിപക്ഷം പിന്‍താങ്ങി. ഹിന്ദി തര്‍ജ്ജമ ഏറ്റെടുത്തുകൊണ്ട് കല്‍പന അതിനും പരിഹാരം കണ്ടെത്തി. അങ്ങനെ കൃഷ്ണ കഥ തുടര്‍ന്നു. 


സ്ത്രീകള്‍ക്കുമാത്രമുള്ള ചിക്കമംഗളൂരു യാത്ര ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആദ്യം വായിച്ചുപഠിച്ചതും ഈ ചരിത്രമായിരുന്നു. യാത്രയിലെ പ്രധാന ആകര്‍ഷണവും ബാബ ബുദാന്‍ഗിരി ഉള്‍പ്പെടെയുള്ള മലനിരകളിലൂടെയുള്ള ട്രക്കിങ് തന്നെ. ചിക്കമംഗളൂരു പോകുംവഴിയാണ് ബേലൂരും ഹാലേബേഡും. ഇന്ത്യന്‍ വാസ്തുവിദ്യയുടെ രത്നമെന്ന് അറിയപ്പെടുന്ന ഇടം. ക്ഷേത്രങ്ങളുടെയും ശില്‍പങ്ങളുടെയും മനോഹരമായ ശേഖരം കൊണ്ട് അലങ്കരിച്ച ഒരു നഗരമാണിത്.
കഥകേട്ട് കഴിഞ്ഞ് അതും സ്വപ്‌നം കണ്ട്, സീറ്റിലേക്ക് തല ചായ്ച്ചിരിക്കുമ്പോഴാണ് പൊന്നാനിക്കാരി പ്രീത വിളിച്ചുപറഞ്ഞത്. 'മുന്നിലേക്ക് നോക്കിയേ, ദേ സൂര്യന്‍ ചുവന്ന് തുടുത്തു നില്‍ക്കുന്നു'. തിരശ്ശീലയ്ക്ക് പിന്നില്‍നിന്നും നാണംകുണുങ്ങി, തല പതിയെ പുറത്തുകാണിക്കുന്ന നായികയെപ്പോലെ ആകാശത്ത് മേഘക്കൂട്ടങ്ങള്‍ക്കിടയില്‍നിന്നും സൂര്യന്‍ പതുക്കെ തെളിഞ്ഞുവരുന്നു. മുന്നിലെ പാത തെളിഞ്ഞുതുടങ്ങിയപ്പോഴാണ് പ്രകൃതിയുടെ ശരിയായ സൗന്ദര്യം കാണുന്നത്. റോഡിന് ഇരുവശവും ഇടതൂര്‍ന്നുനില്‍ക്കുന്ന മരങ്ങളും ദൂരെ തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകളും. ഒരു വളവ് തിരിഞ്ഞപ്പോള്‍ മുന്നില്‍ ഇലകള്‍ മൂടിക്കൊണ്ട് വയലറ്റ് ജാക്കരാന്ത പൂവുകള്‍ മരങ്ങള്‍ക്ക് കിരീടമന്നെപോലെ നില്‍ക്കുന്നു. ഇടയ്ക്ക് കണ്ണിന് സുഖംനല്‍കാന്‍ ഗുല്‍മോഹര്‍ വസന്തം.

ശില്പചാതുര്യത്തിന്റെ വിസ്മയക്കാഴ്ചകള്‍
പുറത്തെ കത്തുന്ന വെയിലിലും സഞ്ചാരികള്‍ക്ക് വിസ്മയം തീര്‍ത്ത് ഹോയ്‌സാല സാമ്രാജ്യത്തിന്റെ പ്രൗഢി വിളിച്ചോതി ബേലൂര്‍ വിഹരിക്കുന്നു. 1117-ലുണ്ടായ തലക്കാട് യുദ്ധത്തില്‍ ചോളന്മാരെ തോല്‍പ്പിച്ചതിന്റെ സന്തോഷസൂചകമായി ഹൊയ്‌സാല ചക്രവര്‍ത്തിയായ വിഷ്ണുവര്‍ദ്ധനാണ് ചെന്നകേശവ ക്ഷേത്രം പണികഴിപ്പിച്ചത്. ക്ഷേത്രനിര്‍മാണത്തില്‍ ജൈനവാസ്തുവിദ്യയുടെ സ്വാധീനവും കാണാനാകും. നാല് പ്രവേശനകവാടങ്ങളാണ് ഇവിടെയുള്ളത്. ശില്‍പഭംഗി നിറഞ്ഞ 48 തൂണുകള്‍. ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തം. മുകളില്‍ നിന്നു നോക്കിയാല്‍ ഒരു നക്ഷത്രം പോലെയാണ് ക്ഷേത്രത്തിന്റെ ഘടന. എത്ര കണ്ടാലും മതിവരാത്ത കൊത്തുപണികള്‍. ഒന്നിനോടൊന്ന് മത്സരിക്കുന്ന ശില്‍പസൗന്ദര്യങ്ങള്‍.

ഈ അദ്ഭുതം കണ്ടശേഷം നേരെ ഹാലേബീഡു ക്ഷേത്രത്തിലേക്ക്. ഇവിടെയുണ്ടായിരുന്ന 84 സ്ത്രീ രൂപ ശില്‍പങ്ങളില്‍ 14 എണ്ണം ഒഴികെ ബാക്കിയെല്ലാം മോഷ്ടിച്ചുവെന്നാണ് ചരിത്രം. ക്ഷേത്രത്തിന്റെ പുറംചുവരുകളില്‍ മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും കഥകള്‍ പറയുന്ന നൂറുകണക്കിന് കൊത്തുപണികള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ബേലൂരിലെയും ഹാലേബീഡുവിലെയും മനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിച്ച് ചിക്കമംഗളൂരുവിലേക്ക് യാത്ര തുടര്‍ന്നു. ഇരുവശത്തും കാപ്പിത്തോട്ടങ്ങള്‍നിറഞ്ഞ പാതയിലൂടെയുള്ള യാത്ര. കാപ്പി മരങ്ങള്‍ക്കിടയില്‍, കാപ്പിപ്പൂവുകളുടെ സുഗന്ധവുമായി ഒരു രാത്രി കടന്നുപോവുന്നു.

താഴ്‌വാരം മുതല്‍ കൊടുമുടിയുടെ അറ്റംവരെ ചോക്കുകൊണ്ടുവരച്ചതെന്നപോല്‍ വളഞ്ഞുകിടക്കുന്ന പാത. തണുത്ത കാറ്റുംകൊണ്ട് പതിയെ പടികള്‍ കയറാന്‍ തുടങ്ങി. ഏതാണ്ട് പകുതി കയറിക്കഴിഞ്ഞപ്പോള്‍ താഴേക്ക് തിരിഞ്ഞുനോക്കി. പാമ്പുപോലെ വളഞ്ഞുപുളഞ്ഞുകിടക്കുന്ന വെളുത്തനിറമുള്ള പാത ഒരു മലയെ അടുത്ത മലയുമായി ചേര്‍ത്തുവെക്കുന്ന മനോഹരമായ കാഴ്ച. അവിടെനിന്നും കുറച്ച് പടികള്‍ മുകളിലേക്ക് വൃത്തിയായി പണിതുവെച്ചിട്ടുണ്ട്. അങ്ങോട്ട് പ്രവേശിക്കണമെങ്കില്‍ ചെരിപ്പ് താഴെ അഴിച്ചുവെക്കണം. മുകളില്‍ ചെറിയ അരമതില്‍ക്കെട്ടിനുള്ളില്‍ ശിവക്ഷേത്ര കാണാം. ക്ഷേത്രത്തിനും ഒരു പടി മുകളിലായുള്ള കിണറിനു മുകളില്‍ വലിയൊരു മണി തൂക്കിയിട്ടിരിക്കുന്നു. കൊടുമുടിയുടെ ഏറ്റവും മുകളിലത്തെ കാഴ്ച. അവിടെനിന്നും താഴോട്ടുനോക്കുമ്പോള്‍ കണ്ടത് വാക്കുകളില്‍ ഒതുങ്ങില്ല. കൈകൊണ്ട് തൊടാമെന്നതുപോല നില്‍ക്കുന്ന നീലാകാശവും പഞ്ഞിപോലുള്ള മേഘങ്ങളും താഴെ പച്ച പുതച്ച ഭൂമിയും.



ഈ മലയോടുചേര്‍ന്നുതന്നെ മറ്റൊരു മുനമ്പുണ്ട്. അവിടേയ്ക്കുള്ള പാത താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. അതിനുമുകളില്‍നിന്നുള്ള സൗന്ദര്യം ആസ്വദിച്ചശേഷം വലതുവശത്തുള്ള പടികളിറങ്ങി. അവിടെയാണ് പുണ്യജലമൊഴുകുന്ന മാണിക്യധാരയുള്ളത്. അതിനോടുചേര്‍ന്ന്് ഒരു ദര്‍ഗയുമുണ്ട്. ഒരാള്‍ക്ക് അഞ്ചുരൂപവെച്ച് പ്രവേശന ഫീസും കൊടുത്ത് മാണിക്യധാരയുടെ അരികിലേക്കിറങ്ങി. അനങ്ങി നടക്കാന്‍ ഇടയില്ലാത്ത വിധം ആളുകളുടെ തിരക്കാണിവിടെ. മാണിക്യധാരയിലെ പുണ്യജലത്തില്‍ കുളിക്കാനായുള്ള വരവാണ്. കുളിക്കാന്‍ പോകുന്നവരും കുളി കഴിഞ്ഞുവരുന്നവരും തമ്മിലുള്ള കൈയാങ്കളിയെന്നും പറയാം. ഒരുവിധം നടന്ന് താഴെയെത്തി. കീഴ്ക്കാംതൂക്കായി കിടക്കുന്ന പാറയിലൂടെ, പച്ചപ്പുല്ലുകളില്‍ തട്ടിത്തടഞ്ഞ്, നൂലില്‍ കോര്‍ത്തടുത്തപോലെ തുള്ളികളായി പെയ്തിറങ്ങുന്ന ചെറിയ വെള്ളച്ചാട്ടം. കുത്തനെയുള്ള പാറക്കെട്ടിന്റെ മുകളില്‍നിന്നും പേരിന് അനുയോജ്യമായ രീതിയില്‍ താഴേക്ക് പതിക്കുന്ന മാണിക്യധാരയെന്ന മനോഹര കാഴ്ച.

Content Highlights: chikmagalur, indian coffee history, baba budangiri
Published: 15 Nov 2023, 04:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented