“നമുക്ക് ഈ കൊല്ലം ചെട്ടിനാട് പോയാലെന്താ?” ഒരുമിച്ചുള്ള അടുത്ത യാത്ര എങ്ങോട്ടാകണം എന്ന മണിക്കൂറുകള്‍ നീണ്ട ഫോണ്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ കൂട്ടുകാരി സൂര്‍മ ചോദിച്ചു. അത്രയും നേരം ഞാന്‍ പറയുന്ന സ്ഥലങ്ങള്‍ അവള്‍ക്ക് പിടിക്കില്ല, അവള് പറയുന്നത് എനിക്കും. പക്ഷെ ചെട്ടിനാട് എന്നു കേട്ടതും എന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി! കുറേ നാളായി പോകണമെന്ന് വിചാരിക്കുന്നു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ ആത്തംഗുഡി, കാനാടുകാത്താന്‍, ദേവക്കുടി, കാരയ്ക്കുടി, ദേവക്കോട്ടയ് തുടങ്ങി ഏകദേശം അന്‍പത്തിരണ്ടോളം ഗ്രാമങ്ങള്‍ ചേര്‍ന്നതാണ് ചെട്ടിനാട്. ഒരു കാലത്തെ ഏറ്റവും വലിയ സമ്പന്നരായിരുന്ന 'ചെട്ടിയാര്‍' സമുദായത്തിന്റെ നാട്. ചെട്ടിയാന്‍മാര്‍ക്ക് പണ്ട് ബര്‍മയും (ഇന്നത്തെ മ്യാന്മാര്‍) മലേഷ്യയുമായൊക്കെ കച്ചവടബന്ധങ്ങള്‍ ഉണ്ടായിരുന്നു. ബര്‍മയില്‍ നിന്നുള്ള കൂറ്റന്‍ തേക്കിന്‍തടികള്‍ ഉപയോഗിച്ച് അവര്‍ പണിത മണിമാളികകള്‍ ഈ ഗ്രാമങ്ങളില്‍ ഇന്നുമുണ്ട്. പോരാത്തതിന് ചെട്ടിനാട് പാചകരീതി അതിപ്രശസ്തമാണ്. 'ചെട്ടിനാട് സമയല്‍' എന്താണെന്ന് നേരിട്ടറിയുകയും ചെയ്യാം. രുചികളും ചരിത്രവും ആവോളമുള്ള മണ്ണ്! വേറെയെന്തു വേണം! ഞാന്‍ ആവേശത്തില്‍ പറഞ്ഞു, 'ചലോ ചെട്ടിനാട്'

മദുരയില്‍ നിന്ന് ചെട്ടിനാട് ഗ്രാമമായ കാരയ്ക്കുടിയിലേക്കുള്ള ദൂരം ഏകദേശം നൂറു കിലോമീറ്റര്‍ ആണ്. തലേന്ന് മദുരയില്‍ തങ്ങി ജിഗര്‍തണ്ടയും കലക്കിയും കൊത്തുപൊറോട്ടയും ബിരിയാണിയും കഴിച്ച് പിറ്റേന്ന് രാവിലെ സ്‌കൂട്ടറില്‍ പുറപ്പെട്ടാല്‍ സംഗതി സെറ്റ്!

പ്ലാന്‍ പ്രകാരം ഞങ്ങള്‍ മദുരൈയില്‍ കണ്ടുമുട്ടി. മൂക്കുമുട്ടെ ബിരിയാണിയും കലക്കിയും കുലുക്കിയും കൊത്തുപൊറോട്ടയും ബണ്‍ പൊറോട്ടയും എന്നുവേണ്ട മദുരൈ നഗരം മുക്കാലും ഞങ്ങള്‍ അകത്താക്കി! ഇനി ഒരു ടൂ വീലര്‍ കൂടി ഒപ്പിച്ചാല്‍ സെറ്റ്! മദുരൈയിലെ സകല ടൂ വീലര്‍ കടകളിലും വിളിച്ചു. ദീപാവലി ആയതുകൊണ്ട് മിക്കവരും കട തുറന്നിട്ടില്ല, തുറന്നവരില്‍ ചിലര്‍ അടിച്ചു നാലുകാലില്‍ ആണ്. ഒടുവില്‍ എയര്‍പ്പോര്‍ട്ടിനടുത്തു ഒരു ചെക്കന്‍ ടൂ വീലര്‍ വാടകയ്ക്ക് കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞു. നേരെ അവിടെ പോയി വണ്ടിയെടുത്തു! ഇനി അതിരാവിലെ ആറ് മണിക്ക് എണീക്കുക, നേരെ കാരയ്ക്കുടി പോകുക! ലളിതം,സുന്ദരം! ഞങ്ങള്‍ സമയം പാഴാക്കാതെ ഉറങ്ങാന്‍ കിടന്നു.
“ഗൗരി! എഴുന്നേല്‍ക്ക്! സമയം പത്തുകഴിഞ്ഞു!” സൂര്‍മ കുലുക്കി എഴുന്നേല്‍പ്പിച്ചു. പാതി മയക്കത്തില്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞു, അങ്ങനെ വരാന്‍ വഴിയില്ലല്ലോ! ആറ് മണിക്ക് അലാറം വെച്ചതല്ലേ! യാത്രക്ഷീണം കാരണം രണ്ടു പേരും അലാറം കേട്ടില്ല. ഞായറാഴ്ച വരെ രാവിലെ ഏഴു മണിക്ക് എഴുന്നേല്‍ക്കുന്ന ചിട്ടയുള്ള കക്ഷിയാണ് സൂര്‍മ. ആ ചിട്ടക്കാരിയും അന്ന് എഴുന്നേറ്റില്ല. ഹോസ്റ്റലില്‍ രാത്രി രണ്ടു മണിവരെ എന്റെ കൂടെയിരുന്ന് സിനിമ കണ്ടിട്ട് പിറ്റേന്നും ഏഴുമണിക്ക് എണീറ്റവളാണ് അന്നുറങ്ങിപ്പോയത്. ചരിത്രനിമിഷം ആണത്! അവളെ ഒന്ന് വൃത്തിക്ക് വാരാന്‍ (കളിയാക്കാന്‍) പോലും സമയം ഇല്ലാത്തതുകൊണ്ട്, ഉള്ളതെല്ലാം പെറുക്കി വാരി ഞങ്ങള്‍ പെട്ടെന്ന് പുറപ്പെട്ടു. പതിനൊന്ന് മണി! തമിഴ്‌നാട്ടിലെ നട്ടപ്ര വെയില്‍! യാത്ര എങ്ങനെ ഉണ്ടായിരുന്നെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ! ആറു മണിക്ക് പുറപ്പെട്ട് ഒന്‍പതു മണിയോടെ ചെട്ടിനാട് എത്തണം എന്ന് കരുതിയത് തന്നെ ഈ വെയില്‍ ഒഴിവാക്കാന്‍ ആണ്. എന്തായാലും വെയിലത്തു ഏകദേശം ഷവര്‍മ ആയി ഞങ്ങള്‍ എങ്ങനെയൊക്കെയോ കാരയ്ക്കുടി എത്തി.

ബാഗും വെച്ചിട്ട് നേരെ പുറപ്പെട്ടത് എസ്പി മെസ്സ് എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന ശ്രീ പ്രിയ മെസ്സിലേക്കാണ്. ഏകദേശം ഒന്നര സമയം. നല്ല തിരക്കുള്ള ഒരു ചെറിയ കട. കുറേ അക്കമാര്‍ ധൃതിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടന്ന് വിളമ്പുന്നുണ്ട്. കാറ്റിനു മട്ടണ്‍ ചുക്കയുടെയും ഞണ്ടിന്റെയും വാസന!
"അമ്മ! ഇങ്കെ ഉക്കാരെടാ.” 
അവരില്‍ ഒരക്ക 'പാസത്തോടെ' രണ്ടു സ്റ്റൂളുകള്‍ കാട്ടി പറഞ്ഞു. എനിക്ക് തമിഴില്‍ ഏറ്റവും ഇഷ്ടമുള്ളൊരു ഭാഷപ്രയോഗം ആണ് പ്രായഭേദമന്യേയുള്ള ഈ 'അമ്മ' വിളി. കേള്‍ക്കുമ്പോള്‍ എന്തോ വല്ലാത്തൊരു നിര്‍വൃതി. സത്യത്തില്‍ ആ ഭാഷ എന്തൊരു സുന്ദരമാണ്! പതിനേഴാമത്തെ വയസ്സില്‍ പഠിക്കാന്‍ തമിഴ്‌നാട്ടില്‍ എത്തിയപ്പോള്‍ മുതല്‍ ആ ഭാഷയോടും മനുഷ്യരോടും ഒരു പ്രത്യേക മമത എനിക്കുണ്ട്. തമിഴ് നന്നായി പറയാനും വായിക്കാനും എഴുതാനും ആദ്യ വര്‍ഷംതന്നെ ഞാന്‍ പഠിച്ചതും ഭാഷാസ്‌നേഹം കൊണ്ടാണ്. ഇങ്ങനെ എന്തൊക്കെയോ ആലോചിച്ചിരുന്നപ്പോഴേക്കും ഞങ്ങളുടെ മുന്നില്‍ തൂശനില വന്നുകഴിഞ്ഞു. നല്ല വെളുത്ത സുന്ദരന്‍ അരിയും മീന്‍ കുഴമ്പും കാരയ് കുഴമ്പും സാമ്പാറും രസവും മോരും തക്കാളി തൊകയലും വത്തക്കായ് വതയലും കൂടെ സ്‌പെഷ്യല്‍ ആയി പറഞ്ഞ ചെട്ടിനാട് മട്ടണ്‍ ചുക്കയും ഞണ്ട് മസാലയും നെയ്മീന്‍ വറുത്തതും! ഭക്ഷണത്തിന്റെ രുചികള്‍ക്കുമപ്പുറം അതു സ്‌നേഹത്തോടെ വിളമ്പിയ പെണ്‍കൈകള്‍! വയറും മനസ്സും ഒരുപോലെ നിറഞ്ഞാണ് ഞങ്ങള്‍ അവിടുന്നിറങ്ങിയത്.

സമയം പാഴാക്കാതെ ഞങ്ങള്‍ പുറപ്പെട്ടത് ആത്തംഗുഡിക്കാണ്. അവിടെ ആത്തംഗുഡി പാലസ് എന്നൊരു ചെട്ടിയാര്‍ ബംഗ്ലാവുണ്ട്. അന്‍പതു രൂപയുടെ ടിക്കറ്റ് എടുത്താല്‍ അകത്തു കയറിക്കാണാം. കാരയ്ക്കുടിയില്‍ നിന്ന് ഏകദേശം പതിമൂന്നു കിലോമീറ്റര്‍. പനകളും മാവുകളും തണലിട്ട മനോഹരമായ വഴികള്‍. സൈക്കിളിലും മോപ്പെഡിലുമൊക്കെ പോകുന്ന സാധാരണക്കാരായ മനുഷ്യര്‍. റേഡിയോ ഗാനങ്ങള്‍ മുഴങ്ങുന്ന, നല്ല സുന്ദരന്‍ സമോവര്‍ ചായ കിട്ടുന്ന ധാരാളം ചായക്കടകള്‍. മനോഹരമായ ഈ ഗ്രാമക്കാഴ്ചകള്‍ക്കിടയില്‍ കടങ്കഥ പോലെ റോഡുകളുടെ ഇരുവശങ്ങളിലുമായി പടുകൂറ്റന്‍ ചെട്ടിയാര്‍ മാളികകള്‍ കാണാം. പഴയ കാലത്തെ പ്രതാപം അയവിറക്കി ജീവിക്കുന്ന പ്രേതാലയം പോലുള്ള വീടുകള്‍. മിക്കതും പൂട്ടിയ നിലയിലാണ്. ചെട്ടിയാന്മാര്‍ കച്ചവടം പോലെ തന്നെ വിദ്യാഭ്യാസത്തിനും പ്രാധാന്യം കൊടുത്തിരുന്നു. അഭ്യസ്തവിദ്യരായ ഇളംതലമുറക്കാര്‍ക്ക് ചെട്ടിനാട് എന്ന ലോകം വളരെ ചെറുതായി തോന്നിയിട്ടുണ്ടാകണം. സിങ്കപ്പൂര്‍, മലേഷ്യ, ജപ്പാന്‍, അമേരിക്ക തുടങ്ങിയ വലിയ ലോകങ്ങളിലേക്ക് അവര്‍ ചേക്കേറിയപ്പോള്‍ അവരുടെ പൂര്‍വികര്‍ നിര്‍മ്മിച്ച ബംഗ്ലാവുകള്‍ ഇന്നലെകളുടെ തിരുശേഷിപ്പ് മാത്രമായി. മറ്റു ചില വീടുകള്‍ അവകാശതര്‍ക്കത്തില്‍ അനാഥമായതാണ്. നൂറും നൂറ്റാന്‍പതും അവകാശികള്‍ തങ്ങള്‍ക്ക് കിട്ടേണ്ടതിനെ ചൊല്ലി കലഹിച്ചപ്പോള്‍ വീടുകള്‍ കോടതി അടച്ചുപൂട്ടി സീല്‍ വെച്ചു. ഇത്തരത്തില്‍ പല കാരണങ്ങള്‍ കൊണ്ട് പ്രേതാലയം പോലെ ഏകദേശം പതിനായിരം വീടുകളാണ് ചേട്ടിനാട്ടിലെ വിവിധ ഗ്രാമങ്ങളില്‍ ഉള്ളത്. ഇവയില്‍ ചുരുക്കം ചിലതൊക്കെ ആഡംബര ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് പാട്ടത്തിന് നല്‍കി. ചിദംബരവിലാസം, വിസാലം പോലെയുള്ളവ. ആത്തംഗുഡി പാലസ് പോലെ ചിലത് പൊതുജനത്തിന് തുറന്നുകൊടുത്തു.

അങ്ങനെ കുറേ ഊടുവഴികള്‍ പിന്നിട്ട് ഒടുവില്‍ ആത്തംഗുഡി പാലസില്‍ എത്തിച്ചേര്‍ന്നു. കണ്ടമാത്രയില്‍ തന്നെ ഞങ്ങള്‍ രണ്ടുപേരും ഒരുപാട് നെടുവീര്‍പ്പിട്ടു. ഏകദേശം നൂറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് രാമനാഥന്‍ ചെട്ടിയാര്‍ എന്നയാള്‍ പണിത കൊട്ടാരസമാനമായൊരു വീട്. അതാണ് ആത്തംഗുഡി പാലസ്. കേറിചെല്ലുമ്പോള്‍ തന്നെ ബര്‍മ തേക്കുകൊണ്ട് നിര്‍മിച്ച തൂണുകള്‍ കാണാം. ചെട്ടിയാര്‍ വീടുകളുടെ എല്ലാം പ്രത്യേകതയാണീ തൂണുകള്‍. കറുപ്പും വെളുപ്പും നിറത്തിലുള്ള ആത്തംഗുഡി തറയോടുകള്‍ നീളത്തില്‍ പാകിയിട്ടുണ്ട്. നമ്മുടെ നാലുകെട്ടിനു സമാനമായി വലിയൊരു നടുത്തളം. അതിന് ചുറ്റുമായി ഏകദേശം അറുപതോളം മുറികള്‍. സൂര്‍മ പെട്ടെന്ന് വിരല്‍ മുകളിലേക്ക് ചൂണ്ടി. സീലിങ്ങുകള്‍ മുഴുവന്‍ ബഹുവിധ ചിത്രപ്പണികളാണ്. നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടുകളില്‍ ചുമരോടുകള്‍ വെക്കുന്ന പതിവില്ലായിരുന്നു. എന്നാല്‍ അന്നത്തെ 'പരിഷ്‌കാരി' വീടായിരുന്ന ആത്തംഗുഡി പാലസില്‍ ചുമരുകളില്‍ പൂക്കളുടെയും മറ്റും ഡിസൈന്‍ ഉള്ള 'vintage wall tiles' ഉണ്ട്. അവയിന്നും കേടു കൂടാതെ കാലത്തെ അതിജീവിച്ചു നില്‍ക്കുന്നുമുണ്ട്. അകത്തേക്ക് കടന്നു. അഴികളില്ലാത്ത, ഫ്രഞ്ച് ജനാലകളാണ് കൂടുതലും മുറികളില്‍ ഉള്ളത്. ചില്ലു പാളികള്‍ക്ക് പല നിറങ്ങള്‍ കൊടുത്തിട്ടുണ്ട്. വെയില്‍ വീഴുമ്പോള്‍ അവ തറയില്‍ മഴവില്ല് തീര്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ്. “എന്തൊക്കെ ഈ ചുമരുകള്‍ക്ക് പറയാന്‍ ഉണ്ടാകുമല്ലേ...” എന്നെപ്പോലെ തന്നെ സ്വപ്നജീവിയായ സൂര്‍മ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു നിര്‍ത്തി.

അവിടുന്നിറങ്ങി ഞങ്ങള്‍ എങ്ങോട്ടെന്നില്ലാതെ വണ്ടിയോടിച്ചു. ടൂറിസ്റ്റുകള്‍ക്ക് തുറന്നു കൊടുക്കാത്ത ഒരു ചെട്ടിയാര്‍ വീട് കണ്ടുപിടിക്കണം. അതാണ് ലക്ഷ്യം. അങ്ങനെ കറങ്ങി നടന്ന് ഒരു വലിയ വീടിനു മുന്നിലെത്തി. പായാല്‍ പിടിച്ച നിലയിലാണ്. എങ്കിലും അകത്തുനിന്ന് മനുഷ്യരുടെ ശബ്ദമൊക്കെ കേള്‍ക്കാം. ക്ഷയിച്ചു പോയ ഏതെങ്കിലും ചെട്ടിയാര്‍ കുടുംബമായിരിക്കും. ഞാന്‍ മനസ്സില്‍ എന്തൊക്കെയോ കഥകള്‍ മെനഞ്ഞു. പടിപ്പുര അടച്ച നിലയിലാണ്. ഒരു സൈഡില്‍ കണ്ട കുഞ്ഞ് ഗേറ്റ് തുറന്ന് അകത്തു ചെന്നു. മുന്നില്‍ മണ്ണെണ്ണ സ്റ്റവ്വില്‍ സാമ്പാര്‍ തിളക്കുന്നുണ്ട്. അതിനടുത്ത് മെലിഞ്ഞൊരു സ്ത്രീ ഇരുന്ന് അരിപാറ്റുന്നു. തൊട്ടപ്പുറത്തെ വരിക്കട്ടിലില്‍ ഏകദേശം നാല്പതു തോന്നിക്കുന്ന മനുഷ്യന്‍ വിശ്രമിക്കുകയാണ്. രണ്ടു പെണ്‍കുട്ടികള്‍ കട്ടിലിന്റെ ചുവട്ടിലിരുന്ന് പഠിക്കുന്നു. ഒരല്പം മടിയോടെ ഞാന്‍ ചോദിച്ചു,

“നിങ്ങള്‍ ആണോ ഈ വീടിന്റെ ഉടമസ്ഥര്‍?” 
“എങ്കളെ പാത്താല്‍ ഓണര്‍ മാതിരി തെരിയുതാ അമ്മാ?” ചിരിച്ചുകൊണ്ട് ആ മനുഷ്യന്‍ ചോദിച്ചു. എന്തുപറയണമെന്നറിയാതെ ഞാന്‍ നിന്നു. 
“ഞങ്ങള്‍ വാടകക്ക് താമസിക്കുകയാണിവിടെ.” 
"ഞങ്ങള്‍ അകത്തു കയറി എല്ലാമോന്നു കണ്ടോട്ടെ?” 
“പൂട്ട് കണ്ടില്ലേ നിങ്ങള്‍?” അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. വീട്ടിലേക്കുള്ള പ്രധാന വാതില്‍ പൂട്ടിയ നിലയിലാണ്. ബംഗ്ലാവിന്റെ വിശാലമായ വരാന്തയുടെ ഒരു ഭാഗം മാത്രമാണ് ഈ കുടുംബം വീട് എന്ന് വിളിക്കുന്നത്.
“ഞങ്ങളെപ്പോലെ വേറെയും രണ്ടു കുടുംബങ്ങളെ വരാന്തയിലും വീടിന്റെ പിന്‍ഭാഗത്തുമായി വീടിന്റെ കാര്യസ്ഥന്‍ താമസിപ്പിച്ചിട്ടുണ്ട്. അഞ്ഞൂറ് രൂപയാണ് മാസവാടക. ഞങ്ങള്‍ക്ക് ഇതിലും തുഛമായി താമസിക്കാന്‍ മറ്റൊരു സ്ഥലം കിട്ടാനില്ല, അയാള്‍ക്കാണെങ്കിലോ അങ്ങോട്ട് കാശ് കൊടുക്കുന്ന സെക്യൂരിറ്റികളെ കിട്ടി.” ആ മനുഷ്യന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. പേര് പളനി, ഭാര്യയുടെ പേര് പൂങ്കൊടി. പളനി അണ്ണന്‍ വീടിനു ചുറ്റും കൊണ്ടുനടന്നു കാണിച്ചു. മറ്റു രണ്ടു കുടുംബങ്ങളെയും പരിചയപ്പെടുത്തി.
“വീടിന്റെ ഉടമസ്ഥര്‍ക്ക് ഇതറിയാമോ അണ്ണാ?” 
“അവരെല്ലാം അമേരിക്കയിലല്ലേ. ഇവിടിപ്പോ മിക്ക വീടുകളുടെയും അവസാനവാക്ക് കാര്യസ്ഥന്മാര്‍ ആണ്. അവരു പലതും കട്ടും വിറ്റും തിന്നുന്നുമുണ്ട്.” 
“അടച്ചുറപ്പില്ലാതെ...” ഞാന്‍ മുഴുമിപ്പിച്ചില്ല. 
“അടച്ചുറപ്പില്ലാതെ, റിസ്‌ക് ആണ്. ഈ പെണ്‍കുഞ്ഞുങ്ങള്‍ വളര്‍ന്നു വരികയല്ലേ. കുറച്ച് സ്ഥലം പാട്ടത്തിന് കൃഷിചെയ്ത് അല്പം പണം മാറ്റി‌വെച്ചിട്ടുണ്ട്. വീട് മാറണം.” പ്രതീക്ഷയോടെ അയാള്‍ പറഞ്ഞു. അല്‍പനേരം അവരോടൊപ്പം ചെലവഴിച്ച ശേഷം ഞങ്ങള്‍ അവിടുന്നിറങ്ങി.

പിറ്റേന്ന് രാവിലെ ലക്ഷ്യമില്ലാതെ വണ്ടിയോടിച്ചു ചെട്ടിയാര്‍ വീടുകള്‍ തപ്പി ഞങ്ങള്‍ വീണ്ടുമിറങ്ങി. പലതും കഴിഞ്ഞ ദിവസത്തെ പോലെ പൂട്ടിക്കിടക്കുന്നു, അല്ലെങ്കില്‍ ഹോട്ടലുകളായി മാറിക്കഴിഞ്ഞു. അങ്ങനെ എവിടെയൊക്കെയോ എത്തി, ശ്രമം ഉപേക്ഷിച്ചു സാധാരണ എല്ലാരും പോകുന്ന ടൂറിസ്റ്റ് ചെട്ടിയാര്‍ വീടുകളില്‍ പോകാമെന്ന തീരുമാനത്തില്‍ മടങ്ങാന്‍ തീരുമാനിച്ചു. ഇടതു വശത്തായി ഒരു ഇടവഴി കണ്ടപ്പോള്‍ സൂര്‍മ പറഞ്ഞു; “നമുക്ക് ചുമ്മാ ഒന്നു പോയി നോക്കാം. എന്റെ മനസ്സു പറയുന്നു, അവിടെ ആള് കാണുമെന്ന്.” 
“നീ ഇതുതന്നെയാണ് കഴിഞ്ഞ പത്തുപതിനഞ്ചു വഴി തിരിഞ്ഞപ്പോളും പറഞ്ഞത്.” അല്പം നിരാശയോടെ ഞാന്‍ പറഞ്ഞു.

“ഒന്നു പോയി നോക്കാമെന്നെ.” വണ്ടി അങ്ങോട്ടേക്ക് തിരിച്ചു. കുറച്ചധികം മുന്നോട്ട് പോയപ്പോള്‍ ഒരു പടിപ്പുര തുറന്നു കിടക്കുന്നു! അകത്തു കയറാന്‍ ഞങ്ങളുടെ കൈയ്യില്‍ നിന്ന് നൂറു രൂപ വാങ്ങാന്‍ കാത്തിരിക്കുന്ന ഒരു കാര്യസ്ഥനെ പ്രതീക്ഷിച്ച ഞങ്ങളുടെ മുന്നില്‍ വന്നത് ഒരു അമ്മയും അച്ഛനുമാണ്- കറുപ്പയ്യയും നാച്ചിയമ്മനും. ഒറ്റനോട്ടത്തില്‍ എന്തോ വല്ലാത്തൊരു ആത്മബന്ധം എനിക്കവരോട് തോന്നി.
“ഞങ്ങള്‍ ഈ വീടൊന്നു കയറി കണ്ടോട്ടെ?” 
“എവിടുന്നാണ്?” 
“ഞാന്‍ കേരളത്തില്‍ നിന്നാണ്. ഇവള്‍ കല്‍ക്കട്ടക്കാരിയാണ്.” 
“നിങ്ങള്‍ രണ്ടു പെണ്‍കുട്ടികള്‍ മാത്രമേയുള്ളു?” “അതേ.” 
“ഇന്നത്തെ പെണ്‍കുട്ടികള്‍ മിടുക്കികളാണ്. വരൂ. ഞാനും ഇവളും മാത്രമേയുള്ളു ഇവിടെ. ഞങ്ങള്‍ മാസത്തില്‍ ഒരിക്കലാണ് ഇവിടെ വരാറുള്ളത്. വീടൊക്കെ പണിക്കാരെക്കൊണ്ട് വൃത്തിയാക്കി മൂന്നാല് ദിവസം താമസിച്ചിട്ട് ബാംഗ്ലൂര്‍ക്ക് മടങ്ങും.” അദ്ദേഹം പറഞ്ഞു.

അകത്തേക്ക് കയറിയതും ആദ്യം ഞങ്ങളെ ആകര്‍ഷിച്ചത് മനോഹരമായ കൊത്തുപണികള്‍ ഉള്ള ബര്‍മ തടി കൊണ്ട് നിര്‍മിച്ച പ്രധാനവാതില്‍ ആണ്. ലക്ഷ്മിയുടെയും ഗണപതിയുടെയും മറ്റും രൂപങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട് അതില്‍. “എന്റെ അച്ഛന്‍ കറുപ്പയ്യ ചെട്ടിയാര്‍ നൂറ്റിമുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിത വീടാണിത്. ഒറ്റയടിക്കല്ല. അച്ഛന്‍ സിലോണിലും ബര്‍മയിലുമൊക്കെ ഓരോതവണയും പോയിവരുമ്പോള്‍ കൊണ്ടുവന്ന സാധനങ്ങള്‍ കൊണ്ട് പല ഘട്ടങ്ങളിലായി പണിത വീട്.” ചുമരില്‍ തലപ്പവുവെച്ച കറുപ്പയ്യ ചെട്ടിയാരുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ ഞാന്‍ അപ്പോഴാണ് ശ്രദ്ധിച്ചത്.
“ഈ വീട്ടില്‍ എത്ര മുറികള്‍ ഉണ്ട് സര്‍?” 
“നാല്‍പത്. അന്നൊക്കെ കല്യാണാഘോഷങ്ങള്‍ വീടുകളില്‍ വെച്ചാണ് നടന്നിരുന്നത്. ബന്ധുക്കളെ താമസിപ്പിക്കാനും കല്യാണം സുഗമമായി നടത്താനും പാകത്തിനാണ് വീടുകള്‍ വെച്ചിരുന്നത്.”

മേല്‍ക്കൂരയില്‍ പല ഭാഗത്തും ഇരുമ്പിന്റെ വളയങ്ങള്‍ നിരത്തി സ്ഥാപിച്ചിട്ടുണ്ട്. “ഇത്രയും വളയങ്ങള്‍ എന്തിനാണ്?” “അന്നൊക്കെ എട്ടും പത്തും കുഞ്ഞുങ്ങള്‍ കാണും ഓരോ വീട്ടിലും. ആഘോഷത്തിന് എവിടെയെങ്കിലും കുടുംബക്കാര്‍ കൂടിയാല്‍ എപ്പോളും കുറേ കൈകുഞ്ഞുങ്ങളുമുണ്ടാകും. അവര്‍ക്കൊക്കെ ഒരേ സമയം തൊട്ടില്‍ കെട്ടാനാണ് ഇത്രയും വളയങ്ങള്‍.” 

അദ്ദേഹം ഞങ്ങള്‍ക്ക് വീട് മുഴുവന്‍ കാട്ടി തന്നു. നെടു നീളത്തില്‍ അടുപ്പുകള്‍ വെച്ച വിശാലമായ അടുക്കളയും ഫ്രഞ്ച് ജനാലകളുള്ള കിടപ്പുമുറികളും. എഞ്ചിനീറായി റിട്ടയര്‍ ചെയ്ത അദ്ദേഹം കേരളത്തില്‍ ജോലി ചെയ്ത കാലഘട്ടത്തെക്കുറിച്ച് വാചാലനായി. അമ്മ ഞങ്ങള്‍ക്ക് കാപ്പിയും പലഹാരങ്ങളും തന്നു. ഗണിതശാസ്ത്രത്തിലാണ് ഗവേഷണം എന്നു പറഞ്ഞപ്പോള്‍ അമ്മക്ക് ഒരുപാടു സന്തോഷമായി. അമ്മ ഹൈസ്‌കൂള്‍ മാത്‌സ് ടീച്ചര്‍ ആയിരുന്നു.

"ബെംഗളൂരുവില്‍ നല്ല മടുപ്പാണ്. മകന് അവിടെയാണ് ജോലി. ഇവിടെ ഒറ്റക്ക് താമസിക്കാന്‍ കുട്ടികള്‍ അനുവദിക്കില്ല. ഞങ്ങള്‍ക്ക് അവിടെ മിണ്ടാനും പറയാനും കൂടി ആരുമില്ല. ഫ്‌ളാറ്റിലെ ആര്‍ക്കും പരസ്പരം അറിയില്ല. ഇവിടെ എനിക്കെല്ലാരേയും അറിയാം. നടക്കാന്‍ പറമ്പുമുണ്ട്.” അച്ഛന്‍ വാചാലനായി.

അമ്മ അദ്ദേഹത്തിന് കളിയായി ഒരു നുള്ള് കൊടുത്തിട്ട് പറഞ്ഞു. “നിങ്ങളുടെ സങ്കടം കേള്‍ക്കാനല്ലേ കുട്ടികള്‍ ഇവിടെ വന്നത്! ആരെയെങ്കിലും കിട്ടിയാല്‍ ഈ മനുഷ്യന്‍ ഇങ്ങനെ ആണ്. സംസാരിച്ചുകൊണ്ടിരിക്കും.
"ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ കെട്ടിരിക്കാന്‍.” ഞാന്‍ പറഞ്ഞു.

കുറേ നേരം അവരുടെ കൂടെ ഇരുന്ന് അവരുടെ കഥകളൊക്കെ കേട്ട ശേഷം ഞങ്ങള്‍ അവിടെ നിന്നിറങ്ങി. അമ്മ കുറേ അതിരസവും സേവയുമൊക്കെ പൊതിഞ്ഞുതന്നു. ഞങ്ങള്‍ കാഴ്ച്ചയില്‍ നിന്നു മറയുന്നതുവരെ അവര്‍ കൈവീശി ആ വീട്ടുപടിക്കല്‍ നിന്നു. ചില ബന്ധങ്ങള്‍ അങ്ങനെയാണ്. അല്‍പനേരം കൊണ്ട് വല്ലാത്തൊരു അടുപ്പം എനിക്കവരോട് തോന്നിയതെന്തുകൊണ്ട് എന്നെനിക്കിന്നും അറിയില്ല. ഏതോ ജന്മത്തില്‍ അവരൊക്കെ എന്റെ ആരൊക്കെയോ ആയിരുന്നിരിക്കാം. തീര്‍ച്ച!

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi