
ചേര്‍ത്തലയ്ക്ക് ഭയങ്കര ചേലാണ്. കടലും കായലും കരിമണലും ചേരുന്ന ചേര്‍ത്തലയുടെ ചേലില് വീഴാത്ത മലയാളികളില്ല. ഇതിനൊപ്പം മറ്റൊരു അടാര്‍ ഐറ്റം കൂടി ചേര്‍ത്തലയ്ക്ക് സ്വന്തമായുണ്ട്. നല്ല മീന്‍രുചികള്‍. കായലില്‍ നിന്നുളള കരിമീനും കടല്‍ മീനുകളും ഒരുക്കുന്ന മീനുലകം. ചേര്‍ത്തലയിലേക്ക് മീന്‍രുചികള്‍ തേടിയുളള യാത്ര. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിലായിരുന്നു യാത്ര. എറണാകുളത്ത് നിന്ന് തുടങ്ങിയ റൈഡ് കുമ്പളങ്ങിയും അരൂരും പിന്നിട്ട് ചേര്‍ത്തലയിലെത്തി.
വൈദ്യരുടെ സ്വന്തം മീന്‍കട
ആദ്യം ലക്ഷ്യമിട്ടത് സ്മിത ഹോട്ടലായിരുന്നു. ഇങ്ങനെ പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകില്ല. 'വൈദ്യരുടെ കട' എന്നുതന്നെ പറയണം. ചേര്‍ത്തലയില്‍നിന്ന് ഒമ്പതുകിലോമീറ്റര്‍ അകലെയാണ് കായിപ്പുറം. അവിടെയാണ് വൈദ്യരും അദ്ദേഹത്തിന്റെ മീനുലകവും. പച്ചപ്പുനിറഞ്ഞ വയലുകളും തലങ്ങും വിലങ്ങുമുള്ള തോടുകളും അവയ്ക്ക് കുറുകേയുള്ള പാലങ്ങളും യാത്രയെ മനോഹരമാക്കി. കാഴ്ചകള്‍ ആസ്വദിച്ചുതുടങ്ങുമ്പോഴേക്കും കായിപ്പുറത്ത് എത്തി. ചെറിയൊരു കവലയാണ് കായിപ്പുറം. വിരലിലെണ്ണാവുന്ന കടകള്‍ മാത്രം. ബഹളങ്ങളില്ല. ആ ശാന്തതയില്‍ ഞങ്ങള്‍ കുറച്ച് തിരഞ്ഞു. പക്ഷേ, എവിടെ നോക്കിയിട്ടും വൈദ്യരുടെ ഹോട്ടല്‍ കാണുന്നില്ല.

അവിടെ കണ്ട കടയിലെ ചേട്ടനോട് ചോദിച്ചു. 'എവിടെയാണ് വൈദ്യരുടെ ഹോട്ടല്‍?' നേരേ എതിര്‍വശത്തുള്ള മഞ്ഞ പെയിന്റടിച്ച ബില്‍ഡിങ് ചൂണ്ടി അദ്ദേഹം പറഞ്ഞു. 'അതാണ് ഹോട്ടല്‍.' രണ്ടോ മൂന്നോ ചെറിയ മുറികള്‍. അകത്തേക്ക് കടക്കാന്‍ രണ്ട് വഴികള്‍. പ്രധാന റോഡിനോട് ചേര്‍ന്നുകിടക്കുന്ന വഴിയിലൂടെ അകത്തേക്ക് കടന്നു. അകം മുഴുവന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സെറ്റപ്പ്. അഞ്ച് ടേബിളുകള്‍. ചുമരില്‍ പൂര്‍ണമാകാത്ത വിലവിവരപ്പട്ടികയും ദിവസങ്ങള്‍ക്കുള്ളില്‍ ചരമമടയാന്പോകുന്ന രണ്ട് കലണ്ടറുകളും. കൗണ്ടറില്‍ കണക്കുകള്‍ കൂട്ടിയും കിഴിച്ചും പ്രായമേറിയ ഒരു മനുഷ്യന്. കടയില്‍ തിരക്കായിട്ടില്ല. ആളുള്ളത് ഒരു ടേബിളില്‍ മാത്രം.
നേരേ കൗണ്ടറിലിരിക്കുന്ന ചേട്ടന്റെ അടുത്തേക്ക് ചെന്നു. 'നിങ്ങളാണോ വൈദ്യര്?' 'ഞാന്‍തന്നെ' ഇടറിയ ശബ്ദത്തോടെ മറുപടി വന്നു. 'എന്താ കഴിക്കാന്വേണ്ടേ?' വൈദ്യര് വീണ്ടും ചോദിച്ചു. 'എന്തൊക്കെ മീനുകളാ ഉള്ളത്?' ചോദ്യം തീരുംമുന്പേ വൈദ്യര് പറഞ്ഞു. 'ഇവിടെ എല്ലാ മീനുമുണ്ട്.'
അതൊന്നും ഇവിടെ കാണുന്നില്ലല്ലോ എന്നായി ഉള്ളില്‍. പക്ഷേ, ആലോചിക്കാന്‍ വൈദ്യര് സമയം തന്നില്ല. അദ്ദേഹം കൗണ്ടറില്നിന്നിറങ്ങിവന്നു. കൈപിടിച്ച് കുറച്ച് അപ്പുറത്തുള്ള വേറെയൊരു മുറിയിലേക്ക് നയിച്ചു. ദാ വരുന്നു നല്ല പൊരിച്ചമീനിന്റെ മണം. നല്ല പുകയുമുണ്ട്. ഇവിടെ ഇല്ലാത്ത മീനുകളും കറികളുമില്ല. ഈ മീനുകളുടെ പണിപ്പുരയിലാണ് പ്രധാന പാചകക്കാരായ മധുവും സിദ്ധനും. ഞങ്ങളെ അവിടെയാക്കി വൈദ്യര് തിരികെ പോയി. മധുവും സിദ്ധനും ഓരോന്നായി പരിചയപ്പെടുത്തി. ബ്രാല്, കരിമീന്‍, പൂമീന്‍, കൊഴുവ, കൊഞ്ച്, ചെമ്മീന്‍.. കൂടെ ഞണ്ട്, കക്കയിറച്ചി എന്നിവയുമുണ്ട്. ഒരേസമയം ഒരുപാട് അടുപ്പുകളില്‍ തീപുകയുന്നതിനാല് അത്യാവശ്യത്തിന് ചൂടുണ്ട്.
സംസാരത്തിനിടെ മധുവിനോട് ചോദിച്ചു. 'പുള്ളി ശരിക്കും വൈദ്യരാണോ?' അതേ, വിജയതിലകന്‍ എന്നാണ് പേര്. അദ്ദേഹം തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍ പഠിച്ചതാ. കുറേക്കാലം വൈദ്യരായി ജോലിചെയ്തു. അതിനുശേഷം ഇങ്ങോട്ട് വന്നു. ആദ്യം അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു ഹോട്ടല്‍ നടത്തിയിരുന്നത്. സ്മിത എന്നത് മകളുടെ പേരാണ്. അതാണ് ഹോട്ടലിന്റെ ശരിക്കുമുള്ള പേര്. വൈദ്യര് വന്നുതുടങ്ങിയതോടെ പിന്നെ വൈദ്യരുടെ ഹോട്ടലായി'. മധു ഹോട്ടലിന്റെ ചരിത്രം പറഞ്ഞുതന്നു.
ചൂടും പുകയും അസഹനീയമായതോടെ പുറത്തേക്ക് മടങ്ങി. അപ്പോഴേക്കും അത്യാവശ്യം തിരക്ക് തുടങ്ങിയിരുന്നു. ചുമരിനോട് ചാരിയുള്ള ടേബിളിലായിരുന്നു ഇരുത്തം. അപ്പവും ചോറുമുണ്ട്. ഉച്ചയോടടുത്തതിനാല്‍ ചോറിന് പറഞ്ഞു. റൈസ് വളരെ കുറച്ച് മതിയെന്ന നിര്‍ദേശവും നല്കി. സ്റ്റീല്‍ പ്ലേറ്റില്‍ ചോറെത്തി. സൈഡില്‍ രണ്ടുതരം ഉപ്പേരിയും അച്ചാറും. പിന്നാലെ വലിയൊരു തട്ടില്‍ മീനുകള്‍ ഓരോന്നായെത്തി. അതില്‍നിന്ന് ചെമ്മീനും കക്കയിറച്ചിയും കൊഴുവയും ഞണ്ടും ഓരോ പ്ലേറ്റെടുത്തു. എല്ലാം വിളമ്പുന്നത് കുഞ്ഞ് സ്റ്റീല്പ്ലേറ്റില്. ഒരാള്‍ക്ക് കഴിക്കാനുള്ളതേ ഓരോ പ്ലേറ്റിലുമുള്ളൂ. ഇതില്‍ ഞണ്ടൊഴികെ ബാക്കി മൂന്നും വറുത്തെടുത്തതാണ്. ആദ്യം ചെമ്മീനിനെ തൊട്ടു. ചെറുതാണ്. നന്നായി മൊരിഞ്ഞിട്ടുമില്ല. പക്ഷേ, ഒന്നിലും കൃത്രിമനിറങ്ങള്‍ ഉപയോഗിച്ചിട്ടില്ല. ഒരുപിടി കൈയിലെടുത്തു. എന്നിട്ട് കുറച്ച് ചോറും കൂട്ടി ഒരു പിടിത്തംപിടിച്ചു. സംഭവം കൊള്ളാം. എരിവും മസാലയുമൊക്കെ പാകത്തിന്. അധികം മൊരിയാത്തതുകൊണ്ട് ചെമ്മീന്റെ ടേസ്റ്റ് അതുപോലെ കിട്ടുന്നുണ്ട്. കൊഴുവയും കക്കയിറച്ചിയും ഞണ്ടും കുറച്ച് പ്ലേറ്റിലേക്ക് ചൊരിഞ്ഞു. അതും കിടിലന്‍. എല്ലാത്തിനും ഒരേ വേവ്. ഞണ്ടില് മാത്രമാണ് അല്പമെങ്കിലും എരിവ് തോന്നുന്നുള്ളൂ. ബാക്കിയെല്ലാം നല്ല സോഫ്റ്റായിരിക്കുന്നു. മീനിന്റെയും കറികളുടെയും രുചി കൊണ്ട് ചോറ് പെട്ടെന്ന് തീര്‍ന്നു.
'ചോറ് വേണോ?' ചോദ്യവുമായി വൈദ്യരെത്തി. വേണ്ട എന്ന് മറുപടി കൊടുത്തപ്പോള്‍ അടുത്ത ചോദ്യമെത്തി. 'ഇഷ്ടമായോ? ഞങ്ങള്‍ എല്ലാ മസാലകളും ഇവിടെത്തന്നെയാണ് പൊടിച്ചെടുക്കുന്നത്. വിറകടുപ്പിലാണ് പാചകം. അതുകൊണ്ടാണ് ഇത്രയും രുചിയില്‍ കൊടുക്കാന്കഴിയുന്നത്.' വൈദ്യരുടെ ചോദ്യവും ഉത്തരവും ചിരിച്ച് കേട്ടു. ഗംഭീരമായെന്ന് മറുപടി കൊടുത്തപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷം.
ഇനി കുറച്ച് മീനുകള്‍ ബാക്കിയുണ്ട്. കപ്പലണ്ടി തിന്നുന്ന ലാഘവത്തില്‍ മീനുകള്‍ ഓരോന്നായി പെറുക്കിയെടുത്ത് തിന്ന് അവിടെനിന്നിറങ്ങി.
ചെമ്മീന്‍, വരാല്, നെയ്മീന്, പൊടിമീന്‍

മീശക്കാരന് ദിലീപേട്ടന്റെ കടയിലേക്കായിരുന്നു അടുത്ത യാത്ര. ചേര്‍ത്തലയില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ പതിനൊന്നാം മൈലിലാണ് ദിലീപേട്ടന്റെ സാമ്രാജ്യം. അവിടെയെത്തുമ്പോള്‍ ചെറിയൊരു ബ്ലോക്ക്. സമീപത്തെ റെയില്‍വേ ക്രോസ് എത്തുന്നതിന് മുന്നേതന്നെ ബോര്‍ഡ് കാണാം. അതില്‍ ഒരു കൊമ്പന്‍മീശക്കാരന്റെ മുഖവും. ഡൈനിങ് ഏരിയയ്ക്കുപകരം തുറന്നിട്ടിരിക്കുന്ന അടുക്കളയിലേക്കായിരുന്നു ആദ്യം പോയത്. അവിടെ ദാ നില്ക്കുന്നു കൊമ്പന്മീശയുമായി നമ്മുടെ ദിലീപേട്ടന്. അടുക്കളയില്‍ തിരക്കിലാണ്.
വൃത്തിയുള്ള അടുക്കള. അതില്‍ നിറയെ ഉരുളികള്‍. ഓരോ ഉരുളിയിലും ഓരോ മീന്‍വിഭവങ്ങള്‍. ദിലീപേട്ടന് ഉരുളികളുടെ അടപ്പ് ഓരോന്നായി തുറന്നു. എല്ലാത്തിനും നല്ല ചുവപ്പന്‍ നിറം. കണ്ടപ്പോള്‍തന്നെ വായില്‍ വെള്ളമൂറി. പിന്നാലെ ഓരോന്നായി പരിചയപ്പെടുത്തി. ചെമ്മീന്‍, വരാല്, നെയ്മീന്, പൊടിമീന്‍, തലക്കറി, അമോര്‍... അങ്ങനെ നീണ്ടു വിഭവങ്ങളുടെ നിര. പൊരിച്ചെടുത്ത മീനിനേക്കാള് കറിവെച്ചതാണ് കൂടുതല്‍. പൊള്ളിച്ച് കറിവെച്ചത്, തേങ്ങയരച്ച് വെച്ചത്, കുരുമുളകില്‍ പൊള്ളിച്ചത്, കുരുമുളകില്‍ തേങ്ങയരച്ച് വെച്ചത്... ഇതൊക്കെയാണ് സ്പെഷ്യലുകള്‍.
എല്ലാം പരിചയപ്പെടുത്തിയശേഷം ദിലീപേട്ടന് സ്നേഹപൂര്‍വം ടേബിളിലേക്ക് നയിച്ചു. എന്നിട്ട് പറഞ്ഞു: 'ഞാന്‍ സജസ്റ്റ് ചെയ്യട്ടേ?' ആ സ്നേഹത്തിനും കരുതലിനും മുന്പില് ഒന്നും പറയാനായില്ല. ആദ്യം പ്ലേറ്റില്‍ ചോറെത്തി. അതിനുചുറ്റും കറികളും. പിന്നാലെ മീനുകളുമായി ദിലീപേട്ടനുമെത്തി. കുരുമുളകില്‍ പൊള്ളിച്ച നെയ്മീനായിരുന്നു ആദ്യം. ചെറിയ കഷണങ്ങളായിട്ടാണ് മീനുകള്‍. ചോറിനൊപ്പം മീന്‍ചാറും കൂടിയായപ്പോള്‍ ക്ലാസ് ഐറ്റമായി. അല്പം പുളിയും എരിവും കലര്‍ന്ന ഒരു അടാര്‍ ഐറ്റം. അത് തീരുംമുന്പേ കരിമീന്റെ കറിയുമെത്തി. കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും കലര്‍ന്നിട്ടുള്ള രുചിയായിരുന്നു ആദ്യം. പതുക്കെ അത് രുചിയുടെ കടലായി. ഞങ്ങള്‍ കഴിക്കുന്നതും ആസ്വദിച്ച് ദിലീപേട്ടന് അപ്പുറത്തിരുന്നു. അദ്ദേഹം വിശേഷങ്ങള്‍ ഓരോന്നായി പങ്കുവെച്ചു.
'ഒന്‍പത് വര്‍ഷം മുന്‍പായിരുന്നു ഈ ഹോട്ടലിന്റെ തുടക്കം. അതിനുമുന്‍പ് കള്ളുചെത്തായിരുന്നു പണി. തുടക്കത്തില്‍ ആളുകള്‍ കുറവായിരുന്നു. ഇപ്പോള്‍ നന്നായി പോകുന്നുണ്ട്.' ദിലീപേട്ടന്റെ മുഖത്ത് നിറയെ സന്തോഷം. 'ഈ മീശയുടെ രഹസ്യമെന്താണ്...?' ചോദ്യം കേട്ടപ്പോള്‍ ദിലീപേട്ടന് ചിരിച്ചു. 'പണ്ട് കൊച്ചിന് ഹരിശ്രീക്കായി മാവേലിയായി പോയിരുന്നു. അന്ന് തുടങ്ങിയതാണ് ഈ മീശവെപ്പ്. കഴിഞ്ഞ മൂന്നുനാല് കൊല്ലമായി ഒരുപാട് വലുപ്പം കൂടി. അല്ലാതെ അതിനുപിന്നില്‍ വലിയ കഥകളൊന്നുമില്ല' ദിലീപേട്ടന് പറഞ്ഞു. ഇതിനിടെ മറ്റുടേബിളുകളിലും ആളുകള്‍ നിറഞ്ഞിരുന്നു. ദിലീപേട്ടന് ആ ടേബിളുകളിലേക്ക് ഒഴുകി. അവരോടൊക്കെ രുചിയെപ്പറ്റി അന്വേഷിക്കുന്നു. ആ നേരംകൊണ്ട് ഞങ്ങള്‍ മീനും ചോറും തീര്‍ത്തു. ഇറങ്ങാന്നേരം ദിലീപേട്ടന് വീണ്ടും ഞങ്ങളുടെ അടുത്തെത്തി ചോദിച്ചു: 'ഈ വഴി ഇനിയും വരില്ലേ?'
മധുച്ചേട്ടന്റെ വീട്ടില്‍

കൊച്ചുവേളി ക്ഷേത്രത്തിനടുത്തുള്ള മധുച്ചേട്ടന്റെ വീടായിരുന്നു അടുത്ത ലക്ഷ്യം. വീടെന്നുകേട്ടാല്‍, ഞെട്ടണ്ട. മധുച്ചേട്ടന്റെ വീട് ഏറെ പ്രശസ്തമാണ്. അടിപൊളി മീന്‍ വറുത്തതും ചോറും കിട്ടാന്‍ ഇതിലും നല്ല സ്ഥലമില്ല. ചെറിയ റോഡിലൂടെ പോയി ബുള്ളറ്റ് ഒതുക്കിയിട്ട് മധുച്ചേട്ടന്റെ വീട്ടിലേക്ക് നടന്നു. അകത്ത് കടന്നപ്പോള്‍ തിരക്കുപിടിച്ച ജങ്ഷനിലേക്കെത്തിയ പ്രതീതി. വീടിന്റെ കോമ്പൗണ്ടിനകത്ത് ചുറ്റും ആളുകള്‍. ഭക്ഷണം കഴിക്കാനും പാഴ്സല്‍ വാങ്ങാനും എത്തിയിരിക്കുകയാണ്. ഈ വീടിനുചുറ്റും ടേബിളുകളുണ്ട്. എല്ലാ ടേബിളിലും ആളുമുണ്ട്. തിരക്കിനിടയില്‍ മധുച്ചേട്ടനെ കണ്ടെത്തല്‍ പ്രയാസം. ഞങ്ങള്‍ അവിടെ മീന്‍ പൊരിക്കുന്ന സ്ഥലത്തേക്ക് പോയി. തേടിയ വള്ളി കാലില്‍ ചുറ്റി എന്നപോലെ അവിടെ മധുച്ചേട്ടനെ കണ്ടു. അവിടെ എല്ലാത്തിനും മേല്‍നോട്ടം വഹിക്കുകയാണ് അദ്ദേഹം.
മാര്‍ക്കറ്റില്‍ അന്ന് ലഭ്യമായ മീനുകളെല്ലാം അവിടത്തെ അടുക്കളയില്‍ കാണാം. വരാല്, കാളഞ്ചി, ചെമ്മീന്‍, കക്ക, കൂന്തള്‍, കരിമീന്‍, ചാള, പൊടിമീന്‍, മാന്തള്, ആവോലി... എന്നിങ്ങനെ എല്ലാ മീനുമുണ്ട്. ഇതിന്റെയൊക്കെ പൊരിച്ചതും കറിവെച്ചതുമായ എല്ലാ വിഭവങ്ങളും മധുച്ചേട്ടന് വിളമ്പും.
ഒഴിഞ്ഞുകിടന്ന ഒരു ടേബിളില്‍ ഞങ്ങള്‍ ഇടംപിടിച്ചു. ചോറ് വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അല്പം കപ്പയും മീന്‍കറിയും ആവാമെന്ന് കരുതി. ചെമ്മീനും കരിമീനും ഫ്രൈ ചെയ്തതിന് ഓര്‍ഡര്‍ ചെയ്തു. അധികനേരം കാത്തിരിക്കേണ്ടിവന്നില്ല. സാധനം മുന്‍പിലെത്തി. വറുത്തതിനൊപ്പം നല്ല മസാലയും ചേര്‍ന്നതാണ് ഫ്രൈ. നല്ല ചുവപ്പുനിറമുണ്ട്. കരിമീന്‍ അത്യാവശ്യം വലുപ്പമുണ്ട്. ഒരു പ്ലേറ്റ് ചെമ്മീന്‍കൊണ്ട് രണ്ടുപേര്‍ക്ക് സുഖമായിട്ട് കഴിക്കാം. ഇങ്ങനെയാണെങ്കില്‍ കറിയുടെ ആവശ്യം വരില്ലെന്നുതോന്നി. രണ്ടോ മൂന്നോ ചെമ്മീന്‍ കൈയിലെടുത്ത് കപ്പയിലേക്ക് മിക്സ് ചെയ്തു. പൊളപ്പന്‍ ടേസ്റ്റ്. ചെറിയുള്ളിയാണ് മീനിന്റെ മസാലയിലെ പ്രധാന കൂട്ട്. അതിന്റെകൂടെ അത്യാവശ്യം എരിവുമുണ്ട്.
കഴിക്കുന്നതിനിടെ മധുച്ചേട്ടന് അടുത്തെത്തി. വിവരങ്ങള്‍ തിരക്കി. ഒപ്പം അദ്ദേഹവും വിശേഷങ്ങള്‍ പങ്കുവെച്ചു. ആദ്യം ചേര്‍ത്തല കെ.വി.എം. ഹോസ്പിറ്റലിന്റെ അടുത്തായിരുന്നുവത്രെ ഈ ഹോട്ടല്‍. അവിടെ ചെറിയ സെറ്റപ്പായിരുന്നു. കോവിഡ് സമയത്ത് ഇങ്ങോട്ട് മാറ്റി. അമ്മ വനജയാണ് എല്ലാ മസാലയും തയ്യാറാക്കുക. ഭാര്യ പ്രസീതയും സഹായത്തിനുണ്ട്.
ഈ ഹോട്ടലിന് തിങ്കളാഴ്ചയാണ് അവധി. അതിന്റെ കാരണം ചോദിച്ചപ്പോള്‍ മധുച്ചേട്ടന്റെ മറുപടി ഇങ്ങനെയായിരുന്നു: 'ഇവിടെയുള്ളവര്‍ ഞായറാഴ്ച മീന്‍ പിടിക്കാന്‍ പോവില്ല. അതുകൊണ്ടുതന്നെ ഫ്രഷ് മീന്‍ തിങ്കളാഴ്ച കൊടുക്കാനാവില്ല. മീന്‍ ഫ്രഷല്ലെങ്കില് ഒന്നിനും രുചി കിട്ടില്ല'.
കുറച്ചുനേരംകൂടി മധുച്ചേട്ടന് ഞങ്ങള്‍ക്കൊപ്പമിരുന്നു. ഓരോ ടേബിളില്‍നിന്നും മധുച്ചേട്ടനെ നോക്കി ആളുകള്‍ ചിരിക്കുന്നുണ്ട്. എല്ലായിടത്തേക്കും ഈ ഒരു മധുച്ചേട്ടനല്ലേയുള്ളൂ. അദ്ദേഹം അവിടെ പറന്നുനടന്നു.
മൂന്നിടങ്ങളിലായിരുന്നു ചേര്‍ത്തലയില്‍ ഞങ്ങളുടെ സന്ദര്‍ശനം. മൂന്നിടത്തും രുചികരമായ ഭക്ഷണം ലഭിച്ചു. എല്ലാം ഒന്നിനൊന്ന് മെച്ചം. വൈദ്യരും ദിലീപേട്ടനും മധുച്ചേട്ടനുമെല്ലാം മീനിനൊപ്പം സ്നേഹവും വിളമ്പിയിരുന്നു. മൂവര്‍ക്കും നന്ദിയര്‍പ്പിച്ച് ചേര്‍ത്തലയോട് യാത്ര പറഞ്ഞു. വീണ്ടും കാണാമെന്ന ഉറപ്പില്‍.
Content Highlights: Food, Kerala Tourism, Fish Taste, Cherthala
Published: 22 May 2023, 06:27 am IST
ABOUT THE AUTHOR
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented