
മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഭാര്യ മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണിത താജ് മഹല്‍. പല രാജ്യങ്ങളില്‍ നിന്നുള്ള വില കൂടിയ മാര്‍ബിളാണ് താജിനെ സുന്ദരമാക്കുന്നത്. ഒപ്പം പേര്‍ഷ്യ, തുര്‍ക്കി, അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള രത്‌നങ്ങളും. ദിവസവും പതിനായിരക്കണക്കിനാളുകളാണ് താജ് മഹല്‍ കാണാനായെത്തുന്നത്.
മാര്‍ബിളിന്റെ പ്രത്യേകത കൊണ്ടായിരിക്കാം, ദിവസത്തില്‍ പല പ്രാവശ്യം താജ് മഹലിന്റെ നിറം മാറിക്കൊണ്ടേയിരിക്കും. ഓരോ സമയത്തും ഓരോ നിറങ്ങള്‍...പ്രണയത്തിന്റെ പല നിറങ്ങള്‍ പോലെ.
അതിരാവിലെ മൃദുവായൊരു സ്വപ്നംപോലെ, മഞ്ഞിന്റെ നേര്‍ത്ത വിരിപ്പിട്ട പോലെയായിരിക്കും. ചിലപ്പോഴത് ബേബി പിങ്കും ചാരവും കലര്‍ന്ന നിറമായിരിക്കും. പിന്നെ തിളക്കമുള്ള ചുവപ്പ്. അത് ഉച്ചയാകുമ്പോഴേക്കും നല്ല തൂവെള്ളയായി മാറിത്തുടങ്ങും. സൂര്യന്‍ തലയ്ക്ക് മുകൡലെത്തുമ്പോള്‍, തൂവെള്ളയില്‍ താജ് വെട്ടിത്തിളങ്ങും. സൂര്യാസ്തമയം താജിന് നല്ല ഓറഞ്ച് നിറംനല്‍കും. പിന്നീടത് ചുവപ്പും നേര്‍ത്ത പിങ്കും ഇളംനീലയും...പിന്നെയും മറ്റേതൊക്കെയോ നിറങ്ങളില്‍ നീരാടും.
രാവിലത്തെ താജിനെ കാണാന്‍ ഭംഗി കൂടും. എന്നാലേറ്റവും മനോഹരമാവുന്നത് നിലാവുള്ള രാത്രികളിലാണ്. പൗര്‍ണമിനാളുകളിലെ താജ് ഒരു ചിത്രം പോലെയിരിക്കും. പൂര്‍ണ്ണചന്ദ്രന്‍, തെളിച്ചമുള്ള നീലാകാശം, താഴെ നേര്‍ത്ത നീല കലര്‍ന്ന താജ് മഹലും.

പൗര്‍ണ്ണമി നാളിലെ താജിനെക്കുറിച്ച് പുനത്തില്‍ കുഞ്ഞബ്ദുള്ള ഇങ്ങനെ എഴുതി.
ഹേമന്ദത്തിലെ പൗര്‍ണ്ണമി നാളില്‍ ചന്ദ്രന്‍ തലയ്ക്കു മീതെ വന്നുനില്‍ക്കുന്ന ഒരു രാത്രിയുണ്ട്. അന്ന് താജ് മഹലില്‍ വലിയ തിരക്കായിരിക്കും. അന്നത്തെ നിലാവുള്ള രാത്രിയിലാണ് താജിന്റെ പ്രതിബിംബം നിശ്ചലമായ യമുനയുടെ ജലപ്പരപ്പില്‍ നിഴലിക്കുക. മാറോട് മാറ് ചേര്‍ന്നുനില്‍ക്കുന്ന ബിംബവും പ്രതിബിംബവും തിരിച്ചറിയാന്‍ കഴിയാത്ത ആ അപൂര്‍വദൃശ്യം കാണാന്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും സഞ്ചാരികള്‍ അവിടെ അന്നത്തെ ദിവസം മേളിക്കും. സൂര്യന്‍ അസ്തമിച്ചിരുന്നു. ചന്ദ്രന്‍ വട്ടക്കിണ്ണം പോലെ കിഴക്കനാകാശത്തില്‍ തിളങ്ങി നില്‍ക്കുന്നു. നിറഞ്ഞ നിലാവില്‍ താജിന്റെ സ്വരൂപം കണ്ട് ഞങ്ങള്‍ അനുഭൂതിയില്‍ ആണ്ടു. താജ് ജനനിബിഡമായിരുന്നു. അമേരിക്ക, യൂറോപ്പ്, ഫ്രാന്‍സ്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍. ലോകത്തിന്റെ പരിഛേദം.
താജ് മഹലില്‍ നിലാവ് പെരുമഴ പോലെ പെയ്തിറങ്ങുന്നു. മാര്‍ബിളും നിലാവെളിച്ചവും ഇഴുകിച്ചേരുന്ന മനോഹരമായ കാഴ്ച. നടന്നുനടന്ന് ക്ഷീണിച്ച ഞങ്ങള്‍ ചന്ദ്രന്‍ തലയ്ക്കു മീതെ വരുന്നതും കാത്തിരുന്നു. അതെ. ചന്ദ്രന്‍ താജിന്റെ മൂര്‍ദ്ധാവില്‍ എത്തി. യമുനയില്‍ രണ്ട് താജ് മഹല്‍ ഒന്നിനു മീതെ ഒന്നായി നില്‍ക്കുന്നു.
പൂര്‍ണ്ണചന്ദ്രനുദിക്കുന്ന ദിവസം താജ് മഹലിലേക്ക് രാത്രിയും പ്രവേശനമുണ്ട്. രാത്രി എട്ടര മുതല്‍ പന്ത്രണ്ടര വരെ എട്ടുബാച്ച് ആയിട്ടാണ് ഉള്ളിലേക്ക് പ്രവേശിക്കുന്നത്. ഓരോ ബാച്ചിലും പരമാവധി 50 പേരെ മാത്രമേ അനുവദിക്കൂ. താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് tajmahal.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക.
Content Highlights: changing colours of taj mahal
Published: 26 Aug 2023, 11:24 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented