
പുക തുപ്പിത്തളര്‍ന്ന തീവണ്ടി പതിയെ നിന്ന് കിതപ്പകറ്റുമ്പോള്‍ പാര്‍വതിക്കുട്ടിയുടെ ചങ്ക് പിടയും. ഇന്നും ഉണ്ണിയേട്ടന്‍ വന്നില്ലേ ? ചെയ്യാത്ത കുറ്റത്തിന്് കതിര്‍മണ്ഡപത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത് ആന്‍ഡമാനിലേക്ക് കൊണ്ടുപോയതാണ് അവളുടെ ഉണ്ണിയേട്ടനെ. പിന്നെയൊരിക്കലും പാര്‍വതിക്കുട്ടി ഉണ്ണിയേട്ടനെ കണ്ടിട്ടില്ല. 1996ല്‍ പുറത്തുവന്ന പ്രിയദര്‍ശന്‍ ചിത്രം 'കാലാപാനി' കഥ പറയുന്നത് പാര്‍വതിക്കുട്ടിയുടെ കാത്തിരിപ്പിലൂടെയാണ്.
സ്വാതന്ത്ര്യത്തിനായി നീറിയ ഇന്ത്യന്‍ മനസ്സുകളില്‍ ബ്രിട്ടീഷുകാര്‍ കോരിയിട്ട ഭയത്തിന്റെ കനല്‍. കാലാപാനി. ആന്‍ഡമാനിലെ കുപ്രസിദ്ധമായ സെല്ലുലാര്‍ ജയിലിന്റെ മറ്റൊരു പേര്. അവിടുത്തെ പ്രക്ഷുബ്ധമായ കറുത്ത കടലാണ് ഇങ്ങനെയൊരു പേര് വരാന്‍ കാരണം. മനുഷ്യ യാതനകള്‍ക്കും മരണത്തിനും കറുപ്പ് തന്നെയാണല്ലോ നിറം.
ബ്രിട്ടീഷ് അധികാരത്തെ എതിര്‍ത്തവരെ ആന്‍ഡമാനിലേക്ക് അയക്കുമായിരുന്നു. നരക തുല്യമായ ജീവിതമാണ് അവിടെ തടവുകാരെ കാത്തിരുന്നത്. കടല്‍ കടന്ന് തിരികെ നാട്ടിലേക്ക് എത്തുക അസാധ്യം. പോരാത്തതിന് ദ്വീപാകെ ബ്രിട്ടീഷുകാരുടെ അധീനതയിലും. ജയില്‍ ചാടിയാലും രക്ഷപ്പെടാന്‍ പറ്റില്ല. ഒരിക്കല്‍ ഇവിടത്തെ ജയില്‍ മുറികളില്‍ എത്തിയാല്‍ ശിക്ഷ കഴിയാതെ പുറത്തിറങ്ങാനാകില്ല. ശ്രമം നടത്തിയ സാഹസികരുണ്ട്. എല്ലാവരും പിടിക്കപ്പെട്ടു. അവരൊക്കെയും ധിക്കാരം കാണിച്ചതിന്റെ പിഴ ഒടുക്കേണ്ടി വന്നു.
ഇതിനു മുന്‍പ് ആന്‍ഡമാനില്‍ തന്നെ വൈപ്പര്‍ ദ്വീപിലെ ജയിലായിരുന്നു ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ തടവുകാരെ പാര്‍പ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ത.് കൂടുതല്‍ അടച്ചുറപ്പുള്ളതും വിശാലമായതുമായ സൗകര്യം വേണമെന്ന് തോന്നിയപ്പോഴാണ് സെല്ലുലാര്‍ ജയിലിന്റെ നിര്‍മാണം ആരംഭിച്ചത്.
ഒരോ വിങ്ങും മറ്റൊരു വിങ്ങിന്റെ പുറകുവശത്തേക്ക് തുറക്കുന്ന രീതിയിലാണ് നിര്‍മിച്ചത്. അതായത് തടവുകാര്‍ മുഖാമുഖം കാണില്ല. നരച്ച ചുമര്‍ മാത്രമാണ് ഓരോരുത്തരുടെയും കാഴ്ച. ചുറ്റിലും ചുമരുകള്‍ മാത്രം. കനമുള്ള മൗനം. ഡോര്‍മിറ്ററികളില്ല. ഓരോരുത്തര്‍ക്കും പ്രത്യേക മുറികള്‍. ശിക്ഷയെക്കാളേറെ ഭ്രാന്ത് പിടിപ്പിക്കുന്ന ഏകാന്തത. തടവുകാരുടെ മനോധൈര്യം തകര്‍ക്കാന്‍ ഒറ്റപ്പെടലിനേക്കാള്‍ നല്ല ഉപാധി വേറെ കിട്ടില്ലല്ലോ.
മൂന്ന് നിലയുള്ള ഏഴ് വിങ്ങുകള്‍. ഇരുമ്പ് വാതിലുകളുള്ള എഴുന്നൂറോളം മുറികള്‍. വരാന്തകളില്‍ പാറാവുകാര്‍ ഒഴിഞ്ഞ നേരമില്ല. 21 കാവല്‍ക്കാര്‍ എപ്പോഴും ഡ്യൂട്ടിയിലുണ്ടാകും. തടവുകാര്‍ക്ക് കാവല്‍ക്കാരനെ കാണാനാകില്ല. തങ്ങള്‍ എല്ലായ്‌പ്പോഴും നിരീക്ഷണത്തിലാണെന്ന വിട്ടുമാറാത്ത ഭയം. ഇനി കണ്ണുവെട്ടിച്ച് വരാന്തയിലിലേക്കിറങ്ങിയാലും പുറത്തേക്ക് ഒറ്റ ഗെയിറ്റേ ഉള്ളൂ. അവിടെ ആയുധധാരികളായ പാറാവുകാരുണ്ടാകും.
മൂവ് അബ്ദുള്‍ റഹിം സാദിഖ്പുരി, യോഗേന്ദ്ര ശുക്ല, മൗലവി ലിയാഖത്ത് അലി, ബാബാറാവു സവര്‍ക്കര്‍, വിനായക് ദാമോദര്‍ സവര്‍ക്കര്‍, ദിവാന്‍ സിംഗ് കാലാപാനി, ഫസല്‍ഇഹഖ് ഖൈരാബാദി, ബട്‌കേശ്വര്‍ ദത്ത്, മൗലാന അഹമ്മദുള്ള, ഭായ് പര്‍മാനന്ദ്, ഷാദന്‍ സിംഗ് ചന്ദ്ര ചാറ്റര്‍ജി,
സോഹന്‍ സിംഗ്, ഹരേ കൃഷ്ണ കോനാര്‍, ശിവ വര്‍മ്മ, സുധാംശു ദാസ്ഗുപ്ത... അങ്ങനെ കാലാപാനിയില്‍ ശിക്ഷ അനുഭവിച്ചവരുടെ പട്ടിക നീണ്ടു കിടക്കുകയാണ്. ഒട്ടേറെ തടവുപുള്ളികളെ ഇവിടെ തൂക്കിലേറ്റിയിട്ടുണ്ട്. ശിക്ഷയുടെ കാഠിന്യം താങ്ങാനാവാതെ മരിച്ചവരുണ്ട്. ഭഗത് സിംഗിന്റെ അനുയായിയായിരുന്ന മഹാവീര്‍ സിംഗ്, മോഹിത് മൊയ്ത്ര, മോഹന്‍ കിഷോര്‍ നമദാസ് എന്നിവര്‍ ഇവിടെ വെച്ച് മരണപ്പെട്ടവരില്‍ പ്രമുഖരാണ്.
1942ല്‍ ജപ്പാന്‍ ആന്‍ഡമാന്‍ പിടിച്ചടക്കിയെങ്കിലും രണ്ടാം ലോക മഹായുദ്ധകാലത്ത് ദ്വീപിന്റെ അധികാരം തിരികെ ബ്രിട്ടീഷ് കൈകളില്‍ തന്നെയെത്തി. സ്വാതന്ത്ര്യാനന്തരം തിരക്കൊഴിയാത്ത ടൂറിസ്റ്റ് കേന്ദ്രമായി ജയില്‍ മാറി. കൊളോണിയലിസത്തിന്റെ ക്രൂരമായ ശേഷിപ്പാണ് കാലാപാനി. അടക്കിപ്പിടിച്ച വിതുമ്പലുകള്‍ വിങ്ങുന്ന കാറ്റാണിവിടുത്തേത്. കാലടിയില്‍ മരണത്തിന്റെ പശയുള്ള മണ്ണ്. ശ്വാസമടക്കിപ്പിടിച്ചാല്‍ നെടുവീര്‍പ്പുകള്‍ കേള്‍ക്കാം.

ചാട്ട കൊണ്ട് നീലിച്ച, പൊള്ളലേറ്റ, ചോര കട്ട പിടിച്ച തൊലിപ്പുറങ്ങള്‍. പ്രിയപ്പെട്ടവരെ പിരിഞ്ഞതില്‍ നോവുന്ന നെഞ്ചുകള്‍. ചോര കക്കിയ വായില്‍ വിരിഞ്ഞ വന്ദേമാതരങ്ങള്‍. കയര്‍ കഴുത്തില്‍ മുറുകുന്നതിന് മുന്‍പ് ജന്മനാടിനും ഉറ്റവര്‍ക്കും വേണ്ടിയെടുത്ത പ്രാണന്റെ അവസാന ശ്വാസം. അവരിന്ന് ചരിത്രത്തിന്റെ കണക്കുപുസ്തകങ്ങളില്‍ പേരില്ലാത്ത വെറും അക്കങ്ങള്‍. അവരുടെ പേരറിയാമായിരുന്ന, മുഖം ഓര്‍മയിലു ണ്ടായിരുന്ന മനുഷ്യരും മണ്‍മറഞ്ഞു.
'കാലാപാനി' സിനിമയുടെ അന്ത്യത്തില്‍ വെളുപ്പ് പടര്‍ന്ന മുടിയുടെ മുകളിലേക്ക് സാരിത്തലപ്പ് വലിച്ചിട്ട് പാര്‍വതിക്കുട്ടി തീവണ്ടി കാത്ത് നില്‍പ്പാണ്. കാത്തിരിപ്പിന്റെ അന്‍പതാം വര്‍ഷം. ആന്‍ഡമാനില്‍ നിന്ന് സേതു വരുന്നുണ്ട്. അവളുടെ അനന്തരവന്‍. അവന്‍ ഉണ്ണിയേട്ടനെ കണ്ടിട്ടുണ്ടാകും. അവള്‍ സേതുവിന്റെ മുഖത്ത് ഉത്തരങ്ങള്‍ പരതി. ഇനിയും കാത്തിരിക്കണ്ട എന്നുപറയാന്‍ അവനു കഴിയില്ലല്ലോ. അതുകൊണ്ട് സുഖമുള്ള നുണകളിലേക്ക് അവന്‍ പാര്‍വതിക്കുട്ടിയെ കൈപിടിച്ച് നടത്തുന്നു.
എത്രയെത്ര പാര്‍വതിക്കുട്ടിമാര്‍ മടക്കമില്ലാത്ത പ്രിയപ്പെട്ടവനായി കണ്ണുംനട്ടിരുന്ന് ആയുസ്സ് തീര്‍ത്തിട്ടുണ്ടാകും !
Content Highlights: cellular jail or kala pani and freedom fight
Published: 15 Aug 2023, 11:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented