1864-ല്‍ രബീന്ദ്രനാഥ ടാഗോറിന്റെ പിതാവ് മഹര്‍ഷി ദേബേന്ദ്രനാഥ് ടാഗോര്‍ റായ്പുരിലേക്ക് പോകുന്നവഴിയില്‍വെച്ച് അതിമനോഹരങ്ങളായ നെല്‍പ്പാടങ്ങളും ചെമ്മണ്‍നിറമുള്ള പറമ്പുകളുംകണ്ടു. ബ്രഹ്മസമാജത്തിന്റെ തുടക്കക്കാരിലൊരാളായ ദേബേന്ദ്രനാഥിന് ആത്മീയമായൊരു അടുപ്പം ആ പ്രദേശത്തോട് തോന്നുക സ്വാഭാവികമായിരുന്നു. അദ്ദേഹം അവിടുത്തെ ജമീന്ദാരില്‍നിന്നും ഒരു ബ്രിട്ടീഷ് രൂപാ വിലയില്‍ ഇരുപത് ബീഗാ ഭൂമി വാങ്ങി (ഏതാണ്ട് ആറ് ഏക്കര്‍), ചെറിയൊരു മണ്‍വീട് നിര്‍മിച്ചു. അതാണ് ശാന്തിനികേതന്റെ തുടക്കം. പശ്ചിമബംഗാളിലെ ബിര്‍ഭൂം ജില്ലയിലാണ് ശാന്തിനികേതന്‍. മഹാകവി ടാഗോര്‍ 1901-ല്‍ അവിടെ ഒരു ബ്രഹ്മവിദ്യാലയം സ്ഥാപിക്കുകയും പിന്നീട് 1921-ല്‍ അതൊരു വിശ്വവിദ്യാലയമാക്കി മാറ്റുകയും ചെയ്തു. 

നമ്മുടെ സ്വാതന്ത്ര്യസമരത്തിലെ നിര്‍ണായകമായ ചില ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിച്ചത് ശാന്തിനികേതനായിരുന്നു. ദേശീയനേതാക്കള്‍ നിരന്തരം അവിടെ സന്ദര്‍ശിച്ചു. 1913-ല്‍ തനിക്ക് നൊബേല്‍ സമ്മാനം കിട്ടിയപ്പോള്‍ ആ തുക മുഴുവന്‍ വിശ്വവിദ്യാലയത്തിനുവേണ്ടിയാണ് ടാഗോര്‍ വിനിയോഗിച്ചത്. പില്‍ക്കാലത്ത് നന്ദലാല്‍ ബോസ്, ബിനോദ് ബിഹാരി മുഖര്‍ജി, രാംകിങ്കര്‍ ബെയ്ജ് തുടങ്ങിയ ഉന്നതരായ കലാകാരന്മാര്‍ അവിടെ അധ്യാപകരായിരുന്നു. ഇന്ദിരാഗാന്ധിയടക്കമുള്ള പ്രമുഖര്‍ ശാന്തിനികേതനില്‍ പഠിച്ചിട്ടുണ്ട്.

ശാന്തിനികേതനിലേക്ക്....
ആദ്യത്തെത്തവണ ശാന്തിനികേതനിലെത്തിയത് 2020 ജനുവരിയിലെ ഒരു അര്‍ധരാത്രിയിലായിരുന്നു. മഞ്ഞുകാലം. ഞാന്‍ കൊല്‍ക്കത്തയില്‍ത്തന്നെ ജോലിചെയ്യുന്ന സമയമാണ്. ശാന്തിനികേതനടുത്തുള്ള ബോല്‍പുര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും നേരത്തേ ബുക്ക്ചെയ്ത മിതാലി എന്ന താമസസ്ഥലത്തേക്ക് 'ടോടോ' എന്ന് പേരിട്ടുവിളിക്കുന്ന ബാറ്ററി റിക്ഷയിലാണ് പോയത്. റിക്ഷയുടെ സാരഥി കുടിച്ചുവശം കെട്ടിരുന്നു. യാത്ര നരകത്തിലേക്കെന്നതുപോലെ ദുരിതപൂര്‍ണമായിത്തോന്നിച്ചു. യാത്രികര്‍ ഭൂമികുലുക്കത്തിലെന്നവണ്ണം ചാഞ്ചാടിക്കൊണ്ടിരുന്നു. വഴിയിലെമ്പാടുമുള്ള വീടുകളെല്ലാം ഉറക്കമായിരുന്നു. ഇരുട്ടും മഞ്ഞും കനത്ത കമ്പളം പോലെ ആ ഉറക്കത്തിനുമേല്‍ വീണുകിടന്നു. 

അതിന്റെ പിറ്റേന്ന് ശാന്തിനികേതനിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ ചുറ്റിക്കണ്ടു. നൃത്തകലാക്ഷേത്രമായ കലാഭവനും മഹാകവിയുടെ താമസസ്ഥലമായ രബീന്ദ്രസദനും അദ്ദേഹം ധ്യാനനിരതനായി ഇരിക്കാറുള്ള ഛാതിംതലയും സംഗീതഭവനും പ്രകൃതിഭവനുമെല്ലാം. മഹാശില്പിയായ രാംകിങ്കര്‍ ബെയ്ജ് ശിലയിലും മരത്തിലുംചെയ്ത നിസ്തുലമായ ശില്പങ്ങള്‍ -കൊയ്ത്തുകാരി, സന്താള്‍ കുടുംബം, ഗാന്ധി, ബുദ്ധന്‍, സുജാത - വലിയ സുരക്ഷിതത്വമൊന്നുമില്ലാതെ കാറ്റുംവെയിലും മഴയും മഞ്ഞുംകൊണ്ട് പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്നു. ആ മഹിതപശ്ചാത്തലത്തെക്കൂടി പരിഗണിച്ചുകൊണ്ടേ ബെയ്ജിന്റെ ശില്പങ്ങളുടെ ആസ്വാദനം പൂര്‍ത്തിയാവൂ. വിശ്വഭാരതി സര്‍വകലാശാലയിലെ കുട്ടികള്‍ വൃക്ഷത്തണലുകളിലിരുന്ന് പഠിക്കുന്നതാണ് സുന്ദരമായ മറ്റൊരു കാഴ്ച. 

placeholder
വിശ്വഭാരതിയിലെ ക്ലാസ് മുറി

ഒരുവര്‍ഷംകൂടി കഴിഞ്ഞ് വീണ്ടുമൊരു ജനുവരിയില്‍ വിശ്വഭാരതിയിലെത്തുമ്പോള്‍ ഞാന്‍ കൊല്‍ക്കത്തയില്‍നിന്നും പോന്നിരുന്നു. ഇത്തവണ പകലാണ് ശാന്തിനികേതനിലെത്തിയത്. അപ്പോഴും കുട്ടികള്‍ വൃക്ഷച്ഛായയിലിരുന്ന് പഠിക്കുന്നത് കണ്ടു. പക്ഷേ, അക്കാണുന്നതൊന്നുമല്ല ഇപ്പോള്‍ ശാന്തിനികേതനിലെ അവസ്ഥ എന്നാണ് ഞങ്ങള്‍ക്ക് ഗൈഡായി വന്ന പ്രണബ്കുമാര്‍ മുഖര്‍ജി പറഞ്ഞത്. മുന്‍ രാഷ്ട്രപതിയുമായി പേരില്‍ തെറ്റാതിരിക്കാന്‍ അദ്ദേഹം സ്വയം പി.കെ എന്നാണ് ചുരുക്കിപ്പറയുന്നത്. പി.കെ. മുഖര്‍ജി ബ്രഹ്മസമാജക്കാരനാണ്. ടാഗോറിന്റെ പരമഭക്തന്‍. ഓരോസ്ഥലം കണ്ടുകഴിയുമ്പോഴും അദ്ദേഹം 'ഒരുരാഷ്ട്രം, ഒരു പ്രപഞ്ചം' (One nation, one universe) എന്ന് മുദ്രാവാക്യം വിളിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ അതില്‍ ഹരംകൊണ്ട് ഞങ്ങളും അതേറ്റുപറയാന്‍ തുടങ്ങി.

പി.കെയുടെ അഭിപ്രായത്തില്‍ ഇപ്പോള്‍ വിശ്വഭാരതിയുടെ പോക്ക് അത്ര നല്ലരീതിയിലല്ല. ദിനേനയെന്നോണം നിരവധി കെട്ടിടങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അതുമാത്രമല്ല, ഇപ്പോള്‍ മറ്റേത് സര്‍വകലാശാലയും പോലെയാണ് വിശ്വഭാരതിയും. പഠനത്തിനുശേഷം ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ ദാനംചെയ്യുന്നു. അംഗീകൃത ബോര്‍ഡുകളിലേയും സര്‍വകലാശാലകളിലേയും സിലബസ്സുകള്‍ പിന്തുടരുന്നു, പരീക്ഷകള്‍ നടത്തുന്നു. ഇതൊന്നും ടാഗോര്‍ ദുഃസ്വപ്‌നത്തില്‍പ്പോലും കണ്ടിരിക്കാനിടയില്ല. നിങ്ങള്‍ തിരികേ നാട്ടിലെത്തുമ്പോള്‍ ഇതിനെതിരേ കത്തുകളെഴുതി അധികൃതര്‍ക്ക് അയക്കണം എന്നും മുഖര്‍ജി ആവശ്യപ്പെട്ടു. സാധാരണ തപാലില്‍, കൈകൊണ്ട് എഴുതിവേണം പരാതിപ്പെടാന്‍. ഞങ്ങള്‍ അത് സമ്മതിച്ചെങ്കിലും രണ്ടുകൊല്ലം കഴിഞ്ഞിട്ടും അത്തരം കാര്യങ്ങളില്‍ ഉഴപ്പുകയാണുണ്ടായത്.

placeholder
എക്‌താര

എക്താരയുടെ രാഗവീചികള്‍
ഇപ്രാവശ്യം ശാന്തിനികേതനിലെ അമര്‍ കുടീരത്തിലാണ് മിക്കവാറും സമയം ചെലവഴിച്ചത്. ശാന്തിനികേതനത്തിനുള്ളില്‍ത്തന്നെയാണ് ഇത്. അമര്‍കുടീര്‍ വരുന്നത് 1921-ലാണ്. സ്വാതന്ത്ര്യസമരത്തിന്റെയും സ്വദേശിപ്രസ്ഥാനത്തിന്റെയും ഭാഗമായിട്ടായിരുന്നു തുടക്കം. കരകൗശലവസ്തുക്കളും കൈത്തറിവസ്ത്രങ്ങളും നിര്‍മിക്കാനും വിറ്റഴിക്കാനുമുള്ള ഉദ്ദേശ്യമായിരുന്നു കവിയുടെ മനസ്സില്‍. ഇപ്പോള്‍ അതൊരു സഹകരണ സൊസൈറ്റിയാണ്. തനതുരീതികള്‍കൊണ്ടുണ്ടാക്കുന്ന ആഭരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ലോഹങ്ങളിലും മണ്ണിലുമുള്ള ശില്പങ്ങള്‍, ഖാദിവസ്ത്രങ്ങള്‍ എന്നിവയെല്ലാം ഇവിടെയുള്ള വിപണനകേന്ദ്രത്തില്‍നിന്ന് വാങ്ങാം. അമര്‍ കുടീരത്തില്‍ ഗായകര്‍ക്കും നര്‍ത്തകര്‍ക്കുമായി ഒരു വേദിയുണ്ട്. അങ്ങനെ അന്ന് അവിടെവന്നുപാടിയ ഒരാളാണ് ദുലാല്‍ദാസ് ബാവുല്‍.

ജട പിടിച്ച, കോതിവയ്ക്കാത്ത മുടി, കുങ്കുമവസ്ത്രങ്ങള്‍, തുളസിമാല, കാലില്‍ ചിലങ്കകള്‍.. ഒരു ബാവുല്‍ ഗായകനെ തിരിച്ചറിയുക എളുപ്പമാണ്. അവര്‍ ഉപയോഗിക്കുന്ന സംഗീതോപകരണം വേപ്പിന്റെയോ പ്ലാവിന്റെയോ തടിയിലാണ് ഉണ്ടാക്കുക. ഒറ്റക്കമ്പിയുള്ള ഉപകരണത്തിന് എക്താര എന്നുപറയും. ദ്വിതാര എന്നാല്‍ രണ്ടോ അതിലധികമോ കമ്പികളുള്ള വാദ്യമായിരിക്കും. കമ്പിയില്‍ വലിച്ചും ചിലപ്പോഴെല്ലാം നൃത്തച്ചുവടുകള്‍വെച്ചും അവര്‍ അനുഭൂതിദായകമായ ഗാനങ്ങള്‍ ആലപിക്കുന്നു. ചിലപ്പോള്‍ നീണ്ട പുല്ലാങ്കുഴലുകളോ ഇലത്താളങ്ങള്‍പോലുള്ള ഉപകരണങ്ങളോ അകമ്പടി കാണും. 

ഭക്തിപ്രസ്ഥാനഘട്ടമാണ് ബാവുലുകളുടെ സുവര്‍ണകാലം. വായ്മൊഴികളായിട്ടായിരുന്നു പാട്ടുകള്‍ പ്രചരിച്ചിരുന്നത്. മഹാനായ ലാലന്‍ ഫക്കീര്‍ (1774-1890) ആയിരക്കണക്കിന് ഗാനങ്ങളാണ് ചിട്ടപ്പെടുത്തിയത്. പക്ഷേ, പില്‍ക്കാലത്ത് കൈമാറിക്കിട്ടിയത് കഷ്ടി അറുനൂറോളം ഗാനങ്ങള്‍ മാത്രം. ഇന്ത്യാ- ബംഗ്ലാദേശ് സംയുക്തസംരംഭമായി 2010-ല്‍ പുറത്തുവന്ന 'മൊനേര്‍ മാനുഷ്' എന്ന ഗൗതം ഘോഷിന്റെ ചിത്രം ലാലന്‍ ഫക്കീറിന്റെ ജീവിതത്തെ ആധാരമാക്കിയിട്ടുള്ളതാണ്. 

placeholder
വര- ബാലകൃഷ്ണൻ ഉള്ള്യേരി

രബീന്ദ്രനാഥ ടാഗോറിന്റെ ജ്യേഷ്ഠനായ ജ്യോതീന്ദ്രനാഥ ടാഗോര്‍ വിദേശവിദ്യാഭ്യാസത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തുകയും എണ്‍പതുകാരനായ ലാലന്‍ ഫക്കീറിന്റെ പടം വരയ്ക്കാന്‍ തുടങ്ങുകയുമാണ്. പത്മാനദിയിലെ ഒരു ഹൗസ് ബോട്ടിലിരുന്നുകൊണ്ട് സന്ന്യാസിയായ ലാലനും ജ്യോതീന്ദ്രനാഥും തമ്മിലുള്ള ചര്‍ച്ചയാണ് സിനിമയുടെ പ്രമേയം. സുനില്‍ ഗംഗോപാദ്ധ്യായയുടെ അതേപേരിലുള്ള ചെറിയ നോവലാണ് സിനിമയ്ക്ക് ആധാരമായിട്ടുള്ളത്. 

പില്‍ക്കാലത്ത് രബീന്ദ്രനാഥ ടാഗോര്‍ അനേകം ബാവുല്‍ ഗാനങ്ങള്‍ രചിച്ചു. അദ്ദേഹവും ഈ ഗായകരോടൊപ്പം നൃത്തംചെയ്ത് പാടുമായിരുന്നു. രബീന്ദ്രസംഗീതത്തില്‍ ഇത്തരം ഗാനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. മതങ്ങളുടെ കെട്ടുപാടുകള്‍ക്കെല്ലാം ഉയരെയുള്ള അതീന്ദ്രിയമായ ഒരാത്മീയത ബാവുല്‍ സംഗീതത്തില്‍ തുടിച്ചുനില്‍ക്കുന്നു. കാലക്രമേണ ബാവുലുകളുടെ ജീവിതത്തിനും മാറ്റം വന്നിരിക്കുകയാണ്. വെറും നാടോടികളായി ജീവിക്കുകയല്ല, ഇപ്പോള്‍ ബഹുഭൂരിപക്ഷംപേരും. സമീപകാലത്ത് ബാവുലുകളുടെ ഗാനങ്ങള്‍ റോക്ക് സംഗീതവുമായി മിശ്രണം ചെയ്യുന്നതുപോലുമുണ്ട്. 

placeholder
ലേഖകൻ ദുലാല്‍ദാസ് ബാവുലിനൊപ്പം

ഈ രണ്ട് തീവ്രതകള്‍ക്കും ഇടയില്‍ രേഖപ്പെടുത്താവുന്ന ബാവുല്‍ ഗായകനാണ് ദുലാല്‍ദാസ് ബാവുല്‍. അദ്ദേഹത്തിന്റെ ചില ഗാനങ്ങളെങ്കിലും യൂട്യൂബില്‍ ലഭ്യമാണ്. ദുലാല്‍ ദാസ് രാവിലെ അമര്‍ കുടീരത്തില്‍ വരുന്നു. സ്വയം ചില പാട്ടുകള്‍ തുടങ്ങിവയ്ക്കുന്നു. അതിനുശേഷം ആളുകളുടെ ആവശ്യപ്രകാരമുള്ള ഗാനങ്ങളിലേക്ക് മാറുന്നു. തന്റെ നാടോടി പാരമ്പര്യം അദ്ദേഹം മിക്കവാറും ഉപേക്ഷിച്ചമട്ടാണ്. ശാന്തിനികേതന് അടുത്തുള്ള ബല്ലഭ്പൂര്‍ എന്ന ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ താമസം. രണ്ട് ബീഗ (അറുപതിലധികം സെന്റ്) കൃഷിഭൂമിയുണ്ട്. അയാള്‍ക്ക് കൃഷിപ്പണികള്‍ അറിയാം. സംഗീതവും കൃഷിയും കഴിഞ്ഞാല്‍ അയാള്‍ കരകൗശലവസ്തുക്കളുണ്ടാക്കുന്ന ജോലികളില്‍ ഏര്‍പ്പെടും. ഇതിന്റെയെല്ലാം സീസണ്‍ മാറുമ്പോഴാണ് അമര്‍ കുടീരത്തിലെത്തുന്നത്. അല്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോവുക വയ്യ.

മുപ്പത്തിരണ്ടുകാരനായ ദുലാല്‍ദാസിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. അതായത് ദുലാല്‍ദാസ് ഗൃഹസ്ഥനായ ബാവുല്‍ ആകുന്നു. ഇക്കാലത്ത് അതില്‍ വലിയ വൈരുധ്യമില്ല. എന്നാല്‍, അദ്ദേഹം യാത്രചെയ്യാതിരുന്നിട്ടുമില്ല. കൊല്‍ക്കത്താ നഗരം, ലഖ്നൗ, ദില്ലി, ഭിലായ് തുടങ്ങിയ നഗരങ്ങളിലേക്കെല്ലാം പോയിട്ടുണ്ട്. അവിടെ ആലാപനങ്ങള്‍ നടത്തിയിട്ടുണ്ട്. ബാവുല്‍ സംഗീതത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 

ഞങ്ങള്‍ക്കുവേണ്ടി അദ്ദേഹം മൂന്നിലധികം ഗാനങ്ങള്‍ ആലപിച്ചു. ദുലാലിന്റെ സംഗീതോപകരണത്തിന് അഞ്ച് തന്ത്രികളുണ്ടായിരുന്നു എന്ന് ഓര്‍ക്കുന്നു. ഈ ഉപകരണം യന്ത്രനിര്‍മിതിയാണ്. കമ്പികള്‍ മാത്രം പിന്നീട് യോജിപ്പിച്ചു. വേപ്പിന്‍തടിയിലുള്ള അത്തരമൊന്ന് വാങ്ങാന്‍ അയ്യായിരത്തോളം രൂപവരും. അത് പ്രയാസമാണെന്നാണ് ദുലാല്‍ പറയുന്നത്. അയാള്‍ക്ക് ഒരു ദിവസം മുഴുവന്‍ പാടിയാല്‍ മുന്നൂറോ നാനൂറോ രൂപയാണ് കിട്ടുക. ഏറ്റവും തിരക്കുള്ള സന്ദര്‍ഭങ്ങളില്‍ എണ്ണൂറ്. മറ്റ് ഗായകരും ഇവിടെ വരുമല്ലോ. ഇങ്ങനെ മത്സരമുണ്ടെങ്കിലും കൂടുതല്‍ പേര്‍ ബാവുല്‍ ഗാനങ്ങളിലേക്ക് വരണം എന്നാണ് അയാളുടെ പക്ഷം. ഈ വലിയ പാരമ്പര്യം കെട്ടുപോയിക്കൂടാ. 

placeholder

ശാന്തിനികേതനില്‍നിന്ന് കുറച്ചുമാറിയാല്‍ ഗ്രാമങ്ങളാണ്. അതിലൊന്നാണ് കൊഹോയ്ഹട്ട് ചന്ത. അവിടെ സായാഹ്നവാണിഭം നടക്കുന്നത് കാണാനായി പോയി. അന്ന് അവിടെ ഏതൊക്കെയോ കലാപരിപാടികള്‍കൂടി നടക്കുന്നുണ്ടായിരുന്നു. നാട്ടിന്‍പുറത്തെ സര്‍ക്കസ്സുകള്‍, നാടകം, കഥപറച്ചില്‍, കുട്ടികള്‍ കൂട്ടുചേര്‍ന്ന് വടിയടിച്ചുകൊണ്ട് പാടുന്ന നൃത്തം. ഇത്തരമെല്ലാ കലാരൂപങ്ങളേയും ഒരുമിച്ച് വിളക്കിച്ചേര്‍ത്താണ് മഹാകവി, വിശ്വഭാരതി വിഭാവനം ചെയ്തത്. പില്‍ക്കാലത്ത് ഗ്രാമങ്ങളുടെ പങ്കാളിത്തം മിക്കവാറും ശാന്തിനികേതനില്‍ ഇല്ലാതായി. വിശ്വഭാരതി മറ്റൊരു സര്‍വകലാശാല മാത്രമായി മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ മിക്കവാറും എല്ലാ സര്‍വകലാശാലകളേയും അനുകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്വാഭാവികമായും ഇനി ബാക്കിയായി 'മുട്ടോളമില്ല, ഭൂതകാലക്കുളിര്‍'.

തിരികേ പോരുമ്പോള്‍ ശ്രേയാ ഘോഷാലിന്റെ ശബ്ദത്തില്‍ ടാഗോറിന്റെ 'ഏക്ലാ ചലോരേ..''എന്ന പ്രശസ്തമായ ഗാനം കേട്ടു. വിഭജനത്തിന്റെയും സംഘര്‍ഷങ്ങളുടെയും ഒരു കാലത്ത് എഴുതിയ ഗാനമാണത്. പില്‍ക്കാലത്ത് സ്വാതന്ത്ര്യസമരത്തില്‍ തന്റെ നിലപാടുകളുടെ ഏകാന്തതയില്‍ നില്‍ക്കുമ്പോള്‍ ഗാന്ധിജിയെ ഓര്‍മയിലെത്തിക്കുന്ന ഒന്ന്. ആരും നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കാതിരിക്കുമ്പോള്‍ ഒറ്റയ്ക്ക് പോവുക. ആരും നിങ്ങളെ മനസ്സിലാക്കുന്നില്ലെങ്കിലും ആത്മാവില്‍നിന്ന് വരുന്ന വാക്കുകള്‍ പറയുക. 

രാത്രിയായിരിക്കുന്നു. ജനുവരിയിലെ തണുപ്പിന്റെ തിടമ്പേറ്റിയ ഇരുട്ട് ആ ഏകാന്തതയുടെ ആഴം കൂട്ടുന്നതായി തോന്നിച്ചു.