“ഗൗരിക്ക് ആറന്മുള വള്ളസദ്യയില്‍ പങ്കെടുക്കാന്‍ താല്പര്യമുണ്ടോ?”

ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനൊരു സന്ദേശം കണ്ടപ്പോള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. പറഞ്ഞുവരുമ്പോള്‍ ഞാന്‍ ആലപ്പുഴക്കാരിയാണ്. ആറന്മുള വളരെ അടുത്താണ്. എന്നാലും എന്തുകൊണ്ടോ ആറന്മുളത്തേവരുടെ വള്ളസദ്യ ഉണ്ണാന്‍ സാധിച്ചിട്ടില്ല. എനിക്കെപ്പോഴും തോന്നും ദൂരദേശങ്ങളെക്കാള്‍ മനുഷ്യന് എത്തിപ്പെടാന്‍ പ്രയാസം അടുത്തുള്ള സ്ഥലങ്ങളാണ്. തൊട്ടടുത്തല്ലേ, എപ്പൊ വേണേലും പോകാലോ... എന്ന് മനസ്സ് പറയുന്നതും കേട്ടങ്ങനിരിക്കും നമ്മള്‍. എന്തായാലും ഇത്തവണ ഞാന്‍ വിട്ടുകൊടുത്തില്ല, സന്ദേശമയച്ച തൃശ്ശൂര്‍കാരി ജ്യോതിക്ക് ഉടനെ മറുപടിനല്‍കി. ഒരിക്കലും നേരില്‍കണ്ടിട്ടില്ലാത്ത ഒരു വ്യക്തിയുടെ ഈയൊരു ചോദ്യത്തിനപ്പുറം മറ്റൊരു നിയോഗമില്ലെന്ന് തോന്നി. ജ്യോതി ഉടനെ സുഹൃത്തായ ആറന്മുളക്കാരന്‍ അരുണിന്റെ നമ്പര്‍തന്നു. അപ്പോള്‍ ഒരു കുഞ്ഞ് അത്യാഗ്രഹംകൂടി മനസ്സില്‍ മുളപൊട്ടി, വള്ളസദ്യ പാകംചെയ്യുന്ന പാചകപ്പുര കാണണം. അതുകേട്ടതും മൂപ്പര്‍ പറഞ്ഞു.

"11 മണിക്ക് ഇങ്ങ് പോരെ! നമുക്ക് ശെരിയാക്കാം”

ബന്ധുവില്ലാത്തവര്‍ക്കൊക്കെ ബന്ധുവായ ഭഗവാനെ,

ഈ ബന്ധുവായ അടിയനെ കനിഞ്ഞിടണേ തെയ്...

ആദ്യസംഘം വള്ളക്കാര്‍ താളത്തില്‍ പാടിക്കൊണ്ട് ക്ഷേത്രത്തിന് വലംവെച്ചു.

കൃത്യം 11 മണിക്ക് അരുണ്‍ചേട്ടന്‍ വന്നു.

"കൊച്ചാട്ടാ! എന്തുണ്ട്?” എന്റെ തൊട്ടടുത്തുനിന്ന മധ്യവയസ്‌ക്കനോട് പുള്ളിയുടെ സ്‌നേഹാന്വേഷണം. ആറന്മുളയിലെ പൊതുകാര്യപ്രസക്തനാണ് അരുണ്‍ചേട്ടനെന്ന് വ്യക്തം. മൂപ്പര്‍ക്ക് എല്ലാരേയും, എല്ലാര്‍ക്കും മൂപ്പരെയും നന്നായി അറിയാം.

“ഞാന്‍ ആറാട്ടുപുഴക്കാരനാണ് കേട്ടോ. എന്റെ കരയുടെ പള്ളിയോടമാണ് നാളെ ഇറങ്ങുന്നത്” ചേട്ടന്‍ അഭിമാനത്തോടെ പറഞ്ഞു. ആറന്മുളക്കാര്‍ക്ക് അവരുടെ കര വികാരമാണ്. ആറാട്ടുപുഴ, മല്ലപ്പുഴശ്ശേരി, ഇടയാറന്മുള, ചെന്നിത്തല തുടങ്ങി 28 കരകളിലായി 52 പള്ളിയോടങ്ങളാണുള്ളത്. ഈ പള്ളിയോടങ്ങളില്‍ ഏതെങ്കിലും ഒന്നായിരിക്കും ഓരോ വള്ളസദ്യക്കും ഇറങ്ങുക. വള്ളസദ്യ തുടങ്ങുന്നതിന് മാസങ്ങള്‍ മുന്‍പേ ഓരോ കരയിലും വള്ളപ്പാട്ടുകള്‍ അഭ്യസിക്കാനായി കളരികള്‍ സജീവമാകും. ആറ് മുതല്‍ 60 വയസ്സ് വരെയുള്ളവര്‍ ഒരേ ആവേശത്തോടെയിറങ്ങും.

"നമുക്കാദ്യം പാചകപ്പുരയിലേക്ക് പോകാം. നാളത്തെ വള്ളസദ്യയുടെ ഒരുക്കം ഇന്നു രാവിലേ തന്നെ തുടങ്ങും. ശ്രീവത്സം കാറ്ററിങിന്റെ സദ്യ ആണ്. എന്റെ സ്വന്തം പയ്യന്റെയാ! ശ്രീരാജ്! മല്ലപ്പുഴശ്ശേരിയാണ് അവന്റെ കര. ഭഗവാന്റെ പൊന്നുകെട്ടിയ ഓടം മല്ലപ്പുഴശ്ശേരിക്കാരുടെതാണ്.” ഒറ്റശ്വാസത്തില്‍ ചേട്ടന്‍ പറഞ്ഞുനിര്‍ത്തി. ഇവിടെ വീട്ടുപേര് പറയുന്നതിനുമുന്‍പ് കരയുടെ പേരുപറയുന്നത് സര്‍വസാധാരണമാണ്.

ആറന്മുള പോലീസ് സ്റ്റേഷന്റെ എതിര്‍വശത്താണ് പാചകപ്പുര.  പാചകപ്പുരയില്‍ ആദ്യം എന്റെ നോട്ടമെത്തിയത് നിലവിളക്കിന് മുന്നില്‍ വെച്ചിരിക്കുന്ന വഴുതനങ്ങയിലാണ്. “ഭാഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വിഭവമാണ് വഴുതനങ്ങ മെഴുക്കുപുരട്ടി. പാചകം തുടങ്ങുന്നതിനു മുന്‍പ് വിളക്കുവെച്ച് മുന്നില്‍ വഴുതനങ്ങയുംവെക്കും, ഭഗവാന്റെ അനുഗ്രഹത്തിനായി”. ശ്രീരാജ് പറഞ്ഞു. ഞാന്‍ ചുറ്റുമൊന്ന് കണ്ണോടിച്ചു. ഒരാള്‍ തേങ്ങ തിരുമ്മുകയാണ്. തൊട്ടടുത്ത് അവിയലിനുള്ള കഷണങ്ങള്‍ നുറുക്കുന്നു. വേറൊരാള്‍ കാബേജ് കൊത്തിയരിയുന്നു, മാറ്റൊരിടത്തു ഉണ്ണിയപ്പത്തിനുള്ള മാവ് തയാറാക്കുന്നു. 

അവിടുത്തെ കാറ്റിന് കടുകും ഉലുവയും കായവും നല്ലപോലെ മൂപ്പിച്ച അച്ചാറിന്റെ മണമാണ്. ഹോ! അച്ചാറ് അടുപ്പില്‍ നിന്നുവാങ്ങി മറ്റൊരു പാത്രത്തിലേക്ക് പകര്‍ന്നപ്പോള്‍, ഒഴിഞ്ഞ ഉരുളിയില്‍ ഒരു പിടി ചോറിട്ട് പെരട്ടിക്കഴിക്കാനുള്ള കലശലായ തോന്നല്‍ അടക്കിപ്പിടിച്ച് ഞാന്‍ ചോദിച്ചു. “എത്ര മണിക്ക് പാചകം തുടങ്ങും?”

“വള്ളസദ്യയുടെ തലേന്ന് രാവിലെ എട്ട് മണിക്ക് തുടങ്ങി ഉച്ചയോടു കൂടി അച്ചാറുകളും ചേന, ചേമ്പ്, ഏത്തക്ക ഉപ്പേരികളും, ഉണ്ണിയപ്പവും കുഞ്ഞ് പരിപ്പുവടയുമൊക്കെ റെഡി ആകും. വൈകുന്നേരം മറ്റു കഷണങ്ങളും അരിഞ്ഞുപെറുക്കും. പിറ്റേ ദിവസം പുലര്‍ച്ചെ 2.30 തൊട്ട് സാമ്പാറും അവിയലും പായസങ്ങളും വറുത്ത എരിശ്ശേരിയും മറ്റും തയ്യാറാക്കും. ഒരു ഒൻപത് മണിയോടെ എല്ലാം സെറ്റ്!”

അപ്പോഴേക്കും വഴിപാടുകാര്‍ എത്തി. ഒരുക്കങ്ങളൊക്കെ എവിടെ വരെ ആയി എന്നറിയാന്‍ വന്നതാണ്.

"ഇതിവരുടെ മൂന്നാമത്തെ വള്ളസദ്യ ആണ്. ഒരു വട്ടം നടത്തിയവരാരുംതന്നെ ഒന്നില്‍ നിര്‍ത്തിയിട്ടില്ല. മുന്‍പൊക്കെ ഒരു കൊല്ലം 20 വള്ളസദ്യ ഒക്കെയെ നടന്നിരുന്നുള്ളൂ. എന്റെ ചെറുപ്പത്തിലൊക്കെ വീട്ടില്‍ എല്ലാരുംകൂടി പാചകംചെയ്ത് വള്ളക്കാര്‍ക്ക് വിളമ്പും. ഇപ്പൊ പുറംനാട്ടുകാരൊക്കെ നേര്‍ന്ന് ഒരു കൊല്ലം 400-500 വള്ളസദ്യയൊക്കെയാ നടക്കുന്നെ!” ശ്രീരാജ് പറഞ്ഞു. 

പിറ്റേന്നു വെളുപ്പിന് കണ്ണുംത്തിരുമ്മി പാചകപ്പുരയില്‍ എത്തിയ ഞാന്‍ ഞെട്ടിപ്പോയി. തലേന്ന് കണ്ടതുപോലെയല്ല. എല്ലാവരും ഓട്ടപ്പാച്ചിലിലാണ്. കരിങ്ങാലി വെള്ളം തിളക്കുന്നു, മറ്റൊന്നില്‍ പായസത്തിനുള്ള അട വേകുന്നു, സാമ്പാറിനുള്ള വറവ് തയാറാകുന്നു, തേങ്ങാപ്പാല്‍ പിഴിയുന്നു, പഴം നുറുക്കുന്നു, കരിമ്പു വെട്ടുന്നു. ശരിക്കും 'Organised Chaos'. പ്രധാന അടുപ്പില്‍ പാകമായ നല്ല കായം മണക്കുന്ന സാമ്പാര്‍ മൂന്നുപേര്‍ചേര്‍ന്ന് നാലഞ്ച് ചരുവങ്ങളില്‍ പകര്‍ത്തി. അതേ ഉരുളിയില്‍ വേണം പാല്‍പായസം തയാറാക്കാന്‍. ഉരുളി കഴുകുന്ന ചുമതല ഒരു ചേട്ടന്‍ ഏറ്റെടുത്തു. ഉരുളി പലയാവര്‍ത്തി കഴുകിക്കാണും. സാമ്പാറിന്റെ ഒരംശം ഉരുളിയില്‍ ബാക്കിയുണ്ടെങ്കില്‍ തീര്‍ന്നില്ലേ പാല്‍പായസം! 

ഇനിയൊരു പൂച്ചയുറക്കം കഴിഞ്ഞ് പത്തരയോടെ സത്രക്കടവില്‍ എത്തണം. അവിടെനിന്നാണ് പള്ളിയോടം ക്ഷേത്രത്തിലേക്ക് പുറപ്പെടുക. ആറാട്ടുപുഴ പള്ളിയോടം ക്യാപ്റ്റന്‍ ഗോപിയാശാനും വള്ളക്കാരും തയ്യാറായി നില്‍പ്പുണ്ടായിരുന്നു. “വള്ളസദ്യയുടെ ചടങ്ങുകള്‍ തുടങ്ങി, തീരുന്നതുവരെ വള്ളക്കാര്‍ക്ക് ഒരു കുറവും വരുത്താന്‍ പാടില്ല. ഞങ്ങളില്‍ ഒരാളായി ഭാഗവാനും ഉണ്ടാകും എന്നാണ് സങ്കല്‍പം. തേവര് എഴുന്നള്ളുന്ന ഓടം ആയതുകൊണ്ടാണ് ഈ 52 ഓടങ്ങളെയും പള്ളിയോടങ്ങള്‍ എന്ന് വിളിക്കുന്നത്. വള്ളക്കാര്‍ സന്തോഷമായിട്ടാണ് മടങ്ങുന്നതെങ്കില്‍ തേവരും പ്രസാദിച്ചു എന്നാണ് വിശ്വാസം” ആശാന്‍ പറഞ്ഞു. ഗോപിയാശാന്‍ 50 കൊല്ലത്തിലെറേയായി നീറ്റില്‍ ഇറങ്ങുന്നു. കാണ്ടാല്‍ നിസ്സാരമെന്ന് തോന്നുമെങ്കിലും ശീലമില്ലാത്തവര്‍ പള്ളിയോടത്തില്‍ നില്‍ക്കാനും തുഴയാനും നന്നേ ബുദ്ധിമുട്ടും. വെയിലത്ത് ചുട്ടുപഴുത്തു കിടക്കുന്ന പള്ളിയോടത്തില്‍ പത്തു സെക്കൻഡ്‌‌‌‌‌‌ നില്‍ക്കാന്‍ സാധാരണക്കാര്‍ കഷ്ടപ്പെടുമ്പോള്‍ വള്ളക്കാര്‍ 'ഇതൊക്കെ എന്ത്' എന്ന ഭാവത്തില്‍ ഒരു ചിരിയും പാസ്സാക്കി അവിടിരിക്കും. ഈ വള്ളക്കാരെല്ലാം മറ്റുജോലികളുള്ളവരാണ്. വള്ളസദ്യക്കും ഉതൃട്ടാതി വള്ളംകളിക്കും അവധി കിട്ടാത്തതിന് വിദേശത്തെ നല്ല ജോലി വേണ്ടെന്നുവെച്ചവര്‍വരെ ഇക്കൂട്ടത്തിലുണ്ട്.

അല്‍പനേരം കഴിഞ്ഞപ്പോള്‍ ക്ഷേത്രത്തില്‍നിന്ന് വഴിപാടുകാരെത്തി. ഭാഗവാന് പറയും നിറച്ച് ദക്ഷിണയും വെച്ചിട്ടാണ് വരവ്. അമ്പലത്തില്‍ നിന്ന് പൂജിച്ചുകിട്ടിയ മാല പള്ളിയോടത്തില്‍ ചാര്‍ത്തി. ശേഷം ആശാന് ദക്ഷിണയും വെറ്റയും പാക്കും പുകയിലയും കൊടുക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. വള്ളക്കാര്‍ താളത്തില്‍ പാടി പള്ളിയോടത്തില്‍ കയറി മെല്ലെ നീങ്ങും.

ദേവഗംഗയാകും പമ്പാതീരത്താറന്മുള ദേശം,

തെയ് തെയ് തകതോം തീതകതോം

തീത തിതോം തിതോം തികിതോം!

സത്രക്കടവില്‍ നിന്ന് പുറപ്പെടുന്ന പള്ളിയോടം ക്ഷേത്രക്കടവില്‍ എത്തുമ്പോഴേക്കും കുരവയും അഷ്ടമംഗല്യവും മുത്തുക്കുടകളുമായി സ്വീകരിക്കാന്‍ വഴിപാടുകാര്‍ തയാറായി നില്‍ക്കും. ശേഷം ക്ഷേത്രത്തിനു ചുറ്റും ഭഗവാനെ സ്തുതിച്ച് വള്ളപ്പാട്ടുകള്‍ പാടി മൂന്നുവട്ടം വലംവെച്ച് വള്ളക്കാര്‍ നേരെ സദ്യാലയത്തിലേക്ക് നീങ്ങും.

കനലില്‍ ചുട്ട പപ്പടം, കാച്ചിയ മോരുമുണ്ടെങ്കില്‍ കാണാമൂണിന്റെ വൈഭവം! അതുകൊണ്ടു വാ!

ഗോപികമാരുടെ വീടുകളില്‍ നിന്നുകട്ടു ഭുജിച്ച നറുവെണ്ണ അടിയന്നുമിന്ന് കുടമോടെ തന്നിടേണം

തിരുവാറന്മുളയപ്പന്റെ സ്വര്‍ണത്തിടമ്പേറുന്ന കരിവീരന്‍, ഗജരാജന്‍, ഗജകേസരി, ഗജരാജമന്നാടിയാരുടെ ഇഷ്ടഭോജനമായ ഉണ്ടശ്ശര്‍ക്കരയും നീലക്കരിമ്പേ! അതുകൊണ്ടുവാ!

 

ഇത്തരത്തില്‍ പാടിയാണ് വള്ളക്കാര്‍ ഓരോ വിഭവങ്ങളും വിളിച്ചുചൊല്ലി വാങ്ങുന്നത്. 70 വിഭവങ്ങളില്‍ ഏകദേശം 24 എണ്ണം വിളിച്ചുചൊല്ലി വാങ്ങാറുണ്ട്. ചോദിക്കുന്ന മുറയ്ക്ക് വഴിപാടുകാരനോ അയാളുടെ കുടുംബത്തിലുള്ളവരോ ഓടിവന്നു കൊണ്ടുകൊടുക്കണം. ഈ ഓട്ടപ്പാച്ചില്‍ കാണാന്‍തന്നെ നല്ല രസം.

ശ്ലോകങ്ങള്‍ വഴി ചോദിച്ചു വാങ്ങുന്ന ഈ വിഭവങ്ങള്‍ക്ക് പിന്നിലും ധാരാളം കഥകളുണ്ട്. ഒരാനയെ നടക്കിരുത്തിയ സ്വയമ്പന്‍ വിഭവമാണ് ആറന്മുള വറുത്ത എരിശ്ശേരി. വറുത്ത എരിശ്ശേരിയുടെ സ്വാദിനെ കുറിച്ച് കേട്ടറിഞ്ഞ അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ്, ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മ ആറന്മുളയില്‍ നിന്നൊരു പാചകക്കാരനെ കൊട്ടാരത്തിലേക്ക് ക്ഷണിച്ച് ഈ വിഭവം പാകംചെയ്തു കഴിച്ചു. രുചിയില്‍ സംപ്രീതനായ മഹാരാജാവ് നടക്കിരുത്തിയ ആനയാണ് ആറന്മുള ബാലകൃഷ്ണന്‍ എന്ന് ചരിത്രം പറയുന്നു.

ചേനപ്പാടിയിലെ ഭഗവാന്റെ ഭക്തനായ രാമച്ചാര്‍ക്ക് ക്ഷേത്രത്തില്‍ പാളയില്‍ തൈര് സമര്‍പ്പിക്കുന്ന പതിവുണ്ടായിരുന്നു. ഇത് അനുസ്മരിച്ച് വള്ളക്കാര്‍ പാളത്തെെരും ചോദിക്കാറുണ്ട്. കൊട്ടാരക്കര ഗണപതിയുടെ ഇഷ്ട വിഭവമായ ഉണ്ണിയപ്പം, പഴനിയിലെ പഞ്ചാമൃതം, ഹനുമാന് പ്രിയപ്പെട്ട വടമാല എന്നിവയ്ക്കും ഇലയില്‍ സ്ഥാനമുണ്ട്. സാധാരണ സദ്യകളില്‍ കണ്ടുവരാത്ത വിഭവങ്ങളായ മടന്തയിലത്തോരന്‍, ചീരത്തോരന്‍, ചേന ഉപ്പേരി, എള്ളുണ്ട, അവല്‍, മലര്‍ എന്നിവയെല്ലാം ആറന്മുള സദ്യയിലെ ഒഴിച്ചുകൂടാനാകാത്ത വിഭവങ്ങളാണ്. വള്ളസദ്യ കഴിച്ചു സംപ്രീതരായ വള്ളക്കാര്‍ തങ്ങളുടെ തൃപ്തി പാടി അറിയിച്ച് തിരികെ മടങ്ങി.

ഇനിയാണ് ഞാന്‍ കാത്തിരുന്ന നിമിഷം. രണ്ടാം പന്തി. രാവിലെ തൊട്ട് ഒന്നും കഴിക്കാത്തതുകൊണ്ട് എന്റെ വയര്‍ അപ്പോഴേക്കും എന്നോട് കട്ടീസ് വെട്ടി. കല്യാണസദ്യക്ക് ഇടിച്ചു കേറി നല്ല ശീലമുള്ളതുകൊണ്ട് സീറ്റ് കിട്ടാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. മുന്നില്‍ തൂശനില വീണപ്പോള്‍ കണ്ണു ചെറുതായി ഒന്നു നനഞ്ഞു. പുറത്ത് ശീവേലിക്ക് പുറപ്പെട്ട ഭഗവാനെ വാതില്‍പ്പാളികളുടെ ഇടയിലൂടെ കണ്ടതുകൊണ്ടാവാം! അറിയില്ല. കണ്മുന്നിലേക്ക് ഓരോ വിഭവങ്ങളായി എത്തി. ഓരോന്നും ഞാന്‍ രുചിച്ചു. എന്നാല്‍ വിഭവങ്ങളുടെ സ്വാദിനപ്പുറം ഞാന്‍ രുചിച്ചത് ഒരു നാടിന്റെ വിശ്വാസങ്ങളാണ്, സംസ്‌കാരമാണ്, ആവേശമാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi