
ജപ്പാനിലെ ഓക്കിഗഹാര വനത്തിന് 'സീ ഓഫ് ട്രീസ്' എന്നാണ് പേര്. മേഘങ്ങളില്‍ തല ചായ്ച്ചുറങ്ങുന്ന, കടുംപച്ചിലച്ചാര്‍ത്തുള്ള ഭീമന്‍ മരങ്ങള്‍ നിറഞ്ഞ കാട്. കത്തിനിൽക്കുന്ന വെയില്‍ അല്‍പ്പമൊന്ന് താഴ്ന്നാല്‍ കാറ്റിന്റെ സ്വഭാവം മാറും. കരിയിലകള്‍ ഞെരിയുന്ന കാലടിശബ്ദത്തിനൊപ്പം മരണത്തിന്റെ ചുവടുകള്‍ പ്രതിധ്വനിയ്ക്കും. ഈ കാടിന്റെ ഉള്ളകങ്ങളിലേക്ക് പോയവരാരും പിന്നെ മടങ്ങി വന്നിട്ടില്ല. ജീര്‍ണിച്ചഴുകിയ ശരീരങ്ങളായി അവര്‍ മരങ്ങള്‍ക്കടിയില്‍ മരിച്ചുകിടക്കും.
തലസ്ഥാനമായ ടോക്കിയോയില്‍ നിന്ന് രണ്ട് മണിക്കൂര്‍ അകലെ, അഗ്നി കിനിയുന്ന ഫുജി പര്‍വതത്തിലേക്ക് കണ്ണുംനട്ട്, മുപ്പതിലേറെ കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഓക്കിഗഹാരയ്ക്ക് 'സൂയ്‌സൈഡ് ഫോറസ്റ്റ്' എന്ന ചീത്തപ്പേര് കൂടിയുണ്ട്. അമേരിക്കയിലെ ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ആത്മഹത്യകള്‍ നടക്കുന്നത് ഓക്കിഗഹാരയിലാണ്.
മൃഗങ്ങള്‍ കടിച്ചൂറി, അഴുകി, നാളുകള്‍ക്കു ശേഷമാകും മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നത്. ദുര്‍ഗന്ധം വമിക്കുന്ന മാംസക്കഷണങ്ങളെ വാരിപ്പൊതിഞ്ഞുകെട്ടി വനം വകുപ്പുകാര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. ദുരാത്മാക്കള്‍ മൃതദേഹത്തെ വിട്ടുപോകില്ലെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ഈ മൃതദേഹങ്ങളെ കാടിനുള്ളില്‍ കിടന്ന് അലിഞ്ഞുതീരാന്‍ നാട്ടുകാര്‍ സമ്മതിക്കില്ല. മറ്റ് മൃതദേഹങ്ങള്‍ക്കൊപ്പം മോര്‍ച്ചറിയില്‍ സൂക്ഷിക്കാനും. ഇവയെ പോലീസ് സ്റ്റേഷനിലെ പ്രത്യേക മുറിയില്‍ സൂക്ഷിക്കും.

ഗ്രീക്ക് പുരാണങ്ങളില്‍ പാതി പോത്തും പാതി മനുഷ്യനുമായി മിനോട്ടോര്‍ എന്ന സത്വത്തെ, പുറത്തിറങ്ങാന്‍ പറ്റാത്ത രീതിയില്‍ പണിതീര്‍ത്ത വ്യൂഹത്തില്‍ തടവിലിട്ടിരുന്ന കഥ പറയുന്നുണ്ട്. ഓക്കിഗഹാര അതുപോലെയാണ്. ഇടതിങ്ങി വളരുന്ന കൂറ്റന്‍ മരങ്ങളാണ് തലങ്ങും വിലങ്ങും. ഇലയും ചുള്ളിയും വീണടിഞ്ഞു പതുപതുത്ത അടിത്തട്ടിലേക്ക് സൂര്യന് കണ്ണെത്തിച്ചു നോക്കിയാല്‍ കാണാനാകില്ല. വഴി തെറ്റുക എളുപ്പമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്മരങ്ങളുടെ തണലിലും തണുപ്പിലും ദിക്കറിയാതെ അലയുമ്പോള്‍ കാലൊച്ച കേള്‍പ്പിക്കാതെ മരണം തൊട്ടുപുറകില്‍ വരും.
ജാപ്പനീസ് നാടോടിക്കഥകളിലും പ്രാദേശിക മിത്തുക്കളിലും ഭൂമി വിട്ടൊഴിയാത്ത ആത്മാക്കളെ യുറേയ് എന്ന് വിളിക്കുന്നു. അവരുടെ ഇഷ്ടസ്ഥലമാണ് ഈ കാടെന്നാണ് വിശ്വാസം. കാലാന്തരത്തില്‍ ഇവിടെ വെച്ച് മരണമടഞ്ഞവരുടെ ആത്മാക്കള്‍ എങ്ങും പോയില്ലെന്നും നാട്ടുകാര്‍ കരുതുന്നു. കാടിന്റെ ഇരുളില്‍ ദുരാന്മാക്കള്‍ സ്വച്ഛമായി വിഹരിക്കുന്നു, ജീവനെടുക്കാനുള്ള തീരാദാഹവുമായി.
പ്ലാസ്റ്റിക്ക് ടേപ്പ്, റിബണ്‍ എന്നിവ കൊണ്ട് മരങ്ങളില്‍ അടയാളം തീര്‍ത്തുകൊണ്ടാണ് വര്‍ഷങ്ങളായി ജോലി ചെയ്യുന്ന വനം വകുപ്പുകാര്‍ പോലും ഈ കാടിനുള്ളിലേക്ക് കടക്കുന്നത്. എത്ര പരിചയമുണ്ടെങ്കിലും പിടികൊടുക്കാത്ത പ്രഹേളികയാണ് ഓക്കിഗഹാര. സഞ്ചാരികള്‍ക്കും ഇത്തരം തയ്യാറെടുപ്പുകളോടെ, കരുതലോടെ കാടിനുള്ളില്‍ കയറാം. പക്ഷേ, അധികദൂരം പോകാതിരിക്കുന്നതാകും ബുദ്ധി.
ഇതൊക്കെ എത്ര നിസ്സാരം...ഒരു മൊബൈല്‍ ഫോണും ദിശ കാണിക്കാന്‍ കോമ്പസ്സുമുണ്ടെങ്കില്‍ കാട് ചുറ്റി തിരിച്ചുവരുമെന്നാണോ മനസ്സില്‍? സാഹസികരായ പലര്‍ക്കും സാങ്കേതിക വിദ്യയില്‍ വിശ്വാസമര്‍പ്പിച്ച് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ക്ക് ഈ കാടിനുള്ളില്‍ സിഗ്നല്‍ ലഭിക്കില്ല. കോമ്പസ്സുകള്‍ വടക്കറിയാതെ കറങ്ങിക്കൊണ്ടിരിക്കും. ആത്മാക്കളുടെ കഴിവുകൊണ്ടല്ല. ലാവ ഉറഞ്ഞുണ്ടായ ഇവിടുത്തെ മണ്ണില്‍ മാഗ്‌നറ്റിക് അയോണുകളുടെ സാന്നിധ്യം അത്രയ്ക്കും ശക്തമാണ്. കാടിനുള്ളില്‍ നിന്ന് പുറംലോകവുമായി ബന്ധപ്പെടാന്‍ ഒരു വഴിയുമില്ല. കാടിനകത്തേക്കോ പുറത്തേക്കോ യാതൊരു സിഗ്‌നലുകളും സഞ്ചരിക്കില്ല.
'മക്കളെയും കുടുംബത്തെയും ഓര്‍ക്കുക. അച്ഛനമ്മമാരില്‍ നിന്ന് കിട്ടിയ അമൂല്യസമ്മാനമാണ് നിങ്ങളുടെ ജീവിതം. '
വനത്തിന്റെ പ്രവേശനകവാടത്തില്‍ എഴുതപ്പെട്ടിട്ടുള്ള വാക്കുകളാണിത്. മരണത്തിലേക്ക് ഒരടി വെക്കും മുന്‍പേ ഒന്ന് തിരിഞ്ഞുനോക്കാനുള്ള ഓര്‍മപ്പെടുത്തലായി, മടങ്ങിവരവ് സാധിക്കില്ലെന്ന താക്കീതായി.
Content Highlights: aokigahara forest in japan
Published: 06 Mar 2025, 10:40 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented