കയറ്റംകയറുന്നതിനിടയില്‍ അല്പസമയം നിന്നു. പിന്നീട് താഴെനിന്ന് കയറിവന്ന വഴിയിലേക്ക് നോക്കി. അതൊരു വഴിയൊന്നുമായിരുന്നില്ല. കാട്ടുപോത്തുകള്‍ പതിവായി ചവിട്ടിനടന്ന അടയാളങ്ങളായിരുന്നു. പര്‍വതങ്ങള്‍ കയറുമ്പോള്‍ മുകളിലേക്ക് നോക്കരുതെന്നും ഇനി എത്രമാത്രം കയറ്റമുണ്ടെന്നും അതിനെത്ര സമയമെടുക്കുമെന്നും തിരക്കാന്‍ പാടില്ലെന്നുമാണ് എന്റെ സങ്കല്പം. നമ്മുടെ കാല്‍പ്പാദങ്ങള്‍ വയ്ക്കുന്ന മുന്നിലെ ഓരോ ചുവടിലേക്കും ഇരുവശങ്ങളിലേക്കും താഴ്വാരങ്ങളിലേക്കുമാണ് നോക്കേണ്ടത്. അവിടെ ആനന്ദഭരിതമാക്കാനുള്ള കാഴ്ചകള്‍ കാണാനാകും. നീലാകാശത്തിലൂടെ വെള്ളിമേഘങ്ങള്‍ ഒഴുകിനീങ്ങുന്നതും നീലയില്‍ ചേര്‍ന്നുനില്‍ക്കുന്ന പച്ചയുടെ അപാരസൗന്ദര്യവും വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക് നമ്മെ നയിക്കും. നീലഗിരിമലനിരകളുടെ ദൃശ്യഭംഗി നുകരണമെങ്കില്‍ ഏതെങ്കിലും മലമുകളിലെത്തിയാല്‍ മതി.

ഏതാനും ചുവടുകള്‍കൂടി മുകളിലേക്ക് വെച്ചപ്പോള്‍ ''ഹ ഹ ഹ... ആ... ക്ലീ... ക്ലീ... ക്ലീ...'' എന്നിങ്ങനെ മനുഷ്യച്ചിരിയോട് വിദൂരസാമ്യം തോന്നിപ്പിക്കുന്ന ബഹളത്തോടെ ഒരു പക്ഷി എന്റെ വലതുവശത്തേക്ക് പറന്നകന്നു. ഞാന്‍ അന്വേഷിച്ചുവന്നതും 'നീലഗിരിച്ചിലപ്പന്‍' (Nilgiri Laughingthrush) എന്ന ഈ പക്ഷിയെയായിരുന്നു. ആ പക്ഷി എന്റെ മുകളിലേക്കുള്ള കയറ്റം വലതുവശത്തേക്ക് തിരിച്ചുവിടുകയായിരുന്നു. ഞാന്‍ മുന്നിലേക്ക് കാലുറപ്പിച്ചുവെച്ചിടത്ത് വിടര്‍ന്ന പുഞ്ചിരിയോടെ ഒരു നീലക്കുറിഞ്ഞി പൂത്തുലഞ്ഞുനില്‍ക്കുന്നു! ഞാനാ ചെറിയ നീലക്കുറിഞ്ഞിച്ചെടിക്ക് മുന്നില്‍ മുട്ടുകുത്തി. നീലഗിരിക്കുന്നുകളിലെ കറുത്ത മണ്ണില്‍ എന്തുമാത്രം ശോഭയോടെയാണ് അവ പൂത്തുലഞ്ഞുനില്‍ക്കുന്നത്! ഓരോ പൂവും പ്രകാശിക്കുകയാണ്. അവിടംവിട്ട് കുറച്ചുകൂടെ മറുവശത്തേക്ക് നടന്നപ്പോഴാകട്ടെ, നീലക്കുറിഞ്ഞിച്ചെടികളുടെ വസന്തോത്സവമായിരുന്നു. മലനിരയാകെ പൂത്തുലഞ്ഞങ്ങനെ!

To advertise here,
placeholder
എൻ.എ. നസീർ
എൻ.എ. നസീർ 

ഞാന്‍ ടെലിലെന്‍സ്, ക്യാമറയില്‍നിന്ന് മാറ്റി വൈഡ് ആംഗിള്‍ ലെന്‍സ് ഘടിപ്പിച്ചു. പക്ഷികളെയെല്ലാം മറന്നുകഴിഞ്ഞിരുന്നു. എന്നെ അഭിമുഖീകരിച്ചുകൊണ്ടാണ് എല്ലാ കുറിഞ്ഞിച്ചെടികളും പുഞ്ചിരിച്ചുനില്‍ക്കുന്നത്. ഓരോ ചെടിയും പ്രകാശിക്കുകയാണ്. നല്ല കാറ്റോട്ടമുള്ള ഇടമായതുകൊണ്ട് കുറിഞ്ഞിച്ചെടികള്‍ ഉയരമില്ലാത്ത പൂച്ചെണ്ടുകളായി പരസ്പരം പുണര്‍ന്നും ആടിയുലഞ്ഞും അവയുടെ വര്‍ണാഭമായ ഉദ്യാനത്തിലേക്ക് വലിച്ചടിപ്പിക്കുകയാണ്. പ്രകൃതിയുടെ ഇത്തരം അവിസ്മരണീയമായ ലഹരിയില്‍ ജീവിതമൊന്നാകെ സമര്‍പ്പിച്ച ഒരുവനെ സംബന്ധിച്ച് അത്തരം മനോഹാരിതയില്‍ അലിഞ്ഞുപോയില്ലെങ്കിലേ അദ്ഭുതമുള്ളൂ. സൗന്ദര്യാനുഭൂതി എന്നൊക്കെ പറയാറില്ലേ? അത്തരം ഒരവസ്ഥയിലായിരുന്നു ഞാന്‍. ഏറെനേരം ആ പൂക്കള്‍ നിറഞ്ഞ ഉദ്യാനത്തില്‍ ചെലവഴിച്ചു. ഒരു ചെറുപാറയില്‍ കയറിയിരുന്ന് ചുറ്റുമുള്ള പുഷ്പങ്ങളുടെ പറുദീസയിലേക്ക് നോക്കി. പൂക്കളും അവയുടെ നേര്‍ത്ത ഗന്ധവും നിശ്ശബ്ദതയുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന ഈ ഭൂമിയില്‍ ഞാന്‍മാത്രമേയുള്ളൂ. 

കാറ്റ് ചെറുതായി മൂളാനാരംഭിച്ചു. അതില്‍ കുറിഞ്ഞിപ്പൂക്കളുടെ നേര്‍ത്ത സംഗീതം ഒളിപ്പിച്ചുവെച്ചിരുന്നു. എന്തെന്നില്ലാത്ത സ്വച്ഛന്ദതയനുഭവിക്കുമ്പോള്‍ ഇടയ്‌ക്കെപ്പോഴോ ഒന്ന് മയങ്ങിപ്പോയിരിക്കാം. ചില വേളകളില്‍ ചില കാഴ്ചകളൊക്കെ ഇത്തരം അനുഭവങ്ങളിലേക്ക് കൊണ്ടുപോകാറുണ്ട്. ശീതക്കാറ്റ് വീശിത്തുടങ്ങിയപ്പോഴേക്കും ഞാന്‍ മലയിറങ്ങി. മനസ്സിലെ കിളിപ്പാട്ടുകളൊക്കെ മാഞ്ഞുപോയിരിക്കുന്നു. ആ സ്ഥാനത്തിപ്പോള്‍ ഭൂമിയും ആകാശവുമൊക്കെ നീലവര്‍ണംമാത്രം. ഒരു വ്യാഴവട്ടം കഴിഞ്ഞ് മഹാനിദ്രയില്‍നിന്നുണരുന്ന കണക്കെയായിരുന്നു നീലക്കുറിഞ്ഞികള്‍ ഓരോ മലയുടെ ഉച്ചിയിലും ചരിവുകളിലും പുല്‍മേടുകളിലുമൊക്കെ പൂത്തുലഞ്ഞത്. ദിനങ്ങള്‍ പിന്നിടുമ്പോഴും ഉയരവ്യത്യാസങ്ങളിലും കുറിഞ്ഞിപ്പൂക്കളുടെ നീലവര്‍ണത്തിന് ചില മാറ്റങ്ങളൊക്കെയുണ്ടായിരുന്നു. നീലഗിരിഗ്രാമങ്ങള്‍ക്ക് മുകളില്‍ പൂക്കൂടയേന്തിയപോലെയായിരുന്നു ഓരോ മലയും.

ഞാന്‍ നീലഗിരിച്ചിലപ്പന്മാരെത്തേടി ചെന്നുകയറിയ മലമുകളൊക്കെ കുറിഞ്ഞിപ്പൂക്കളുടെ ഉദ്യാനങ്ങളായി മാറിയിരുന്നു. എന്നാല്‍, ആ പക്ഷികളൊരിക്കലും നീലക്കുറിഞ്ഞിപ്പൂക്കള്‍ക്കിടയില്‍ തങ്ങുന്നത് കാണാനായില്ല. ചിലപ്പോള്‍ അവയുടെ ആഹാരം ആ പൂക്കള്‍ നിറഞ്ഞ ഇടങ്ങളിലുണ്ടായിരിക്കില്ല. നീലഗിരിയിലെ കല്ലട്ടിമല, മസിനഗുഡി-ഊട്ടി റോഡിന് വലതുവശത്താണ് സ്ഥിതിചെയ്യുന്നത്. മലയുടെ ചുവട്ടിലൂടെ പോകുന്ന റോഡ് അധികം തിരക്കുകളൊന്നുമില്ലാത്ത ഒരു ഗ്രാമീണപാതയാണ്. അത് കൃഷിയിടങ്ങളും ചെറുഷോലക്കാടുകളും പുല്‍മേടുകളും പിന്നിട്ട് തോടരുടെ ഗ്രാമത്തിനരികിലൂടെ ഊട്ടി-ഗൂഡല്ലൂര്‍ ഗ്രാമത്തില്‍ ചെന്നുചേരുന്നു. ഈ ഏകാന്തപാത എനിക്കേറെ പ്രിയങ്കരമാണ്.

മസിനഗുഡിയില്‍നിന്ന് കയറിവരുന്ന റോഡ് 'തലകുന്ത' എന്ന സ്ഥലത്താണ് ഊട്ടി-ഗൂഡല്ലൂര്‍ റോഡുമായി ചേരുന്നത്. തലകുന്തയില്‍ ഒരു വാടകവീടെടുത്ത് നാലുവര്‍ഷത്തോളം ഞാന്‍ താമസിക്കുകയുണ്ടായി. പലതരം സസ്യവര്‍ഗങ്ങള്‍ക്കുപുറമേ കടുവ, പുലി, കാട്ടുപോത്ത്, മാനുകള്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ കാണുന്ന പക്ഷികള്‍ എന്നിവയെയൊക്കെ ഈ ഭാഗങ്ങളില്‍ കാണാറുണ്ട്. നീലഗിരിച്ചിലപ്പന്മാരെ കാണാന്‍ പറ്റിയ പ്രദേശം. കല്ലട്ടിമലയിലേക്ക് ഈ പക്ഷികള്‍ പലപ്പോഴും എന്നെ ക്ഷണിച്ച് കൊണ്ടുപോകാറുണ്ട്. അവയെ പിന്തുടര്‍ന്നെത്തിയ ഒരുനാളില്‍ കല്ലട്ടിമലയില്‍ അടിമുടി നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുകയായിരുന്നു! മലയുടെ ഒരതിരില്‍ ഷോലക്കാടാണ്. കുറിഞ്ഞിപ്പൂക്കളുടെ മായക്കാഴ്ചകളില്‍ ക്യാമറയുമായി നിന്നുതിരിയുമ്പോള്‍ നീലഗിരി ചിലപ്പന്മാര്‍ക്ക് അത് തീരേ പിടിച്ചില്ല എന്നുതോന്നി. അവ നിരന്തരം പരിഹാസച്ചിരികളോടെയും ശകാരങ്ങളോടെയും ഞാനുമായി വഴക്കു കൂടി. 

പൂക്കളുമായുള്ള എന്റെ ആസ്വാദനശീലത്തെ അവ ചോദ്യംചെയ്യുന്നതായിത്തോന്നി. പിന്നീട് ആ പക്ഷികള്‍ സ്വരമാധുര്യമുള്ള ചില വശീകരണ നാദങ്ങള്‍ ഉരുവിട്ടത് എന്നില്‍ കൗതുകമുണര്‍ത്തി. അതുവരെ നീലഗിരി ചിലപ്പന്മാരില്‍നിന്നും ഉതിര്‍ന്നിരുന്ന ശബ്ദങ്ങളില്‍നിന്നും വ്യത്യസ്ത ശൈലിയായിരുന്നു അത്. മധുരമായ ശബ്ദവിന്യാസങ്ങളിലൂടെ ആ പക്ഷികള്‍ എന്നെ നീലക്കുറിഞ്ഞിപ്പൂക്കള്‍ക്കിടയില്‍നിന്നും അവയ്ക്കരികിലേക്ക് അടുപ്പിച്ചു. ഞാന്‍ പക്ഷികളുടെ ശബ്ദങ്ങള്‍ കേട്ട ഭാഗത്തേക്ക് എത്തിയെങ്കിലും അവ പൊന്തകള്‍ക്കിടയില്‍ മറഞ്ഞിരുന്നുകൊണ്ട് എന്നെ പരിഹസിച്ചു. ഇടയ്ക്കിടെ ചില മിന്നല്‍ ദര്‍ശനങ്ങള്‍ നല്‍കിയെങ്കിലും ക്യാമറയ്ക്ക് ഉതകുന്ന ഫ്രെയിമുകള്‍ ഒന്നും നല്‍കിയില്ല. ചടുലതയുള്ള അവയുടെ ചലനങ്ങളേതും ക്യാമറയിലേക്ക് പകര്‍ത്തുവാനുള്ള നിമിഷങ്ങള്‍ ഒന്നും കിട്ടിയില്ല. അവയുടെ അപ്രതീക്ഷിതമായ തിരസ്‌കാരത്തില്‍ ഇളിഭ്യനായി ഞാന്‍ മടങ്ങി.

ലോകത്ത് നീലഗിരി മലനിരകളില്‍ മാത്രം കാണപ്പെടുന്ന നീലഗിരി ചിലപ്പന്മാര്‍ വിരളമായി നീലഗിരിയോട് ചേര്‍ന്നുകിടക്കുന്ന കേരളത്തിന്റെ ഭാഗങ്ങളില്‍ കണ്ടതായി ചില പക്ഷിനിരീക്ഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ ആദ്യമായി ഈ പക്ഷിയെ കാണുന്നത് 1984-85 കാലത്താണ്. നീലഗിരിയിലെത്തന്നെ അവലാഞ്ചി എന്ന ഭാഗത്തേക്ക് സഞ്ചരിക്കുമ്പോള്‍ പി.ജെ സെബാസ്റ്റ്യന്‍സാര്‍ ആണ് ആ പക്ഷിയെ ചൂണ്ടിക്കാണിച്ച് പേര് പറഞ്ഞുതന്നത്. അന്ന് മാഷിന്റെ കൈവശം നല്ലൊരു ബൈനോക്കുലറും ഡോക്ടര്‍ സാലിം അലിയുടെ പക്ഷികളെക്കുറിച്ചുള്ള ഒരു പുസ്തകവും ഉണ്ടായിരുന്നു. 1999-ല്‍ ദോടബട്ടയില്‍വെച്ച് ഒരു ചിത്രം പകര്‍ത്തുവാനായി.

നീലഗിരിയിലെ ഷോലക്കാടുകളിലും പുല്‍മേടുകള്‍ക്കരികിലുള്ള പൊന്തകളിലും ചെറുമരങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്ന ഇടങ്ങളിലുമൊക്കെയാണ് ഈ പക്ഷിയുടെ ആവാസ ഇടങ്ങള്‍. കൂടാതെ കുറിഞ്ഞി മല, ഹനുമാന്‍ കോവില്‍, ഏറ്റവും ഉയരമുള്ള ദോടബെട്ട, ആവലാഞ്ചി, ബങ്കിപ്പൊല്‍, മുക്കൂര്‍ത്തി എന്നീ ഭാഗങ്ങളില്‍ ഒക്കെ നീലഗിരി ചിലപ്പന്മാരെ കണ്ടിട്ടുണ്ട്. വംശനാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന ഈ പക്ഷികളെ കഡഇച റെഡ് ലിസ്റ്റ് കാറ്റഗറിയില്‍ പെടുത്തിയിരിക്കുകയാണ്. ചിലപ്പന്മാരായ പക്ഷികള്‍ ഒക്കെ ഏതാണ്ട് ഒരുപോലെ തോന്നിക്കും. അതില്‍ ചില പക്ഷികളെ ഏറെക്കുറെ സൂക്ഷിച്ചുനോക്കിയാലാണ് വ്യത്യാസങ്ങള്‍ തിരിച്ചറിയുവാനാകുക. എന്നാല്‍, നീലഗിരി ചിലപ്പന്മാരെ വ്യത്യസ്തമാക്കുന്നത് നീളമുള്ള വെളുത്ത പുരികമാണ്. കൂടാതെ ഇവയുടെ മൂര്‍ധാവിന് കറുപ്പും ചാരനിറവും കലര്‍ന്നതാണ്. കൊക്കിന് തൊട്ടുമുകളില്‍ കറുപ്പും അതുകഴിഞ്ഞ് ചാരനിറവും. തൊണ്ട കറുപ്പ് നിറം, അത് കണ്ണിനെ തൊട്ട് പിന്നിലേക്ക് അല്പം നീണ്ട് വെളുത്ത പുരികത്തോട് ചേര്‍ന്ന് പോകുന്നു. അതിനും പിന്നില്‍ ചാരനിറം കാണാം. 

placeholder
നീലഗിരിച്ചിലപ്പന്‍
നീലഗിരിച്ചിലപ്പന്‍

കണ്ണിന് തൊട്ടുതാഴെ സൂക്ഷിച്ചുനോക്കിയാല്‍ ചെറിയ വെളുത്ത കുത്തുകള്‍പോലെ കാണാം. ചുവന്ന കണ്ണുകളാണ് ഇവയ്ക്കുള്ളത്. ചെമ്പ് നിറമാര്‍ന്ന മാറിടം. തവിട്ട് നിറമുള്ള ശരീര കാന്തിക്ക് ഈ ചെമ്പുനിറം മാറ്റ് കൂട്ടുന്നു. പലപ്പോഴും ജോഡികള്‍ ആയിട്ട് നടക്കുന്ന ഈ പക്ഷികള്‍ ഓരോ മറവില്‍ ഇരുന്നും സരസമായി ആശയവിനിമയങ്ങള്‍ നടത്തുന്നതും ഒരുമിച്ച് പാട്ട് പാടുന്നതും കേള്‍ക്കുവാന്‍ രസകരമാണ്. രണ്ടിടങ്ങളിലായി നീലഗിരി ചിലപ്പന്മാര്‍ കൂട് കൂട്ടുന്നതായിക്കണ്ടിട്ടുണ്ട്. ഇവയുടെ ആഹാരരീതി കായ്കള്‍, പഴങ്ങള്‍, ചെറുപൂക്കള്‍, പ്രാണികള്‍, പുഴുക്കള്‍ എന്നിവയൊക്കെയാണെങ്കിലും മനുഷ്യര്‍ സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ക്കരികിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. 

ഊട്ടിയിലെ പ്രഭാതങ്ങളില്‍, പട്ടണ അതിരുകളില്‍ ചിലപ്പോഴൊക്കെ നീലഗിരി ചിലപ്പന്മാരെ കാണാറുണ്ട്. (കുതിര ഓട്ടം നടക്കുന്ന ഭാഗത്തെ ചെടികളിലായിരുന്നു അവയെ കണ്ടത്) നീലഗിരി ഹില്‍സിലെ തനതായ ഒരു ഷോല മരം ഉണ്ട്. 'കുന്നിലെ പേര' എന്നറിയപ്പെടുന്ന 'റോഡോമിട്ടസ് ടോമെന്റോ' എന്ന മരം. ഇവയിലെ പഴങ്ങള്‍ ഈ പക്ഷിക്ക് ഏറെ ഇഷ്ടപ്പെട്ടവയാണ്. 2018-ല്‍ ഹനുമാന്‍ കോവിലിലേക്ക് കയറുന്ന പാതയില്‍ ഈ പക്ഷികളെ പതിവായി കാണാറുണ്ടായിരുന്നു. അവിടെനിന്നും ഇവയുടെ ഫോട്ടോഗ്രാഫുകള്‍ പകര്‍ത്തുവാനും ആയിട്ടുണ്ട്. ആ മലയുടെ മുകളറ്റംവരെ ഒരുനാള്‍ രണ്ട് നീലഗിരി ചിലപ്പന്‍ പക്ഷികള്‍ എന്നെ പലവട്ടം കയറ്റി ഇറക്കിയിട്ടുണ്ട്. ഇന്നിപ്പോള്‍ നീലഗിരിയിലേക്കുള്ള റോഡിന് വീതികൂട്ടുന്നതിന്റെ ഭാഗമായി പക്ഷികളെ കണ്ടിരുന്ന പൊന്തകളൊക്കെ അപ്രത്യക്ഷമായി. ആ പക്ഷികളൊക്കെ ഇപ്പോള്‍ എവിടെയോ മാറിപ്പോയിരിക്കുന്നു. 

വിദേശ സസ്യങ്ങളുടെ കടന്നുകയറ്റവും അമിതമായ കോണ്‍ക്രീറ്റ്‌വത്കരണവുമൊക്കെ ഇത്തരം അപൂര്‍വമായി കാണപ്പെടുന്ന പക്ഷികളെ വംശനാശത്തിന്റെ വക്കിലാണ് എത്തിച്ചിരിക്കുന്നത്. എങ്കിലും കോത്തഗിരിയിലെ കീസ്റ്റോണ്‍ ഫൗണ്ടേഷന്‍ പോലെയുള്ള കൂട്ടായ്മകള്‍ തദ്ദേശീയരെ ഉള്‍പ്പെടുത്തി ഷോലമരങ്ങളെയും പുല്‍മേടുകളെയും തിരികെ ക്കൊണ്ടുവരാനും നീരൊഴുക്കുകള്‍ പുനര്‍ജനിപ്പിക്കാനും ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുവാനും മഹത്തായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഹരിത പ്രതീക്ഷയാണ്!