ആന്ധ്രയിലെ കോലിമി ഗുണ്ഡലയില്‍നിന്നും ജമ്മല മഡുഗുവിലേക്കുള്ള ബസ്സിലായിരുന്നു യാത്ര. ആന്ധ്രപ്രദേശിലെ പൗരാണിക നിര്‍മ്മിതിയായ ഗണ്ടിക്കോട്ട കാണുകയെന്നതാണ് ലക്ഷ്യം. ജമ്മലു മഡുഗുവില്‍ എത്തിയാല്‍ ഗണ്ടിക്കോട്ടയിലേക്ക് മറ്റൊരു ബസ്സ് കിട്ടുമത്രെ! പച്ചവിരിച്ച നെല്‍പ്പാടങ്ങള്‍ക്കും തെങ്ങിന്‍ തോപ്പുകള്‍ക്കും ഇടയിലൂടെയുള്ള പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരുവേള കേരളമാണോ ഇതെന്ന് തോന്നിപ്പോകും. ആളനക്കമില്ലാത്ത വിജനമായ പാത, ചുറ്റും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പാടങ്ങള്‍. നെല്‍പ്പാടങ്ങള്‍ക്കിടയില്‍ പൂത്തുനില്‍ക്കുന്ന കടുകുപാടങ്ങള്‍ സുന്ദരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ബസ്സ് ഏതോ ഒരുള്‍നാടന്‍ ഗ്രാമത്തിലേക്ക് എത്തിച്ചേര്‍ന്നു; ജമ്മല മഡുഗു. എനിക്ക് ഇറങ്ങേണ്ട സ്ഥലം. ഈ ഗ്രാമവീഥിയിലുള്ള പഴയ കെട്ടിടങ്ങളും വീടുകളുമെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് ചുവന്ന കടപ്പാ കല്ലുകള്‍കൊണ്ടാണ്. ജമ്മല മഡുഗുവിലെ ബസ് സ്റ്റാന്‍ഡില്‍ ഏറെനേരം കാത്തുനിന്നിട്ടും ഗണ്ടിക്കോട്ടയിലേക്കുള്ള ബസ്സ് വന്നില്ല. അവിടേക്ക് രണ്ടു ബസ്സുകള്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂവെന്നും അറിഞ്ഞു. അതുകൊണ്ട് ഗണ്ടിക്കോട്ടയിലേക്ക് ഓട്ടോ വിളിക്കേണ്ടി വന്നു.

റൂം എടുത്ത ശേഷം ഗണ്ടിക്കോട്ട ലക്ഷ്യമായി നടന്നു. സായാഹ്നത്തില്‍ കൂടണയുന്ന ആടുമാടുകള്‍, അവയെ തെളിച്ചുകൊണ്ട് നീളുന്ന ഇടയന്മാര്‍. അകലെയായി തലയുയര്‍ത്തി നില്‍ക്കുന്ന ഗണ്ടിക്കോട്ടയുടെ കൂറ്റന്‍ മതിലുകള്‍ കണ്ടുതുടങ്ങി. തെലുങ്കില്‍ 'ഗണ്ടി' എന്നാല്‍, മലയിടുക്ക് എന്നാണ് അര്‍ഥം. ഒരു വലിയ കോട്ടമതിലാണ് ആദ്യം സഞ്ചാരികളെ സ്വാഗതം ചെയുക. പുരാതന രാജവീഥിയെ അനുസ്മരിപ്പിക്കും വിധം കല്ല് പതിച്ച പാതകള്‍ ചെന്നുനില്‍ക്കുന്നത് ഇരുമ്പ് പാളികളാല്‍ പൊതിഞ്ഞ ഒരു വാതിലിന് മുന്നിലാണ്. 1123-ല്‍ കല്യാണയിലെ പടിഞ്ഞാറന്‍ ചാലൂക്യ വംശത്തിലെ കാപ്പ രാജാവാണ് ഈ കോട്ട പണി കഴിപ്പിച്ചത്. കോട്ടയ്ക്കുള്ളില്‍ കടന്നാല്‍ ആദ്യം കാണുന്നത് ചാര്‍മിനാര്‍ നിരീക്ഷണ ഗോപുരമാണ്.

placeholder
കോട്ടയ്ക്കുള്ളിലെ ക്ഷേത്രകവാടം

കാകതീയ, വിജയനഗര, കുത്തുബ് ഷാഹി രാജാക്കന്മാരുടെ കാലഘട്ടത്തില്‍ തന്ത്രപ്രധാനമായ കേന്ദ്രമായിരുന്നു ഈ കോട്ടയും പരിസര പ്രദേശവും. ഇന്നാകട്ടെ ഗണ്ടിക്കോട്ടയെ വേണ്ടത്ര പരിപാലിച്ചു പോരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. പലഭാഗങ്ങളും ഇടിഞ്ഞുപൊളിഞ്ഞിരിക്കുന്നു. കോട്ടയുടെ പരിസരങ്ങളില്‍ ചെറു കുടിലുകള്‍ കെട്ടി ആളുകള്‍ താമസിക്കുന്നു. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള ശൗചാലയങ്ങളോ മറപ്പുരകളോ ഒന്നും ഇവിടെ ഇല്ല. ദൂരെ, ഏരമലനിരകളുടെ സുന്ദരമായ ദൃശ്യം കാണാമായിരുന്നു. ഏരമലനിരകളുടെ മലയിടിക്കില്‍നിന്നാണ് പെന്നാര്‍ നദി ഒഴുകിയെത്തുന്നത്. ഗണ്ടിക്കോട്ടയില്‍നിന്നാല്‍ ഇടുങ്ങിയ മലയിടുക്കിലൂടെ ഒഴുകിയെത്തുന്ന പെന്നാര്‍ നദിയുടെ സുന്ദരമായ ദൃശ്യം കാണാം. ചരിത്രത്തിലിടം നേടിയ ഗണ്ടിക്കോട്ടയെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ പുരോഗമിച്ചുവരുകയാണ്. അല്ലാത്തപക്ഷം, പൗരാണികമായ ഈ നിര്‍മ്മിതി തകര്‍ച്ചയില്‍ ആണ്ടുപോയേക്കാം. 

പിറ്റേന്ന് ഗണ്ടിക്കോട്ടയ്ക്ക് സമീപത്തുള്ള മാധവറയ്യ ക്ഷേത്രവും രംഗനായഗുല  ക്ഷേത്രവുമായിരുന്നു ലക്ഷ്യം. ശ്രീകൃഷ്ണനും ശ്രീരാമനുമാണ് ഇവിടത്തെ പ്രതിഷ്ഠ. പക്ഷേ, പ്രാര്‍ഥനകളും പൂജകളും ഒന്നുമില്ലെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും. കൊത്തുപണികളാല്‍ അലംകൃതമായ ഈ ക്ഷേത്രങ്ങള്‍ അതി മനോഹരമാണ്. തകര്‍ന്നുകിടക്കുന്ന കോട്ടകൊത്തളങ്ങളുടെയും പത്തായപ്പുരകളുടെയും അവശിഷ്ടങ്ങള്‍ പലയിടത്തുമായി ചിതറിക്കിടക്കുന്നു. ഉച്ചയോടെ ഗണ്ടിക്കോട്ടയിലെ കാഴ്ചകള്‍ കണ്ടുതീര്‍ത്ത് പെന്നാര്‍ റിവര്‍വാലിയിലേക്ക് തിരിച്ചു.

placeholder
ഗണ്ടിക്കോട്ടയുടെ മുന്നിലായുള്ള വാതിൽ

ദൂരെ നീല ഉടയാടകള്‍ കളഞ്ഞു കുങ്കുമ വര്‍ണ്ണങ്ങള്‍ വാരിചുറ്റി അതി സുന്ദരിയായി നദി ഒഴുകുന്നു. പെന്നാര്‍ നദിയിലൂടെയുള്ള ബോട്ട് സവാരി കൂടി ചെയ്താലേ ഗണ്ടിക്കോട്ടയിലേക്കുള്ള ട്രിപ്പ് പൂര്‍ണമാകുകയുള്ളൂ. ഒരാള്‍ക്കു 400 രൂപയാണ് ബോട്ടിങ് ചാര്‍ജ്. മലയിടുക്കുകളിലൂടെ ബോട്ട് പോകുമ്പോള്‍ ചെറു വെള്ളച്ചാട്ടങ്ങളുടെ സുന്ദരദൃശ്യം മുന്നില്‍ തെളിയും. നിരവധിയായ പക്ഷികള്‍ നദിക്കരയില്‍ കൂടുകൂട്ടിയിട്ടുണ്ട്. ബോട്ടിന്റെ ശബ്ദം ഉയരുമ്പോള്‍ ഒരുവേള അവയെല്ലാം കൂടുവിട്ടു മാനത്തേക്ക് ചിറകടിച്ചുയരുന്ന കാഴ്ച അത്രമേല്‍ സുന്ദരമാണ്. വശ്യസുന്ദരമായ പ്രകൃതിഭംഗിയും പെന്നാര്‍നദിയിലൂടെയുള്ള ബോട്ട് യാത്രയും ഓരോ സഞ്ചാരിയെയും ഇവിടേക്ക് ആകര്‍ഷിക്കുന്നു. ഒപ്പം, ചരിത്രത്തിന്റെ അവശേഷിപ്പികള്‍ പേറുന്ന ഗണ്ടിക്കോട്ട ഒരിക്കലെങ്കിലും നാം കണ്ടിരിക്കേണ്ടതാണ്.