ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപാണ് ബോര്‍ണിയോ. ലോകത്തെ ഏറ്റവും വലിയ ദ്വീപുകളില്‍ മൂന്നാം സ്ഥാനത്താണ് ഈ ദ്വീപ്. ഇന്തോനേഷ്യ, ബ്രൂണോ, മലേഷ്യ എന്നിവിടങ്ങളിലായി ഇത് വ്യാപിച്ചുകിടക്കുന്നു. മലേഷ്യയിലാണ് ബോര്‍ണിയോയുടെ ഭൂരിഭാഗവുമുള്ളത്. വൈവിധ്യങ്ങളുടെ ഒരിടമാണ് ബോര്‍ണിയോ. ഈ ദ്വീപിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ കാട് തന്നെ. ഒരുകാലത്ത് ഏറ്റവും കൂടുതല്‍ മഴക്കാടുകളുണ്ടായിരുന്ന ഇടമായിരുന്നുവിത്. ഇപ്പോള്‍ ഒറാങ്കുട്ടാന്‍, ആന, പലതരം പൂമ്പാറ്റകള്‍, പാമ്പുകള്‍...എന്നിങ്ങനെ അറുനൂറിലധികം ഗണങ്ങളിലുള്ള പക്ഷി-മൃഗാദികളൾ ബോര്‍ണിയോ കാടുകളില്‍ യഥേഷ്ടം വിഹരിക്കുന്നു. പതിനയ്യായിരത്തിധികം ഇനത്തില്‍പ്പെട്ട സസ്യങ്ങളുമുണ്ട്. ലോകത്ത് ഒറാങ്കുട്ടാന്‍ അവശേഷിച്ചിട്ടുള്ള സ്ഥലങ്ങളിലൊന്ന് ബോര്‍ണിയോ ആണ്. എന്നാലിവിടെയും അവർ വംശനാശഭീഷണിയിൽ നിന്ന് മുക്തരല്ല.
1973 മുതല്‍ 2015 വരെയുള്ള സമയത്ത് കാലാവസ്ഥാവ്യതിയാനങ്ങളും നിയന്ത്രണമില്ലാത്ത മരംമുറിയും മൂലം ബോര്‍ണിയോയിലെ കാടിന്റെ പകുതിയിലേറെ നഷ്ടപ്പെട്ടു. പ്രത്യേകിച്ച് വേനല്‍ക്കാലം എന്നുപറയുന്നത് ബോര്‍ണിയോ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പേടിസ്വപ്‌നമാണ്. വേനല്‍ കടുക്കുമ്പോള്‍, മരങ്ങളെല്ലാം ഉണങ്ങിക്കരിയാന്‍ തുടങ്ങും. ആളുകളുടെ അശ്രദ്ധയാണ് പലപ്പോഴും വമ്പന്‍ കാട്ടുതീയിലേക്ക് നയിച്ചിരുന്നത്. വനപ്രദേശത്തെ മരങ്ങള്‍ മുറിച്ചുമാറ്റി ആ പ്രദേശം മുഴുവന്‍ കത്തിച്ചശേഷം കൃഷി ചെയ്യുന്ന രീതിയുണ്ടായിരുന്നു ഇവിടെ. അതിനൊപ്പം ചെറിയ തീപ്പൊരികള്‍ പോലും കാട്ടുതീയ്ക്ക് കാരണമായി.
അത് കാടിനൊപ്പം ആളുകളുടെ ആരോഗ്യത്തെയും ബാധിച്ചു. തുടര്‍ച്ചയായ പുകമൂലം ആളുകള്‍ക്ക്, പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്കും പ്രായമായവര്‍ക്കും ശ്വസനപ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങി. സ്‌കൂളുകള്‍ തുടര്‍ച്ചയായി അടച്ചിടേണ്ടി വന്നു. ആരോഗ്യപ്രശ്‌നങ്ങളുമായി ആസ്പത്രികളിലെത്തുന്ന ആളുകളുടെ എണ്ണവും കൂടി. പുക കാരണം 20 മീറ്ററിനപ്പുറമുള്ള കാഴ്ച പോലും കാണാതായി. ആളുകള്‍ പുറത്തിറങ്ങുന്നത് കുറഞ്ഞു. 2015-ലും 2019-ലും ഏറ്റവും കൂടുതല്‍ കാട്ടുതീയുണ്ടായത് കൃഷിക്കായി വനം കത്തിച്ചപ്പോഴാണ്. 2019-ല്‍ മൂന്നാഴ്ചയാണ് സ്‌കൂള്‍ അടച്ചിടേണ്ടി വന്നത്.
ഇങ്ങനെ കുറേക്കാലം തുടര്‍ന്നപ്പോള്‍ കാടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് താമസിക്കുന്ന കുറേ സ്ത്രീകളൊരുമിച്ചു. അവരാദ്യം കര്‍ഷകരെ കണ്ട് അവരുടെ കൃഷിരീതി മാറ്റണമെന്ന് ആവശ്യപ്പെട്ടു. കര്‍ഷകരുടെ ഭാഗത്തുനിന്ന് അനുകൂലപ്രതികരണമൊന്നും ലഭിച്ചില്ല. അതോടെ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കി. എന്നിട്ടും ഒന്നും സംഭവിച്ചില്ല. എന്നാല്‍, പലരുടെയും ഭാര്യമാരോട് ഇക്കാര്യം പറഞ്ഞപ്പോള്‍, അവര്‍ക്കതിന്റെ പ്രാധാന്യം മനസ്സിലായി.
പിന്നീട് ഇതേ സ്ത്രീകള്‍ തന്നെ കാട്ടുതീ തടയാനായി രംഗത്തെത്തി. പവര്‍ ഓഫ് മാമ എന്നാണ് ഈ സംഘത്തിന്റെ പേര്. 44 പേരായിരുന്നു ആദ്യം. എന്നാലിപ്പോള്‍ 19-നും 60-നും ഇടയ്ക്കുള്ള 95 സ്ത്രീകളാണുള്ളത്. ജോലിക്കാരായ സ്ത്രീകളുമുണ്ട് സംഘത്തില്‍. യയാസന്‍ ഇന്റര്‍നാഷണല്‍ അനിമല്‍ റെസ്‌ക്യൂ ഇന്തോനേഷ്യ (വൈ.ഐ.എ.ആര്‍.ഐ) എന്ന സംഘടനയുടെ പിന്‍ബലത്തോടെയാണ് ഇവരുടെ പ്രവര്‍ത്തനം. കാടിനെ സംരക്ഷിക്കുകയെന്നതാണ് പ്രധാനലക്ഷ്യം. കാട്ടുതീ തടയുക, വനപ്രദേശം കത്തിച്ച് കൃഷിയിറക്കുന്ന രീതിയെ നിരുത്സാഹപ്പെടുത്തുക എന്നീ കാര്യങ്ങളില്‍ ഗ്രാമവാസികളെ ബോധവത്കരിക്കുന്നതും പവര്‍ ഓഫ് മാമയുടെ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടും. കണ്ടല്‍ക്കാടുകളുടെ പുനരധിവാസവും ഇവരുടെ ലക്ഷ്യമാണ്.

കാട്ടുതീ തടയാനുള്ള പരിശീലനങ്ങളെല്ലാം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ബൈക്കുകളിലാണ് ഇവര്‍ സഞ്ചരിക്കുക. കൈയില്‍ ഡ്രോണുകളും സ്മാര്‍ട്ട് ഫോണുകളുമുണ്ടാവും. വേനല്‍ക്കാലങ്ങളില്‍ എല്ലാ ദിവസവും ഷിഫ്റ്റുകളായി അവര്‍ കാടുകളിലൂടെ പട്രോളിങ് നടത്തും. എവിടെയെങ്കിലും തീ പിടിക്കുന്നത് കണ്ടാല്‍, അപ്പോള്‍ തന്നെ അത് തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും.
'തുടര്‍ച്ചയായി കാട്ടുതീയുണ്ടാവുമ്പോള്‍ തെളിഞ്ഞ ആകാശം പോലും കാണാന്‍ കഴിയില്ല പലപ്പോഴും. അതിനൊപ്പം കടുത്ത ചൂടും. കടുത്ത പുക മൂലം ചിലപ്പോള്‍ വീടുവിട്ട് വേറെ എവിടെയെങ്കിലും മാറിത്താമസിക്കേണ്ടി വരാറുമുണ്ട്'', സംഘത്തിലെ ഒരു സ്ത്രീ പറയുന്നു.
യാതൊരു പ്രതിഫലവുമില്ലാതെ, സ്വന്തം ആരോഗ്യം പോലും നോക്കാതെയാണ് അവരീ ജോലി ഏറ്റെടുത്തിരിക്കുന്നത്. കടുത്തവേനലില്‍ പുറത്തിറങ്ങുമ്പോള്‍ സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യതയുണ്ട്. അതിനൊപ്പം പുകയും. ഒരുതരം ബിരിയാണിയിലയും അരിയും അരച്ച്, അത് മുഖത്തുപുരട്ടിയാണ് അപ്പോള്‍ പുറത്തേക്കിറങ്ങുക. ഇത് നല്ലൊരു സണ്‍സ്‌ക്രീന്‍ ആണത്രേ. അതിനൊപ്പം മാസ്‌കും ധരിക്കും.
ആദ്യമൊന്നും ആരും ഇവരെ അംഗീകരിച്ചിരുന്നില്ല. പതുക്കെപ്പതുക്കെ പലരും ആ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. എവിടെയെങ്കിലും ഒരു തീപ്പൊരി കാണുമ്പോള്‍ തന്നെ ഈ സംഘത്തിനെ അവര്‍ അറിയിക്കുകയും ചെയ്യും.
'ആദ്യമൊക്കെ ഒരുപാട് കളിയാക്കല്‍ നേരിടേണ്ടിവന്നു. യൂണിഫോം ധരിക്കുന്നതും പട്രോളിങ് നടത്തുന്നതും പലര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. നിങ്ങള്‍ക്ക് ഇതിലും നല്ലത് വേറെ വല്ല കാര്യവും ചെയ്യുന്നതെന്ന് ഞങ്ങളുടെ വീടുകളിലെ പുരുഷന്‍മാര്‍ പോലും പറഞ്ഞിട്ടുണ്ട്'', സംഘത്തിലെ മുതിര്‍ന്ന അംഗം പറയുന്നു.
'ഇത് ഞങ്ങളില്‍ ഒതുങ്ങിപ്പോവാതിരിക്കാനാണ് ശ്രദ്ധിക്കുന്നത്. ഇപ്പോള്‍ തന്നെ ഞങ്ങളുടെ കുഞ്ഞുമക്കളെ കാട് സംരക്ഷിക്കുന്നതിന്റെയും കാട്ടുതീ തടയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിച്ചുകൊടുക്കാറുണ്ട്'', അവര്‍ പറഞ്ഞുനിര്‍ത്തുന്നു.
Content Highlights: lady fire fighters in borneo
Published: 02 Mar 2024, 02:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented