
വര: ദ്വിജിത്
തുമ്പികൾ പറക്കുന്ന പാടങ്ങൾ, മഴത്തുള്ളികൾ തുളുമ്പാൻ വെമ്പി നിൽക്കുന്ന നെൽക്കതിരുകൾ ഇതിനൊക്കെ ഇടയിലൂടെയുള്ള യാത്ര നേവക്കുട്ടിയ്ക്ക് അത്ഭുതക്കാഴ്ചയിരുന്നു. ഓരോ വീട്ടുമുറ്റത്തും കാണുന്ന അത്തപൂക്കളുടെയും ഓണത്തിൻ്റെയും കഥകൾ ഉണർത്തിയ കൗതുകത്തിൽ അവൾ നിറയെ ചോദ്യങ്ങൾ ചോദിച്ചു. ഉത്തരങ്ങൾക്കായി ഞാനെൻ്റെ പഴയ കാലത്തിലേക്ക് സഞ്ചരിച്ചു. മറന്നിരുന്ന ആൾക്കാർ, ചിന്തകൾ ഒക്കെ ഒരു പ്രവാഹം പോലെ എന്നിലേക്ക് കുതിച്ച് പൊന്തി.
"ഇതു പോലുള്ള പാടത്താ അമ്മേം അച്ചേം പണ്ട് കളിക്കേം പൂ പറിക്കേം ഒക്കെ ചെയ്തിരുന്നത്. " ദേ നോക്കിയേ " എന്നു പറഞ്ഞ് ജതിൻ പഴങ്കഥകൾ കുടഞ്ഞിടാൻ ശ്രമിച്ചപ്പോൾ അവൾ വിസ്മയത്തോടെ പുറത്തേക്ക് നോക്കി.
"ദൃശ്യാ ഇതൊക്കെ കാണുമ്പോൾ ഐഫീൽ റിലാക്സ്ഡ്,
ബട്ട് നെനക്കറിയാല്ലോ നമ്മുടെ പ്രോബളംസ് അതോണ്ടാ . " ...
അകത്തേക്ക് കയറി വന്ന കാറ്റേറ്റ് ഞാനറിയാതെ മയങ്ങിപ്പോയി. പായസത്തിന് തിരുമ്മി കൂട്ടുന്ന തേങ്ങ വാരി വാരി കഴിക്കുന്ന അഭിയേട്ടൻ. "എടാ അഭീ വയ്ക്കവിടെ”
മുത്തശ്ശി പിറകേ ഓടുന്നു.
"അപ്പ് അപ്പ് ദൃശ്യ "...... സുന്ദരിയുടെ പൊട്ട് സുന്ദരീടെ വയറിലാണോടി കുത്തുന്നേ . "രാധികേച്ചി കളിയാക്കുന്നു.
“ദൃശ്യക്കുട്ടി നീയോടി വീഴല്ലേ
ഇല മുറിക്കാൻ വരുന്നോ ദൃശ്യക്കുട്ടി"
"ദൃശ്യകുട്ടീ ഇലയിലെ ഊണ് കഴിക്കല്ലേ മാവേലിക്ക് വച്ച് കൊടുക്കുന്നതാ. മാവേലി വന്ന് പോയിട്ട് കഴിച്ചാ മതി. മാവേലി വന്ന് ഊണ് കഴിച്ച് ആകാശത്തേക്കാൾ ഉയരത്തെത്തി. ഇനി വാമനൻ വന്നാൽ മാവേലിയെ ചവിട്ടി താഴ്ത്തോ?
താനിതെന്താ സ്വപ്നലോകത്തോ?
" വീടെത്തി "
.....
തെറാപ്പിസ്റ്റിൻ്റെ അടുത്ത് നിന്നും ഞാൻ നേവയേയും കൂട്ടി പുറത്തിറങ്ങിയപ്പോൾ വല്ലാത്ത ട്രാഫിക്. അവൾ ഒന്നും സംസാരിക്കാതെ എൻ്റെയടുത്ത് പോലുമിരിക്കാതെ ബാക്ക് സീറ്റിൽ ഫോണിലാണ്.
"സോഷ്യൽ സ്കിൽസ് ഡെവലപ്പ് ചെയ്യണം. ഷീ ഈസ് ഫെയ്സിംഗ് മെനി ഇഷ്യൂസ് " എന്ന് ഡോക്ടർ പറഞ്ഞതിനെക്കുറിച്ച് ചിന്തിച്ചപ്പോഴേക്കും ഫോണിൽ റിമൈൻഡർ മുഴങ്ങി. എട്ട് മണി, അടുത്ത സൂം മീറ്റിനുള്ള സമയമായിരിക്കുന്നു. ട്രാഫിക്കിനിടയിലൂടെ എങ്ങനൊക്കെയോ ഫ്ലാറ്റിലെത്തി. അമ്മ വിളിക്കുന്നുണ്ടായിരുന്നു.
ഫോൺ അവളെ ഏല്പിച്ച് ഞാൻ മീറ്റിംഗിന് കയറി.
ഹിന്ദിക്കാരൻ ജി. എം ൻ്റെ ശൃംഗാരച്ചിരിയും അയാളുടെ ബൈ പോളാർ സ്വഭാവത്തിൻ്റെ വൈകൃതവും എല്ലാം കൂടി സഹിച്ച് തലപെരുത്ത് കുറേ നേരം ഞാനിരുന്നു. മീറ്റിംഗ് കഴിഞ്ഞിറങ്ങിയപ്പോഴേക്കും അവൾ ഉറങ്ങിക്കഴിഞ്ഞിരുന്നു.
ജതിനെ വിളിച്ചു, " ടാ അയാം ഫെഡപ്പ് "
ദൃശ്യാ ബീ റിലാക്സിഡ് . നീ വേറൊരാളായി മാറുകാ നിൻ്റെ കുസൃതിം നിൻ്റെ ഫണ്ണും എല്ലാം പോയി.
"നെനക്കെന്താ ജതിൻ ഇതൊന്നും മനസ്സിലാകാത്തെ ഞാനെപ്പോഴും അണ്ടർ പ്രഷറിലാ "
"എത്ര നാളായീന്നറിയോ റിലാക്സേഷൻ ' എന്ന അവസ്ഥ ഞാനനുഭവിച്ചിട്ട്.
സത്യത്തിൽ ജോലി എന്നെ കൊല്ലുമോന്ന് തോന്നും. "
"കുറേക്കാലം അവളുടെ സ്പിച്ച് തെറാപ്പി . സംസാരിച്ചു തൊടങ്ങിയപ്പോ സോഷ്യൽ സ്കിൽസ് എനിക്ക് പറ്റുന്നില്ല"
"ഇന്ന് തെറാപ്പിസ്റ്റ് എന്ത് പറഞ്ഞു.?"
"പ്രത്യേകിച്ച് ഒന്നൂല്ല പതിവ് അഡ്‌വൈസസ്. അവളെ കൂടുതൽ മിംഗിൾ ചെയ്യിക്കണം. അവളാണേ എന്നോട് പോലും നേരേ സംസാരിക്കാറില്ല. പിന്നാ മിംഗ്ളിംഗ്"
"നീയൊന്നു ട്രൈ ചെയ്തു നോക്ക്."
"എല്ലാം ഞാൻ തന്നെ നോക്കണം. മടുത്തു എനിക്ക്.
"ചണ്ഡീഗഢിൽ ആയിരുന്നപ്പോ കുഞ്ഞിനെ നോക്കാൻ നിർത്തിയിരുന്ന ജോലിക്കാരി തീരെ സംസാരിക്കാതിരുന്നത് എൻ്റെ മിസ്റ്റേക്കാണോ? പിന്നെ ബാംഗ്ലൂര് വന്നപ്പോ ഭാഷാ പ്രശ്നം, ഫ്ലാറ്റിലെ ഒറ്റപ്പെടൽ . അച്ഛനുമമ്മേം നാടുവിട്ട് വരാത്തതിനും ഞാനാണോ ഉത്തരവാദി. ഒന്നാമത് ഓഫീസിലെ പ്രശ്നങ്ങൾ കൊണ്ട് തന്നെ തലകത്തുന്നു. അതിനെടേലാ ഈ ഗിൽറ്റ് ഫീലിംഗ്സും. "
"താൻ ചൂടാകരുത്. ഞാനൊരു കാര്യം പറയട്ടേ ?
നമുക്കീ ഓണം നാട്ടിലാക്കിയാലോ ?
"ഓഹോ !അമ്മ നിന്നെ വിളിച്ച് ബ്രെയിൻ വാഷ് ചെയ്തോ ? ഇന്നലെ വീഡിയോ കോളിൽ അത്തപ്പൂവിടുന്നത് അമ്മ നേവൂന് കാണിച്ചു കൊടുത്തപ്പോഴേ എനിക്ക് തോന്നീതാ "
“എടോ താനൊന്നാലോചിച്ച് നോക്കിയേ. നമ്മളൊക്കെ എന്തെല്ലാം എൻജോയ് ചെയ്തിട്ടുണ്ട്. നേവക്ക് ഓണംന്ന് പറേണത് തന്നെ എന്താന്നറീല്ല .ഇത്രേം വർഷോം അവളുടെ തിരുവോണോം ഉത്രാടോക്കെ സാധാരണ ദെവസാരുന്നല്ലോ?”
"ജതിൻ നീ ഫോൺ വയ്ക്ക്. നെനക്ക് അവിടിരുന്ന് ഓരോന്ന് പറഞ്ഞാ മതീല്ലോ.
കുട്ടികൾടെ റെസ്പോൺസിബിളിറ്റി എല്ലാം എപ്പോഴും അമ്മമാർക്കാണല്ലോ... "
...............
വൈകിട്ട് വീടെത്തിയപ്പോൾ അമ്മയും വല്യമ്മയും ചേച്ചിമാരും തിരുവാതിരക്കളിക്ക് ഒരുങ്ങുകയായിരുന്നു.
"ആ ...ദൃശ്യയെത്തിയല്ലോ ?"
"നീയും കൂടിക്കോ "എന്നു പറഞ്ഞപ്പോൾ തന്നെ ഞാൻ പോകാതിരിക്കാനായി നേവൂട്ടി എൻ്റെ ചുരിദാറിനുള്ളിൽ പതുങ്ങി. ആരോടും മിണ്ടാതെ എന്നെ പറ്റിച്ചേർന്ന് അവൾ ഒരു കംഗാരു കുഞ്ഞിനെപ്പോലെ നടന്നു. ജതിനടുത്തേക്ക് പോലും പോയില്ല... ഉത്രാടപ്പാച്ചിലിന് വന്ന അഭിയേട്ടൻ്റെ മക്കൾ. സോനുവും നീലുവും അവളെ എങ്ങനെയൊക്കെയോ ഒപ്പം കൂട്ടി. നടക്കാൻ പഠിക്കുന്ന ഒരു കുഞ്ഞ് കുട്ടിയെ പോലെ അവൾ പാടത്തും പറമ്പിലും പിച്ച വച്ചു. തിരുവാതിര പ്രാക്ടീസിനും, പൂക്കളമിടലിനും , സദ്യയൊരുക്കത്തിനുമൊക്കെ ഒരല്പം വിമുഖതയോടെയാണെങ്കിലും അവളും കൂടി. അഭിയേട്ടൻ എടുത്തു കൊടുത്ത കസവു പാവാടയ്ക്ക് " ഇന്ത്യൻ ക്ലോത്ത് "എന്നു പറയാൻ ശ്രമിച്ചപ്പോൾ എനിക്ക് ചിരി വന്നു.
പഴയ പറങ്കിമാവിലെ ഊഞ്ഞാലിലാടിയപ്പോ അവൾ പഴയ ഞാനായി മാറി.
അവളുടെ ഉള്ളിലെ ഭയങ്ങൾ എല്ലാം ഒഴുകിപ്പോയി. "ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പു " എന്നത് എങ്ങനെയൊക്കെയോ പാടി ഒപ്പിക്കാൻ ശ്രമിച്ചപ്പോൾ അവളുടെ ആത്മവിശ്വാസം വർധിച്ചു.
തൃക്കാക്കരയപ്പനെ വെച്ച് ചാണകം മെഴുകി പൂക്കളമിട്ടപ്പോഴേക്കും അവളൊരു പുതിയ ആളായി പരിണമിച്ചിരുന്നു. തിരുവോണത്തിന് രാവിലെ മഞ്ചിമ ചേച്ചി തേങ്ങ തിരുമ്മുന്നതിനിടയിൽ അഭിയേട്ടൻ തേങ്ങ വാരിത്തിന്നതും അമ്മ അടിക്കാനോങ്ങിയതും കണ്ട് നേവൂട്ടി പൊട്ടിച്ചിരിച്ചു. മാവേലി വേഷം കെട്ടിയും പുലിവേഷം കെട്ടിയും കുട്ടികൾ വന്നപ്പോൾ അഭിയേട്ടൻ സോനുവിനൊപ്പം നേവുവിനേയും ഇറക്കികളിപ്പിച്ചു. ആവേശത്തോടെ മഞ്ഞത്തോർത്തുമുടുത്ത് അവൾ തുള്ളുന്നത് കണ്ടപ്പോൾ എനിക്കും ജതിനും അത്ഭുതമായി. സദ്യക്ക് കുട്ടികൾക്കൊപ്പം ചേർന്ന് വിളമ്പിയപ്പോഴും അവൾ ആവേശത്തോടെ അവർക്കൊപ്പം ചേർന്നു. അച്ഛനോട് ചേർന്നിരുന്ന് അവൾ ബ്ലാംഗ്ലൂർ കഥകൾ പറയുന്നത് കേട്ട് "ഇവൾ എൻ്റെ ദൃശ്യ കുട്ടീടെ തനിപ്പകർപ്പാ"ന്ന് അച്ഛൻ പറഞ്ഞപ്പോൾ അവൾ കവിളിലൊരുമ്മ കൊടുത്തു.
"നിനക്ക് രാവിലേ പോകണ്ടേ? കിടക്ക് "എന്ന് അമ്മ പറഞ്ഞപ്പോൾ
"ഞാനിന്ന് അമ്മമ്മേടേം ചേച്ചിമാരുടേം അടുത്ത് കിടന്നോട്ടെയെന്ന് നേവ കുട്ടി കൊഞ്ചി .കോണിപ്പടി കയറി റൂമിലേക്കെത്തിയപ്പോൾ ജതിൻ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.
"ദൃശ്യാ നീ കണ്ടില്ലേ അവളുടെ മാറ്റം. ഇനി തെറാപ്പികളുടെയൊന്നും ആവശ്യം വരുമെന്ന് തോന്നുന്നില്ല.. ഇടയ്ക്കിടയ്ക്ക് നാട്ടിലേക്കൊന്ന് വന്ന് പോയാ മതി. ഇപ്പോഴാ നമ്മുടെ ഓണത്തിനും ജീവിതത്തിനും ഒക്കെ ഒരു വൈബ് വന്നേ ....”
"ആധികൾ വ്യാധികളൊന്നുമില്ല" എന്ന് ഞാനറിയാതെ മൂളി. അപ്പോൾ ചിങ്ങനിലാവെന്നെ പൊതിയുന്നതായി തോന്നി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: onam related short story named vibe onam
Published: 05 Sept 2025, 01:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented