നിറമുള്ള ഓര്‍മ്മകളാണ് എല്ലാവര്‍ക്കും ഓണക്കാലം. ഓണക്കാലത്തെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് പ്രമുഖര്‍. നടന്‍ ആസിഫ് അലി, കവികളായ ആലങ്കോട് ലീലാകൃഷ്ണന്‍, കണിമോള്‍, നടി ജോമോള്‍, ഗായകന്‍ ബിജു നാരായണന്‍ എന്നിവരുടെ ഓണഓര്‍മ്മകളിലൂടെ.

To advertise here,

പിരിവെടുത്ത് മറിക്കുന്ന ഓണക്കാലം-ആസിഫ് അലി (നടന്‍)
സ്‌കൂള്‍, കോളേജ് കാലത്തെ ഓണമാണ് ആദ്യം ഓര്‍മ്മയിലേക്ക് വരിക. കോളേജിലെ എല്ലാ ആഘോഷ കമ്മിറ്റികളുടെയും ഭാഗമായിരുന്നു ഞാന്‍. പൂക്കള്‍ വാങ്ങാന്‍ പിരിവെടുക്കുന്നതും അത് മറ്റുകാര്യങ്ങള്‍ക്കായി മറിക്കുന്നതുമെല്ലാം കോളേജിലെ ഓണം ഓര്‍മ്മകളാണ്. കുട്ടിക്കാനത്തായിരുന്നു കോളേജ് പഠനം. അവിടെനിന്ന് പൂക്കള്‍ വാങ്ങാന്‍ കമ്പത്തേക്കും തേനിയിലേക്കും പോവും. അതിനായി ക്ലാസ് കട്ട് ചെയ്തതൊക്കെ രസമുള്ള ഓര്‍മ്മകളാണ്.

സുഖമുള്ള കാത്തിരിപ്പ്-ആലങ്കോട് ലീലാകൃഷ്ണന്‍ (കവി)

വറുതിയുടെ കാലമായിരുന്നു. ഓണത്തിനാണ് സദ്യയൊരുക്കുക. അടുക്കളപ്പുറത്ത് പപ്പടം മൊരിയുന്നതും ഓണനാളിലാണ്. എല്ലാം വീട്ടിലും വാഴയുണ്ടാകും. അതിന്മേല്‍ കുലയും. എന്നാലും പഴം പുഴുങ്ങുന്നത് ഓണനാളിലാണ്. ഓണത്തിനും സ്‌കൂള്‍ തുറക്കുമ്പോഴും മാത്രമാണ് പുതുവസ്ത്രത്തിന്റെ ചൂടറിയുക. റെഡിമെയ്ഡ് വസ്ത്രങ്ങളൊന്നും വിപണിയിലില്ല. തുണി വാങ്ങി തയ്പ്പിക്കണം. ഓണക്കോടി തുന്നിക്കിട്ടുന്നതുവരെ നാളെണ്ണിയിരിക്കും. അതൊരു സുഖമുളള കാത്തിരിപ്പാണ്.

ശര്‍ക്കരയിട്ട പായസത്തിന്റെ രുചി- ജോമോള്‍ (നടി)

ബാല്യത്തിലെ ഓണം ഓര്‍മ്മ ശര്‍ക്കരയിട്ട പായസത്തിന്റെ രുചിയാണ്. പപ്പയുടെയും മമ്മിയുടെയും തറവാട് അടുത്തടുത്താണ്. അന്നത്തെ പത്ത് ദിവസവും കസിന്‍സ് എല്ലാവരും രണ്ട് വീടുകളിലായി ആഘോഷം പൊടിപൊടിക്കും. അന്നാ ഒത്തുകൂടലായിരുന്നു രസം.

പാട്ടുതന്നെ ഓര്‍മ്മ- ബിജു നാരായണന്‍ (ഗായകന്‍)

പാട്ട് തന്നെയാണ് ഓണക്കാലത്തെ പ്രധാന ഓര്‍മ്മ. ഓണത്തോടനുബന്ധിച്ച് ഇറക്കുന്ന ആല്‍ബങ്ങള്‍ക്കായി ഓടിനടക്കുമായിരുന്നു. ഒരുവര്‍ഷം എട്ട് കാസറ്റുകള്‍ക്കായിവരെ പാടിയ അനുഭവമുണ്ട്. രാഘവന്‍ മാസ്റ്ററുടെ 'വീണ്ടും ഒരു പൊന്നോണം', പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിന്റെ 'ഓണപ്പുലരി' തുടങ്ങി ഒരുപാട് ആല്‍ബങ്ങള്‍ക്ക് വേണ്ടി പാടിയത് ഇന്നും നല്ല ഓര്‍മ്മകളായി മനസ്സിലുണ്ട്.

പൂക്കളുടെ ധാരാളിത്തമാണ് എനിക്ക് ഓണം- കണിമോള്‍ (കവി)

മലഞ്ചെരുവിലെ പൂക്കളെപ്പറ്റിയുള്ള ഓര്‍മ്മകളാണ് എനിക്ക് ഓണം. ഇടുക്കിയിലെ പൂക്കള്‍ക്ക് അപാരഭംഗിയാണ്. ഏതോ കാലത്ത് ഉരുള്‍പൊട്ടലുണ്ടായതിന്റെ ലക്ഷണങ്ങളുള്ള ഭൂപ്രകൃതിയാണവിടെ. മലകള്‍ക്കിടയില്‍ ഓളപ്പാത്തികളുണ്ട്. ഉരുള്‍ താഴേക്കുവന്നതിന്റെ അടയാളംപോലെ പാറ ചിതറിക്കിടക്കുന്നതും കാണാം. അനിയത്തിക്കൊപ്പം പൂക്കളമൊരുക്കിയതിന്റെ ഓര്‍മ്മകള്‍ മനസ്സിലുണ്ട്. പൂക്കളുടെ ധാരാളിത്തമാണ് എനിക്ക് ഓണം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi