ലിവിങ് ടുഗെദർ ബന്ധങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായം മുതിർന്ന ബോളിവുഡ് നടി സീനത്ത് അമൻ നേരത്തേ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. ജീവിതകാലം മുഴുവനുമായുള്ള ഒരു ദാമ്പത്യത്തിനായി പ്രതിജ്ഞയെടുക്കും മുമ്പ് പങ്കാളികൾ ഒന്നിച്ചു താമസിക്കണമെന്നാണ് (live in relationship) അവരുടെ അഭിപ്രായം.

അങ്ങനെ വിശ്വസിക്കുന്നതിന്റെ കാരണം അടുത്തിടെ ഒരു അഭിമുഖത്തിൽ സീനത്ത് വെളിപ്പെടുത്തി. "ഇന്നത്തെ കാലത്തും മുൻകാലങ്ങളിലും ഒന്നും ശാശ്വതമല്ല. നിയമപരമായ പ്രതിജ്ഞ എടുക്കുന്നതിന് മുമ്പ് നിങ്ങൾക്ക് പൊരുത്തമുണ്ടെന്ന് ഉറപ്പാക്കണം. ഇതാണ് എന്റെ കാഴ്ചപ്പാട്. മാനസികമായും വൈകാരികമായും പൊരുത്തമുള്ളവരാണോ നിങ്ങളെന്ന് അറിയണം. കുട്ടികൾ ഉണ്ടാകാൻ പദ്ധതിയിടുകയാണെങ്കിൽ, അവരെ എങ്ങനെ വളർത്തും? സാമ്പത്തികത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകളെന്ത്? ഇതൊക്കെ അറിയണം. പൊരുത്തമില്ലെങ്കിൽ, എന്തു പ്രസക്തി? ദുരിതപൂർണമായ 15 വർഷങ്ങളെക്കാൾ 5 സന്തോഷകരമായ വർഷങ്ങൾ നിങ്ങൾക്കിഷ്ടമല്ലേ? അതാണ് ഞാൻ വിശ്വസിക്കുന്നത്," അവർ പറഞ്ഞു.

"പ്രണയം എന്നെന്നേക്കുമായി നിലനിൽക്കുമെന്ന് ആളുകൾ കരുതുന്നു. ഒന്നും ശാശ്വതമല്ല. ബന്ധങ്ങൾ എപ്പോഴും പുരോഗമിക്കുന്ന പ്രക്രിയയാണ്. കാര്യങ്ങൾ ശരിയാകണമെങ്കിൽ ക്രമീകരണവും, വിട്ടുവീഴ്ചയും ഉണ്ടാകണം. ബന്ധങ്ങൾ വലുതാകുന്നു, ഹണിമൂൺ കാലഘട്ടം എന്നെന്നേക്കുമായി നിലനിൽക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, അത് അങ്ങനെ സംഭവിക്കില്ല" നടി കൂട്ടിച്ചേർത്തു.

വിവാഹം തീരുമാനിക്കുന്നതിന് മുമ്പ് മക്കളോട് അവരുടെ പങ്കാളികളോടൊപ്പം താമസിക്കാൻ പോലും താൻ ഉപദേശിച്ചിട്ടുണ്ടെന്ന് സീനത്ത് മുമ്പ് വെളിപ്പെടുത്തിയിരുന്നു. സ്വന്തം ബന്ധങ്ങളിൽ നിരന്തരം പ്രശ്നങ്ങൾ അനുഭവിച്ചിട്ടുള്ളവരാണ് സീനത്ത്. സഞ്ജയ് ഖാനെയാണവർ ആദ്യം വിവാഹം ചെയ്തത്. പിന്നീട് സീനത്ത് അദ്ദേഹത്തിനെതിരെ ശാരീരിക പീഡനം ആരോപിച്ച് രംഗത്തെത്തുകയും വിവാഹബന്ധം വേർപെടുത്തുകയും ചെയ്തു. പിന്നീട് 1985-ൽ നടൻ മസ്ഹർ ഖാനെ വിവാഹം കഴിച്ചു, അസാൻ, സാൻ എന്നിവരാണ് മക്കൾ. പിന്നീട് ആ ബന്ധവും വേർപെടുത്തി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi