സെറീന വഹാബ് മലയാളികൾക്കെന്നും പ്രിയപ്പെട്ട താരമാണ്. 'മദനോത്സവ'ത്തിലെ എലിസബത്ത്, 'പാളങ്ങളി'ലെ ഉഷ, 'ആദാമിന്റെ മകൻ അബു'വിലെ അയ്ഷുമ്മ തുടങ്ങിയ കഥാപാത്രങ്ങളെ എങ്ങനെയാണ് മറക്കുക? 80-കളിലെ ക്യാമ്പസുകളെ ഹരംകൊള്ളിച്ച ഇന്ദുടീച്ചറും, സെറീനയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. അതിനൊപ്പം ഹിന്ദി, തെലുഗു, തമിഴ് സിനിമകളിലും അവർ അഭിനയിക്കുന്നു. 'ജാട്ട്' ആണ് അവരുടേതായി അവസാനമിറങ്ങിയ ചിത്രം.

ബോളിവുഡ് നടനും നിർമാതാവുമായ ആദിത്യ പഞ്ചോളിയാണ് അവരുടെ ഭർത്താവ്. എന്നും ഗോസിപ്പ് കോളങ്ങളിലും മറ്റും ചർച്ചയായിട്ടുള്ളതാണ് അവരുടെ കുടുംബജീവിതം. ദാമ്പത്യബന്ധത്തിലെ പ്രശ്‌നങ്ങൾ, ഭർത്താവിന്റെ മറ്റു പ്രണയങ്ങൾ എന്നിവ പലപ്പോഴും ടാബ്ലോയ്ഡുകളിലെ ചൂടുള്ള വാർത്തകളായി.

'കലങ്ക് കാ ടിക' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യം കാണുന്നത്. ഷൂട്ടിങ്ങിനിടയിൽ അവർ തമ്മിലടുത്തു. ഒരുദിവസം ഷൂട്ടിങ് കഴിഞ്ഞപ്പോൾ ആദിത്യ, സെറീനയുടെ കൈപിടിച്ചു. അതായിരുന്നു പ്രണയത്തിന്റെ തുടക്കം. മതത്തിന്റെയും സംസ്‌കാരങ്ങളുടെയുമെല്ലാം അതിരുകളെല്ലാം തകർത്ത പ്രണയം. വിവാഹിതരാകാനും തീരുമാനിച്ചു. ആ വിവാഹത്തോട് സെറീനയുടെ അമ്മയ്ക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. തങ്ങളുടെ മതത്തിൽനിന്നുള്ളയാളല്ല എന്നതായിരുന്നു എതിർപ്പിനു കാരണം. എങ്കിലും എതിർപ്പുകളെ മറികടന്ന് 1986-ൽ അവർ വിവാഹിതരായി. പ്രണയം തുറന്നുപറഞ്ഞ് 15 ദിവസത്തിനുള്ളിലായിരുന്നു വിവാഹം. ''അന്ന് പലരും പറഞ്ഞു, അവൾ നല്ല സുന്ദരനായ ആളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ അവളെ അയാൾ ഒഴിവാക്കും. നോക്കൂ, ഇപ്പോൾ എത്ര വർഷങ്ങളായി ഞങ്ങളൊരുമിച്ച്'', ഒരഭിമുഖത്തിൽ സെറീന പറഞ്ഞു.

അധികം വൈകാതെ രണ്ടുമക്കളുമുണ്ടായി. എന്നാൽ, ആദിത്യയുടെയും സെറീനയുടെയും ജീവിതം എന്നും ഒരേപോലെയായിരുന്നില്ല. കാറും കോളും നിറഞ്ഞ ജീവിതം. ഭർത്താവും മകനും ഉൾപ്പെടുന്ന വിവാദങ്ങൾ. അതിനെയൊക്കെ അവർ മറികടന്നു.

ഭർത്താവിന്റെ ബന്ധങ്ങൾ
ആദിത്യ പഞ്ചോളിക്ക് ഒട്ടേറെ വിവാഹേതരബന്ധങ്ങളുണ്ടായിരുന്നു. കങ്കണ റണൗട്ട്, പൂജ ബേദി എന്നിവരുമായുള്ള ബന്ധം വിവാദവുമായി. 1993-ലായിരുന്നു പൂജ ബേദിയുമായുള്ള ബന്ധം. കുറച്ചുനാൾ കഴിഞ്ഞ് പൂജ ബേദി, ആദിത്യയ്‌ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചു. തന്റെ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചുവെന്നതായിരുന്നു പരാതി. സംഭവം നടക്കുമ്പോൾ ആ പെൺകുട്ടിക്ക് 15 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഇതിൽ ആദിത്യ കുറ്റക്കാരനാണെന്നും കണ്ടെത്തിയിരുന്നു. വർഷങ്ങൾക്കുശേഷം 2019-ൽ കങ്കണ നടത്തിയ വെളിപ്പെടുത്തൽ ആളുകളെ പിടിച്ചുകുലുക്കി. 2003-ലാണ് ആദിത്യയും കങ്കണയും പ്രണയത്തിലാണെന്ന വാർത്തകൾ വന്നത്. ആദിത്യ വീടുവിട്ട് കങ്കണയ്‌ക്കൊപ്പം താമസിക്കാൻ തുടങ്ങി. മൂന്നുവർഷത്തോളം ഒരുമിച്ച് കഴിഞ്ഞു. ആ ബന്ധം അവസാനിച്ചശേഷം തിരിച്ച് സെറീനയുടെ അടുത്തേക്ക് തന്നെ ആദിത്യ വന്നു. വർഷങ്ങൾക്കുശേഷം കങ്കണ, ആദിത്യയ്‌ക്കെതിരെ ആരോപണമുന്നയിച്ചു. ആദിത്യ തനിക്ക് മയക്കുമരുന്ന് നൽകുകയും തന്നെ പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് അവർ പറഞ്ഞത്. ഇന്ത്യ ടി.വി.യിലെ ഒരു അഭിമുഖത്തിലും കങ്കണ ഇത് തുറന്നുപറഞ്ഞു. എന്നാൽ, കങ്കണ തന്നെ സാമ്പത്തികമായും വൈകാരികമായും ചൂഷണം ചെയ്തുവെന്ന് ആദിത്യ തിരിച്ചടിച്ചു.

അപ്പോഴൊക്കെ സെറീന ഭർത്താവിനെ പിന്തുണച്ചു. വിവാദങ്ങളോടൊന്നും പ്രതികരിച്ചതുമില്ല. ഒരിക്കൽ മാത്രമേ അവർ ആ ചോദ്യങ്ങളോട് പ്രതികരിച്ചിട്ടുള്ളൂ. ''ആദിത്യയുടെ ബന്ധങ്ങളെപ്പറ്റി എനിക്കറിയാമായിരുന്നു. ഞാനൊരിക്കലും അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടില്ല. വീട്ടിലെത്തുമ്പോൾ അദ്ദേഹം എന്നോട് എങ്ങനെയാണെന്നു മാത്രമേ ഞാൻ ശ്രദ്ധിച്ചിരുന്നുള്ളൂ,'' അന്ന് സെറീന പറഞ്ഞതിങ്ങനെ. അക്കാര്യങ്ങളെക്കുറിച്ച് ആദിത്യ പഞ്ചോളിയോട് ചോദിച്ചാൽ പ്രശ്‌നം കൂടുതൽ വഷളാകുമായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. അതുകൊണ്ട് അത്തരം ബന്ധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ അവർ ഒഴിവാക്കി. പകരം മക്കളായ സനയെയും സൂരജിനെയും നന്നായി വളർത്തുന്നതിലേക്ക് ശ്രദ്ധതിരിച്ചു.

''ആദ്യമൊക്കെ ആദിത്യയുടെ പ്രണയങ്ങളെക്കുറിച്ചുള്ള വാർത്തകൾ വായിക്കുമ്പോൾ വിഷമം തോന്നുമായിരുന്നു. പക്ഷേ പിന്നെ അതുകേട്ട് ചിരിക്കാൻ തുടങ്ങി. ഇതൊക്കെ വരും, പോകും. ഇതൊന്നും ഞാൻ സീരിയസായി എടുത്തിരുന്നില്ല. എന്നെ അത്രയ്ക്കും ഇഷ്ടമാണ്. അതുകൊണ്ട് മറ്റൊരു സീരിയസ് ബന്ധത്തിൽ ചെന്നുപെടില്ലെന്ന് ഉറപ്പായിരുന്നു. അദ്ദേഹം വീടിനുപുറത്ത് എന്ത് ചെയ്താലും എനിക്ക് കുഴപ്പമില്ല. അത്തരം ബന്ധങ്ങളും വീട്ടിനുള്ളിലേക്ക് കൊണ്ടുവന്നിരുന്നുവെങ്കിൽ ഞാൻ വിഷമിക്കുമായിരുന്നു. ഇതെല്ലാം ഗൗരവമായി എടുത്ത് വഴക്കിട്ടാൽ, ഞാൻ കഷ്ടപ്പെടും. കഷ്ടപ്പെടാൻ എനിക്ക് താത്പര്യമില്ല'', സെറീന വെളിപ്പെടുത്തി.

''ആദിത്യയുടെ ബന്ധങ്ങൾ കാരണം ഞാൻ അസന്തുഷ്ടയാണെന്നാണ് ആളുകൾ കരുതുന്നത്. വളരെ സമ്മർദത്തിലാണ് ഞാൻ ജീവിക്കുന്നതെന്നും. എന്നാൽ അങ്ങനെയല്ല''.

അതിനൊപ്പം തന്നെയാണ് അവരുടെ മകൻ സൂരജ് പഞ്ചോളിക്കെതിരെയുള്ള കേസും. നടി ജിയ ഖാനുമായി സൂരജ് പ്രണയത്തിലായിരുന്നു. ആ ബന്ധം തകർന്നപ്പോഴാണ് ജിയ ആത്മഹത്യ ചെയ്തതെന്നുപറഞ്ഞ് അവരുടെ അമ്മ പരാതി കൊടുത്തു. ഇതിന്റെ പേരിൽ സൂരജിനെ അറസ്റ്റുചെയ്തു, ജയിലിലുമായി. പത്തുവർഷത്തോളം കേസ് നീണ്ടുനിന്നു. 2023-ലാണ് കോടതി തെളിവില്ലെന്ന കാരണത്താൽ കേസ് തള്ളിക്കളയുന്നത്. ഇതിൽ തന്റെ മകന് യാതൊരു പങ്കുമില്ലെന്നായിരുന്നു സെറീന അന്നുപറഞ്ഞത്. ''പ്രണയം തകർന്നതിന്റെ പേരിലല്ല, മറിച്ച് തെലുഗുസിനിമയിൽനിന്ന് തിരസ്‌കാരമാണ് ജിയ ആത്മഹത്യ ചെയ്തത്. അവർ തമ്മിലുള്ള പ്രണയം മാസങ്ങൾ മുമ്പേ തന്നെ വേണ്ടെന്നുവെച്ചിരുന്നു. ഞാൻ അവനോട് പറഞ്ഞതിന്റെ പേരിലാണത്. ജിയയുടെ അമ്മയ്ക്കും ആ ബന്ധത്തിൽ താത്പര്യമില്ലായിരുന്നു. പത്തുവർഷത്തോളം ഞങ്ങൾ ഒരുപാട് അനുഭവിച്ചു. ഒരു തെറ്റും ചെയ്യാതെയായിരുന്നുവത്''. പ്രശ്‌നങ്ങളെയെല്ലാം അതിജീവിച്ച് സെറീനയുടെയും ആദിത്യയുടെയും വിവാഹബന്ധം 40 വർഷത്തിലേക്ക് കടക്കുകയാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi