ഞായറാഴ്ച മുംബൈയിലെ ജുഹുവിൽ വെച്ച് ലോറൻസ് ബിഷ്ണോയ് സംഘം നടത്തിയ വെടിവെപ്പിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് പരിക്കേറ്റിരുന്നു. പരിക്കേറ്റ ടൈഗറിനെ കാണാൻ പ്രമുഖരെത്തിയതിനു പിന്നാലെ, മുൻകാമുകി ദിഷ പഠാണി അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഓടിയെത്തി. ദിഷ ടൈഗറിന്റെ വീട്ടിലേക്കെത്തുന്നതിന്റെ വീഡിയോ പാപ്പരാസികൾ പുറത്തുവിട്ടിട്ടുണ്ട്. നടിയുടെ മുഖത്ത് അസ്വസ്ഥതയായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ ഉടൻ പാപ്പരാസികളെ അവഗണിച്ച് അവർ ടൈഗറിനെ കാണാൻ അകത്തേക്ക് പോയി.

ടൈഗറും ദിഷയും വർഷങ്ങളോളം ഡേറ്റിങ്ങിലായിരുന്നെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു, എങ്കിലും ഇരുവരും തങ്ങളുടെ ബന്ധം പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല. അടുത്ത സുഹൃത്തുക്കളായിരുന്നു ആദ്യം ഇരുവരും. 2018-ൽ പുറത്തിറങ്ങിയ 'ബാഗി 2' എന്ന ആക്ഷൻ ചിത്രത്തിലും 'ബേഫിക്ര' എന്ന മ്യൂസിക് വീഡിയോയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഡിന്നർ ഡേറ്റുകളിലും അവധിക്കാല യാത്രകളിലും ഇരുവരെയും ഒന്നിച്ച് കാണാറുണ്ടായിരുന്നു. ഇതാണ് പ്രണയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. ഏകദേശം ആറ് വർഷത്തെ പ്രണയത്തിന് ശേഷം ടൈഗറും ദിഷയും 2022-ൽ വേർപിരിഞ്ഞതായും റിപ്പോർട്ടുണ്ടായിരുന്നു. എങ്കിലും സൗഹൃദം തുടർന്നിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ഞായറാഴ്ച ജുഹുവിലെ പുഷ്പ പാർക്കിലുള്ള ഒരു ക്ലബ്ബിൽ ഫുട്ബോൾ കളിച്ച് മടങ്ങുന്നതിനിടെയാണ് ടൈഗർ സഞ്ചരിച്ച കാറിനുനേരെ ബൈക്കിലെത്തിയ മൂന്ന് അക്രമികൾ വെടിയുതിർത്തത്. കുറഞ്ഞത് അഞ്ച് തവണയെങ്കിലും വെടിവെപ്പുണ്ടായി. സംഭവത്തിൽ ടൈഗറിന്റെ ഡ്രൈവർക്കും ഒരു ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കേറ്റു. ഡ്രൈവർക്ക് പരിക്കേറ്റതോടെ ടൈഗർ വാഹനമോടിക്കുകയായിരുന്നു. നടനും നിസ്സാരമായി പരിക്കുകളേറ്റു, പരിശോധനയ്ക്കുശേഷം ഡിസ്ചാർജ് ചെയ്തു.

വെടിവെപ്പ് നടന്ന് അധികം വൈകാതെ ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ അംഗങ്ങളെന്ന് സംശയിക്കുന്ന അനിൽ പണ്ഡിറ്റ്, ഹർമാൻ സന്ധു എന്നിവർ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകളിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.

"ഞങ്ങൾ അദ്ദേഹത്തെ വിളിച്ച് കാര്യം പറഞ്ഞിരുന്നു, പക്ഷേ അദ്ദേഹത്തിന് മനസ്സിലായില്ല. അതിനാൽ ഇന്ന് ഞങ്ങൾ അദ്ദേഹത്തിന് കാര്യങ്ങൾ നന്നായി മനസ്സിലാക്കിക്കൊടുത്തു. മുംബൈ ഫിലിം ഇൻഡസ്ട്രിയിൽ ആരെങ്കിലും ഞങ്ങൾ പറയുന്നത് അനുസരിക്കാതിരിക്കുകയോ സൽമാൻ ഖാനൊപ്പം പ്രവർത്തിക്കുകയോ ചെയ്താൽ അടുത്തത് അവരായിരിക്കും. കാത്തിരുന്ന് കാണൂ,"- ഒരു വോയ്സ് സന്ദേശത്തോടൊപ്പം ഹിന്ദിയിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi