ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ രണ്ടാമനാണ്. 226.6 ബില്യണാണ്‌ ഈ നാല്പത്തിയൊന്നുകാരന്റെ ആസ്തി. പൊതുവിടങ്ങളില്‍ നിന്ന് പരമാവധി അകന്നുകഴിയാന്‍ ഇഷ്ടപ്പെടുന്ന സുക്കര്‍ബര്‍ഗിന്റെ ലോകം കുടുംബമാണ്. ഭാര്യ പ്രിസില്ല ചാന്‍, മക്കളായ മാക്‌സിമ, ഓഗസ്റ്റ്, ഒറേലിയ എന്നിവരടങ്ങിയ കുടുംബം. ഇരുപത് വര്‍ഷത്തിലേറെയായി സുക്കര്‍ബര്‍ഗിന്റെ ജീവിതം പ്രിസില്ലയ്‌ക്കൊപ്പമാണ്.

ഹാര്‍ഡ്‌വാര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുന്നതിനിടെയാണ് സുക്കര്‍ബര്‍ഗ് പ്രിസില്ലയെ കണ്ടുമുട്ടുന്നത്. അതും ഒരു പാര്‍ട്ടിക്കിടെ. ശൗചാലയത്തിനു മുന്നില്‍ വരി നില്‍ക്കുകയായിരുന്നു രണ്ടുപേരും. ഒരു റൊമാന്റിക് സിനിമയിലും കണ്ടിട്ടില്ലാത്ത ദൃശ്യം. ആകസ്മികമായി തുടങ്ങിയ വര്‍ത്തമാനം, ഇരുവരും കൂടുതല്‍ സമയം ചെലവഴിക്കുന്നതില്‍ ചെന്നെത്തി. 2003 മുതല്‍ പ്രിസില്ലയും സുക്കര്‍ബര്‍ഗും ഔദ്യോഗികമായി റിലേഷന്‍ഷിപ്പിലായി. 

2010-ല്‍ സുക്കര്‍ബര്‍ഗിനൊപ്പം പ്രിസില്ല കാലിഫോര്‍ണിയയില്‍ താമസമായി. ഫേസ്ബുക്കിന്റെ പിറവിയും തുടര്‍ന്നുണ്ടായ തിരക്കും അവരുടെ ബന്ധത്തെ ബാധിച്ചില്ല. 2012-ല്‍ ഇരുവരും വിവാഹിതരായി. വീടിന്റെ പിന്‍മുറ്റത്ത് വെച്ച നടന്ന ലളിതമായ ചടങ്ങ്. 

placeholder
Getty Images

ശതകോടീശ്വരന്മാരുടെ പട്ടികയില്‍ സുക്കര്‍ബര്‍ഗിന്റെ പേര് ഉയര്‍ന്നുയര്‍ന്നു വന്നു. കുഞ്ഞുങ്ങള്‍ക്കുള്ള കാത്തിരിപ്പിലായിരുന്നു പ്രിസില്ലയും സുക്കര്‍ബര്‍ഗും. അക്കാലത്തു നടത്തിയ ചികിത്സയുടെ വേദനകളും ആശങ്കയും സുക്കര്‍ബര്‍ഗ് പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്. ഏതായാലും ആ വേദനകള്‍ വെറുതെയായില്ല. കുഞ്ഞുങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ദമ്പതികള്‍ക്ക് മൂന്ന് പെണ്‍കുട്ടികള്‍ പിറന്നു.

പരസ്യപരിപാടികള്‍ക്ക് സുക്കര്‍ബര്‍ഗ് അപൂര്‍വമായേ പങ്കെടുക്കാറുള്ളൂ. എപ്പോഴും പ്രിസില്ല അദ്ദേഹത്തിനൊപ്പം ഉണ്ടാകാറുണ്ട്. വൈഫ് ഗൈ എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ അദ്ദേഹം അറിയപ്പെടുന്നത്. ഭാര്യയോട് അങ്ങേയറ്റം സ്‌നേഹവും ബഹുമാനവും വിശ്വാസ്യതയും കാണിക്കുന്നയാള്‍ എന്നര്‍ത്ഥം. 

പ്രിസില്ലയ്‌ക്കൊപ്പം ചിലവിട്ട ഇരുപതുവര്‍ഷങ്ങളെക്കുറിച്ച് ഒരിക്കല്‍ സുക്കര്‍ബര്‍ഗ് ട്വിറ്ററില്‍ കുറിച്ചു. ഇരുവരും ഒരുമിച്ചുള്ള ആദ്യ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്. ഞങ്ങളുടെ ആദ്യ ഡേറ്റിന് ഇന്ന് ഇരുപത് വർഷം. സ്‌കൂളില്‍ നിന്ന് എന്നെ പുറത്താക്കുമെന്ന് തോന്നിയപ്പോള്‍ സുഹൃത്തുക്കളൊരുക്കിയ വിടവാങ്ങല്‍ പാര്‍ട്ടിക്കിടെയാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. ഞാനാണ് അവളോട് എനിക്കൊപ്പം സമയം ചിലവിടാമോയെന്ന് ചോദിച്ചത്. എനിക്ക് സ്‌കൂളില്‍ അധികകാലം ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ഞാന്‍ പറഞ്ഞു. പിന്നെ ഞാന്‍ ഫേസ്ബുക്ക് ആരംഭിച്ചു, ഞങ്ങള്‍ വിവാഹിതരായി. ഇപ്പോള്‍ ഞങ്ങള്‍ക്ക് മൂന്ന് പെണ്‍കുഞ്ഞുങ്ങളുണ്ട്. എത്ര മനോഹരമായ യാത്ര. 

placeholder
Getty Images

ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ജോഡികളിലൊന്നാണ്‌ സുക്കര്‍ബര്‍ഗും പ്രിസില്ലയും. സുക്കര്‍ബര്‍ഗ് സാങ്കേതികവിപ്ലവം തീര്‍ത്തപ്പോള്‍ പീഡിയാട്രീഷ്യനായി പ്രിസില്ലയും തിളങ്ങി. ഇലോണ്‍ മാസ്‌ക്, ജെഫ് ബെസോസ്, ലാറി എലിസണ്‍, ബില്‍ ഗേറ്റ്‌സ് എന്നിങ്ങനെ അമേരിക്കയിലെ മുന്‍നിര ശതകോടീശ്വരന്മാര്‍ക്കിടയിലെ ഒരേയൊരു ഫാമിലി മാന്‍ എന്നാണ് സുക്കര്‍ബര്‍ഗിനെ ആരാധകര്‍ വാഴ്ത്തുന്നത്. 

കണക്കറ്റ സമ്പത്ത് കയ്യിലുണ്ടെങ്കിലും വളരെ സിമ്പിളായി നടക്കുന്ന സുക്കര്‍ബര്‍ഗിനെയാണ് ലോകം കണ്ടിട്ടുള്ളത്. അതുപോലെ സിംപിള്‍ ജീവിതം ഇഷ്ടപ്പെടുന്നയാളാണ് പ്രിസില്ലയും. പണത്തിന്റെ ആഡംബരം കാണിക്കാന്‍ ഇരുവര്‍ക്കും ഒരുപോലെ താത്പര്യമില്ല. ഏതെങ്കിലും അവാര്‍ഡ് വേദികളില്‍ മാത്രമാണ് ഇരുവരും സ്‌റ്റൈലിന് പ്രാധ്യാനം നല്‍കാറുള്ളത്.