
ഭാഷയുടെ വരമ്പുകളില്ലാതെ ലോകമെമ്പാടും തരംഗം സൃഷ്ടിക്കുന്ന ഹോളിവുഡില്‍ സാര്‍വജനകീയമായ രണ്ടു മുഖങ്ങളാണ് ബ്രാഡ് പിറ്റും ലിയനാര്‍ഡോ ഡികാപ്രിയോയും. വിപണിയിലെ മൂല്യം കൊണ്ടും പ്രതിഭയുടെ കനം കൊണ്ടും ശ്രദ്ധേയരായ രണ്ടുപേര്‍.
രണ്ടുപേരും സിനിമയിലെത്തുന്നത് ടെലിവിഷന്‍ ഷോയിലൂടെയാണ്. അതും ഒരേ സീരീസിലൂടെ, വ്യത്യസ്ത സമയങ്ങളില്‍ ആയിരുന്നെന്ന് മാത്രം. ആദ്യ അരങ്ങേറ്റം ബ്രാഡ് പിറ്റിന്റെതായിരുന്നു. 'ഗ്രോയിങ് പെയിന്‍സ്' എന്ന സീരിസില്‍ പിറ്റ് അഭിനയിക്കുന്നത് 1987-89 കാലത്താണ്. ഡികാപ്രിയോ വരുന്നത് 1991-92 കാലഘട്ടത്തിലും.

പിറ്റിന്റെ സിനിമാജീവിതം തുടക്കത്തില്‍ തന്നെ വിജയമറിഞ്ഞു. 'തെല്‍മ ആന്‍ഡ് ലൂയിസ്' പോലുള്ള സിനിമകള്‍ ഹിറ്റുമായി. 'ടൈറ്റാനിക്കി'ലൂടെ ഡികാപ്രിയോ ലോകപ്രശസ്തനായി. തൊണ്ണൂറുകളിലും രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലും ഹോളിവുഡിലെ ഏറ്റവും ശ്രദ്ധേയരായ യുവ താരങ്ങളായി ഇരുവരും വിലയിരുത്തപ്പെട്ടു
അന്നൊന്നും ഒരു സിനിമയിലും ഇരുവരും ഒന്നിച്ചില്ല. പക്ഷെ പാര്‍ട്ടികളിലും അവാര്‍ഡ് ദാനചടങ്ങുകളിലും അവര്‍ കണ്ടുമുട്ടി. അവര്‍ പരസ്പരം പുണരുന്ന നിമിഷങ്ങള്‍ ക്യാമറകള്‍ ഒപ്പിയെടുത്തു.
ഹോളിവുഡിന്റെ തലപ്പത്ത് വാഴുന്ന കാലത്താണ് രണ്ടുപേരും ആദ്യമായി ഒരു സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. റോബര്‍ട്ട് ഡെനിറോയെ പരിഗണിച്ചിരുന്ന റോളാണ് അവസാന നിമിഷം പിറ്റ് സ്വന്തമാക്കുന്നത്. അന്നേവരെ നിര്‍മിച്ചതില്‍ ഏറ്റവും ചിലവേറിയ സിനിമയായിരുന്നു 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്.' രണ്ടു കൊല്ലം ചിത്രീകരണം നടന്ന സിനിമ 2019-ല്‍ പുറത്തുവന്നു. സിനിമ മുടക്കുമുതലിന്റെ മൂന്നിരട്ടിയിലധികം പണം വാരി.

കാനിലെ വേദിയില്‍ ഇരുവരും ഒരുമിച്ചെത്തിയത് വാര്‍ത്തയായി. അങ്ങോട്ടുമിങ്ങോട്ടുമുള്ള ആരാധനയും ബഹുമാനവും പങ്കുവെക്കാനും അവര്‍ കാനിന്റെ വേദി ഉപയോഗപ്പെടുത്തി. മുന്നില്‍ നില്‍ക്കുന്നയാള്‍ പ്രതിഭാശാലിയാണെന്നും കഠിനാധ്വാനിയാണെന്നും മനസ്സിലാക്കുമ്പോള്‍ കാര്യങ്ങള്‍ ഏറെ എളുപ്പമാകും എന്നാണ് പിറ്റ് പറഞ്ഞത്. സിനിമയില്‍ അവതരിപ്പിച്ച കഥാപത്രങ്ങളെപോലെ അനായാസമായി ഞങ്ങള്‍ സുഹൃത്തുക്കളായെന്നാണ് ഡികാപ്രിയോ പറഞ്ഞത്.
ലോസ് ഏന്‍ജെല്‍സിലാണ് രണ്ടുപേരുടെയും താമസം. പിറ്റിന് ശില്പനിര്‍മാണം ഒരു വിനോദമാണെന്നത് എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്. പിറ്റിന്റെ വീട്ടില്‍ ഒരു സ്റ്റുഡിയോയുണ്ട്. അവിടെ ശില്പനിര്‍മാണത്തിനായി അദ്ദേഹം മണിക്കൂറുകള്‍ ചിലവഴിക്കാറുണ്ട്. ഡികാപ്രിയോ സ്റ്റുഡിയോ സന്ദര്‍ശിക്കാറുണ്ടെന്നും ഇരുവരും സ്റ്റുഡിയോയില്‍ രാത്രി മുഴുവന്‍ കലയുമായി കൂടാറുണ്ടെന്നും 'ദി സണ്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2020-ല്‍ ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ പിറ്റ് ഡികാപ്രിയോയ്ക്ക് നന്ദി പറഞ്ഞു. റോസിന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍ പലക പങ്കിട്ടേനെ എന്ന് ചിരിച്ചുകൊണ്ടാണ് പിറ്റ് പറഞ്ഞുനിര്‍ത്തിയത്. പിന്നീടുള്ള ഒരഭിമുഖത്തില്‍ ഡികാപ്രിയോ തന്നെ വിളിക്കുന്നത് ലവര്‍ എന്നാണെന്നും പിറ്റ് പറഞ്ഞു.
മത്സരത്തിന്റെ സിനിമാലോകത്ത് ആരാധകര്‍ക്ക് ആനന്ദമേകുന്ന സൗഹൃദക്കൂട്ടാണ് ബ്രാഡ് പിറ്റും ലിയനാര്‍ഡോ ഡികാപ്രിയോയും. ഇനിയും ആ സൗഹൃദം സിനിമയിലൂടെ കാണാനാകട്ടെ എന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlights: the friendship between dicaprio and pitt
Published: 18 Dec 2024, 03:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented