തന്റെ അഭിനയമികവുകൊണ്ട് നിരവധി ആരാധകരെ സൃഷ്ടിച്ചെടുത്ത താരമാണ് സൊനാക്ഷി സിന്‍ഹ. ഏകദേശം എട്ടു വര്‍ഷത്തെ പ്രണയത്തിനുശേഷം 2024-ലാണ് അവര്‍ ദീര്‍ഘകാല കാമുകനായ സഹീര്‍ ഇഖ്ബാലിനെ വിവാഹം കഴിച്ചത്. തന്റെ മിശ്രവിവാഹത്തെക്കുറിച്ചും കുടുംബബന്ധങ്ങള്‍, വരാനിരിക്കുന്ന പ്രോജക്ടുകള്‍ എന്നിവയെക്കുറിച്ചുമെല്ലാം തുറന്നു സംസാരിക്കുകയാണ് നടി. സോനല്‍ കല്‍റയുമായുള്ള 'ദി റൈറ്റ് ആംഗിള്‍' എന്ന പരിപാടിയിലാണ് താരം മനസുതുറന്നത്.

'ദമ്പതികളെന്ന നിലയില്‍ ഞങ്ങളുടെ ജീവിതത്തില്‍ മതത്തിന് സ്ഥാനമില്ല. എന്നാല്‍ ഞങ്ങള്‍ വളര്‍ന്നുവന്ന വ്യത്യസ്ത സാഹചര്യങ്ങള്‍ക്കനുസരിച്ച്, അവനും അവന്റെ കുടുംബവും പിന്തുടരുന്ന ചില ആചാരങ്ങളുണ്ട്, അതിനെ ഞാന്‍ ബഹുമാനിക്കുന്നു. അതുപോലെ ഞാനും എന്റെ കുടുംബവും പിന്തുടരുന്ന ചില ആചാരങ്ങളെ അവരും ബഹുമാനിക്കുന്നു.

അതാണ് ഇതിന്റെ സൗന്ദര്യമെന്ന് ഞാന്‍ കരുതുന്നു. മതം ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഒരു തടസ്സമാകില്ല. അതിന്റെ പേരില്‍ ഒരു ചോദ്യമോ വഴക്കോ പിരിമുറുക്കമോ ഒന്നും ഉണ്ടായിട്ടില്ല, അതാണ് ഇതിലെ ഏറ്റവും മനോഹരമായ ഭാഗമെന്ന് ഞാന്‍ കരുതുന്നു.' ബന്ധത്തില്‍ മതത്തിന്റെ പങ്കിനെക്കുറിച്ചുള്ള ചോദ്യത്തിന് സൊനാക്ഷിയുടെ മനോഹരമായ മറുപടി ഇങ്ങനെയായിരുന്നു.

തന്റെ കുടുംബം സഹീറിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചതിനെക്കുറിച്ചും 38-കാരിയായ താരം പങ്കുവെച്ചു. '100% നല്ല മരുമകനാണ് അദ്ദേഹം' ചിരിയോടെ സൊനാക്ഷി പറഞ്ഞു. 'അദ്ദേഹം വരുമ്പോള്‍ 'സഹീര്‍ ആ രഹേ ഹേ, ദാമാദ് (മരുമകന്‍) ജി ആ രഹേ ഹേ... ഭക്ഷണം തയ്യാറാക്കണം' എന്ന് പറഞ്ഞ് എല്ലാവരും തിരക്കിട്ട് ഓടും.

എന്റെ അമ്മ എന്നോട് പത്ത് തവണ ചോദിക്കും, എന്ത് കഴിക്കാന്‍ കൊടുക്കുമെന്ന്. അച്ഛനാണെങ്കില്‍ അവനോടൊപ്പം സമയം ചെലവഴിക്കാന്‍ വലിയ ഇഷ്ടമാണ്. അവര്‍ വളരെ നല്ല സുഹൃത്തുക്കളായിക്കഴിഞ്ഞു. അതുകൊണ്ട് ഞാനും അവരും ഒരു മുറിയിലുണ്ടെങ്കില്‍, ഞാനായിരിക്കും മൗനമായിരിക്കുക. അവര്‍ രണ്ടുപേരും സംസാരിച്ചുകൊണ്ടിരിക്കും!'

'നമ്മോടൊപ്പം വാര്‍ദ്ധക്യത്തിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്ന ഒരാളെ കണ്ടെത്തണമെന്നാണ് നമ്മള്‍ പറയാറ്. എന്നാല്‍ സഹീറിനെപ്പോലെ ഒരാളോടൊപ്പം ആയിരിക്കുമ്പോള്‍, കൂടെ ഒരു കുട്ടിയെപ്പോലെ പെരുമാറാന്‍ കഴിയുന്ന ഒരാളെയാണ് വേണ്ടതെന്ന് നിങ്ങള്‍ മനസ്സിലാക്കും. നിങ്ങള്‍ നിരന്തരം ചിരിച്ചുകൊണ്ടിരിക്കും. ഇത് എന്റെ ജീവിതത്തില്‍ എനിക്ക് നഷ്ടപ്പെട്ടിരുന്ന ഒന്നായിരുന്നു. അദ്ദേഹം ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ഇത്രയും സന്തോഷവതിയാവില്ലായിരുന്നു,' പ്രണയത്തെക്കുറിച്ച് അവര്‍ ഉള്ളുതുറന്നു.

നടി ഇപ്പോള്‍ രണ്ട് സിനിമകള്‍ പൂര്‍ത്തിയാക്കി. അതിലൊന്ന് അവരുടെ ആദ്യ തെലുങ്ക് സിനിമയായ 'ജടാധാര' ആണ്. ഈ വര്‍ഷം അവസാനത്തോടെ അത് റിലീസ് ചെയ്യും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi