നടി ശിൽപ ഷെട്ടിയുടെ ഭർത്താവും സംരംഭകനുമാണ് രാജ് കുന്ദ്ര. 2021 ജൂലായിൽ അശ്ലീലചിത്രങ്ങൾ (Pornographic Content) നിർമിച്ചെന്ന കുറ്റത്തിൽ രാജ് ജയിലിലായിരുന്നു. അതേവർഷം സെപ്റ്റംബറിൽ മെട്രോപോളിറ്റൻ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. 2023-ൽ രാജിന്റെ ജയിൽജീവിതത്തെ ആസ്പദമാക്കി ഒരു ജീവചരിത്രം റിലീസായിരുന്നു. അതിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത് രാജ് തന്നെയാണ്.

To advertise here,

ഇപ്പോഴിതാ 63 ദിവസം ജയിലിൽ കിടന്ന അനുഭവം തുറന്നുപറയുകയാണ് രാജ്. മുംബൈയിലെ ആർതർ ജയിലിലേക്കായിരുന്നു രാജിനെ അന്ന് കൊണ്ടുപോയത്. എബിപി ന്യൂസിനോട് സംസാരിക്കവെ, ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതനുസരിച്ചാണ് താൻ പോലീസ് സ്റ്റേഷനിൽ പോയതെന്നും, തന്നെ അറസ്റ്റ് ചെയ്യുമെന്ന് കരുതാൻ യാതൊരു കാരണവുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷനിൽ ഇരിക്കുമ്പോഴാണ് 'എക്‌സ്' (X)ലെ ഒരു പോസ്റ്റിലൂടെ തന്റെ അറസ്റ്റ് വിവരം അറിഞ്ഞത്. ''ചോദ്യം ചെയ്യലിനായാണ് എന്നെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. യാതൊരു സംശയവുമില്ലാതെയാണ് ഞാൻ അവിടെ പോയത്. അവിടെയിരിക്കുമ്പോഴാണ്, 'എക്‌സി'ൽ പോസ്റ്റ് കണ്ടത്. ഇക്കാര്യം പോലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചപ്പോൾ, 'അതെ, അതാണ് ഉത്തരവ്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി''.

രാജിന്റെ അറസ്റ്റ് വാർത്തകളിലൂടെയാണ് ശിൽപയും അറിഞ്ഞത്. ''അറിഞ്ഞയുടൻ തന്നെ അവർ മികച്ച അഭിഭാഷകരെ ഏർപ്പാടാക്കിയെങ്കിലും, എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് നിശ്ചയമുണ്ടായിരുന്നില്ല. അന്ന് ഇന്ത്യയിലെ എന്റെ ബിസിനസുകളിൽ ഏകദേശം 4,000 പേർ ജോലി ചെയ്യുന്നുണ്ടായിരുന്നു. 'ഇതെല്ലാം ഞാൻ എങ്ങനെ കൈകാര്യം ചെയ്യും?' എന്ന് ശിൽപ ചോദിച്ചുകൊണ്ടിരുന്നു. 63 ദിവസം ജയിലിൽ കഴിയേണ്ടിവരുമെന്ന് എന്നോട് പറഞ്ഞിരുന്നെങ്കിലും, യഥാർത്ഥത്തിൽ എത്ര സമയമെടുക്കുമെന്ന് എനിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല. എന്റെ മനസ്സ് പോലും പ്രവർത്തിക്കാത്ത അവസ്ഥയിലായിരുന്നു. ഒരു ദിവസം ഐപിഎൽ ടീം ഉടമയായിരുന്ന ഞാൻ പെട്ടെന്നാണ് ജയിലിലായത്''.

അതിനിടെയാണ് രാജും ശിൽപയും വിവാഹമോചിതരാകാൻ ഒരുങ്ങുന്നുവെന്ന വാർത്ത പുറത്തുവന്നത്. ''മാധ്യമങ്ങളിലൂടെയാണ് ഞങ്ങൾ പിരിയുന്നുവെന്ന വാർത്തയെക്കുറിച്ച് അറിയുന്നത്. ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല; ജീവിതം അവസാനിപ്പിച്ചാലോ എന്ന് പോലും തോന്നിപ്പോയി. എന്റെ ഭാര്യയെക്കാളും കുടുംബത്തെക്കാളും പ്രധാനമായി മറ്റൊന്നുമില്ലാത്തതുകൊണ്ട്, ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ലെന്ന് എനിക്ക് തോന്നി''.

ജയിലിൽ വളരെ മോശം സാഹചര്യത്തിലായിരുന്നു കഴിഞ്ഞതെന്നും രാജ് ഓർക്കുന്നു. ''50 പേർക്ക് കിടക്കാൻ സൗകര്യമുള്ള ചെറിയൊരു മുറിയിൽ 250 പേരെയാണ് കുത്തിനിറച്ചിരുന്നത്. കാലുകുത്താൻ പോലും ഒരിടം ഉണ്ടായിരുന്നില്ല. ഭക്ഷണവും വളരെ മോശമായിരുന്നു. അഞ്ചോ ആറോ തടവുകാർ ഒരു പാത്രത്തിന് ചുറ്റും ഇരിക്കും; അവർ വെള്ളം നിറഞ്ഞ ഒരു ബക്കറ്റ് നിങ്ങളുടെ മുന്നിൽ വെച്ചുതരും. അതിൽ എന്താണെന്ന് കാണാൻ കഴിയില്ലെങ്കിലും, 'ഇത് പരിപ്പാണ്, കഴിച്ചോളൂ' എന്ന് അവർ പറയും. സത്യം പറഞ്ഞാൽ, എനിക്കത് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. കഴിക്കാനും പറ്റിയിരുന്നില്ല. അതിനാൽ 63 ദിവസവും ബിസ്‌കറ്റും വെള്ളവും മാത്രമാണ് ഞാൻ കൂടുതലും കഴിച്ചത്''.

2009-ലാണ് ശിൽപയും രാജും വിവാഹിതരാവുന്നത്. പഞ്ചാബി കുടുംബത്തിൽ ഇംഗ്ലണ്ടിലാണ് രാജ് ജനിച്ചത്. പഷ്മിന ഷാളുകൾ വിറ്റുകൊണ്ടാണ് അദ്ദേഹം ബിസിനസ്സിലേക്ക് കടക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi