
മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി അഥവാ ടൈഗര്‍ പട്ടൗഡി-ഭോപ്പാലിലെ പ്രശസ്തമായ രാജകുടുംബത്തില്‍നിന്നെത്തി ക്രിക്കറ്റില്‍ ഉയരങ്ങള്‍ കീഴടക്കിയ കളിക്കാരന്‍. ഷര്‍മിള ടാഗോര്‍-ബംഗാളിലെ പ്രശസ്തമായ ടാഗോര്‍ കുടുംബത്തില്‍ നിന്നുവന്ന് ബോളിവുഡില്‍ തന്റേതായ സ്ഥാനമുണ്ടാക്കിയ നടി. ഒരു സാധാരണ ക്രിക്കറ്റ്-ബോളിവുഡ് പ്രണയമായിരുന്നില്ല ഇരുവരുടേതും.
1963-ലാണ് ഇരുവരും ആദ്യമായി കാണുന്നത്. കല്‍ക്കത്തയില്‍ വെച്ചുനടന്ന ഒരു പാര്‍ട്ടിക്കിടയില്‍ കാര്യമായൊന്നും സംസാരിച്ചില്ല. അതേ വര്‍ഷം തന്നെ വീണ്ടുമൊരു കണ്ടുമുട്ടല്‍. ഇത്തവണ ഡല്‍ഹിയിലായിരുന്നു. അന്ന് പട്ടൗഡിയും മറ്റ് ഇന്ത്യന്‍ കളിക്കാരും ഒരു മാച്ചിനായി ഡല്‍ഹിയിലെത്തിയതാണ്. ആ കളി കാണാന്‍ ഷര്‍മിളയും പോയി. അതിനുശേഷമുള്ള പാര്‍ട്ടിയിലും രണ്ടുപേരും പങ്കെടുത്തു, വെറുതെ കുറച്ചുനേരം സംസാരിച്ചു. ഷര്‍മിളയ്ക്ക് ക്രിക്കറ്റിനെക്കുറിച്ച് വലിയ ധാരണകളൊന്നുമുണ്ടായിരുന്നില്ല. ടൈഗര്‍ പട്ടൗഡിക്ക് ഷര്‍മിള അഭിനയിച്ച സിനിമകളെക്കുറിച്ചും. സംസാരശേഷം ഫോണ്‍നമ്പറുകളും കൈമാറി.
പരസ്പരം വിളികളൊന്നുമുണ്ടായില്ല. ആയിടയ്ക്കാണ് ഷൂട്ടിങ്ങിനായി ഷര്‍മിള നൈനിറ്റാളിലെത്തുന്നത്. അപ്പോഴാണ് ടെസ്റ്റ് ക്രിക്കറ്റില്‍ പട്ടൗഡി ഇരട്ടസെഞ്ച്വറി നേടിയ വാര്‍ത്തയറിയുന്നത്. അഭിനന്ദിക്കാനായി ഷര്‍മിള ടൈഗറിനെ വിളിച്ചു. പക്ഷേ കിട്ടിയില്ല. ഷൂട്ടിങ്ങില്ലാത്തൊരു ദിവസം വീട്ടിലിരിക്കുമ്പോഴാണ് ഷര്‍മിളയുടെ ഫോണ്‍ ശബ്ദിച്ചത്. വിളിച്ചയാള്‍ മനോഹരമായ ഇംഗ്ലീഷിലാണ് സംസാരിച്ചത്.
''നിങ്ങള്‍ക്ക് ലണ്ടനില്‍നിന്ന് അഞ്ച് എ.സി സമ്മാനമായി വരുന്നുണ്ട്. അതിനെക്കുറിച്ച് പറയാനാണ് വിളിച്ചത്'' എന്നയാള്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങളറിയാന്‍ ഈ നമ്പറില്‍ വിളിച്ചാല്‍ മതിയെന്നും പറഞ്ഞ്, ഒരു ഫോണ്‍ നമ്പര്‍ കൊടുത്തു. അയാള്‍ ഫോണ്‍വെച്ചതോടെ ആകെ പരിഭ്രമത്തിലായി ഷര്‍മിള. ആ സമയത്ത് രാജ്യത്ത് സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഒരുപാട് വിലക്കുകളുണ്ടായിരുന്നു. അതായിരുന്നു ഷര്‍മിളയെ പേടിപ്പിച്ചത്. ഉടന്‍ തന്ന നമ്പറില്‍ തിരിച്ചുവിളിച്ചു. അപ്പോഴാണ് ഇതെല്ലാം ടൈഗറിന്റെ പണിയാണെന്ന് മനസ്സിലായത്.

ഒരുപാട് നേരം സംസാരിച്ചു. കട്ട് ചെയ്യുന്നതിനുമുമ്പ് അദ്ദേഹം ചോദിച്ചു, ''എന്റെ കൂടെ ഒരു കോഫി കുടിക്കാന്‍ വരുന്നോ?''. ഷര്‍മിള ഓകെ പറഞ്ഞു. അടുത്തൊരു ദിവസം തന്നെ കോഫി ഡേറ്റിനുപോയി. അവിടുന്നാണ് ആ ബന്ധം വളരുന്നത്. അധികം വൈകാതെ പ്രണയം തുറന്നുപറഞ്ഞു, ഒരുമിച്ച് ജീവിക്കാനും തുടങ്ങി. വ്യത്യസ്തമതങ്ങളില്‍നിന്നുള്ളവര്‍. വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നു. ഇങ്ങനെ പല കാരണങ്ങളാല്‍ ഏറെ ഭീഷണികള്‍ നേരിട്ടു രണ്ടുപേരും. പക്ഷേ, അതൊന്നും തങ്ങളുടെ പ്രണയത്തെ ബാധിക്കാതിരിക്കാന്‍ അവര്‍ ശ്രമിച്ചു.
പരസ്പരം പിന്തുണച്ച രണ്ട് പങ്കാളികള്‍. അന്നത്തെ ഏറ്റവും ഗ്ലാമര്‍ താരമായിരുന്നു ഷര്‍മിള. 1967-ല്‍ ഷര്‍മിളയുടെ ഒരു ഫോട്ടോഷൂട്ട് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചു. ഒരു മാസികയ്ക്കായി ബിക്കിനിയിട്ടാണ് അവര്‍ പോസ് ചെയ്തത്. അതേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും, അന്നും ഷര്‍മിളയ്ക്ക് പിന്തുണയുമായി നിന്നത് ടൈഗര്‍ തന്നെയായിരുന്നു.
കുറച്ചുനാള്‍ കഴിഞ്ഞപ്പോഴേക്കും ഇനി വിവാഹം കഴിക്കാമെന്ന ചിന്തയായി. ടൈഗര്‍ വിവാഹാഭ്യര്‍ഥന നടത്തി. വിവാഹത്തിന് സമ്മതിക്കാന്‍ ഒരു നിബന്ധനയാണ് ഷര്‍മിള വെച്ചത്. ''അടുത്ത മത്സരത്തില്‍ അടുപ്പിച്ച് മൂന്ന് സിക്‌സ് അടിക്കണം. എങ്കില്‍ കല്യാണം കഴിക്കാം''. പൊട്ടിച്ചിരിയോടെയാണ് ഈ ആവശ്യത്തെ ടൈഗര്‍ നേരിട്ടത്.

വിവാഹത്തിനും ഏറെ എതിര്‍പ്പുകളുണ്ടായിരുന്നു. അതും അവര്‍ പുഞ്ചിരിയോടെ തന്നെ നേരിട്ടു. ടൈഗറിനെ വിവാഹം കഴിക്കാനായി ഷര്‍മിള മതംമാറി, അയേഷ എന്ന പേര് സ്വീകരിച്ചു. അതിനെക്കുറിച്ച് ഷര്‍മിള പിന്നീട് പറഞ്ഞിട്ടുണ്ട്, ''അന്ന് അത്രയും പ്രണയത്തിലായിരുന്നു ഞങ്ങള്‍. ലോകം തുടങ്ങുന്നതും അവസാനിക്കുന്നതും ഞങ്ങളിലെന്ന ചിന്ത. അപ്പോഴാണ് മതംമാറാന്‍ ഞാന്‍ തീരുമാനിച്ചത്. ഒരുപാട് ആലോചിച്ചും മനസ്സിലാക്കിയുമാണ് അതിലേക്കെത്തിയത്. രണ്ട് മതങ്ങളെ പറ്റിയും ആഴത്തില്‍ പഠിക്കാന്‍ ഈ മതംമാറ്റം എന്നെ സഹായിച്ചു''. പട്ടൗഡിയാണ് അയേഷ എന്ന പേര് നിര്‍ദേശിച്ചത്.
1969-ല്‍ അവര്‍ വിവാഹിതരായി. പല നടിമാരും വിവാഹത്തോടെ അഭിനയം അവസാനിപ്പിക്കുന്ന കാലം. പക്ഷേ തന്റെ കരിയറിനെ വിട്ടുകളയാന്‍ ഷര്‍മിള തയ്യാറായില്ല. വിവാഹം കഴിഞ്ഞ് ഒട്ടും വൈകാതെ അവര്‍ വീണ്ടും അഭിനയിക്കാന്‍ തുടങ്ങി. പിന്നീടും തങ്ങളുടെ കരിയറില്‍ ഇരുവരും ശക്തരായി തുടരുന്ന കാഴ്ചയാണ് കണ്ടത്. പരസ്പരപൂരകങ്ങളായ രണ്ടുപങ്കാളികള്‍, പൂര്‍ണമായി എല്ലാ കാര്യത്തിലും പരസ്പരം പിന്തുണച്ച രണ്ടുപേര്‍...ഇതൊക്കെയാണ് ഷര്‍മിള ടാഗോറും മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും.
Content Highlights: sharmila tagore and mansoor ali khan pataudi relationship
Published: 08 Dec 2024, 01:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented