2022 ലാണ് സ്വിസ്സ് ഇതിഹാസം റോജര്‍ ഫെഡറര്‍ ടെന്നീസിനോട് വിട പറഞ്ഞത്. 21 വര്‍ഷത്തെ സുദീര്‍ഘമായ കരിയറില്‍ 20 ഗ്രാൻഡ്സ്ലാമുകളാണ്  ഫെഡറര്‍ നേടിയത്. കായികലോകത്തെ ഏറ്റവും ജനപ്രിയതാരമാണ്‌
ഫെഡറര്‍. റിട്ടയർമെന്റിനുശേഷം ഫെഡറര്‍ കോച്ചിങ്ങിലേക്ക് തിരിയുമെന്നും സ്വന്തം ടെന്നീസ് അക്കാദമി തുടങ്ങുമെന്നുമാണ് മിക്കവരും കരുതിയിരുന്നത്. എന്നാല്‍ കുടുംബത്തിനൊപ്പം സമയം ചിലവിടുകയാണ് താരം.

ഫെഡററും ഭാര്യ മിര്‍ക്കയും ആരാധകരുടെ ഐഡിയല്‍ ജോഡിയാണ്. 2000-ല്‍ സിഡ്നി ഒളിമ്പിക്‌സിനിടെയാണ് മിര്‍ക്ക വാവ്റിങ്ക, ഫെഡററുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്. അന്ന് അവര്‍ സ്വിസ് ടെന്നീസിലെ പുതുപ്രതീക്ഷയായിരുന്നു. മിര്‍ക്കയും ഫെഡററും ഡബിള്‍സില്‍ ഒന്നിച്ച കളിച്ചു. കളിക്കളത്തിലെ സൗഹൃദം പതിയെ ഡേറ്റിങ്ങായി.

placeholder
പഴയകാലചിത്രം /Getty Images

മിര്‍ക്കയുടെ കരിയറിന് പരിക്ക് വില്ലനായി. അപ്പോഴേക്കും ടെന്നീസിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറായി ഫെഡറര്‍ മാറിയിരുന്നു. റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ഫെഡറര്‍ക്കൊപ്പം മിര്‍ക്കയും ടൂര്‍ണമെന്റുകളിലെത്തി. ഫെഡററുടെ മാനേജര്‍ സ്ഥാനത്തേക്ക് മിര്‍ക്കയെത്തി. സ്വന്തം കരിയറിന് പാതിവഴിയില്‍ വിരാമമിട്ട് മിര്‍ക്ക ഫെഡററുടെ ടീമംഗമായി.

2009-ലാണ് ഇരുവരും വിവാഹിതരായത്. അന്ന് മിര്‍ക്ക ഗര്‍ഭിണിയായിരുന്നു. അധികം വൈകാതെ ഐഡന്റിക്കല്‍ ട്വിന്‍സായ പെണ്‍കുട്ടികള്‍ പിറന്നു. മൈലയും ചാര്‍ലിനും. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ക്കൂടി ദമ്പതികള്‍ക്ക് ഐഡന്റിക്കല്‍ ഇരട്ടക്കുട്ടികളുണ്ടായി. ഇത്തവണ ആണ്‍കുട്ടികള്‍. ലിയോയും ലെന്നിയും.

കളിക്കളത്തിലെ തിരക്കുകള്‍ക്കിടയിലും കുടുംബത്തിനായി ഫെഡറര്‍ സമയം നീക്കിവെച്ചിരുന്നു. കുടുംബം ഒന്നിക്കുന്ന വെക്കേഷനുകള്‍ പതിവായിരുന്നു. അവര്‍ക്കൊപ്പമുള്ള അവധിനാളുകളെക്കുറിച്ച് ഫെഡറര്‍ പലപ്പോഴും വാചാലനായിട്ടുണ്ട്. മിര്‍ക്കയുടെ സമയം മുഴുവന്‍ തനിക്കാണ് അവള്‍ നല്‍കുന്നതെന്ന് ഫെഡറര്‍ എപ്പോഴും പറയാറുണ്ട്. 

placeholder
ഫെഡറർ മക്കൾക്കൊപ്പം/Getty Images

''അവധിനാളുകളില്‍ ആ പതിവ് ഞാന്‍ തെറ്റിക്കും. അപ്പോള്‍ മിര്‍ക്കയിലാണ് പൂര്‍ണശ്രദ്ധ. അവള്‍ക്ക് എന്താണ് വേണ്ടതെന്ന് വെച്ചാല്‍ അതുതന്നെ ചെയ്യും. അവള്‍ക്ക് പത്തുമണിക്കൂര്‍ ഷോപ്പിങ്ങിന്‌ പോകണമെന്ന് പറഞ്ഞാല്‍ അതിനും പോകും. എനിക്കുവേണ്ടി പത്തുമണിക്കൂര്‍ അവള്‍ ടൂർണമെന്റുകളിൽ കാത്തിരുന്നിട്ടുണ്ടാകും. ഒരുമിച്ചാകുമ്പോള്‍ അവളെ സന്തോഷിപ്പിക്കാന്‍ ഞാന്‍ ആവുന്നതെല്ലാം ചെയ്യും. സ്‌നേഹം കിട്ടാതെ അവള്‍ക്കത് എല്ലായ്പോഴും തിരികെത്തരാനാകില്ലല്ലോ.''

2022 സെപ്റ്റംബറില്‍ ലണ്ടനില്‍ നടന്ന ലോറിസ് കപ്പിനിടെ നടന്ന ഫെഡററുടെ അവസാന കളിക്ക് സാക്ഷികളായി മക്കളെത്തിയിരുന്നു. മിര്‍ക്കയെ കെട്ടിപ്പിടിച്ചു തേങ്ങിക്കരയുന്ന ഫെഡററെ ലോകം കണ്ടു. താങ്ങായി നില്‍ക്കാന്‍ മിര്‍ക്കയില്ലായിരുന്നെങ്കില്‍ ഈ വിജയങ്ങളൊന്നും സാധ്യമാകില്ലായിരുന്നു എന്നാണ് ഫെഡറര്‍ പറഞ്ഞത്.