'പ്യാർ ഹുവാ ഇക്‌റാർ ഹുവാ ഹെ,
പ്യാർ സെ ഫിർ ക്യൂ ടർതാ ഹെ ദിൽ'...
'ശ്രീ 420' എന്ന സിനിമയിലെ ഗാനമാണിത്. രാജ് കപൂറും നർഗീസും കൂടി പാടി അഭിനയിച്ച ഈ ഗാനവും ഗാനരംഗവും ആളുകളുടെ മനസ്സിൽനിന്നും ഇന്നും മാഞ്ഞിട്ടില്ല. ആ പാട്ടുപോലെ തന്നെയായിരുന്നു രാജ് കപൂറിന്റെ ജീവിതവും. പ്രണയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം. ആ പ്രണയങ്ങളെല്ലാം അദ്ദേഹവും കുടുംബവും പലപ്പോഴായി തുറഞ്ഞു സമ്മതിച്ചിട്ടുമുണ്ട്.
ബാലതാരമായിട്ടാണ് അദ്ദേഹം സിനിമയിലെത്തുന്നത്. 1946-ലാണ് നായകനായെത്തുന്നത്. ഏകദേശം അതേ സമയത്തുതന്നെയായിരുന്നു രാജ് കപൂറിന്റെ വിവാഹം. അച്ഛന്റെ ബന്ധുവായ കൃഷ്ണ മൽഹോത്രയെ വിവാഹം കഴിക്കുമ്പോൾ, അദ്ദേഹത്തിന് 22 വയസ്സ് മാത്രമേയുള്ളൂ. കൃഷ്ണയ്ക്ക് 16 വയസ്സും. തൊട്ടടുത്തവർഷം ആദ്യത്തെ കുട്ടിയായി റൺധീർ കപൂർ ജനിച്ചു. അതിനുശേഷം സിനിമയിൽ സജീവമായപ്പോൾ, തന്റെ സിനിമകൾക്കൊപ്പം തന്നെ പ്രണയബന്ധങ്ങളുടെ പേരിലും രാജ് ചർച്ച ചെയ്യപ്പെട്ടു. അതിൽ ഏറ്റവും കാലം നീണ്ടുനിന്ന ബന്ധം നടി നർഗീസുമായിട്ടുള്ളതായിരുന്നു.
'ആഗ്' (1948) എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒരുമിക്കുന്നത്. നർഗീസ് അന്നേ വലിയ താരമാണ്. ആദ്യ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിനും രണ്ടുവർഷം മുമ്പാണ്, അദ്ദേഹം നർഗീസിനെ കാണുന്നത്. ആ സൗന്ദര്യത്തിൽ അദ്ദേഹം മൂക്കും കുത്തിവീണു. നർഗീസിനെ ഉൾപ്പെടുത്താനായി 'ആഗി'ന്റെ കഥ മാറ്റിയെഴുതാൻ വരെ അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെയാണ് നർഗീസ് ആ സിനിമയിലേക്കെത്തുന്നത്. പതുക്കെ തന്നോടുള്ള പ്രണയം നർഗീസും തിരിച്ചറിഞ്ഞു. രാജിന്റെ പല സിനിമകളിലും അവർ തന്നെയായി നായിക. അന്ദാസ്, ബർസാത്, ജാൻ പെഹ്ചാൻ, ആവാരാ, ബേവഫ തുടങ്ങി കുറേ സിനിമകളിൽ ഈ കൂട്ടുകെട്ട് തുടർന്നു. 'ചോരി ചോരി' എന്ന സിനിമയിലാണ് അവസാനമായി ഒന്നിക്കുന്നത്. 16 സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു.
അദ്ദേഹത്തിന്റെ ആർ.കെ.ഫിലിംസ് എന്ന നിർമാണക്കമ്പനിയുടെ വളർച്ചയ്ക്കുപിന്നിലും നർഗീസിന്റെ പങ്ക് വലുതാണ്. 'ബർസാത്' എന്ന സിനിമയിൽ ഇരുവരുമുള്ള ഒരു പോസ്റ്ററാണ്, നിർമാണക്കമ്പനിയുടെ ലോഗോയ്ക്കായി അദ്ദേഹം തിരഞ്ഞെടുത്തതും. ''നർഗീസ് ഒരു മാലാഖയാണ്. എന്തൊരു നടിയാണവർ. ആർ.കെ. സ്റ്റുഡിയോയുടെ വളർച്ചയിൽ അവരുടെ വലിയ സംഭാവന തന്നെയുണ്ട'', രാജ് പലപ്പോഴും പറഞ്ഞു.
രാജിന്റെ സിനിമകളിലെല്ലാം അവരും സഹായിച്ചു. ഭാര്യയും അമ്മയുമാകാനുള്ള ആഗ്രഹമായിരുന്നു നർഗീസിന്. പക്ഷേ, തന്റെ ഭാര്യയായ കൃഷ്ണയിൽനിന്ന് അകലാൻ അദ്ദേഹം താത്പര്യപ്പെട്ടില്ല. കുറച്ചുനാൾ കഴിഞ്ഞപ്പോൾ നർഗീസ് 'മദർ ഇന്ത്യ'യിൽ അഭിനയിക്കാൻ തീരുമാനിച്ചു. കുറച്ചുനാൾ കഴിഞ്ഞ് 'മദർ ഇന്ത്യ'യിലെ നായകൻ സുനിൽ ദത്തിനെ വിവാഹം കഴിക്കുകയും ചെയ്തു.
1960-കളിലെ ചൂടുള്ള ചർച്ചയായിരുന്നു രാജ് കപൂറും വൈജയന്തിമാലയും തമ്മിലുള്ള പ്രണയം. രണ്ട് സിനിമകളിലേ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ. പക്ഷേ അക്കാലത്തെ ഗോസിപ്പ് കോളങ്ങളിൽ ഇരുവരും തമ്മിലുള്ള ബന്ധം നിറഞ്ഞുനിന്നു. അതിനിടയ്ക്ക് വൈജയന്തിമാലയെ രാജ് വിവാഹം കഴിച്ചുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ വൈജയമന്തിമാല പറഞ്ഞതിങ്ങനെ, ''സിനിമയ്ക്കുവേണ്ടിയുള്ള പബ്ലിസിറ്റി സ്റ്റണ്ടായിരുന്നുവത്''. ഇതു കേട്ടതോടെ കൃഷ്ണ കുട്ടികളെയും കൂട്ടി വീട് വിട്ടിറങ്ങി.
അക്കാലത്തെക്കുറിച്ച് മകൾ പിന്നീട് പറഞ്ഞതിങ്ങനെ, ''മറൈൻ ഡ്രൈവിലെ വീട്ടിൽനിന്ന് നട്‌രാജ് ഹോട്ടലിലേക്ക് അമ്മയ്‌ക്കൊപ്പം താമസം മാറ്റിയത് ഓർമയുണ്ട്. അന്ന് അച്ഛനും വൈജയന്തിമാലയും തമ്മിൽ ബന്ധമുണ്ടായിരുന്നു. അപ്പോഴേക്കും ഞങ്ങൾക്കായി ഒരു അപാർട്ട്‌മെന്റ് അച്ഛൻ വാങ്ങിയിരുന്നു. ഹോട്ടലിൽനിന്ന് ആ അപാർട്ട്‌മെന്റിലേക്ക് താമസം മാറ്റി. അമ്മയെയും ഞങ്ങളെയും തിരികെ കൊണ്ടുവരാൻ അച്ഛൻ ആവുന്നതെല്ലാം ചെയ്തു. പക്ഷേ വൈജയന്തിമാല എന്ന അധ്യായം അവസാനിപ്പിക്കുന്നതുവരെ എന്റെ അമ്മ വഴങ്ങിയില്ല''.
സീനത്ത് അമനുമായി രാജ് കപൂർ പ്രണയത്തിലായിരുന്നുവെന്ന് ബോളിവുഡിൽ ഒരിക്കൽ വാർത്ത പരന്നു. 'സത്യം ശിവം സുന്ദരം' എന്ന സിനിമയുടെ സംവിധാനവും നിർമാണവും രാജ് കപൂറാണ് നിർവഹിച്ചത്. സീനത്തിന്റെ കരിയറിലെ ഏറ്റവും നല്ല റോളുകളിലൊന്നായി പരിഗണിക്കപ്പെടുന്നതും അതിലെ രൂപ എന്ന കഥാപാത്രം തന്നെ. ആ സമയത്ത് ഇരുവരും പ്രണയത്തിലായെന്ന് ദേവ് ആനന്ദ് തന്റെ ആത്മകഥയിലൂടെ ആവർത്തിച്ചു. എന്നാൽ, ഒരു സംവിധായകനും നടിയും തമ്മിലുള്ള ബന്ധം മാത്രമായിരുന്നു അതെന്ന് സീനത്ത് തുറന്നുപറഞ്ഞു.
Content Highlights: raj kapoor was romantically linked with nargis, zeenat aman and vyjayanthimala
Published: 02 Jun 2025, 12:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented