ആരാധകരുടെ ഏറെ പ്രിയപ്പെട്ട താരമാണ് രശ്മിക മന്ദാന. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ തന്റെ പ്രിയതമനായ വിജയ് ദേവരകൊണ്ടയെ വിവാഹം ചെയ്തിരിക്കുകയാണ് താരം. വർഷങ്ങളായി പ്രണയത്തിലായിരുന്ന വിജയും രശ്മികയും തങ്ങളുടെ ബന്ധം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ഫെബ്രുവരി 26-നായിരുന്നു ആരാധകർ കാത്തിരുന്ന ആ വിവാഹം. ഇരുവരും സോഷ്യൽ മീഡിയയിലൂടെ ഉദയ്പൂരിൽ വെച്ചു നടന്ന വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും പങ്കുവെച്ചു. രശ്മികയുടെ പഴയ പ്രണയബന്ധവും വീണ്ടും ചർച്ചയാകുകയാണ്. ഇക്കഴിഞ്ഞ ദിവസമാണ് രശ്മിക മന്ദാനയുടെ അമ്മയുടേതെന്ന പേരിലുള്ളൊരു ഓഡിയോ ക്ലിപ്പ് വൈറലായത്. നടൻ രക്ഷിത് ഷെട്ടിയുമായുള്ള രശ്മികയുടെ വിവാഹം മുടങ്ങാനുള്ള കാരണം അമ്മ അതിൽ വിശദീകരിക്കുന്നുണ്ട്. രക്ഷിത് ഷെട്ടിയെക്കുറിച്ച് രശ്മിക ഒരഭിമുഖത്തിൽ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

'കിറിക് പാർട്ടി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് രശ്മികയും രക്ഷിതും പ്രണയത്തിലാകുന്നത്. തുടർന്ന് 2017 ജൂലൈ 3-ന് ഇവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. എന്നാൽ 2018 സെപ്റ്റംബറിൽ ഇരുവരും ആ ബന്ധം അവസാനിപ്പിച്ചു. പൊരുത്തക്കേടുകളും വ്യക്തിപരമായ കാരണങ്ങളുമാണ് വേർപിരിയലിലേക്ക് നയിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.

മുമ്പൊരിക്കൽ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ, രക്ഷിതിനെക്കുറിച്ച് ഏറ്റവും കൂടുതൽ വെറുക്കുന്ന കാര്യം എന്താണെന്ന ചോദ്യത്തിന്, അദ്ദേഹം എപ്പോഴും വളരെ ഗൗരവക്കാരനായി ഇരിക്കുന്നതാണ് തനിക്ക് ഇഷ്ടമല്ലാത്തതെന്ന് രശ്മിക പറഞ്ഞു. രക്ഷിത് നല്ലൊരു എഴുത്തുകാരനാണെങ്കിലും തനിക്ക് വേണ്ടി ഒന്നും എഴുതിയിട്ടില്ലാത്തതിനാൽ നടൻ എന്ന നിലയിലാണ് അദ്ദേഹത്തെ കൂടുതൽ ഇഷ്ടമെന്നും രശ്മിക അന്ന് തമാശയായി പറഞ്ഞു. തങ്ങൾ രണ്ടുപേരിൽ ആരാണ് കൂടുതൽ റൊമാന്റിക് എന്ന ചോദ്യത്തിന് ചിലപ്പോൾ താനാണെന്നും എന്നാൽ രക്ഷിതും ഒട്ടും പിന്നിലല്ലെന്നും താരം മറുപടി നൽകിയിരുന്നു.

വേർപിരിയലിന് ശേഷവും ഇരുവരും തമ്മിൽ വലിയ ശത്രുതയൊന്നും പുലർത്തിയിരുന്നില്ല. തങ്ങൾ ഇപ്പോഴും സംസാരിക്കാറുണ്ടെന്ന് രക്ഷിത് മുൻപ് വെളിപ്പെടുത്തിയിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi