'മേരാ ദേശ് പെഹലെ: ദ അൺടോൾഡ് സ്‌റ്റോറി ഓഫ് ശ്രീ നരേന്ദ്ര മോദി' യുടെ സ്‌പെഷൽ സ്‌ക്രീനിങ്ങിന് നടൻമാരായ വിക്കി കൗശലും റൺബീർ കപൂറും ഒരുമിച്ചാണെത്തിയത്. ഒരേനിറത്തിലുള്ള ഡ്രസ്സ് ധരിച്ചുവന്ന അവർ രണ്ടുപേരുമാണ് പരിപാടിയിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയതും. ഇരുവരും പാപ്പരാസികൾക്കായി ഒരുമിച്ച് പോസ് ചെയ്യുകയും ചെയ്തു.

To advertise here,

അതിനിടയിൽ റൺബീറിന്റെ തമാശയ്ക്ക് വിക്കി പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. അതോടെ വിക്കി-റൺബീർ ആരാധകർ ആവേശത്തിലായി. 'ദോ ദോസ്ത്' (രണ്ട് സുഹൃത്തുക്കൾ), 'ബ്രൊമാൻസ് പ്രോ മാക്‌സ്', 'മറ്റൊരു ബ്രൊമാൻസ് മൊമന്റ്' എന്നൊക്കെയാണ് ഈ വീഡിയോയ്ക്ക് ആരാധകർ കമന്റിട്ടത്. ഇരുവർക്കുമിടയിലെ സൗഹൃദം ആരാധകർ ഏറ്റെടുത്തു.

ഈയടുത്ത് വിമാനത്താവളത്തിൽവെച്ചും പാപ്പരാസികളുടെ ക്യാമറകൾക്കുമുന്നിൽ വിക്കിയും റൺബീറും ഒരുമിച്ച് പോസ് ചെയ്തിരുന്നു. 'ലവ് ആന്റ് വാർ' ഷൂട്ടിങ് കഴിഞ്ഞ് വിമാനത്താവളത്തിലെത്തിയ ഇരുവരും കെട്ടിപ്പിടിച്ചുകൊണ്ടാണ് യാത്ര പറഞ്ഞത്.

ബഹുമാനത്തോടെയും സ്‌നേഹത്തോടെയും പരസ്പരം നോക്കിക്കാണുന്ന രണ്ടുതാരങ്ങളാണ് വിക്കിയും റൺബീറും. ഒരിക്കൽ റൺബീറിനെക്കുറിച്ച് വിക്കി പറഞ്ഞതിങ്ങനെ, ''നല്ല അഭിനേതാവാണ് റൺബീർ. അതിനേക്കാൾ എനിക്ക് റൺബീറിൽ ഇഷ്ടമുള്ള മറ്റൊരു ഗുണമുണ്ട്. നല്ലൊരു മനുഷ്യനാണ് അദ്ദേഹം''. നേരെമറിച്ച് റൺബീറിന് വിക്കി എന്ന നടനോട് ബഹുമാനം മാത്രമാണുള്ളത്. ഒരഭിമുഖത്തിൽ ഇൻഡസ്ട്രിയിൽ ഏത് താരങ്ങളോടാണ് മത്സരം തോന്നിയിട്ടുള്ളതെന്നുള്ള ചോദ്യം റൺബീറിന് നേരിടേണ്ടിവന്നു. അതിന് റൺബീർ നൽകിയ മറുപടിയിങ്ങനെ, ''വിക്കി കൗശലും രൺവീർ സിങ്ങും''.

2018-ലാണ് വിക്കിയും റൺബീറും ഒരു ചിത്രത്തിൽ ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'സഞ്ജു' എന്ന സിനിമയായിരുന്നുവത്. അതിൽ സഞ്ജുവായി അഭിനയിച്ചത് റൺബീറായിരുന്നു. സുഹൃത്തിന്റെ റോളിൽ വിക്കിയും. അന്ന് സിനിമയിലെ വിക്കി-റൺബീർ ബ്രൊമാൻസ് എല്ലാവരെയും ആകർഷിച്ചിരുന്നു.

ആ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്‌കാരം റൺബീറിനായിരുന്നു. പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ, സദസ്സിലുള്ള ആലിയ ഭട്ടിനെയും വിക്കി കൗശലിനെയും ചുംബിച്ചാണ് റൺബീർ സന്തോഷം പങ്കുവെച്ചത്. വിക്കിയെ റൺബീർ തമാശയായി ചുംബിച്ചത് കൈയടികളോടെയും പൊട്ടിച്ചിരിയോടെയുമാണ് കാണികൾ എതിരേറ്റത്. അതേ സൗഹൃദം ഇപ്പോഴും വിക്കി-റൺബീർ കൂട്ടുകെട്ടിനിടയിലുണ്ടെന്നാണ് ആരാധകർ പറയുന്നത്.

വിക്കിയുടെയും റൺബീറിന്റെയും അടുത്ത റിലീസ് 'ലവ് ആന്റ് വാർ' ആണ്. സഞ്ജയ് ലീലാ ബൻസാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായികയായി ആലിയ ഭട്ടുമുണ്ട്. എയർ ഫോഴ്‌സ് പൈലറ്റുമാരായാണ് വിക്കിയും റൺബീറും സിനിമയിൽ അഭിനയിക്കുന്നത്. മാർച്ച് 2026-ന് സിനിമ റിലീസ് ചെയ്യും.

'ലവ് ആന്റ് വാർ' എന്ന സിനിമയ്ക്കുപുറമെ 'രാമായണ'യാണ് റൺബീറിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. 'ഛാവ'യാണ് വിക്കിയുടേതായി അവസാനമിറങ്ങിയ ചിത്രം. ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ട് ചെയ്ത ചിത്രങ്ങളിലൊന്ന് കൂടിയാണത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi