സ്വകാര്യ ജീവിതത്തെപ്പറ്റി പൊതുമധ്യത്തിൽ അധികം തുറന്നുപറയാത്ത വ്യക്തിയാണ് ബോളിവുഡ് താരം രൺബീർ കപൂർ. എങ്കിലും ഒരു പഴയ അഭിമുഖത്തിൽ, മാതാപിതാക്കളായ നീതു കപൂറിനും ഋഷി കപൂറിനും ഇടയിൽ നടന്ന വഴക്കുകളെക്കുറിച്ചും, അവരുടെ ദാമ്പത്യത്തിലെ പ്രശ്നങ്ങൾ പരസ്യമായപ്പോൾ നാണക്കേട് തോന്നിയതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.

രാത്രികളിൽ ഉറങ്ങാതെയിരുന്ന് അച്ഛനുമമ്മയും വഴക്കിടുന്നതും സാധനങ്ങൾ എറിഞ്ഞുടയ്ക്കുന്നതും കേൾക്കുമായിരുന്നെന്നാണ് രൺബീർ പറഞ്ഞത്. “ആ സമയത്ത് മാധ്യമങ്ങൾ എനിക്കൊരു വിഷയമായിരുന്നില്ല, കാരണം ഞാനൊരു തീയിലായിരുന്നു. അച്ഛന്റെയും അമ്മയുടെയും കൂടെയായിരുന്നു താമസിച്ചിരുന്നത്, അവർ ആ ഘട്ടത്തിലൂടെ കടന്നുപോയപ്പോൾ ഞാനും അതിൻ്റെ ഭാഗമായി. ഞങ്ങളുടെ ബംഗ്ലാവിന്റെ താഴെ അവരും മുകളിൽ ഞാനുമാണ് കഴിഞ്ഞിരുന്നത്. രാത്രി ഒരുമണി മുതൽ പുലർച്ചെ അഞ്ചുമണി വരെ അവർ വഴക്കിടുന്നതും സാധനങ്ങൾ തകർക്കുന്നതും കേട്ട് കോണിപ്പടിയിൽ വന്നിരുന്നത് ഞാൻ ഓർക്കുന്നു.”-അന്ന് രൺബീർ പറഞ്ഞു.

ഋഷി-നീതു ദാമ്പത്യപ്രശ്നങ്ങൾ വാർത്തകളിലും ഇടംപിടിച്ചിരുന്നു. അന്ന് സ്കൂളിൽ കൂട്ടുകാരുടെ മുന്നിൽ നാണക്കേട് തോന്നിയിരുന്നുവെന്ന് രൺബീർ സമ്മതിച്ചു. “എല്ലാവരും ഇതിലൂടെ കടന്നുപോകുന്നുണ്ട്, പക്ഷേ എൻ്റെ മാതാപിതാക്കൾ പ്രശസ്തരായതുകൊണ്ട് അത് വാർത്തകളിൽ വന്നു. സ്കൂളിൽ അത് നാണക്കേടുണ്ടാക്കി. സുഹൃത്തുക്കൾ നല്ലവരായതിനാൽ അതിനെപ്പറ്റി ഒന്നും പറയില്ല, പക്ഷേ നിൻ്റെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം എന്നൊരു ഭാവം അവർക്കുണ്ടെന്നറിയാം. അതുമായി പൊരുത്തപ്പെടണം. അച്ഛനും അമ്മയും പിന്നീട് ശരിയായി എന്നതാണ് പ്രധാനം. അവർ ആ ഘട്ടത്തിൽ നിന്ന് പുറത്തുവന്ന് വീണ്ടും സൗഹൃദം കണ്ടെത്തി.”-രൺബീർ പറഞ്ഞു.

ഒരു വിമാനയാത്രയ്ക്കിടെ നീതു കപൂറിൻ്റെയും ഋഷി കപൂറിൻ്റെയും വഴക്കിന് സാക്ഷിയായതിനെപ്പറ്റി കൊമേഡിയനും നടനുമായ വീർ ദാസ് തുറന്നുപറഞ്ഞിരുന്നു. ബിസിനസ് ക്ലാസിലെ ഒരു ദമ്പതികൾക്കിടയിൽ എന്തോ ചില ബഹളങ്ങൾ ഞാൻ കേട്ടു, നിങ്ങൾക്ക് കേക്ക് കഴിക്കാൻ പറ്റില്ലെന്നും ഡോക്ടർ പറഞ്ഞിട്ടുണ്ടെന്നും നീതു കപൂർ പറയുന്നു, കഴിക്കണമെന്ന് റിഷിയും. അവസാനം ആ കേക്ക് ഋഷി കഴിച്ചുവെന്നും അദ്ദേഹം ഓർക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi