ഇന്ത്യൻ സിനിമയിലെ ഏറ്റവും സ്വാധീനമുള്ള സംവിധായകരിലും നടന്മാരിലും പ്രധാനിയാണ് രാജ് കപൂർ. കപൂർ കുടുംബത്തിലെ പല സംഭവങ്ങളെപ്പറ്റിയും മനസ്സു തുറന്നു സംസാരിക്കാൻ അദ്ദേഹം മടിക്കാറില്ലായിരുന്നു. തൻ്റെ പിതാവും ഇതിഹാസ നടനുമായ പൃഥ്വിരാജ് കപൂറിനെക്കുറിച്ചും, അദ്ദേഹത്തിന്റെ ലീലയെന്ന സുന്ദരിയായ വനിതയുമായുള്ള പ്രണയത്തെക്കുറിച്ചുമെല്ലാം ഒരിക്കൽ രാജ് തന്നോടു വെളിപ്പെടുത്തിയിരുന്നുവെന്ന് പറയുകയാണ് ഫാഷൻ ഡിസൈനർ ബീന രമണിയിപ്പോൾ. രാജ് കപൂറിന്റെ സഹോദരീ തുല്യയായ വ്യക്തിയായിരുന്നു ബീന. അച്ഛന്റെ പ്രണയത്തിൽ, അമ്മ രാംസരണി മെഹ്റ കപൂറിൻ്റെ നിശ്ശബ്ദമായ സഹനത്തെപ്പറിയും രാജ് കപൂർ പറഞ്ഞിരുന്നു. ഭർത്താവിന്റെ പ്രണയം കണ്ടില്ലെന്ന് നടിക്കാനായിരുന്നു അവരുടെ തീരുമാനമത്രേ.

To advertise here,

ചെറുപ്പത്തിൽ, അച്ഛനും ലീലയെന്ന സ്ത്രീയും തമ്മിലുള്ള ബന്ധത്തിലെ വികാരതീവ്രതയും വാത്സല്യവും താൻ കണ്ടിട്ടുണ്ടെന്ന് രാജ് പറഞ്ഞിരുന്നു. ആ ബന്ധം ആത്മാർഥതയും പരസ്പരധാരണയുമുള്ളതായിരുന്നുവെന്നാണ് രാജ് അത് വിവരിച്ച രീതിയിൽ നിന്ന് മനസ്സിലാവുന്നത്. മറച്ചുവെച്ചുള്ള ഒന്നായിരുന്നില്ല അതെന്നും ബീന വിശദീകരിച്ചു. ആ സ്ത്രീയുടെ ഭർത്താവ് ബന്ധത്തെക്കുറിച്ച് അറിഞ്ഞിരുന്നതായും അതിൽ സത്യസന്ധതയും വൈകാരികതയുമുണ്ടെന്ന് വിശ്വസിച്ച് അത് അംഗീകരിക്കുകയായിരുന്നെന്നും പറയപ്പെടുന്നു.

ആധുനിക ഇന്ത്യൻ നാടക-സിനിമാ രംഗത്തിന്റെ കാരണവ സ്ഥാനമാണ് പൃഥ്വിരാജ് കപൂറിന്. രാജ് കപൂറിൻ്റെ വാക്കുകളനുസരിച്ച്, അസാധാരണമായ സൗന്ദര്യവും ആകർഷണീയതയും ഉള്ളയാളായിരുന്നു ലീല. തൻ്റെ പിതാവിൻ്റെ വൈകാരികമായ ആഴത്തെയും സ്നേഹിക്കാനുള്ള കഴിവിനെയും രാജ് എന്നും ബഹുമാനിച്ചു. രാംസരണിയുമൊത്ത് ഇന്ത്യൻ സിനിമയുടെ തലമുറകളെ നിർവചിക്കാൻ പോകുന്ന കുടുംബം കെട്ടിപ്പടുക്കുമ്പോഴും പൃഥ്വിരാജിന്റെ പ്രണയം അങ്ങനെ മുന്നോട്ടുപോയത്രേ. 

ബീനാ രമണിയുടെ ഓർമ്മകളനുസരിച്ച്, രാംസരണിക്ക് ഭർത്താവിന്റെ മുൻകാല വൈകാരിക ബന്ധങ്ങളെക്കുറിച്ചും അറിയാമായിരുന്നു, എന്നാൽ അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കാനായിരുന്നു അവരുടെ തീരുമാനം. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളിലാണ് അവർ ശ്രദ്ധിച്ചത്. 

അതേസമയം, ലീലയെന്ന സ്ത്രീയുടെ പൂർണ്ണമായ ഐഡൻ്റിറ്റി വെളിപ്പെടുത്താൻ ബീന തയ്യാറായില്ല. പൃഥ്വിരാജ് കപൂറിന്റെ നീണ്ട കരിയറിൽ ലീലാ മിശ്ര, ലീലാ ചിത്നിസ് തുടങ്ങിയ നടിമാരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, അവരിൽ ആരുമായും പ്രണയബന്ധം സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ലീല യഥാർഥത്തിൽ ആരായിരുന്നുവെന്നത് ഇപ്പോഴും നിഗൂഢമാണ്.  

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi