
രാഹുൽ ഗാന്ധി / ANI
ഇന്ത്യൻ രാഷ്ട്രീയത്തിലെ എലിജിബിൾ ബാച്ചിലർമാരിലൊരാളായ രാഹുൽ ഗാന്ധി. 54 വയസ്സിനുള്ളിൽ അദ്ദേഹം പലപ്പോഴും നേരിടേണ്ടി വന്ന ചോദ്യം വിവാഹത്തെക്കുറിച്ചുള്ളതാണ്. അന്നൊക്കെ അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ, ''ഞാൻ എന്റെ ജോലിയിലും കോൺഗ്രസ് പാർട്ടിയിലും പൂർണമായും മുഴുകിയിരിക്കുന്നു''.
ആദ്യമൊക്കെ വിവാഹത്തിന് താത്പര്യമില്ലെന്നാണ് രാഹുൽ പറഞ്ഞത്. ചില അഭിമുഖങ്ങളിൽ യോജിച്ച പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''അനുയോജ്യയായ പെൺകുട്ടി വരുമ്പോൾ ഞാൻ വിവാഹം കഴിക്കും. എന്റെ മാതാപിതാക്കളുടേത് വളരെ മനോഹരമായ പ്രണയവിവാഹമായിരുന്നു. അതുകൊണ്ട് വിവാഹത്തിന്റെ കാര്യത്തിൽ ഞാൻ മനസ്സിൽ വെച്ച പരിധി അത്രയും ഉയർന്നതാണ്''.
കഴിഞ്ഞവർഷം കശ്മീർ സന്ദർശനത്തിനിടെ, അവിടെയുള്ള വിദ്യാർഥികളും ഇതേ ചോദ്യം രാഹുലിനോട് ചോദിച്ചു. വിവാഹം കഴിക്കാനായി ആരെങ്കിലും സമ്മർദം ചെലുത്താറുണ്ടോ എന്നാണ് വിദ്യാർഥികൾ രാഹുലിനോട് ചോദിച്ചത്. അതിന് അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ, ''20-30 വർഷമായി ഞാൻ ആ സമ്മർദത്തെ അതിജീവിച്ചുകൊണ്ടിരിക്കുന്നു''. വിവാഹം കഴിക്കാൻ പദ്ധതിയുണ്ടോ എന്ന് ചോദിച്ചപ്പോൾ, ''അങ്ങനെ പ്ലാനുകളൊന്നുമില്ല. പക്ഷേ, അത് സംഭവിച്ചാൽ...''ഒരു ചിരിയോടെ രാഹുൽ ഇങ്ങനെ പ്രതികരിച്ചു.
'ഭാരത് ജോഡോ യാത്ര'യ്ക്കിടയിൽ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലും രാഹുലിന് വിവാഹസംബന്ധമായ ചോദ്യം നേരിടേണ്ടി വന്നു. അന്ന് അദ്ദേഹം പറഞ്ഞതിങ്ങനെ, ''ഇന്ദിരാ ഗാന്ധിയെ പോലെയൊരു പെൺകുട്ടിയെ കണ്ടുമുട്ടിയാൽ, ഞാൻ ഉറപ്പായും വിവാഹിതനാവും. അമ്മയുടെയും മുത്തശ്ശിയുടെയും ഗുണങ്ങളുമുള്ള ഒരു പെൺകുട്ടിയായാൽ അത്രയും നല്ലത്''. തന്റെ ജീവിതത്തിലെ പ്രണയവും സ്‌നേഹവുമെന്നാണ്, ഇന്ദിരാ ഗാന്ധിയെ രാഹുൽ വിശേഷിപ്പിച്ചത്.
ഒരു ഇറ്റാലിയൻ മാധ്യമവുമായുള്ള അഭിമുഖത്തിൽ രാഹുൽ വിവാഹവും കുട്ടികളും പലപ്പോഴും തന്റെ മനസ്സിലൂടെ കടന്നുപോയ കാര്യങ്ങളാണെന്ന് തുറന്നുസമ്മതിച്ചു. 'എന്തുകൊണ്ടാണ് ഇപ്പോഴും സിംഗിൾ' എന്ന ചോദ്യത്തിന് 'അക്കാര്യം തനിക്കും അറിയില്ല' എന്നാണ് മറുപടി പറഞ്ഞത്.
പഠനകാലത്തെ പ്രണയം
പഠനകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട, വിവാദമായ ഒരു പ്രണയമുണ്ടായിരുന്നു രാഹുലിന്. 1990-കളിൽ രാഹുൽ കോംബ്രിഡ്ജിൽ പഠിക്കുന്ന സമയത്താണത്. 1998-ൽ സോണിയാ ഗാന്ധിയുടെ ഒരു റാലിയിൽ പങ്കെടുക്കാനായി രാഹുൽ എത്തിയത് വിദേശത്തുനിന്നുള്ള ഒരു പെൺകുട്ടിക്കൊപ്പമാണ്. അവർ ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം അന്ന് വളരെയധികം ശ്രദ്ധനേടി. അതോടെ ആ പെൺകുട്ടി ആരെന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങളിലായി മാധ്യമലോകം. പിന്നാലെ പല തരത്തിലുള്ള ഊഹാപോഹങ്ങളുണ്ടായി. 'ജുവാനിറ്റ' എന്നാണ് ആ പെൺകുട്ടിയുടെ പേരെന്ന് ചില മാധ്യമങ്ങൾ വാർത്തകൊടുത്തു. കൊളംബിയൻ സ്വദേശിയാണെന്നും ഒരു ഹോട്ടലിലെ വെയ്ട്രസ് ആണെന്നും അവർ കൂട്ടിച്ചേർത്തു.
1999-ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ് ക്രിക്കറ്റിനിടെ, രാഹുലും ആ പെൺകുട്ടിയും ഗ്യാലറിയിലിരുന്ന് മാച്ച് കാണുന്ന ഫോട്ടോ വീണ്ടും ചർച്ചയായി. അന്ന് സോണിയാ ഗാന്ധിയുടെ പൗരത്വത്തെക്കുറിച്ചുവരെ ആളുകൾ സംസാരിച്ചു.
എന്നാൽ, അമേത്തിയിൽവെച്ച് ഒരു മാധ്യമത്തിനോട് രാഹുൽ തുറന്നുപറഞ്ഞു, ''എന്റെ ഗേൾഫ്രണ്ടിന്റെ പേര് വെറോണിക്ക് എന്നാണ്, ജുവാനിറ്റ എന്നല്ല. അവൾ കൊളംബിയയിൽനിന്നോ, വെനസ്വേലയിൽനിന്നോ അല്ല വരുന്നത്, സ്‌പെയിൻ സ്വദേശിയാണ്. വാർത്തകളിൽ പ്രചരിപ്പിച്ചതുപോലെ വെയ്ട്രസ് അല്ല, ആർക്കിടെക്ടാണ്. വെയ്ട്രസ് ആണെങ്കിലും എനിക്കത് പ്രശ്‌നമല്ല. വെറോണിക്ക് എന്റെ അടുത്ത സുഹൃത്ത് കൂടിയാണ്''. അതോടെ വെറോണിക്ക് കാർട്ടെലി എന്ന പേരിനുപിന്നാലെയായി അഭ്യൂഹങ്ങളും വിവാദങ്ങളും. കൊളംബിയയിലെ ഡ്രഗ് മാഫിയയുടെ നേതാവിന്റെ മകളാണ് വെറോണിക്ക് എന്നതായിരുന്നു പുതിയ കണ്ടെത്തൽ.
അതിനുശേഷം പലപ്പോഴും അവരൊരുമിച്ച് പല സ്ഥലത്തും പ്രത്യക്ഷപ്പെട്ടു. കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. അതിൽ വെറോണിക്കിന്റെ മുഖം വ്യക്തമല്ലെങ്കിൽ പോലും, അവരാണെന്ന തരത്തിലായിരുന്നു ചർച്ചകളെല്ലാം. ആന്റമാൻ നിക്കോബാറിലും ലക്ഷദ്വീപിലും അവധിക്കാലം ആഘോഷിക്കാൻ രാഹുലും വെറോണിക്കും എത്തിയെന്ന് വാർത്തകൾ വന്നു. അതിനോടൊന്നും പിന്നീടൊരിക്കലും രാഹുൽ പ്രതികരിച്ചതേയില്ല. പത്തുവർഷത്തോളം നീണ്ടുനിന്നു അവരുടെ ബന്ധം. ഏതൊക്കെയോ കാരണങ്ങളാൽ ഇരുവരും അകലുകയും ചെയ്തു.
സഹപ്രവർത്തകരും ഇടംപിടിച്ചു
അതുകഴിഞ്ഞ് റായ്ബറേലിയിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എ. ആയിരുന്ന അദിതി സിങ്ങും രാഹുലും പ്രണയത്തിലാണെന്ന് ചില മാധ്യമങ്ങളെഴുതി. കോൺഗ്രസ് നേതാവായ അഖിലേഷ് സിങ്ങിന്റെ മകൾ കൂടിയാണ് അദിതി. യു.എസിൽനിന്ന് മാനേജ്‌മെന്റ് ബിരുദം പൂർത്തിയാക്കിയശേഷമാണ്, അദിതി രാഷ്ട്രീയത്തിലിറങ്ങുന്നത്. പ്രിയങ്ക ഗാന്ധിയുടെ നിർദേശപ്രകാരമാണ് അദിതി രാഷ്ട്രീയത്തിലിറങ്ങിയതെന്നും, രാഹുലും അദിതിയും അധികം വൈകാതെ വിവാഹിതരാവുമെന്നുമൊക്കെയുള്ള ചർച്ചകൾ കൊഴുത്തു. അതിനെതിരെ അദിതി തന്നെ രംഗത്തെത്തി. ''രാഹുൽ എനിക്ക് മൂത്തസഹോദരനെ പോലെയാണ്. അദ്ദേഹത്തിന്റെ കൈയിൽ ഞാൻ രാഖി കെട്ടിക്കൊടുത്തിട്ടുണ്ട്. സഹോദരനായി കാണുന്നതുകൊണ്ടാണത്. ഞങ്ങൾ വിവാഹിതരാവാൻ പോകുന്നുവെന്ന തരത്തിലുള്ള വാർത്തകളെല്ലാം ശുദ്ധ അസംബന്ധമാണ്''.
അതിനുശേഷവും രാഹുലും അദിതിയും അവരുടെ കുടുംബാംഗങ്ങളുമുള്ള ഫോട്ടോ, സോഷ്യൽമീഡിയയിലൂടെ പ്രചരിക്കാൻ തുടങ്ങി. അദിതിയുടെ കുടുംബവുമായി സോണിയ ഗാന്ധി സംസാരിച്ചെന്നുവരെ അന്ന് വാർത്തകൾ വന്നു. സോണിയ റായ്ബറേലിയിൽ എത്തിയപ്പോൾ, മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പം അദിതിയും സോണിയയെ കാണാനായി ഗസ്റ്റ് ഹൗസിലെത്തി. രാഹുലും ആ സമയത്ത് അവിടെയുണ്ടായിരുന്നു. ചർച്ചകൾക്കുശേഷം അദിതി, സോണിയയ്ക്കും രാഹുലിനുമൊപ്പം ചിത്രങ്ങളെടുത്തിരുന്നു. ആ ചിത്രങ്ങളാണ് സോണിയ വിവാഹകാര്യത്തിൽ ഇടപെട്ടുവെന്ന വാദവുമായി പ്രചരിച്ചത്. 'മരുമകൾക്കുവേണ്ടിയുള്ള സോണിയയുടെ അന്വേഷണം റായ്ബറേലിയിൽ അവസാനിച്ചു' എന്നായിരുന്നു ആ ചിത്രങ്ങളുടെ ക്യാപ്ഷൻ. അതിനോട് രാഹുലോ സോണിയയോ പ്രതികരിച്ചില്ല. പതിയെ ആ ഗോസിപ്പ് കെട്ടടങ്ങി.
പിന്നീട് സോലാപൂരിൽനിന്നുള്ള എം.പി.യായിരുന്ന പ്രണിതി ഷിൻഡെയുടെ പേരിനൊപ്പം ചേർത്താണ് രാഹുലുമായി ബന്ധപ്പെട്ട് കഥകളുണ്ടായത്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി കൂടിയായ സുശീൽകുമാർ ഷിൻഡെയുടെ മകളാണ് പ്രണിതി. രാഹുലിന്റെ 'ഭാരത് ജോഡോ യാത്ര'യുടെ സമയത്താണത്. മഹാരാഷ്ട്രയിലെത്തിയപ്പോൾ സ്വീകരിക്കാനായി പ്രണിതി ഉൾപ്പെടെയുള്ള നേതാക്കളെത്തി. രാഹുലും പ്രണിതിയും കൈകൾ കോർത്തുപിടിച്ചുള്ള ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ജനശ്രദ്ധ നേടിയത്. വളരെ പെട്ടെന്നാണ് ആ ചിത്രങ്ങൾ വൈറലായത്. ഇരുവരും വിവാഹിതരാവുകയാണ് എന്ന തരത്തിലുള്ള ചർച്ചകളുമുണ്ടായി. എന്നാൽ, ഇരുവരും അതിനോട് പ്രതികരിച്ചില്ല. പകരം സുശീൽകുമാർ ഷിൻഡെ ഒരിക്കൽ വാർത്തകളോട് പ്രതികരിച്ചു, ''വിവാഹസംബന്ധമായ വാർത്തകൾ ഇങ്ങനെ വ്യാജമായി പ്രചരിപ്പിക്കുന്നത് തെറ്റാണ്'', എന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴും ചില സമയങ്ങളിൽ ആ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ഉയർന്നുവരാറുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ :https://mbi.page.link/grihalakshmi
Content Highlights: exploring the speculations surrounding rahul gandhis marital status and his past relationship
Published: 19 Jun 2025, 04:57 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented