സിനിമയിലേക്ക് കടന്നുവന്നശേഷം കരിയറിനേക്കാൾ വ്യക്തിജീവിതത്തിന്റെ പേരിൽ അറിയപ്പെട്ടവർ ഒട്ടേറെയുണ്ട്. ബോളിവുഡ് നടി പ്രിയ രാജ്‌വംശിന്റെ കഥ അങ്ങനെയൊന്നാണ്. സിനിമയിൽ കൈപിടിച്ചുനടത്തിയ സംവിധായകൻ ചേതൻ ആനന്ദുമായുള്ള പ്രണയം ഒടുവിൽ അവരുടെ ജീവൻ അപഹരിക്കപ്പെടുന്നതിന് കാരണമായി. അഭിനയിച്ച സിനിമകളേക്കാൾ അവരുടെ ദുരന്തകഥയാണ് ബോളിവുഡിൽ ഏറ്റവുമധികം ചർച്ചയായത്.

To advertise here,

ഹിമാചൽ പ്രദേശിലെ ഷിംലയിൽ ജനിച്ച പ്രിയ രാജ്‌വംശിന്റെ യഥാർഥപേര് വെറ സുന്ദർ സിങ് എന്നാണ്. അച്ഛൻ സുന്ദർ സിങ്ങിന് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിലായിരുന്നു ജോലി, അമ്മ ഇംഗ്ലീഷുകാരിയായിരുന്നു, അമ്മയിൽ നിന്നാണ് മികച്ച ഇംഗ്ലീഷ് ഉച്ഛാരണം പ്രിയയ്ക്ക് ലഭിക്കുന്നത്.

പഠനകാലത്ത് താരമായിരുന്നു അവർ. സ്കൂളിലും കോളേജുകളിലും പഠനത്തിലും കലാപരിപാടികളിലും പ്രിയ മുമ്പിൽനിന്നു. സംവാദങ്ങളിലും പ്രസംഗ മത്സരങ്ങളിലും നാടകങ്ങളിലുമെല്ലാം പേരെടുത്തു. എല്ലാവരോടും തുറന്നുസംസാരിക്കുന്ന പ്രകൃതം. യൗവ്വനത്തിൽ അവരുടെ സൗന്ദര്യത്തിനും ഊർജത്തിനും ആരാധകർ ഒരുപാടുണ്ടായിരുന്നു. കോളേജ് പഠനം പൂർത്തിയാക്കിയ ശേഷം അഭിനയത്തോടുള്ള മോഹമായി. ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്‌സിൽ (RADA) ചേർന്നുപഠിച്ചു. ആ സമയത്താണ് അവരുടെ ഒരു ചിത്രം പ്രശസ്ത സംവിധായകൻ ചേതൻ ആനന്ദിന്റെ കൈവശമെത്തുന്നത്. ബോളിവുഡ് ഇതിഹാസം ദേവ് ആനന്ദിന്റെ മൂത്ത സഹോദരനാണ് ചേതൻ ആനന്ദ്. ഇതോടെ വെറയുടെ ജീവിതം എന്നെന്നേക്കുമായി മാറിമറിയുകയായിരുന്നു.

വെറയുടെ ചിത്രം കണ്ടതിനു പിന്നാലെ ചേതൻ ആനന്ദ് അവരെ മുംബൈയിലേക്ക് വിളിച്ചുവരുത്തി. അവരുടെ ചമയങ്ങളില്ലാത്ത സൗന്ദര്യവും സ്ക്രീൻ പ്രസൻസും അദ്ദേഹത്തെ അത്രയും ആകർഷിച്ചിരുന്നു. തന്റെ 'ഹഖീഖത്ത്' (1964) എന്ന വാർ ഡ്രാമയിൽ ചേതൻ ആനന്ദ് വെറയെ നടിയായി അവതരിപ്പിച്ചു, അവർക്ക് പ്രിയ രാജ്‌വംശ് എന്ന് പേരുനൽകിയതും അദ്ദേഹമാണ്. ധർമ്മേന്ദ്ര പ്രധാന വേഷത്തിൽ അഭിനയിച്ച ഈ ചിത്രത്തിന് വലിയ അംഗീകാരം ലഭിച്ചു. പ്രിയയുടെ പ്രകടനത്തിനും.

സംഭവിച്ചതെന്തെന്നുവെച്ചാൽ അഭിനയത്തിലേക്ക് തന്നെ കൈപിടിച്ചുയർത്തിയ ചേതൻ ആനന്ദിനോടുള്ള പ്രതിബദ്ധതയിലേക്ക് അവർ ജീവിതം ചുരുക്കി. മറ്റ് സംവിധായകരുടെ ചിത്രത്തിൽ അവരെ അഭിനയിക്കാൻ ചേതൻ അനുവദിച്ചതുമില്ല.

'പ്രിയ രാജ്‌വംശിനെ സൃഷ്ടിച്ചതും നശിപ്പിച്ചതും ചേതൻ ആനന്ദാണെന്നാണ് പൊതുവെയുള്ള അടക്കം പറച്ചിൽ. 'ഹഖീഖത്ത്' ചെയ്യുന്ന സമയത്ത് ചേതൻ ആനന്ദ് ഭാര്യ ഉമയുമായി വേർപിരിഞ്ഞിരുന്നു. നിയമപരമായി വിവാഹമോചിതരായില്ലെങ്കിലും പിരിഞ്ഞുതാമസിച്ചു. ഇതോടെ പ്രിയയും ചേതനും അടുക്കുകയും ചെയ്തു. പരസ്യവും ഏറെക്കുറെ വിവാദവുമായിരുന്നു വിവാഹിതരാവാതെയുള്ള ഇരുവരുടെയും ജീവിതം.

പ്രിയയുടെ ജീവിതം ആ ബന്ധത്തിലേക്കൊതുങ്ങി. 'ഹഖീഖത്ത്' ചെയ്ത് ആറ് വർഷത്തോളം കഴിഞ്ഞാണ് പ്രിയ ഒരു സിനിമ ചെയ്യുന്നത്. അതും ചേതൻ തന്നെ സംവിധാനം ചെയ്ത 'ഹീർ രാഞ്ജ' (1970) യിൽ. 22 വർഷത്തെ കരിയറിൽ, ഏഴ് സിനിമകളിൽ മാത്രമാണവർ അഭിനയിച്ചത്; എല്ലാം ചേതന്റെ സംവിധാനത്തിലും.

ചേതൻ ആനന്ദിനെ അവളുടെ ജീവിതത്തിലെ ഒരു ഇരുതല മൂർച്ചയുള്ള വാളായിട്ടാണ് പ്രിയയുടെ സഹോദരൻ കണ്ടിട്ടുള്ളത്. അവൾ നേരിട്ട ഏറ്റവും വലിയ ദുരന്തമാണദ്ദേഹമെന്നും സഹോദരൻ ഗുല്ലു സിങ് പറഞ്ഞിട്ടുണ്ട്. ''വാസ്തവത്തിൽ, അവൾക്ക് സംഭവിച്ചതിൽ ഏറ്റവും വലിയ ദുരന്തം അദ്ദേഹമായിരുന്നു. മറ്റാരും സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയയെ അഭിനയിക്കാൻ ചേതൻ ഒരിക്കലും അനുവദിച്ചിരുന്നില്ല. അതവളുടെ കരിയർ നശിപ്പിച്ചു. 22 വയസ്സുള്ളപ്പോഴാണ് 'ഹഖീഖത്ത്'ൽ അവളെ കാസ്റ്റ് ചെയ്തത്, അഞ്ച് വർഷം കഴിഞ്ഞ് 'ഹീർ രാഞ്ജ'യിലും. സമയം പൊയ്ക്കൊണ്ടിരുന്നു, അതവളറിഞ്ഞില്ല. എന്റെ സഹോദരിയുടെ ഏക പ്രശ്നം ചേതനോടുള്ള അമിതമായ പ്രതിബദ്ധതയായിരുന്നു. അവൾ അദ്ദേഹത്തിന്റെ ഇഷ്ടങ്ങളിൽ 30 വർഷത്തോളം ജീവിച്ചു."-ഗുല്ലു സിങ് ഒരിക്കൽ പറഞ്ഞു.

പിന്നീടവർ സിനിമ ഉപേക്ഷിച്ചു. ചേതനുമായുള്ള ബന്ധം തുടർന്നപ്പോഴും അദ്ദേഹത്തെ വിവാഹം കഴിക്കാൻ പ്രിയ ആഗ്രഹിച്ചിരുന്നില്ല. 30 വർഷത്തോളം ഒന്നിച്ച് ജീവിച്ചു, ബന്ധം ഔപചാരികമാക്കിയില്ല. 1997-ൽ ചേതൻ അന്തരിച്ചു. ഇത് പ്രിയയെ ഏകാന്തതയിലേക്ക് നയിച്ചു. ഏകാന്തതയ്ക്കപ്പുറം അദ്ദേഹത്തിന്റെ വിയോഗം അവളുടെ ജീവിതത്തിലെ വലിയൊരു ദുരന്തത്തിന്റെ തുടക്കമായിരുന്നു.

ചേതൻ തന്റെ ജുഹു ബംഗ്ലാവ് അടക്കമുള്ള സ്വത്തുക്കൾ പ്രിയ, ആദ്യവിവാഹത്തിലെ രണ്ട് മക്കളായ കേതൻ, വിവേക് ആനന്ദ് എന്നിവർക്കും കൂടിയാണ് എഴുതിവെച്ചിരുന്നത്. മുംബൈയിൽ സ്വന്തമായി ഒരു അപ്പാർട്ട്‌മെന്റ് ഉണ്ടായിരുന്നിട്ടും, പ്രിയ മിക്ക സമയവും ചേതന്റെ ഓർമയിൽ അദ്ദേഹത്തിന്റെ വസതിയിലാണ് ചെലവഴിച്ചത്. 2000 മാർച്ച് 27-ന്, ദുരൂഹ സാഹചര്യത്തിൽ ബംഗ്ലാവിൽ അവരെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് ആദ്യം പലരും പറഞ്ഞു. പക്ഷേ, പോസ്റ്റ്‌മോർട്ടത്തിലൂടെ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.

കൊലപാതകം

അന്വേഷണം താമസിയാതെ പ്രിയ രാജ്‌വംശിന്റെ വീട്ടുജോലിക്കാരിയായ മാല ചൗധരിയിലേക്കെത്തി. ചോദ്യം ചെയ്യലിൽ, അവർ കുറ്റം സമ്മതിച്ചു. ബന്ധുവായ അശോക് ചിന്നസ്വാമിയുടെ സഹായത്തോടെയാണ് കുറ്റം ചെയ്തതെന്ന് അവർ വെളിപ്പെടുത്തി. എന്നാൽ അന്വേഷണം അവിടെ അവസാനിച്ചില്ല. ചേതന്റെ മകൻ കേതനുമായി മാലയ്ക്ക് ബന്ധമുണ്ടായിരുന്നെന്നും പ്രിയയെ കൊല്ലാൻ അടുത്ത കുടുംബാംഗത്തിൽ നിന്ന് 4,000 രൂപ ലഭിച്ചിരുന്നെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രിയ സാമ്പത്തിക പ്രശ്നങ്ങൾ നേരിടുകയായിരുന്നു ആ സമയത്ത്, കേതനോടും വിവേകിനോടും സ്വത്ത് വിറ്റ് പണംനൽകാൻ അവർ ആവശ്യപ്പെട്ടിരുന്നു, ഇതിനു പിന്നാലെയാണ് അവരുടെ മരണം. അതുകൊണ്ടുതന്നെ അന്വേഷണം മക്കളിലേക്കുമെത്തി.

സ്വത്തിലെ ഓഹരി നൽകാതിരിക്കാൻ സഹോദരങ്ങൾ നടിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതായി പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. 2002 ജൂലൈ 31-ന്, സെഷൻസ് കോടതി കേതൻ, വിവേക്, മാല, സഹായി എന്നിങ്ങനെ നാല് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പിന്നീട് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രിയ രാജ്‌വംശ് കൊലപാതക കേസ് ഇപ്പോഴും തീർപ്പാക്കിയിട്ടില്ലെന്നതാണ് വസ്തുത.

 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi