ബോളിവുഡ് നടി പരിണീതി ചോപ്രയും അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത്തുമാണ് 'ശുദ്ധ് ദേശി റോമാൻസ്' എന്ന ചിത്രത്തിൽ പ്രധാനവേഷങ്ങൾ ചെയ്തത്. 2013-ലിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമാണിത്. സുശാന്തിനെപ്പോലെ തന്നെ ഹൃദയത്തോട് ചേർത്ത് പ്രോത്സാഹിപ്പിച്ച മറ്റാരുമില്ലെന്ന് പറയുകയാണ് പരിണീതിയിപ്പോൾ.

'ശുദ്ധ് ദേശി റോമാൻസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ്, തന്റെ ആദ്യ ചിത്രമായ 'ഇഷാക്സാദെ'യിലെ പ്രകടനത്തിന് പരിണീതിക്ക് ദേശീയ അവാർഡ് (പ്രത്യേക പരാമർശം) പ്രഖ്യാപിക്കപ്പെട്ടത്.

ഈ സംഭവത്തിൽ സുശാന്തിന്റെ വൈകാരിക പ്രതികരണം തന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നതായിരുന്നുവെന്ന് പരിണീതി പറയുന്നു. 'ദേശീയ അവാർഡ് പ്രഖ്യാപിക്കപ്പെട്ടു. ഞാനും ഋഷി കപൂറും സുശാന്തും ഹോട്ടലിന്റെ പൂൾസൈഡിൽ ഒരുമിച്ചിരിക്കുകയായിരുന്നു. ഞങ്ങൾക്കന്ന് അവധിയാണ്. അപ്പോഴാണ് കരൺ ജോഹറിന്റെ ഒരു സന്ദേശം വന്നത്, "മുബാറക് ഹോ" എന്നായിരുന്നു അത്. ഇതെന്താ കാര്യമെന്ന ചിന്തിക്കുന്നതിനിടെ, സുശാന്ത് ആവേശഭരിതനായി. ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചെന്ന് അവന് മനസ്സിലായി. ആരെങ്കിലും എനിക്കുവേണ്ടി ഇത്രയധികം ആവേശം കാണിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. പൂൾ-ഡെക്ക് കസേരകളിൽ എഴുന്നേറ്റുനിന്ന് "ഞാനൊരു നാഷണൽ അവാർഡ് വിജയിക്കൊപ്പമാണ് ജോലി ചെയ്യുന്നത്" എന്നവൻ വിളിച്ചുപറയാൻ തുടങ്ങി. ഞാനും ഭ്രാന്തിയെപ്പോലെയായി. ഋഷി സർ പറഞ്ഞു, "നിങ്ങൾ രണ്ടുപേർക്കും ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. നിങ്ങളുടെ സമനില തെറ്റിയിരിക്കുന്നു" എന്ന്. സുശാന്ത് എന്നെ കെട്ടിപ്പിടിച്ചു. ഞാൻ കരയാൻ തുടങ്ങി.'-അവർ പറഞ്ഞു.

പിറ്റേ ദിവസം സെറ്റിൽ ചെന്ന് സംഭവിച്ചതെല്ലാം എല്ലാവരെയും അറിയിച്ചത് സുശാന്താണ്. അവനെന്റെ ഏറ്റവും വലിയ ചിയർലീഡറായിരുന്നുവെന്നും പരിണീതി പറഞ്ഞു.

അതേസമയം, സിനിമയിൽ വരുന്നതിന് മുമ്പ് പരിണീതി ഒരു ബാങ്കറായിരുന്നു. സുശാന്ത് എൻജിനീയറും. താനും സുശാന്തും അക്കാദമിക കാര്യങ്ങളും സംസാരിക്കാറുണ്ടായിരുന്നെന്ന് പരിണീതി ഓർത്തു. 

‘ഞങ്ങൾ മറ്റൊരു സിനിമ കൂടി ചെയ്യേണ്ടതായിരുന്നു. പക്ഷേ അത് നടന്നില്ല. സുശാന്തും ഞാനും നക്ഷത്രങ്ങളെക്കുറിച്ചും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും സംസാരിക്കുമായിരുന്നു. അവനെന്നെ ശരിക്കും മനസ്സിലാക്കും, എനിക്കവനേയും മനസ്സിലാകുമായിരുന്നു. അതിശയകരമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്’-പരിണീതി പറഞ്ഞു. 2020-ലാണ് സുശാന്ത് വിടവാങ്ങുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi