മോഹൻലാൽ ചിത്രമായ തൻമാത്രയിലൂടെയും കുടുംബവിളക്ക് സീരിയലിലൂടെയും പ്രസിദ്ധയായ നടി മീര വാസുദേവ് വിവാഹമോചിതയായി. കുടുംബവിളക്ക് സീരിയലിലെ ക്യാമറാമാനായ വിപിനുമായുള്ള വിവാഹബന്ധമാണ് മീര വേർപെടുത്തിയത്. ഇത് മൂന്നാംതവണയാണ് മീര വിവാഹമോചിതയാവുന്നത്. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് വിവാഹ മോചന വാർത്ത പങ്കുവെച്ചത്.

ഒരു സെൽഫി പോസ്റ്റ് ചെയ്തുകൊണ്ട് "നൗ അയാം സിംഗിൾ" എന്നാണ് താരം കുറിച്ചത്. 2025 ഓഗസ്റ്റ് മുതൽ താൻ സിംഗിൾ ആണെന്നും ഇത് ഔദ്യോഗിക പ്രഖ്യാപനമാണെന്നും മീര പറയുന്നു. കഴിഞ്ഞ വർഷമായിരുന്നു പാലക്കാട് സ്വദേശികൂടിയായ വിപിൻ പുതിയങ്കവുമായുള്ള മീരയുടെ വിവാഹം. തന്നേക്കാൾ പ്രായംകുറഞ്ഞ യുവാവുമായുള്ള മീരയുടെ മൂന്നാംവിവാഹത്തിനെതിരേ ചില കോണുകളിൽ നിന്ന് വിമർശനങ്ങളുമുയർന്നു.

വിശാൽ അഗർവാളായിരുന്നു മീരയുടെ ആദ്യഭർത്താവ്. 2005-ൽ വിവാഹിതരായ ഇരുവരും അഞ്ചുവർഷത്തിനുശേഷം 2010-ൽ ർപിരിഞ്ഞു. പിന്നീട് 2012-ൽ നടനും മോഡലുമായ ജോൺ കൊക്കനെ മീര വിവാഹം ചെയ്തു. ഇവർക്ക് അരിഹ എന്ന മകനുണ്ട്. ജോൺ കൊക്കനും മീരാ വാസുദേവും 2016-ൽ വിവാഹമോചിതരായി. തുടർന്ന് വർഷങ്ങളോളം ഒറ്റയ്ക്കു കഴിഞ്ഞു. സീരിയലിന്റെ സെറ്റിൽ വെച്ചാണ് വിപിനും മീരയും തമ്മിൽ പ്രണയം തുടങ്ങിയത്. 2024 ഏപ്രിൽ 21-ന് കോയമ്പത്തൂരിൽ വെച്ചായിരുന്നു വിവാഹം.

തമിഴ്, മലയാളം, ഹിന്ദി, തെലുഗു ഭാഷകളിൽ പേരെടുത്ത നടിയാണ് മീര. 2005-ൽ തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡ് സ്പെഷ്യൽ പ്രൈസും 2007-ൽ മികച്ച നടിക്കുളള കേരള സംസ്ഥാന ടെലിവിഷൻ അവാർഡും ലഭിച്ചു. തമിഴ്നാട് സ്വദേശിനിയാണ് മീര, ജനിച്ചുവളർന്നത് മുംബൈയിലും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi