ഒരു ഫിലിമി ലവ് സ്റ്റോറി പോലെ വർണങ്ങളാൽ നിറഞ്ഞതാണ് ഇന്ത്യൻ ക്രിക്കറ്റർ സഹീർ ഖാനും നടി സാഗരിക ഘട്‌കേയും തമ്മിലുള്ള പ്രണയജീവിതം. ഒരു 'ഹായ്', 'ഹലോ' ബന്ധത്തിൽനിന്നാണ് എല്ലാത്തിന്റെയും തുടക്കം. സഹീർ ആണെങ്കിൽ ഒരു പ്രണയം തകർന്നതിന്റെ വിഷമത്തിലിരിക്കുന്ന സമയം. സുഹൃത്തുക്കൾക്കിടയിലെ ഒരു ഗെറ്റ് ടുഗദറിൽവെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്, പ്രത്യേകിച്ചൊന്നും സംസാരിച്ചില്ല. പക്ഷേ, സഹീറിന് ഒറ്റനോട്ടത്തിൽ തന്നെ പ്രണയം തോന്നിയിരുന്നു. എന്നാൽ, സാഗരികയോട് ഒറ്റയ്ക്ക് സംസാരിക്കാനുള്ള അവസരം കിട്ടുന്നുമില്ല. കാണുമ്പോഴെല്ലാം കൂട്ടുകാർക്കിടയിലാവും രണ്ടുപേരും. 

ഒടുവിൽ മുൻകൈ എടുക്കുന്നതും സഹീർ തന്നെ. ''എപ്പോഴും കൂട്ടുകാർക്കൊപ്പമാണ് ഞങ്ങൾ പരസ്പരം കണ്ടിരുന്നത്. അതിനിടയിലും അവളോടൊപ്പം സമയം ചെലവഴിക്കാൻ എനിക്കേറെ ഇഷ്ടമായിരുന്നു. അവളെ കാണുന്നതും സംസാരിക്കുന്നതുമെല്ലാം ഞാനൊരുപാട് ആസ്വദിച്ചിരുന്നു. പക്ഷേ, അവളുടെ കാര്യത്തിൽ എനിക്ക് ഉറപ്പില്ലായിരുന്നു. അതുകൊണ്ട് ഒരുദിവസം ഞാനവളോട് പറഞ്ഞു, 'ഭക്ഷണം കഴിക്കാൻ ഒരുമിച്ച് പോവണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ, അവിടെ നീയും ഞാനും മാത്രം. നമ്മുടെ കൂട്ടുകാർ വേണ്ട'. ഞാൻ തമാശ പറഞ്ഞതാണെന്നാണ് സാഗരിക ആദ്യം കരുതിയത്'', പിന്നീട് സഹീർ തുറഞ്ഞുപറഞ്ഞതിങ്ങനെ. 

മാസങ്ങൾ കഴിഞ്ഞപ്പോൾ ഇരുവരും ഡേറ്റിങ്ങിലാണെന്ന് വാർത്തകൾ പരന്നു. അപ്പോഴും അത് രഹസ്യമാക്കി വെക്കാനായിരുന്നു ഇരുവർക്കും താത്പര്യം. അതിനിടയ്ക്ക് യുവ്‌രാജ് സിങ്ങിന്റെയും ഹേസൽ കീച്ചിന്റെയും വിവാഹറിസപ്ഷന് സഹീറും സാഗരികയും ഒരുമിച്ചെത്തിയപ്പോൾ അഭ്യൂഹങ്ങൾ ബലപ്പെട്ടു. ഒമ്പതുമാസത്തിനുശേഷമാണ് ഇരുവരും അത് തുറന്നുസമ്മതിക്കുന്നത്. 

അതിനിടയിൽ കുടുംബത്തിന്റെ സമ്മതം നേടാനും കുറച്ചു കാത്തിരിക്കേണ്ടി വന്നു. സാഗരികയെക്കുറിച്ച് സഹീർ വീട്ടിൽ പറഞ്ഞപ്പോൾ ആദ്യം അവർക്ക് എതിർപ്പായിരുന്നു. ഒടുവിൽ അവർ ആവശ്യപ്പെട്ടത് ഒരു കാര്യമാണ്, 'ചക്‌ദേ ഇന്ത്യ എന്ന സിനിമയുടെ സിഡി കാണണം'. അതിൽ സാഗരിക അഭിനയിച്ചിട്ടുണ്ട്. ഒട്ടും താമസിയാതെ സഹീർ സിഡി സംഘടിപ്പിച്ചു. വീട്ടുകാരെല്ലാം കൂടിയിരുന്ന് സിനിമ കണ്ടു. അതുകഴിഞ്ഞപ്പോഴേക്കും വിവാഹത്തിന് വീട്ടുകാരുടെ സമ്മതവും ലഭിച്ചു. സാഗരികയുടെ വീട്ടിൽ കാര്യങ്ങൾ കുറേക്കൂടി എളുപ്പമായിരുന്നു. സഹീറും സാഗരികയുടെ അച്ഛനും ഒരുദിവസം കണ്ടു സംസാരിച്ചു. അതോടെ പ്രശ്‌നങ്ങളൊന്നുമില്ലെന്നായി.  

തങ്ങളുടെ വിവാഹത്തിന് മതപരമായ ചടങ്ങുകൾ ഒന്നും വേണ്ടെന്ന് ഇരുവരും ചേർന്ന് തീരുമാനിച്ചു. 2017 നവംബർ 17-ന് മുംബൈയിൽവെച്ച് രജിസ്റ്റർ മാര്യേജ് ചെയ്തു. കുറച്ചുദിവസത്തിനുശേഷം സുഹൃത്തുക്കൾക്കായി റിസപ്ഷനും. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഇരുവർക്കും ഒരു കുഞ്ഞ് ജനിച്ചിരിക്കുകയാണ്. സഹീറും സാഗരികയും സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചുകൊണ്ട് കുഞ്ഞ് ജനിച്ച കാര്യം അറിയിക്കുന്നത്. ഫത്തേഹ്‌സിൻ ഖാൻ എന്നാണ് തങ്ങളുടെ കൺമണിക്ക് അവർ നൽകിയിരിക്കുന്ന പേര്.