'ഡോൺ 3'യിൽ നിന്ന് രൺവീർ സിങ് പിൻമാറിയത് നേരത്തെ വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഫർഹാൻ അക്തർ നൽകിയ പരാതിയെത്തുടർന്ന്, ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) രൺവീർ സിങ്ങിനൊപ്പം പ്രവർത്തിക്കരുതെന്ന് സിനിമാ വ്യവസായത്തോട് ആവശ്യപ്പെട്ടു. അതിനുമുമ്പ് രൺവീറിന് നോട്ടീസയച്ചതായും ഫെഡറേഷൻ അവകാശപ്പെട്ടു. ''രൺവീറിന് നിരവധി നോട്ടീസുകൾ നൽകിയിരുന്നു. അതിന് താരം മറുപടി നൽകിയത് കരാർ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ 'ഉചിതമായ വേദി' ഇതല്ലെന്നാണ്'', ഫെഡറേഷൻ വക്താവ് പറയുന്നു.

പിന്നാലെ രൺവീർ സിങ്ങിന്റെ വക്താവ് പ്രസ്താവനയുമിറക്കി. ''സിനിമാ ലോകത്തോടും ഡോൺ ഫ്രാഞ്ചൈസിയോടും രൺവീർ സിങ് വളരെയധികം ബഹുമാനം പുലർത്തുന്നു. 'ഡോൺ 3'യുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളിലുടനീളം, പ്രൊഫഷണൽ ചർച്ചകളും വ്യക്തിപരമായ സമവാക്യങ്ങളും അന്തസ്സോടെയും പക്വതയോടെയും പരസ്പര ബഹുമാനത്തോടെയും കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന് വിശ്വസിച്ചുകൊണ്ട് അദ്ദേഹം ബോധപൂർവ്വം മൗനം പാലിക്കാൻ തീരുമാനിച്ചു. കാലക്രമേണ നിരവധി വിവരണങ്ങളും ഊഹാപോഹങ്ങളും ഉയർന്നുവന്നിട്ടുണ്ടെങ്കിലും, പരസ്യമായി പ്രതികരിക്കുകയോ അനുമാനങ്ങൾക്ക് സംഭാവന നൽകുകയോ ചെയ്യേണ്ടതുണ്ടെന്ന് രൺവീർ ഒരിക്കലും കരുതിയിട്ടില്ല. അദ്ദേഹത്തിന്റെ ശ്രദ്ധ തന്റെ ജോലിയിലും വരാനിരിക്കുന്ന പ്രതിബദ്ധതകളിലും ഉറച്ചുനിൽക്കുന്നു. ഇതുപോലുള്ള നിമിഷങ്ങളിൽ സംയമനം തിരഞ്ഞെടുക്കുന്നത് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള ബോധപൂർവമായ തീരുമാനമാണ്, അദ്ദേഹം അതേ നിലപാട് തുടരും''.

ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ചിത്രം 2023-ലാണ് അനൗൺസ് ചെയ്തത്. ആദ്യം ഷാരൂഖ് ഖാൻ നായകനാവുമെന്നായിരുന്നു പറയപ്പെട്ടിരുന്നതെങ്കിലും, അദ്ദേഹം അത് നിരസിച്ചു. അങ്ങനെയാണ് രൺവീറിലേക്കെത്തുന്നത്. പക്ഷേ 'ധുരന്ധർ' വിജയത്തിനുപിന്നാലെ രൺവീറും സിനിമയിൽനിന്ന് പുറത്തുകടന്നു.

പല കാരണങ്ങളാണ് പിൻമാറ്റത്തിന് പിന്നിൽ ചർച്ച ചെയ്യപ്പെട്ടത്. രൺവീറും ഫർഹാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇതിനുപിന്നിലെന്നും വാദങ്ങളുണ്ടായി. രൺവീറിനെ നായകനാക്കി സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ തുടങ്ങിയിരുന്നുവെന്നും, അതിനുശേഷം അദ്ദേഹം പിൻവാങ്ങിയത് നഷ്ടമുണ്ടാക്കിയെന്നും നിർമാതാക്കൾ പറഞ്ഞിരുന്നു. ആസൂത്രണം പാളിയെന്നും അതുകൊണ്ട് ചെലവുകൾ കൂടിയെന്നുമാണ് അവർ ആരോപിച്ചത്. അതുകൊണ്ട് രൺവീർ 40 കോടി നഷ്ടപരിഹാരമായി നൽകണമെന്നും അവർ പറഞ്ഞിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi