ഒരുകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു നടി ഷഹാന ഗോസ്വാമിയും നടനും മോഡലുമായ മിലിന്ദ് സോമനും തമ്മിലുള്ളത്. ഇപ്പോഴിതാ ആ പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചുമെല്ലാം ഷഹാന സംസാരിക്കുകയാണ്. ആദ്യമായി മിലിന്ദിനെ ബിഗ് സ്‌ക്രീനിൽ കണ്ടപ്പോൾ താൻ അദ്ദേഹത്തിന്റെ stalker fan ആയിരുന്നുവെന്നും എപ്പോഴും അദ്ദേഹത്തെ താൻ പിന്തുടർന്നിരുന്നുവെന്നും അവർ തുറന്നുപറയുന്നു.

സിദ്ധാർഥ് കണ്ണന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അവർ. ''എനിക്ക് 16-17 വയസ്സുള്ളപ്പോൾ, ഞാൻ ഡൽഹിയിലായിരുന്നു. ആ സമയത്താണ് മിലിന്ദിന്റെ ഒരു സിനിമ റിലീസ് ചെയ്തത്, 'റൂൾസ്: പ്യാർ കാ സൂപ്പർഹിറ്റ് ഫോർമുല' ഞാനും എന്റെ സ്‌കൂൾ സുഹൃത്തുക്കളും ആ സിനിമ കാണാൻ പോയി. നമ്മൾ എന്തിനാണ് ഒരു മോഡലിന്റെ സിനിമ കാണുന്നത് എന്നാണ് ഞാനാദ്യം ചിന്തിച്ചത്. അതിൽ വളരെ മോശം അഭിനയമായിരിക്കും ഉണ്ടാകുക എന്നോർത്താണ് പോയതും. പക്ഷേ ആ സിനിമയിലെ മിലിന്ദിന്റെ അഭിനയം എന്നെ ആകർഷിച്ചു''.

ആദ്യ കാഴ്ചയിൽ തന്നെ മിലിന്ദിലേക്ക് ആകർഷിക്കപ്പെട്ട ഷഹാന, ഇന്റർനെറ്റിൽ താരത്തിന്റെ കോണ്ടാക്റ്റ് തിരഞ്ഞു. ഒടുവിൽ ഫോൺനമ്പർ കിട്ടി.

''സിനിമയ്ക്കുശേഷം എനിക്ക് അദ്ദേഹത്തോട് ഒരു ഭ്രമം തോന്നി. കത്തുകൾ അയയ്ക്കാൻ ഇന്റർനെറ്റിൽ അദ്ദേഹത്തിന്റെ വിലാസം കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ലാൻഡ്ലൈൻ നമ്പർ കിട്ടിയത്. ആ സമയത്ത്, എന്റെ അച്ഛൻ എനിക്ക് ഒരു സെൽഫോൺ സമ്മാനമായി നൽകി, എന്റെ ആ പ്രായത്തിൽ അത് വളരെ അപൂർവമായിരുന്നു. മിലിന്ദ് തന്റെ മൊബൈൽ നമ്പർ അദ്ദേഹത്തിന്റെ ആൻസറിംഗ് മെഷീനിൽ വച്ചിരുന്നു. ആ നമ്പർ കിട്ടിയപ്പോൾ ഞാൻ അദ്ദേഹത്തിന് മെസ്സേജ് അയച്ചു, അദ്ദേഹത്തിന്റെ ജന്മദിനത്തിന് ആശംസകൾ നേർന്നു. അദ്ദേഹം ഉടൻ തന്നെ മറുപടി നൽകി'', ഷഹാന ഓർത്തെടുത്തു.

ആദ്യം കുറച്ചുനാൾ ഫോണിൽ മെസേജ് അയച്ചെങ്കിലും പിന്നീട് ആറുവർഷത്തോളം ഫോണിൽ സംസാരിച്ചതേയില്ല. ''പക്ഷേ ആ സമയത്തെല്ലാം ഞങ്ങൾ മെസേജുകളയച്ചു. പക്ഷേ, ഫോണിൽ സംസാരിച്ചില്ല. ഞാൻ അദ്ദേഹത്തിന് കത്തുകളുമെഴുതുമായിരുന്നു. പക്ഷേ ഒരു ഭ്രാന്തൻ ആരാധികയെപ്പോലെ 'ഐ ലവ് യൂ' എന്നൊന്നും ഞാനെഴുതിയിരുന്നില്ല. സ്‌കൂൾ കാലഘട്ടം കഴിഞ്ഞപ്പോൾ, മുംബൈയിലാണ് ഞാൻ പിന്നീട് പഠിച്ചത്. അവിടെത്തിയപ്പോൾ മൂന്നുതവണ ഞങ്ങൾ പരസ്പരം കണ്ടു. ആറുവർഷത്തിനുശേഷവും ഞങ്ങൾ രണ്ടുപേരും സിംഗിൾ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ, ഞാൻ അദ്ദേഹത്തിന് മെസേജ് അയച്ചു. അങ്ങനെയാണ് ഡേറ്റിങ് തുടങ്ങുന്നത്''.

മിലിന്ദിന് അന്ന് 43 വയസ്സായിരുന്നു, ഷഹാനയ്ക്ക് 20 വയസ്സും. പ്രായവ്യത്യാസത്തെക്കുറിച്ചുള്ള കോലാഹലങ്ങളോട് ഷഹാന പ്രതികരിച്ചതിങ്ങനെ, ''ആ സമയത്ത് ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചതേയില്ല. എന്റെ പ്രായത്തേക്കാൾ വളരെ പക്വതയുള്ളവളായിരുന്നു ഞാൻ''.

2013-ലാണ് ഇരുവരും ബ്രേക്കപ്പാവുന്നത്. ''അവസാനം വരെയും ഞങ്ങൾ പ്രണയത്തിലായിരുന്നു. ഒരു ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ലെന്ന് തിരിച്ചറിഞ്ഞാൽ, അത് നിങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലത്. ഒരു പരമ്പരാഗത ബന്ധത്തിൽ ജീവിക്കാൻ കഴിയുന്ന ഒരാളല്ല ഞാനെന്ന് മനസ്സിലാക്കുന്ന ഒരു ഘട്ടത്തിലായിരുന്നു. ഞാൻ പ്രണയത്തിൽ വളരെ ആഴത്തിൽ വിശ്വസിക്കുന്നു, പക്ഷേ ഞാൻ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നു. ആളുകളെ നിങ്ങളിൽ തന്നെ കുടുക്കി ഇടുകയാണെങ്കിൽ, അത് പ്രണയമല്ലെന്ന് കാലക്രമേണ ഞാൻ പഠിച്ചു''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi